വെറും പുലിയല്ല, സൂപ്പർ സ്റ്റാർ ഐവറി
Saturday, November 4, 2017 3:37 PM IST
പ്രവാസത്തിൽ കഴിയുന്ന ഒരു കരിന്പുലിയുടെ ഗിന്നസ് റിക്കാർഡ് ആരെയും അദ്ഭുതപരതന്ത്രരാക്കും. വീര്യത്തിലും അഭിനയത്തിലും മുടിചൂടാമന്നനാണ് ഐവറി എന്നു പേരുള്ള ആഫ്രിക്കൻ വംശജനായ ഈ കരിന്പുലി. നിരവധി സിനിമകളിലെയും ടെലിവിഷൻ പരിപാടികളിലെയും നിത്യഹരിതനായകനാണ്. വയസ് 25 കഴിഞ്ഞിട്ടും ആരോഗ്യത്തിനും ശൗര്യത്തിനും യാതൊരു കുറവും സംഭവിച്ചിട്ടില്ല.
1991-ലാണ് ജനിച്ചുവീണയുടൻ ഇവനെ മൃഗശാലാധികൃതർക്കു ലഭിച്ചത്. കൂട്ടത്തിൽ ഇവന്റെ മൂത്തസഹോദരി ക്രിസ്റ്റ്യലും ഉണ്ടായിരുന്നു. അടുത്ത സമയത്താണ് ക്രിസ്റ്റ്യൽ അന്ത്യശ്വാസം വലിച്ചത്. അതുവരെയും സഹോദരിക്കൊപ്പമാണ് ഐവറിയും താമസിച്ചത്. ഒരു ആൺകരിന്പുലിയുടെ പരമാവധി ആയുർദൈർഘ്യമായി കണക്കാക്കുന്നത് 12 മുതൽ 17 വർഷങ്ങളാണ്. എന്നാൽ പ്രവാസത്തിൽ കഴിയുന്ന ഐവറി ആ കണക്കുകൾ ഒക്കെയും പിന്നിട്ടുകഴിഞ്ഞിരിക്കുന്നു.
കാലിഫോർണിയയിലെ ഡോണ മാർട്ടിനാണ് ഐവറിയുടെ ഉടമസ്ഥയും പരിശീലകയും. ബഹുമുഖ പ്രതിഭയായ ഈ സൂപ്പർതാരം ഐവറിയെക്കുറിച്ച് പറയുന്പോൾ ഡോണയ്ക്ക് നൂറ് നാവാണ്. കിടക്കയുടെ മുകളിലൂടെ നടക്കാനും മലയുടെ മുകളിലേക്ക് ഓടിക്കയറാനും അവന് വലിയ ഉത്സാഹമാണ്. സൂര്യൻ ഉദിച്ചുവരുന്ന സമയത്ത് പച്ചപ്പുൽത്തകിടിയിൽ കിടന്നുകൊണ്ട് ഇളംചൂടേൽക്കാൻ വളരെ ഇഷ്ടമാണ്. കോഴിയുടെ കരൾ വെള്ളത്തിലിട്ടു കൊടുക്കുന്നതാണ് ഇവന്റെ ഇഷ്ടഭക്ഷണം. മറ്റു മൃഗങ്ങളുടെ മാംസം അധികം കഴിക്കാറില്ല. ടർക്കികോഴിയുടെ തുടയും എല്ലും ജ്യൂസാക്കി കുടിക്കാൻ ഇഷ്ടമാണ്. ഇറച്ചിയോടൊപ്പം ഗോതന്പും പച്ചക്കറികളും ചേർത്ത് കൊടുക്കുന്നതും ഭക്ഷിക്കാറുണ്ട്.
ആറാം വയസിൽ ഐവറി നായകനായി അഭിനയിച്ച ചിത്രമാണ് ദ സെക്കൻഡ് ജംഗിൾ ബുക്ക് മൗഗ്ലി ആൻഡ് ബാലു. മറ്റ് നിരവധി ജംഗിൾ ബുക്ക് മൂവികളിലും ട്രൂ ബ്ലഡ് ടിവി സീരീസുകളിലും മ്യൂസിക് വീഡിയോകളിലും കൊമേഴ്സ്യൽ ചിത്രങ്ങളിലും അദ്ഭുതകരമായ പ്രകടനം ഐവറി കാഴ്ചവച്ചിട്ടുണ്ട്. ആഷർ, ആഞ്ചലിന ജോളി തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഒന്നിനെയും ഭയമില്ലാത്ത ഐവറിക്ക് ഏത് രംഗവും അഭിനയിക്കാൻ പരമാവധി 20 മിനിറ്റ് പരിശീലനം മതിയാകും. ഡോണയും ഭർത്താവ് സ്റ്റീവും സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളിൽ ഐവറിയും സഹോദരി ക്രിസ്റ്റ്യലും ചെറുപ്പം മുതൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ജോർജ് മാത്യു പുതുപ്പള്ളി