ഇഷ്ടാനിഷ്ടം ഭക്ഷണത്തിൽ
Sunday, October 13, 2019 1:10 AM IST
പലേ വീടുകളിലും ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണതയാണ് സ്വാദിഷ്ടഭോജ്യം ഇഷ്ടംപോലെ നല്കി കുട്ടികളെ വളർത്തുക എന്നത്. പോഷകഗുണവും നല്ല രുചിയുമുള്ള ആഹാരം സമൃദ്ധമായി വിളന്പുന്പോൾ കുട്ടികളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും വൈവിധ്യമാർന്നതായിത്തീരും. നാലു കുട്ടികളുണ്ടെങ്കിൽ നാലുതരം വിഭവങ്ങൾ! വെയ്സ്റ്റ് വരുന്നതുപോലും കണക്കിലെടുക്കുന്നില്ല. ഇങ്ങനെ ആലോചിച്ച് "തീറ്റ' കൊടുത്തു കൊഴുത്തുരുളുന്പോൾ അത് അനാരോഗ്യത്തിന്റെ മുന്നടയാളമായി കാണാൻ മറന്നുപോകുന്നു പലരും.
പുതുരുചികൾ തേടി അമ്മ ഗൂഗിളിലും സാധനങ്ങൾ വാങ്ങാൻ അപ്പൻ കടകളിലും പരതിനടക്കുന്പോൾ കുട്ടികൾ ചരിക്കുന്നത് മുഖ്യധാരയിൽനിന്ന് അകന്ന പാതയിലൂടെയായിരിക്കും. സാധാരണക്കാരോടു താദാത്മ്യം പ്രാപിക്കാനാകാതെ സ്വന്തം രുചിക്കൂട്ടുകളുടെയും ആഹാരവൈവിധ്യത്തിന്റെയും ലോകത്തിലകപ്പെട്ട കുട്ടികൾ സാധാരണക്കാരോടൊപ്പം ജീവിക്കാൻ നന്നേബുദ്ധിമുട്ടും.
ചീര, പാവയ്ക്ക, ചുരയ്ക്ക, ചക്ക, മാങ്ങ തുടങ്ങിയ സസ്യവിഭവങ്ങൾ, മധുരമില്ലാത്ത നാരങ്ങാരസം, മോര്, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയ പാനീയങ്ങൾ ഒക്കെ ഒഴിവാക്കി മത്സ്യവും മാംസവും സൂപ്പുകളും കുപ്പിപ്പാനീയങ്ങളും ദിനംതോറും കഴിക്കുന്നത് മടയത്തരം തന്നെ. (വല്ലപ്പോഴും വേണം, അത് നിർദോഷമായ ആസ്വാദ്യതയായി തോന്നിയാൽ).
ഭക്ഷണഭ്രാന്തും "പാചകമത്സര'വും ഒഴിവാക്കി എല്ലാവർക്കും ഏതാണ്ട് ഒരേതരം ആഹാരം നല്കി സ്വാഭാവികരീതിയിൽ ആരോഗ്യപരമായി ഭക്ഷണം ക്രമീകരിക്കാം. അമ്മമാർ ശ്രദ്ധിക്കേണ്ട ഒരു തലമാണിത്.
സിസിലിയാമ്മ പെരുമ്പനാനി
ഫോൺ: 9447168669