വൈകിക്കിട്ടിയ കഥയുടെ ഓർമയിൽ
1985 ലെ ദീപിക വാർഷിക പതിപ്പിൽ അച്ചടിച്ചുവന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ മനോഹരമായ ചെറുകഥയാണ് ക്രിസ്ത്യൻ ഹെറിറ്റേജ്. ഈ ചെറുകഥയുമായി ബന്ധപ്പെട്ട് ഒരു സംഭവമുണ്ട്. ബഷീറിൻറെ പുസ്തക സമാഹാരങ്ങളിലൊന്നും ഇക്കഥ ചേർക്കാതിരുന്നതുകൊണ്ടുതന്നെ ബഷീറിൻറെ സന്പൂർണ കൃതികൾ ഡിസി ബുക്സ് (1994) പ്രസിദ്ധീകരിക്കുന്ന വേളയിലും കഥ ചേർത്തിരുന്നില്ല.

എന്നാൽ അച്ചടിപ്പണി കഴിഞ്ഞപ്പോൾ നരിയങ്ങാനത്തുനിന്നുള്ള ചരിത്രകാരനായ കെ.എം. ചുമ്മാർ ബഷീറിൻറെ കൈമുദ്ര ആഴത്തിൽ പതിഞ്ഞ ക്രിസ്ത്യൻ ഹെറിറ്റേജ് ഡിസി ബുക്സിന് അയച്ചുകൊടുത്തു. ബഷീറിൻറെ സന്പൂർണ കൃതികൾ തുടങ്ങുന്നത് ബഷീർ 1968ൽ എഴുതിയ താരാസ്പെഷൽസ് എന്ന കഥയിലൂടെയാണ്. അച്ചടി കഴിഞ്ഞതിനാൽ ഉള്ളടക്കം കഴിഞ്ഞുള്ള ആദ്യപേജിലാണ് ന്ധക്രിസ്ത്യൻ ഹെറിറ്റേജ് ചേർത്തിരിക്കുന്നത്. മറുവശത്ത് ഈ ആമുഖത്തോടെ അച്ചടി തീർന്നപ്പോൾ കിട്ടിയ ഒരു കൊച്ചുകഥ ഇവിടെ ചേർക്കുന്നു

ക്രിസ്ത്യൻ ഹെറിറ്റേജ്
(ദീപിക വാർഷിക പതിപ്പ് 1985)
ഒരു പുസ്തകത്തിലും ചേർത്തിട്ടില്ലാത്ത ഈ കഥ അയച്ചുതന്നത് കെ.എം. ചുമ്മാർ നരിയങ്ങാനം.

കുറച്ചുവരികൾ മാത്രമുള്ള ഇക്കഥ ഒന്നു വായിച്ചുനോക്കുക. അക്ഷരങ്ങൾ കൊണ്ട് ബേപ്പൂരിലെ സുൽത്താൻ തീർത്ത ഒരു മഹാവിസ്മയപ്രപഞ്ചം നിങ്ങൾക്കുകാണാം. ജാതിമതഭേദങ്ങൾക്കതീതമായ ഹൃദയനന്മ, മനുഷ്യസ്നേഹം, കേരളത്തിൻറെ ഭൂപ്രകൃതി, മാനസിക പ്രകൃതി... ഒപ്പം ബഷീർ എന്ന വലിയ മനുഷ്യൻറെ മനസും... ബഷീറിൻറെ എല്ലാ വലിയ കഥകൾക്കും മുന്നിൽതന്നെ ഇക്കഥ വരണമെന്നത് ചിലപ്പോൾ ദൈവനിയോഗമാകും.

1908 ജനുവരി 19ന് ഈ ഭൂമിയിൽ വന്നു പിറന്ന വൈക്കം മുഹമ്മദ് ബഷീർ എന്ന മഹാശില്പിയുടെ 109ാം ജന്മദിനത്തിന് ഇക്കഥ സമർപ്പിക്കുന്നു.

ക്രിസ്ത്യൻ ഹെറിറ്റേജ്

വൈക്കം മുഹമ്മദ് ബഷീർ
ഒരു ദിവസം ഞാൻ നോക്കുന്പോഴുണ്ട് ഇടവഴിക്കരികിലെ ഗേറ്റിനു മുകളിൽ ഒരു തല.
ആരാദ് ഞാൻ സന്ദേഹത്തോടെ ചോദിച്ചു.
ഒന്നു കാണാൻ വന്നതാണ്. തല പറഞ്ഞു.
കയറി വരൂ.
ആ തലയും പിന്നാലെ കറുത്തുകുറുകിയ ഒരു ശരീരവും മടിച്ചുമടിച്ചു കയറിവന്നു.
നല്ല കരിവീട്ടിയുടെ നിറം. ഉറച്ച മാംസ പേശികൾ. അധ്വാനം കൊണ്ടു തഴന്പുവീണ കൈകൾ. അലക്കി വെളുപ്പിച്ച ഒരു ജെ.കെ. തുണികൊണ്ടു തയ്ച്ച മുറിക്കൈയൻ ഷർട്ടും മുണ്ടും ചൂട്ടിത്തോർത്തും. കാലിൽ ചെരിപ്പില്ല. ഒരു മാസമായി ഷേവ് ചെയ്യാത്ത മുഖം.
ഇരിക്കൂ എന്നു പറഞ്ഞിട്ട് ഞാൻ ഒരു കസേര ചൂണ്ടിക്കാണിച്ചു.
ആഗതൻ ഇരുന്നില്ല. സങ്കോചത്തോടെ നിന്നു. വീണ്ടും നിർബന്ധിച്ചപ്പോൾ മടിയോടെ ഇരുന്നു.
ആരാണിയാൾ എൻറെ ആരാധകനോ അതോ വല്ല സാന്പത്തിക സഹായവും അഭ്യർഥിച്ച് എത്തിയതോ
ഹെന്താ വന്നത് ഞാൻ ചോദിച്ചു.
ഞാൻ കുറെ വായിച്ചിരിക്കണു. ഒന്നു നേരിൽ കാണണമെന്നു തോന്നി
ചങ്ങനാശേരിക്കാരൻ ഒരു നസ്രാണിയാണ്. പേരു കൊച്ചുതൊമ്മി. എട്ടൊന്പതു കൊല്ലമായി മലബാറിൽ വന്ന് കുടിയേറിപ്പാർത്തിട്ട്. നല്ല അധ്വാനശീലൻ. കുരുമുളകും കാപ്പിയും വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഭാര്യ മരിച്ചു. ഒന്പതുമക്കൾ. നാലാണും അഞ്ചു പെണ്ണും. പെൺമക്കളെയൊക്കെ കെട്ടിച്ചയച്ചു. ആൺമക്കളൊക്കെ കെട്ടി വേറെ പാർത്തു.
കഴിഞ്ഞ ഒരുമാസമായി ആശുപത്രിയിലായിരുന്നു. ഇന്ന് ഡിസ്ചാർജായി. നേരെ എന്നെ കാണാൻ വന്നിരിക്കയാണ്.
എനിക്കഭിമാനം തോന്നി. ഒരു മുസൽമാനെ കാണാൻ ഒരു ക്രിസ്ത്യാനി നേരിട്ടുവന്നിരിക്കുന്നു. ഞാൻ ഹാബിയെ വിളിച്ചു ചായയ്ക്കു പറഞ്ഞു.
ചങ്ങനാശേരിയും തലയോലപ്പറന്പും അത്ര അകലത്തിലല്ല. ക്രിസ്ത്യാനിയും മുസൽമാനും അത്ര അകന്നു നിൽക്കുന്നവരുമല്ല.
ഞങ്ങൾ ധാരാളം കഥകൾ പറഞ്ഞു. ചങ്ങനാശേരിയിലെയും തലയോലപ്പറന്പിലെയും വൈക്കത്തെയും കഥകൾ. ഏറെ ചിരിച്ചു.
ഇടയ്ക്കു ചായ വന്നു. അതു കുടിച്ചു. വീണ്ടും സംഭാഷണം. റബറിൻറെയും കുരുമുളകിൻറെയും കാപ്പിയുടെയും വിലയെപ്പറ്റി പറഞ്ഞു. സമയം പോയതറിഞ്ഞില്ല. നേരം സന്ധ്യയാവുന്നു. മൂപ്പർ പോവാനുള്ള മട്ടു കണ്ടില്ല.
പൂമുഖത്തെ വിളക്കു തെളിഞ്ഞു. അത്താഴം കഴിഞ്ഞും വർത്തമാനം.
നേരം ഏറെ ഇരുട്ടി. ഇന്നിനി പോകണ്ട. ഇവിടെ തങ്ങാം. ഞാൻ പറഞ്ഞു.
കൊച്ചുതൊമ്മിക്കു സമ്മതം.
ഹാബി വായനമുറിയിൽ പായ് വിരിച്ചു. തലയിണയായി ഒരു പുസ്തകം കൊടുത്തു. ശ്രീ ജോൺ ഓച്ചൻതുരുത്ത് എഴുതിയ ക്രിസ്ത്യൻ ഹെറിറ്റേജ് ഇൻ ഇന്ത്യ.
കുറച്ചു കഴിഞ്ഞപ്പോൾ നല്ല കൂർക്കം വലി കേട്ടു. പിറ്റേ ദിവസം കാപ്പിയും കഴിഞ്ഞു കൊച്ചുതൊമ്മി യാ ത്രയായി.
പോകാൻ നേരത്തു പത്തുരൂപ വഴിച്ചെലവിനു കൊടുത്തു. കൊച്ചുതൊമ്മി വേണ്ട എന്നു പറഞ്ഞില്ല.
ഹെടാ... ഇതു കൊള്ളാമല്ലോ. രണ്ടാഴ്ച കഴിഞ്ഞ് മകളുടെ ഭർത്താവിൻറെ ഒരു ബന്ധു വന്നുകിടന്നു.
അയാൾക്കും കൊടുക്കണം തലയിണയായി ക്രിസ്ത്യൻ ഹെറിറ്റേജ്.ഹാബി പുസ്തകമെടുത്തു നിവർത്തിയപ്പോൾ അതിൽനിന്നും എന്തോ താഴെ വീണു. എടുത്തുനോക്കിയപ്പോൾ നൂറിൻറെ രണ്ടു പുത്തൻ നോട്ടുകൾ.