ജയ്പൂർ: രാജസ്ഥാനിലെ ഡൽഹി-മുംബൈ എക്സ്പ്രസ്വേയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ ഷിയോർപൂരിൽ നിന്നുള്ളവരാണ് മരിച്ചവർ. ബുധനാഴ്ച രാത്രി മൗജ്പൂരിന് സമീപമാണ് അപകടം നടന്നത്.
വൈഷ്ണോ ദേവി തീർഥാടനം കഴിഞ്ഞ് മടങ്ങിയവരായിരുന്നു അപകടത്തിൽപ്പെട്ടത്. പ്രാഥമിക നിഗമനം അനുസരിച്ച് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കാർ പൂർണമായും കത്തിയമർന്നിരുന്നു. കാർ ഡ്രൈവർ വിനോദ് കുമാർ മെഹർ എന്നയാൾ തീപിടിത്തത്തിനിടെ വാഹനത്തിൽ നിന്ന് പുറത്തേയ്ക്ക് ചാടിയെങ്കിലും 80 ശതമാനത്തോളം പൊള്ളലേറ്റു. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി ജയ്പൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.
മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.