National
ജയ്പൂർ: രാജസ്ഥാനിലെ ഡൽഹി-മുംബൈ എക്സ്പ്രസ്വേയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ ഷിയോർപൂരിൽ നിന്നുള്ളവരാണ് മരിച്ചവർ. ബുധനാഴ്ച രാത്രി മൗജ്പൂരിന് സമീപമാണ് അപകടം നടന്നത്.
വൈഷ്ണോ ദേവി തീർഥാടനം കഴിഞ്ഞ് മടങ്ങിയവരായിരുന്നു അപകടത്തിൽപ്പെട്ടത്. പ്രാഥമിക നിഗമനം അനുസരിച്ച് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കാർ പൂർണമായും കത്തിയമർന്നിരുന്നു. കാർ ഡ്രൈവർ വിനോദ് കുമാർ മെഹർ എന്നയാൾ തീപിടിത്തത്തിനിടെ വാഹനത്തിൽ നിന്ന് പുറത്തേയ്ക്ക് ചാടിയെങ്കിലും 80 ശതമാനത്തോളം പൊള്ളലേറ്റു. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി ജയ്പൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.
മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
കോൽക്കത്ത: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടുമുന്പ്. റുബീന പർവിൻ എന്ന യുവതിയുടെ കുഞ്ഞിനെയാണ് സംസ്കാര ചടങ്ങുകൾക്കായി തയാറെടുക്കുന്നതിനിടെ ജീവനുള്ളതായി കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരമാണ് റുബീനയെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വരൂപ്നഗറിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ റുബീന ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ പ്രസവത്തിന് തൊട്ടുപിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് നഴ്സിംഗ് ഹോം അധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു.
400 രൂപ കൈപ്പറ്റിയ ശേഷം കുഞ്ഞിനെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് അധികൃതർ ബന്ധുക്കൾക്ക് കൈമാറി. കുഞ്ഞിന്റെ മുഖം പോലും പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് കൊട്ടിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
മൃതദേഹമെന്ന് കരുതി വീട്ടിലെത്തിച്ച് അഞ്ച് മണിക്കൂറുകൾക്ക് ശേഷം, വൈകുന്നേരം മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകൾക്കായി കുഞ്ഞിനെ പൊതിയഴിച്ച് പുറത്തെടുത്തപ്പോഴാണ് ജീവനോടെ കണ്ടത്. കുഞ്ഞ് കൈകളും കാലുകളും അനക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അമ്മയും കുഞ്ഞും സുരക്ഷിതരായി ചികിത്സയിൽ തുടരുന്നു. നഴ്സിംഗ് ഹോം അധികൃതർക്കെതിരെ കുഞ്ഞിന്റെ കുടുംബം പോലീസിൽ പരാതിപ്പെട്ടു.
എന്നാൽ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയതായും നഴ്സിംഗ് ഹോം അധികൃതർ അറിയിച്ചു.
National
ടെഹ്റൻ: ഇറാനിൽ ഇസ്രയേൽ-അമേരിക്ക സഖ്യസേന നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ചില ഇസ്രേലി മാധ്യമങ്ങളാണ് ഇത് പുറത്തുവിട്ടത്.
എന്നാൽ, അയത്തൊള്ള ഖമേനി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. എനിക്കറിയാവുന്നിടത്തോളം അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു അരഗ്ചിയുടെ മറുപടി.
എന്നാൽ ആക്രമണത്തിൽ ഖമേനിയുടെ വസതി തകർന്നുവെന്ന് വ്യക്തമായി. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട ഒരു ഉപഗ്രഹ ചിത്രത്തിൽ, ഖമേനിയുടെ ടെഹ്റനിലെ വസതിക്ക് കേടുപാടുകൾ സംഭവിച്ചതായി കാണാം. അദ്ദേഹം സുരക്ഷിത സ്ഥലത്തേക്ക് മാറിയെന്നാണ് സൂചന.
ആക്രമണങ്ങളിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദേയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പുരും കൊല്ലപ്പെട്ടു.
അതേസമയം, ആക്രമണത്തിൽ ഇറാനിൽ 201പേർ കൊല്ലപ്പെട്ടുവെന്നും 747പേർക്ക് പരിക്കേറ്റുവെന്നും ഇറാനിയൻ മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടു.