NRI
കലിഫോർണിയ: ഫ്രെസ്നോയിൽ 45 വയസുകാരനായ സതിന്ദർ സിംഗ് സിദ്ധുവിനെ പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യമിട്ട ഗുരുതര ലൈംഗിക കുറ്റങ്ങൾ ഉൾപ്പെടെ നിരവധി ഫെലണി കുറ്റങ്ങൾ ചുമത്തി ഫ്രെസ്നോ പോലീസ് അറസ്റ്റ് ചെയ്തു.
ശ്രമിച്ച ബലാത്സംഗം, ലൈംഗിക ഉദ്ദേശ്യത്തോടെ പ്രായപൂർത്തിയാകാത്തയാളുമായി കൂടിക്കാഴ്ച ക്രമീകരിക്കാൻ ശ്രമിച്ചത്, പ്രായപൂർത്തിയാകാത്തവരുമായി ബന്ധപ്പെട്ട അശ്ലീല ദൃശ്യങ്ങൾ കൈവശം വച്ചത്, ഹാനികരമായ അശ്ലീല ഉള്ളടക്കം കൈമാറിയത് തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം ഫ്രെസ്നോയിലെ സൗത്ത് സീഡർ അവന്യൂ-ഈസ്റ്റ് വെഞ്ചുറ അവന്യൂ മേഖലയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഫ്രെസ്നോ കൗണ്ടി ജയിലിൽ റിമാൻഡ് ചെയ്തെങ്കിലും അടുത്ത ദിവസം പുലർച്ചെ ജാമ്യത്തിൽ മോചിതനായതായി കൗണ്ടി ജയിൽ രേഖകൾ വ്യക്തമാക്കുന്നു.
പ്രായപൂർത്തിയാകാത്തവരെ ഉൾപ്പെടുന്ന അന്വേഷണമായതിനാലും കേസിന്റെ ഗൗരവം കണക്കിലെടുത്തും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്ന് ഫ്രെസ്നോ പോലീസ് അറിയിച്ചു.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അന്വേഷണത്തിന്റെ പുരോഗതിക്കനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
NRI
ലണ്ടൻ: കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പരസ്യമായി പങ്കുവയ്ക്കുന്ന മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് യുകെയിലെ സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളുടെ യഥാർഥ ചിത്രങ്ങളെ വ്യാജ ലൈംഗികാതിക്രമ ദൃശ്യങ്ങളാക്കി മാറ്റുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായാണ് യുകെ നാഷണൽ ക്രൈം ഏജൻസിയും (എൻസിഎ) ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷനും (ഐഡബ്ല്യുഎഫ്) വ്യക്തമാക്കിയത്.
യുകെയിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി മാതാപിതാക്കൾ കുട്ടികളുടെ ജന്മദിനം, സ്കൂൾ പരിപാടികൾ, കുടുംബാഘോഷങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പതിവായി പങ്കുവയ്ക്കാറുണ്ട്.
ഇത്തരം ചിത്രങ്ങൾ സൈബർ കുറ്റവാളികൾ ഡൗൺലോഡ് ചെയ്ത് എഐ അധിഷ്ഠിത ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നത്.
എഐ ഉപയോഗിച്ചുള്ള വ്യാജ ദൃശ്യങ്ങൾ വർധിക്കുന്നു
ഇന്റർനെറ്റിലെ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്ന ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ എഐ ഉപയോഗിച്ച് നിർമിച്ച ആയിരക്കണക്കിന് വ്യാജ ചൈൽഡ് സെക്സ്വൽ അബ്യൂസ് ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി നീക്കം ചെയ്തിട്ടുണ്ട്.
യഥാർഥ കുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് മിനിറ്റുകൾക്കകം വ്യാജ ദൃശ്യങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന എഐ ഉപകരണങ്ങൾ ലഭ്യമാകുന്നത് നിയമ നിർവഹണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മാതാപിതാക്കൾ പാലിക്കേണ്ട മുൻകരുതലുകൾ
കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൈവസി ക്രമീകരണങ്ങൾ പരിശോധിക്കണമെന്ന് എൻ.സി.എ നിർദേശിക്കുന്നു. ചിത്രങ്ങൾ പൊതുവായി പങ്കിടുന്നതിന് പകരം വിശ്വസ്തരായ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രം കാണാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കണം.
കൂടാതെ, പരിചയമില്ലാത്തവരെ ഫ്രണ്ട്സ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുക, കുട്ടികൾ പഠിക്കുന്ന സ്കൂളോ അവർ ധരിക്കുന്ന യൂണിഫോമോ തിരിച്ചറിയാൻ കഴിയുന്ന ചിത്രങ്ങൾ പരമാവധി ഒഴിവാക്കുക, ലൊക്കേഷൻ വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകളും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
കർശന നിയമനടപടികൾ
ഓൺലൈൻ ലോകത്ത് എഐ ദുരുപയോഗം വർധിക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ ശക്തമായ നിയമനിർമാണങ്ങളുമായി മുന്നോട്ടുവരുന്നുണ്ട്. യുകെയിലെ ഓൺലെെൻ സേഫ്റ്റി ആക്ട് പ്രകാരം കുട്ടികളെ ഉൾപ്പെടുത്തി എഐ ഉപയോഗിച്ച് വ്യാജ ലൈംഗികാതിക്രമ ഉള്ളടക്കം സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതര കുറ്റകൃത്യമാണ്.
ഇത്തരം ഉള്ളടക്കങ്ങൾ അതിവേഗം നീക്കം ചെയ്യാൻ ടെക് കമ്പനികൾക്കും നിയമപരമായ ബാധ്യതയുണ്ട്. സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയ്ക്കൊപ്പം കുട്ടികളുടെ സ്വകാര്യതയും ഡിജിറ്റൽ സുരക്ഷയും കൂടുതൽ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ, മാതാപിതാക്കളുടെ ജാഗ്രതയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ ഓർമിപ്പിക്കുന്നു.
Viral
ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിലെ പദ്രൗണയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ രാജ്യത്തെ ഗ്രാമീണ വിദ്യാഭ്യാസ മേഖല നേരിടുന്ന അരക്ഷിതാവസ്ഥയുടെ നേർച്ചിത്രമായി മാറുകയാണ്.
കുട്ടികളെ കുത്തിനിറച്ച് അമിതവേഗതയിൽ പായുന്ന സ്കൂൾ വാനിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്.
സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് നിർമ്മിച്ച ഈ മരണക്കെണിയിൽ പല കുട്ടികളും ഇരിക്കാൻ ഇടമില്ലാതെ തറയിൽ ഇരിക്കുകയും ചിലർ വാനിന് പുറകിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുകയും ചെയ്യുന്ന ദയനീയ കാഴ്ചയാണ് വീഡിയോയിലുള്ളത്.
ഗ്രാമീണ മേഖലകളിൽ മതിയായ പൊതുഗതാഗത സൗകര്യങ്ങളോ സ്കൂൾ ബസുകളോ ഇല്ലാത്തത് രക്ഷിതാക്കളെയും വിദ്യാർഥികളെയും ഇത്തരം അപകടയാത്രകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാക്കുന്നു എന്ന വസ്തുതയാണ് ഈ സംഭവം അടിവരയിടുന്നത്.
ഈ വീഡിയോ വൈറലായതോടെ ഭരണകൂടത്തിന്റെ അനാസ്ഥയ്ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് പൊതുജനങ്ങളിൽ നിന്നും ഉണ്ടാകുന്നത്.
റോഡപകടങ്ങൾ ഉണ്ടായാൽ വാഹനം തുറന്നു പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധം കുട്ടികൾ ഉള്ളിൽ കുടുങ്ങിപ്പോകുമെന്ന ഭീതി പലരും പങ്കുവെക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെക്കുറിച്ചുള്ള അവകാശവാദങ്ങൾക്കിടയിലും താഴെത്തട്ടിലുള്ള കുട്ടികളുടെ അടിസ്ഥാന സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തതിലെ വൈരുദ്ധ്യം സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗതാഗത നിയമങ്ങൾ നടപ്പിലാക്കേണ്ട ആർടിഒ ഉൾപ്പെടെയുള്ള അധികാരികൾ കണ്ണടച്ചിരുട്ടാക്കുകയാണെന്നും ലാഭക്കൊതി മൂത്ത് സ്കൂൾ അധികൃതർ കുട്ടികളുടെ ജീവൻ പണയപ്പെടുത്തുകയാണെന്നും ആക്ഷേപം ശക്തമാണ്.
സ്കൂൾ വാഹനങ്ങൾക്ക് കൃത്യമായ സീറ്റിംഗ് കപ്പാസിറ്റിയും സുരക്ഷാ മുൻകരുതലുകളും ഉണ്ടായിരിക്കണമെന്ന നിയമം നിലനിൽക്കെയാണ് പദ്രൗണയിൽ ഇത്രയും വലിയ നിയമലംഘനം നടന്നിരിക്കുന്നത്.
ഈ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കുശിനഗർ ജില്ലാ ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
ഗ്രാമീണ ഇന്ത്യയിലെ വിദ്യാഭ്യാസ സൗകര്യങ്ങളിലെ അസമത്വവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് ഇത്തരം അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നത്.
നിലവിൽ അധികൃതർ സംഭവത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, കുട്ടികളുടെ സുരക്ഷ മുൻനിർത്തി സമഗ്രമായ അന്വേഷണവും പരിഹാരമാർഗങ്ങളും വേണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്.
Viral
ചൈനയിൽ നിന്നുള്ള നടുക്കുന്ന ഈ വാർത്ത ഇപ്പോൾ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്.
റോഡിലൂടെ വാഹനം ഓടിച്ചു പോകുമ്പോൾ അപ്രതീക്ഷിതമായി തന്റെ ദേഹത്തേക്ക് വെള്ളം തെറിച്ചു എന്നാരോപിച്ച് ഒരു ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാരൻ നടത്തിയ അക്രമമാണ് ദൃശ്യങ്ങളിലുള്ളത്.
കാർ ഡ്രൈവറെ തടഞ്ഞുനിർത്തിയ ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ റോഡരികിൽ നിന്നും വലിയൊരു കല്ലെടുത്ത് കാറിന്റെ മുൻവശത്തെ ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു.
എന്നാൽ അക്രമത്തേക്കാൾ ഉപരിയായി ഈ സംഭവത്തിൽ ജനങ്ങളെ രോഷാകുലരാക്കിയത് സ്വന്തം കുട്ടിയോട് അയാൾ കാണിച്ച ക്രൂരതയാണ്.
കാർ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെടാതിരിക്കാൻ തന്റെ കൂടെയുണ്ടായിരുന്ന കുട്ടിയെ കാറിന് തൊട്ടുമുന്നിൽ കൊണ്ടുപോയി നിർത്തിയാണ് ഇയാൾ ഭീഷണി മുഴക്കിയത്.
വാഹനം മുന്നോട്ട് എടുത്താൽ കുട്ടിയുടെ ജീവൻ അപകടത്തിലാകുമെന്ന് വ്യക്തമായി അറിഞ്ഞിട്ടും ഇയാൾ തന്റെ അക്രമാസക്തമായ പെരുമാറ്റം തുടർന്നുകൊണ്ടേയിരുന്നു.
ചുറ്റും കൂടിനിന്നവർ ഈ അപകടകരമായ ദൃശ്യം കണ്ട് പകച്ചുപോയി. സ്വന്തം വാശി തീർക്കാൻ വേണ്ടി സ്വന്തം രക്തത്തെ തന്നെ ഒരു മനുഷ്യ കവചമായി ഉപയോഗിച്ച ഇയാളുടെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
റോഡ് റേജും അനിയന്ത്രിതമായ കോപവും എങ്ങനെ ഒരു മനുഷ്യനെ വിവേകശൂന്യനാക്കുന്നു എന്നതിന്റെ തെളിവാണ് ഈ വീഡിയോ. രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം ഉത്തരവാദിത്തമില്ലാത്ത പ്രവർത്തികൾ കുട്ടികളുടെ സുരക്ഷയെ എത്രത്തോളം ബാധിക്കുന്നു എന്നതിനെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ സംവാദങ്ങൾ നടക്കുകയാണ്.
Viral
രാജസ്ഥാനിലെ സലൂംബർ-ധാരിയവാദ് പാതയിലൂടെ മരണപ്പാച്ചിൽ നടത്തുന്ന ഒരു സ്കൂൾ ബസിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വലിയ ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
ഒരു സ്വകാര്യ ബസ് അതിന്റെ ഉൾക്കൊള്ളാവുന്ന ശേഷിയേക്കാൾ എത്രയോ മടങ്ങ് കുട്ടികളെ കുത്തിനിറച്ച് മരണപ്പാച്ചിൽ നടത്തുന്നതാണ് വീഡിയോയിലുള്ളത്.
അകത്ത് സ്ഥലമില്ലാത്തതിനാൽ ബസിന്റെ പുറകിലെ ഗോവണിയിലും ജനലുകളിലും വാതിലുകളിലുമായി അള്ളിപ്പിടിച്ചു നിൽക്കുന്ന കുട്ടികൾ ഏതു നിമിഷവും റോഡിലേക്ക് തെറിച്ചുവീഴാവുന്ന അവസ്ഥയിലായിരുന്നു.
അപ്രതീക്ഷിതമായി ഒരു ബ്രേക്ക് ഇടുകയോ ബസ് ഒന്നു വെട്ടിക്കുകയോ ചെയ്താൽ പോലും സംഭവിക്കാവുന്ന വലിയ ദുരന്തത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെയാണ് ബസ് മുന്നോട്ട് പോയത്.
ഈ പ്രദേശത്ത് സ്കൂൾ ബസുകളുടെ കുറവ് മുതലെടുത്ത് സ്വകാര്യ ബസ് ഉടമകൾ നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡ് സുരക്ഷാ വാരം ആചരിക്കുന്ന സമയത്ത് പോലും പോലീസിന്റെയോ ഗതാഗത വകുപ്പിന്റെയോ യാതൊരു പരിശോധനയുമില്ലാതെയാണ് ഇത്തരത്തിൽ കുട്ടികളുടെ ജീവൻ പണയപ്പെടുത്തിയുള്ള യാത്രകൾ തുടരുന്നത്.
സ്കൂൾ അധികൃതരുടെയും വാഹന ജീവനക്കാരുടെയും അനാസ്ഥയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും ആവശ്യം.