പ്രതീകാത്മക ചിത്രം
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഉടമസ്ഥാവകാശം ദുബായി ആസ്ഥാനമായ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ഏറ്റെടുത്തു. കൊച്ചിയിൽ നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് പുതിയ മാനേജ്മെന്റ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ സീസണിൽ വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടതിനെ തുടർന്നാണ് ഹൈദരാബാദ് ആസ്ഥാനമായ നിംഗാഡ ഗ്രൂപ്പിന്റെ മാഗ്നം സ്പോർട്സ് ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം കൈമാറാൻ തീരുമാനിച്ചത്. പുതിയ ഉടമകൾ എത്തുന്നതോടെ ക്ലബ് പുതിയൊരു കിരീടമോഹത്തിലേക്കും സുവർണ കാലഘട്ടത്തിലേക്കും കടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ആഷ്ലി വെസ്റ്റ്വുഡ് തന്നെ ടീമിന്റെ മുഖ്യ പരിശീലകനായി തുടരുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ഐഎസ്എൽ പുതിയ സീസണിനായുള്ള ടീമിന്റെ പ്രീ-സീസൺ പരിശീലനം തമിഴ്നാട്ടിലെ മഹാബലിപുരത്തുള്ള എഫ്സി മദ്രാസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. ആരാധകരുടെ പ്രിയപ്പെട്ട താരം അഡ്രിയാൻ ലൂണ ഉൾപ്പെടെയുള്ളവർ ഉടൻ തന്നെ ടീമിനൊപ്പം ചേരും.
ഈ സീസണിലും കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് വേദിയാകുന്നത്. വരുന്ന ഒക്ടോബർ പത്തിനാണ് പുതിയ സീസൺ ആരംഭിക്കുന്നത്. ടീമിൽ കളിക്കേണ്ട പുതിയ താരങ്ങളെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും.
Tags : Indian Super League Kerala Blasters New Owners Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash