പ്രതീകാത്മക ചിത്രം
ഇടുക്കി: തൊടുപുഴ നഗരസഭയിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഇടുക്കി മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിൽ കൈയാങ്കളിയും പ്രതിഷേധവും. തർക്കം രൂക്ഷമാകുന്നതിനിടെ ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂറിനെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും കൗൺസിലർമാരും തടഞ്ഞുവെച്ചു.
തൊടുപുഴ നഗരസഭാ അധ്യക്ഷയ്ക്കെതിരെ ലീഗ് കൗൺസിലർ സഫിയ ജബ്ബാർ ഉന്നയിച്ച ആരോപണങ്ങളാണ് വിവാദത്തിന് തുടക്കമായത്. ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് യോഗത്തിൽ ഒരു വിഭാഗം പ്രതിഷേധിച്ചത്. സഫിയ ജബ്ബാറിനെതിരെ നടപടി സ്വീകരിച്ചശേഷം മാത്രമേ ജില്ലാ പ്രസിഡന്റിനെ വിട്ടയയ്ക്കൂവെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ.
അതേസമയം തൊടുപുഴ നഗരസഭയിലെ അഴിമതി ആരോപണങ്ങളിൽ വിശദീകരണവുമായി ജില്ലാ അധ്യക്ഷൻ രംഗത്തെത്തി. ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് കെ.എം.എ. ഷുക്കൂറിന്റെ നിലപാട്. ആരോപണം ഉന്നയിച്ച ലീഗ് കൗൺസിലർ സഫിയ ജബ്ബാറിനെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സമിതിക്ക് ശിപാർശ ചെയ്തതായും അദ്ദേഹം അറിയിച്ചു.
സഫിയ ജബ്ബാറിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യണമെന്നാണ് സംസ്ഥാന സമിതിക്ക് നൽകിയ ശിപാർശ. നഗരസഭയിലെ ആരോപണങ്ങളെ ചൊല്ലിയുള്ള തർക്കമാണ് പാർട്ടിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ സംഘർഷത്തിന് വഴിവെച്ചത്.
Tags : Muslim League Idukki Thodupuzha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash