District News
എടത്വ: അവശനിലയിലായ ചേരക്കോഴിയെ രക്ഷിച്ച വിദ്യാര്‍ഥികളെ ആദരിച്ച് സംസ്ഥാന വനം വകുപ്പ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ ജീവന് ജയന് പുന്നപ്ര, ജീസന്‍ ജോജി വള്ളാംപറമ്പില്, ജെലിന് ജയന്, ഷോണ്‍ ആന്റണി, ജസ്ലി ന് സേവ്യര്‍ എന്നിവരെയാണ് ആദരിച്ചത്. എല്ലാവരും എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാഥികളാണ്.
മരിയാപുരം മേരിമാതാ പള്ളിയില്‍ നടന്ന ചടങ്ങില്‍ ഇവര്‍ക്ക് പ്രശംസാപത്രവും സമ്മാനങ്ങളും നല്കി. ജില്ലാ സാമൂഹിക വനവത്കരണ വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ സുമി ജോസഫ്, ചെങ്ങന്നൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ്, ചെങ്ങന്നൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ നിഷാന്ത്, ആര്‍ആര്‍ടി ജില്ലാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സോജന് ലാല്‍ എന്നിവര്‍ നേതൃത്വം നല്കി.
മരിയാപുരം പള്ളി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. അജോ പീടിയേക്കല്‍, സണ്ഡേസ്കൂള് ഹെഡ്മിസ്ട്രസ് മിനി ചന്ദനപ്പറമ്പില്‍, തോമസ്കുട്ടി വെളുത്തേടത്തുപറമ്പില്‍, ജയന് പുന്നപ്ര എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ ആഴ്ചയിലായിരുന്നു സംഭവം.
ഇവര്‍ പള്ളിയില്‍ പോയി തിരികെ വരുമ്പോള്‍ പോച്ചയാറിനു സമീപം മരിയാപുരത്തേക്കുള്ള തോട്ടില്‍ പോളിസ്റ്റര്‍ തുണി ചുണ്ടില്‍ കുരങ്ങി കുറേ ദിവസങ്ങളായി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാതെ അവശനിയിലായ ചേരക്കോഴിയെയാണ് ഇവര്‍ രക്ഷിച്ചത്.
ചുണ്ടില്‍ കുരുങ്ങിയിരുന്ന തുണി ബ്ലേഡ് ഉപയോഗിച്ച് സൂക്ഷ്മമായി മുറിച്ച് നീക്കിയാണ് അഞ്ചുപേര്‍ അടങ്ങുന്ന കുട്ടികളുടെ സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Kerala
നിലന്പൂർ: റിസർവ് വനമേഖലയിലെ നിലന്പൂർ ചാലിയാറിൽ മണലൂറ്റി സ്വർണം ശേഖരിക്കുന്ന ഏഴുപേർ പിടിയിലായ സംഭവത്തിൽ നടപടി ശക്തമാക്കി വനംവകുപ്പ്.
നിലന്പൂർ റേഞ്ചിലെ പനയങ്കോട് സെക്ഷൻ പരിധിയിൽ ആയിരവല്ലിക്കാവ് വനഭാഗത്തെ ചാലിയാർ പുഴയുടെ ആമക്കയത്ത് മോട്ടോർ പന്പ്സെറ്റുകൾ ഉപയോഗിച്ച് മണലൂറ്റി വൻ തോതിൽ സ്വർണം അരിച്ചെടുക്കുന്നതിനുള്ള ശ്രമത്തിനിടയിൽ മന്പാട് സ്വദേശികളായ കുണ്ടുപറന്പ് ഷമീം (43), പനങ്ങാടൻ അബ്ദുൾ റസാഖ് (56), നരിമടക്കൽ സക്കീർ (53), പന്താർ അഷ്റഫ് (53), ചപ്പങ്ങ തോട്ടത്തിൽ അലവിക്കുട്ടി (62), പന്താർ ജാബിർ (42), എടക്കര ടി.സി.
സുന്ദരൻ (40) എന്നിവരെയാണ് കഴിഞ്ഞദിവസം വനം ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഇവർക്കെതിരേ വനനിയമ പ്രകാരമാണ് നിലന്പൂർ റേഞ്ച് ഓഫീസർ പി. സൂരജ് വേണുഗോപാൽ കേസെടുത്തിട്ടുള്ളത്.
വനഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണഖനനം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഓഫീസർ സൂരജ് വേണുഗോപാൽ പറഞ്ഞു. പ്രദേശത്ത് രാത്രികാല പട്രോളിംഗ് ഏർപ്പെടുത്തും.
മോട്ടോർ പന്പുകൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള വലിയ തോതിലുള്ള സ്വർണഖനനത്തെ വനംവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനുപിന്നിൽ വൻസംഘങ്ങളുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
സ്വർണവില ലക്ഷം പിന്നിട്ട് സർവകാല റിക്കാർഡിലേക്ക് കടന്നതോടെയാണ് സ്വർണത്തിന്റെ അംശമുള്ള ചാലിയാർ പുഴയിൽ മണലൂറ്റിയുള്ള സ്വർണ ഖനനം സജീവമാകാൻ കാരണം. ചാലിയാർ പുഴയുടെ മരുത മുതൽ മന്പാട് വരെയുള്ള ഭാഗങ്ങളിലാണ് സ്വർണത്തിന്റെ അംശമുള്ള മണലുള്ളത്.
ചാലിയാർ പുഴ മരുത മുതൽ മന്പാട് വരെ എത്തുന്നത് വനഭാഗത്തുകൂടിയാണ്. വനംവകുപ്പ് നടപടി ശക്തമാക്കിയ സാഹചര്യത്തിൽ റവന്യു അധികൃതർക്കും പരിശോധന ശക്തമാക്കേണ്ടിവരും.
Todays Story
വന്യജീവിശല്യം മൂലമുള്ള കൃഷിനാശത്തിന് തുച്ഛമായ തുക നഷ്ടപരിഹാരം നല്കുന്ന വനംവകുപ്പിനെ മുട്ടുകുത്തിച്ച് കര്‍ഷകന്റെ ഒറ്റയാള്‍ നിയമപോരാട്ടം.
വയനാട് പനമരം പഞ്ചായത്തിലെ നീര്‍വാരം ഈസ്റ്റ് പരിയാരത്തെ പി.ടി. വേലായുധന് ഹൈക്കോടതിയില്‍ വനംവകുപ്പിന്റെ നടപടികള്‍ തുറന്നു കാട്ടിയതിനെത്തുടര്‍ന്ന് കൃഷികളുടെ ആയുസ് കണക്കിലെടുത്ത് നഷ്ടപരിഹാര നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനായി വിശദമായ നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദേശം നല്കി.
വേലായുധന് ഉന്നയിച്ച ആവശ്യങ്ങളേറെയും ന്യായമാണെന്നു കണ്ട് വിഷയത്തില്‍ ഇടപെട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി വനംവകുപ്പിനു നിര്‍ദേശം നല്‍കുകയായിരുന്നു. ഇതുപ്രകാരം വേലായുധനുമായി ഹിയറിംഗ് നടത്തിയ ശേഷമാണ് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
2014 മുതല്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും കൃഷിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്നും ആധികാരികമായ രേഖകള്‍ ശേഖരിച്ച് 2020ലാണ് വേലായുധന് ഹൈക്കോടതിയെ സമീപിച്ചത്.
ഒരു ലക്ഷത്തോളം രൂപ സ്വന്തം പോക്കറ്റില്‍നിന്നു ചെലവഴിച്ചു വേലായുധന് നടത്തിയ പോരാട്ടം കേരളത്തിലെ കര്‍ഷകര്‍ക്കെല്ലാം ഗുണകരമാകും. പക്ഷെ അതുകൊണ്ടു മാത്രം വേലായുധന് തൃപ്തനല്ല. തനിക്കു ഉചിതമായ തുക നഷ്ടപരിഹാരം ലഭിക്കാന്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹംപറഞ്ഞു.
പൊളിച്ചടുക്കിയത് വനംവകുപ്പിന്റെ വാദങ്ങള്‍
വന്യജീവിശല്യം രൂക്ഷമായ പ്രദേശമാണ് പരിയാരം. കഷ്ടപ്പെട്ടു നട്ടുനനച്ചുവളര്‍ത്തുന്ന വിളകള്‍ ഒറ്റരാത്രികൊണ്ടു കാട്ടാനകള്‍ ചവിട്ടിയരയ്ക്കുന്നതിനു ലഭിക്കുന്ന തുച്ഛമായ തുക കൊണ്ട് എങ്ങനെ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയുമെന്ന ചിന്തയില്‍നിന്നാണ് വേലായുധന് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
2008 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വേലായുധന്റെ 375ലധികം തെങ്ങുകള്‍ കാട്ടാന നശിപ്പിച്ചിരുന്നു. ഇക്കാര്യം ഹര്‍ജിയില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.
1980ലെ വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാര നിയമപ്രകാരം പുറപ്പെടുവിച്ച 08.01.2015ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിക്കുന്ന നഷ്ടപരിഹാരം വളരെ തുച്ഛമാണെന്ന് വേലായുധന് കോടതിയെ ധരിപ്പിച്ചു.
വനംവകുപ്പില്‍നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരം യഥാര്‍ഥ നഷ്ടത്തെ അപേക്ഷിച്ച് വളരെ കുറവാണെന്നായിരുന്നു അദ്ദേഹം സമർഥിച്ചത്. എന്നാല്‍ പരമാവധി നഷ്ടപരിഹാരത്തുക 50,000 രൂപയില്‍നിന്ന് യഥാക്രമം 2012ലും 2018ലും 75,000 രൂപയായും 1,00,000 രൂപയായും വര്‍ധിപ്പിച്ചതിനാല്‍ ഹര്‍ജിക്കാരന്റെ പരാതി പരിഹരിക്കപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
പക്ഷെ ഒരു തെങ്ങിന് 770 രൂപ എന്ന കണക്കില്‍ നഷ്ടപരിഹാരം നിശ്ചയിച്ചതിനെയാണ് ഹര്ജിക്കാരന് പ്രധാനമായും ചോദ്യം ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച് നല്കിയ വിവരങ്ങള്‍ പ്രകാരം ഒരു തെങ്ങിന്റെ ആയുസ് 80 മുതല്‍ 90 വര്‍ഷം വരെയാണെന്നും ഇത് പരിഗണിക്കാതെയാണ് നഷ്ടപരിഹാരം നിശ്ചയിച്ചതെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
ഇതു കണക്കിലെടുത്ത കോടതി ഒരു തെങ്ങിന് 770 രൂപ എന്നത് ശരിയല്ലെന്നും മറ്റൊരു സര്‍ക്കാര്‍ ഏജന്‍സി മരം ഏറ്റെടുക്കുമ്പോള്‍ ഒരു തെങ്ങിന് 12,000 രൂപയിലധികം നല്‍കുന്നുണ്ടെന്നും നിരീക്ഷിച്ചു. അതിനാല്‍ തെങ്ങിന്റെ നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
നഷ്ടപരിഹാരത്തിന്റെ ഉയര്‍ന്ന പരിധി നിശ്ചയിച്ചതിനെയും ഹര്ജിക്കാരന് ചോദ്യം ചെയ്തു. വേലായുധന് ഇതിനകം നഷ്ടപരിഹാരം കൈപ്പറ്റിയതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇത് കോടതി തള്ളി.
കൂടാതെ നഷ്ടപരിഹാരം നിശ്ചയിച്ചതിലെ യുക്തിരഹിതമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്ജിക്കാരന് നിയമപോരാട്ടം തുടരാമെന്നും കോടതി വ്യക്തമാക്കി.
ഹിയറിംഗിനൊടുവില്‍ അനുകൂല തീരുമാനം
കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വേലായുധന് വനംവകുപ്പിന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ 2025 സെപ്റ്റംബര്‍ മൂന്നിന് ഹിയറിംഗ് നടത്തി. വനം വകുപ്പ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അണ്ടര്‍ സെക്രട്ടറി നടത്തിയ ഹിയറിംഗില്‍ ഹര്ജിക്കാരന് വേണ്ടി മകന് പി.ടി.വികാസാണ് ഹാജരായത്.
വന്യജീവി ആക്രമണം മൂലമുണ്ടായ യഥാര്‍ഥ നഷ്ടവും വനംവകുപ്പില്‍നിന്ന് ലഭിച്ച കുറഞ്ഞ നഷ്ടപരിഹാരവും അദ്ദേഹം വിശദീകരിച്ചു. തെങ്ങിന്റെ ആയുസ് പരിഗണിക്കാതെയാണ് വനംവകുപ്പ് നിരക്ക് നിശ്ചയിക്കുന്നതെന്നും പവര്‍ ഗ്രിഡ് പോലുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ തുക നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഹര്ജിക്കാരന് അര്‍ഹമായ തുക നല്‍കിയിട്ടുണ്ടെന്നും അതിലധികം തുക നല്കാന് നിലവിലെ വ്യവസ്ഥകള്‍ അനുവദിക്കുന്നില്ലെന്നും വനംവകുപ്പ് അറിയിച്ചു.
എങ്കിലും കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഉന്നത വനപാലകര്‍ ഹിയറിംഗില്‍ വ്യക്തമാക്കി.
വേലായുധന്റെ നിയമയുദ്ധത്തെത്തുടര്ന്ന് നഷ്ടപരിഹാര തുക വര്‍ധനവ് പരിഗണിക്കുന്നതിനു പുറമെ, ഹര്‍ജിക്കാരന്റെയും മറ്റ് കര്‍ഷകരുടെയും കൃഷിയിടങ്ങള്‍ വന്യജീവികളില്‍നിന്ന് സംരക്ഷിക്കാന്‍ നടപടിയെടുക്കാനും ഹര്ജിക്കാരന് ലഭിക്കാന്‍ ബാക്കിയുള്ള തുക ഉണ്ടെങ്കില്‍ അത് ഉടന്‍ നല്‍കാനും വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദേശം നല്കി. ഇതു സംബന്ധിച്ച ഉത്തരവ് അഞ്ചു ദിവസം മുമ്പാണ് ഇറക്കിയത്.
Kerala
നീലേശ്വരം: വീട്ടുപറമ്പിലെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ അയല്‍വാസിയായ യുവതി സാഹസികമായി പിടികൂടി ചാക്കിലാക്കി. നീലേശ്വരം കടിഞ്ഞിമൂലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് കടിഞ്ഞിമൂലയിലെ ഗിരിജയുടെ വീട്ടില്‍ പെരുമ്പാമ്പിനെ കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ ദിവ്യ പ്രകാശന് പാന്പിനെ കണ്ട് പേടിച്ചു പിൻമാറാൻ തയാറായില്ല.
പാമ്പിനെ പിടിക്കാനുള്ള പരിശീലനമൊന്നും കിട്ടിയില്ലെങ്കിലും പിടികൂടാൻ തന്നെ തീരുമാനിച്ചു. ഇതിനിടയില്‍ അടുത്ത പറമ്പിലേക്കു കടന്ന പാമ്പിനെ പിന്നാലെ ചെന്ന ദിവ്യ ഒരു കമ്പിന്റെ മാത്രം സഹായത്തോടെ സാഹസികമായി പിടികൂടി ചാക്കിലാക്കി. ഇതോടെ കണ്ടുനിന്നവർക്ക് ആശ്വാസം. പലരും ദിവ്യയെ അഭിനന്ദിച്ചു. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. എന്നാൽ, പാമ്പിനെ ഏറ്റുവാങ്ങിയെങ്കിലും പരിശീലനമില്ലാത്തയാൾ പിടിച്ചതിനെ അത്ര പ്രോത്സാഹിപ്പിക്കാൻ അവർ തയാറായില്ല.
മതിയായ പരിശീലനമില്ലാതെ പൊതുജനങ്ങള്‍ പാമ്പുകളെ പിടികൂടുന്നത് അപകടകരമാണെന്ന മുന്നറിയിപ്പോടെയാണ് രാത്രി വൈകി വനംവകുപ്പ് ജീവനക്കാരെത്തി പെരുമ്പാമ്പിനെ ഏറ്റുവാങ്ങിയത്. ഇനി പാമ്പിനെ കണ്ടാൽ വനംവകുപ്പിനെ വിളിക്കുകയാണ് വേണ്ടതെന്ന നിർദേശവും നൽകിയാണ് അവർ മടങ്ങിയത്. ദിവ്യ പാമ്പിനെ പിടിക്കാൻ സന്നദ്ധയാണെങ്കിൽ പരിശീലനം നേടണമെന്ന് ഉപദേശിക്കുകയും ചെയ്തു.
Kerala
പാലക്കാട്: മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് മലമ്പുഴ ഗവ.സ്കൂൾ പരിസരത്ത് പുലിയെ കണ്ടത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
വെള്ളിയാഴ്ച രാത്രി വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചിരുന്നു. ഇതോടെയാണ് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചത്. മലമ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂൾ, ജവഹർ നവോദയ സ്കൂൾ, ഗിരിവികാസ്, മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, പോലീസ് സ്റ്റേഷൻ, ജില്ലാ ജയിൽ, ജലസേചന വകുപ്പ് ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള സ്ഥലത്താണ് പുലി എത്തിയത്.
നിരീക്ഷണം തുടരുമെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. പുലിഭീഷണി നിലനിൽക്കുന്നതിനാൽ മലമ്പുഴയിലേക്ക് രാത്രിയാത്ര നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.
Kerala
പാലക്കാട്: മലമ്പുഴയിൽ പുലിയിറങ്ങിയതിനെ തുടർന്ന് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശം നൽകി.
പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു.
പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ളശ്രമത്തിലാണ് വനം വകുപ്പ്.
District News
പത്തനംതിട്ട: വന്യമൃഗ ശല്യം തടയുന്നതിനായി ചിറ്റാര്‍ ആമക്കുന്ന് വനാതിര്‍ത്തിയില്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിംഗിന്റെ ബാറ്ററിയും തദ്ദേശവാസികള്‍ കൃഷിയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിംഗ് ബാറ്ററികളും മോഷണം ചെയ്തെടുത്ത് വില്പന നടത്തിയ രണ്ടുപേരെ ചിറ്റാര്‍ പോലീസ് പിടികൂടി. ചിറ്റാര്‍ നീലിപിലാവ് പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (50), പ്ലാംകൂട്ടത്തില്‍ വീട്ടില്‍ സജീവ് (34) എന്നിവരാണ് അറസ്റ്റിലായത്.
മോഷണം ചെയ്തെടുത്ത ബാറ്ററികള്‍ ആക്രിക്കടയിലും ബാറ്ററികടയിലുമായി ഇവര്‍ വില്പന നടത്തിയിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തു നടത്തിയ അന്വേഷണത്തില്‍ ആക്രിക്കടയില്‍ നിന്നും ബാറ്ററിക്കടയില്‍ നിന്നുമായി അപഹരിക്കപ്പെട്ട രണ്ടു ബാറ്ററികള്‍ പോലീസ് വീണ്ടെടുക്കുകയും ചെയ്തു.
വനംവകുപ്പ് സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിങ്ങിന്റെ 15,000 രൂപയോളം വില വരുന്ന ബാറ്ററിയും ചിറ്റാര്‍ സ്വദേശികളായ ദീപ്തി ഭവനില്‍ ബാലകൃഷ്ണപിള്ളയുടെ റബര്‍തോട്ടത്തിന് ചുറ്റുമുള്ള സോളാര്ഫെന്സിംഗിന്റെ 6000 രൂപയോളം വില വരുന്ന ബാറ്ററിയും പുളിമൂട്ടില്‍ വീട്ടില്‍ സോമരാജന്റെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന 7500 രൂപ വില വരുന്ന ബാറ്ററിയുമാണ് ഇവര്‍ മോഷ്ടിച്ചത്.
ചിറ്റാര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആക്രി കടകളും ബാറ്ററി കടകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടാനായത്. അന്വേഷണ സംഘത്തില്‍ എഎസ്ഐ അനില്‍കുമാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകുമാർ, സുമേഷ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവ്, പ്രണവ്, സജിന്‍ എന്നിവര്‍ പങ്കാളികളായി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ചിറ്റാര്‍ പോലീസ് അറിയിച്ചു.