District News
ഇല്ലിക്കല്‍കല്ല്: വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കല്‍ കല്ലില്‍ തീപിടിത്തം. പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപത്തുനിന്ന് പടര്‍ന്ന തീ രണ്ടു മലകളില്‍ ആളിപ്പടര്‍ന്നു. ശനിയാഴ്ച ഉച്ചയോടെയാണ് പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപം ചെറിയ തീ കണ്ടത്. തീ ശക്തി പ്രാപിച്ചതോടെ സഞ്ചാരികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ഉച്ചകഴിഞ്ഞെത്തിയ സഞ്ചാരികളെ തിരിച്ചയയ്ക്കുകയും ചെയ്തു.
ഈരാറ്റുപേട്ടയില്‍നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. വാഹനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലത്തെ തീ കെടുത്തുവാന്‍ സാധിച്ചു. തീ പടര്‍ന്നതുമൂലം കൂടുതല്‍ സ്ഥലത്ത് നടന്ന് എത്തിപ്പെടാന്‍ കഴിയുമായിരുന്നില്ല. വഴിയില്ലാത്തതും കീഴ്ക്കാന്‍ തൂക്കായ കൊക്കയുമാണ് ഇവിടെയുള്ളത്.
ഉണങ്ങിയ പുല്ലും കാറ്റും അതിവേഗം തീ പടരാന്‍ കാരണമായി. മലകളിലാകെ പടര്‍ന്ന തീ തനിയെ കെട്ടു പോവുകയായിരുന്നു. പുല്‍മേടുകള്‍ മാത്രം നിറഞ്ഞ റവന്യുഭൂമിയിലാണ് തീ പടര്‍ന്നത്. വീടുകളോ കൃഷിയിടങ്ങളോ ഇല്ലാത്തതിനാല്‍ നാശനഷ്ടം ഉണ്ടായിട്ടില്ല.
District News
നെന്മാറ: അയിനംപാടത്തുള്ള സോളാർ പ്ലാന്റ് വളപ്പിൽ തീ പടർന്നുപിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പഴയ കെഎസ്ഇബി സെക്ഷൻ ഓഫീസ് വളപ്പിൽ ഉണങ്ങിനിന്ന പുല്ലിനാണ് തീപിടിച്ചത്. ഉടൻ തന്നെ കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും പച്ചിലകൾ കൊണ്ടു തല്ലിക്കെടുത്തിയതിനാൽ കൂടുതൽ വ്യാപിക്കുന്നത് തടയാൻ കഴിഞ്ഞു. കൊല്ലങ്കോട് നിന്നെത്തിയ ലീഡിംഗ് ഓഫിസർ സുനിലിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി തീ പൂർണമായി അണച്ചു. ആലത്തൂർ നിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.