അർഥശൂന്യമായ വൃദ്ധ പരിരക്ഷ
Sunday, September 22, 2019 2:50 AM IST
വൃദ്ധർ പൊതുവേ അവശരാണ്. അവരുടെ മനസും ബുദ്ധിയും പ്രവർത്തനനിരതമായിരിക്കുവോളം സന്ദർശനം, സംസാരം, രസിപ്പിക്കൽ ഒക്കെ ചെറുപ്പക്കാർക്കും ആരോഗ്യമുള്ളവർക്കും ചെയ്യാവുന്ന നല്ല സേവനമാണ്. അവർക്കു നൽകാവുന്ന വിലയേറിയ സമ്മാനങ്ങളാണ് ആ നിമിഷങ്ങൾ. ഹോംവർക്കും ട്യൂഷനും മാറ്റിവച്ച് ഇടയിൽ സമയം കണ്ടെത്തി കുട്ടികളും അവരോടു ചങ്ങാത്തം കൂടട്ടെ.
നൽകാൻ വിട്ടുപോയ പരിരക്ഷകളുടെയെല്ലാം മുതലും പലിശയും കടവും കടമയും ചേർത്തു മാതാപിതാക്കളെ മുന്തിയ ആശുപത്രിയിലാക്കുന്നു മക്കൾ. സന്ദർശകരുടെ പ്രവാഹം. വയോധികനെ, വയോധികയെ ഒരു നോക്കു കാണാൻ ഐസിയുവിനു മുൻപിൽ തത്രപ്പെട്ടു നിൽക്കുന്ന ബന്ധുമിത്രങ്ങൾ ആധുനിക സമൂഹത്തിന്റെ പ്രതിബിംബമായിരിക്കുകയാണ്. വെയിലത്ത് വിയർത്തൊലിച്ച് തലയിൽ തുണിയിട്ട് അവശനായി പള്ളിയിൽനിന്നു മടങ്ങുന്നവന് തന്റെ കാറിൽ ലിഫ്റ്റ് കൊടുക്കാത്തയാളാണ് ഇപ്പോൾ ഐസിയുവിനു മുന്നിൽ അഞ്ചുമിനിറ്റ് പ്രത്യേക സന്ദർശനാനുമതി നേടാനായി കാത്തുനിൽക്കുന്നത്.
ഗൃഹാന്തരീക്ഷത്തിൽ സ്നേഹപരിചരണങ്ങളും മാനസികോല്ലാസവും ആത്മാവിനു വേണ്ടുന്നതൊക്കെയും നൽകി സ്വസ്ഥതയോടെ പ്രായംചെന്നവരെ യാത്രയാക്കാൻ കഴിഞ്ഞാൽ കുടുംബത്തിനു സമാധാനിക്കാം, സന്തോഷിക്കാം. മരണത്തെ മധുരമായ ഒരു അനുഭൂതിയും സ്മരണയുമാക്കി അനുഗ്രഹീതമാക്കാം.
പലകയിൽ തറച്ച പാറ്റയെപ്പോലെ നിസഹായനായി വെന്റിലേറ്ററിൽ കിടത്തി ആയുസ് വലിച്ചുനീട്ടുന്നത് ആർക്കുവേണ്ടി? മാതാ(പിതാ)വിന്റെ ആശുപത്രിബിൽ ലക്ഷങ്ങളായി എന്ന് അഭിമാനിക്കുന്നതിൽ എന്തർഥം? നമുക്കൊന്നു മാറി ചിന്തിച്ചുകൂടേ?
സിസിലിയാമ്മ പെരുമ്പനാനി