പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് ചട്ടങ്ങൾ കൊണ്ടുവരണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഐടി നിയമപ്രകാരമുള്ള ചട്ടങ്ങൾ കൊണ്ടുവരണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മാല്യ ബാഗ്ചി, വി.മോഹൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിച്ചത്.12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് പോലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലഭ്യമാകുന്ന സാഹചര്യം കോടതി ചൂണ്ടിക്കാട്ടി. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും കോടതി നിരീക്ഷിച്ചു.
മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിലെ വ്യവസ്ഥകളും ഇക്കാര്യത്തിൽ പരിശോധിച്ചുവരികയാണെന്ന് കേന്ദ്രം വ്യക്തമാക്കി. കേസ് അടുത്ത മാസം 13ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
Tags : Supreme Court Social Media Children ChildSafety Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash