സോഷ്യൽ മീഡിയ
ബ്രസ്സൽസ്: കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തി, യൂറോപ്യൻ യൂണിയനിൽ ഉടനീളം ചെറിയ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ യൂറോപ്യൻ കമ്മീഷന്റെ പ്രത്യേക വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തു.
വരും മാസങ്ങളിൽ ഇത് സംബന്ധിച്ച പുതിയ നിയമനിർമാണ നിർദ്ദേശങ്ങൾ യൂറോപ്യൻ കമ്മീഷൻ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.ഡോക്ടർമാർ, അധ്യാപകർ, മനശാസ്ത്രജ്ഞർ, രക്ഷിതാക്കൾ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:
കൊച്ചുകുട്ടികളെയും മുലകുടിക്കുന്ന പ്രായത്തിലുള്ള കുട്ടികളെയും യാതൊരു കാരണവശാലും മൊബൈലോ മറ്റ് ഡിജിറ്റൽ സ്ക്രീനുകളോ കാണിക്കാൻ അനുവദിക്കരുത്. മൂന്ന് മുതൽ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികൾക്ക് സ്കൂളുകളിലോ അല്ലെങ്കിൽ മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ പൂർണമായ മേൽനോട്ടത്തിൽ മാത്രമേ സോഷ്യൽ മീഡിയയും ഡിജിറ്റൽ ഉപകരണങ്ങളും ഉപയോഗിക്കാൻ അനുമതി നല്കാവു.
13 മുതൽ 18 വയസ്സ് വരെയുള്ള കൗമാരക്കാർക്ക് സ്വയംഭരണാധികാരത്തോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാം. എന്നാൽ സുരക്ഷാ ഫീച്ചറുകൾ കൃത്യമായി പാലിക്കുന്ന പ്ലാറ്റ്ഫോമുകൾ മാത്രമായിരിക്കണം .
റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്, "നമ്മുടെ കുട്ടികൾക്ക് യഥാർഥ ലോകത്ത് ജീവിക്കാൻ സമയം ആവശ്യമുണ്ട്. അവർക്ക് കളിക്കാനും സൗഹൃദങ്ങൾ സ്ഥാപിക്കാനും തെറ്റുകൾ വരുത്തി പഠിക്കാനും സമയം വേണം.
ഒരു കമ്പ്യൂട്ടർ അൽഗോരിതം അവരുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് മുൻപ്, അവർ സ്വയം തങ്ങളുടെ വ്യക്തിത്വം കണ്ടെത്തേണ്ടതുണ്ട്. ഇത് കുട്ടികൾക്ക് സോഷ്യൽ മീഡിയ ലഭ്യമാകുന്നതിനെക്കുറിച്ചല്ല, മറിച്ച് സോഷ്യൽ മീഡിയയ്ക്ക് നമ്മുടെ കുട്ടികളിലേക്ക് എപ്പോൾ, എങ്ങനെ പ്രവേശനം ലഭിക്കുന്നു എന്നതിനെക്കുറിച്ചാണ്. ഈ വേനൽക്കാല അവധിക്ക് ശേഷം ഇത് സംബന്ധിച്ച പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്നും അവർ കൂട്ടിച്ചേർത്തു.
ജർമനി ഉൾപ്പെടെയുള്ള പല യൂറോപ്യൻ രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെങ്കിലും, ഇത് നിയമപരമായി കൂടുതൽ ശക്തമാകാൻ യൂറോപ്യൻ യൂണിയൻ തലത്തിൽ തന്നെ നിയമം വരേണ്ടതുണ്ട്.
2025ന്റെ അവസാനത്തോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിച്ച ലോകത്തിലെ ആദ്യ രാജ്യമായി ഓസ്ട്രേലിയ മാറിയിരുന്നു. ഈ മാതൃക യൂറോപ്പിലും നടപ്പിലാക്കാനാണ് ഇയു ലക്ഷ്യമിടുന്നത്.
യൂറോപ്യൻ യൂണിയന്റെ 'ഡിജിറ്റൽ സർവീസസ് ആക്ട്' പ്രകാരം കുട്ടികളെ സംരക്ഷിക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ ബാധ്യസ്ഥരാണെങ്കിലും, പലരും ഇത് കൃത്യമായി പാലിക്കുന്നില്ല.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റാ തങ്ങളുടെ ആപ്പുകളുടെ അഡിക്റ്റീവ് ഡിസൈൻ വഴി കുട്ടികൾക്ക് ദോഷം വരുത്തുന്നുവെന്ന് കണ്ടെത്തി യൂറോപ്യൻ കമ്മീഷൻ കഴിഞ്ഞ ആഴ്ച നിയമലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു.
യൂറോപ്പിൽ വളരുന്ന പുതിയ തലമുറയിലെ മലയാളി കുട്ടികളിൽ മൊബൈൽ, സോഷ്യൽ മീഡിയ ഉപയോഗം കടുത്ത രീതിയിൽ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ പുതിയ നിയമം വലിയൊരു മാറ്റത്തിന് വഴിതുറക്കും. കുട്ടികളുടെ സ്ക്രീൻ ടൈം കുറയ്ക്കാനും അവരെ മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് ഒഴുവാക്കാനും ഈ നിയമനിർമ്മാണം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.