പാലക്കയം: കാട്ടാനകളിറങ്ങി കൃഷിനശിപ്പിച്ച കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല ഇഞ്ചിക്കുന്നിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞദിവസമിറങ്ങിയ കാട്ടാനകൾ പ്രദേശത്തെ കച്ചോല ജോസ് വട്ടക്കനാലിന്റെ കൃഷിയിടത്തിലെ വാഴകൾ നശിപ്പിച്ചിരുന്നു. സമീപത്തെ തോട്ടങ്ങളിലെയും കൃഷികൾ നശിപ്പിച്ചിട്ടുണ്ട്. ഒരിടവേളയ്ക്കുശേഷമാണ് കാട്ടാനകൾ പ്രദേശത്തെ കൃഷി നശിപ്പിക്കുന്നത്.
ഇഞ്ചിക്കുന്നുമുതൽ പൂഞ്ചോലവരെയുള്ള ഭാഗത്ത് കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി സൗരോർജ തൂക്കുവേലിയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.
ഇതിനിടയിലുള്ള വെറ്റിലച്ചോല ഉന്നതിയുടെ ഭാഗത്ത് കുറച്ചുഭാഗം പ്രതിരോധവേലി നിർമാണം പൂർത്തിയാക്കാനുണ്ട്. ഇതിനുള്ള സാങ്കേതികാനുമതി വൈകുന്നതിനാലാണ് ഇവിടെ പ്രവൃത്തികൾ നടത്താത്തത്.ഇതിലൂടെയാകാം കാട്ടാനകൾ രാത്രിയിൽ ഇറങ്ങിയിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കാട്ടാനകളെ കണ്ടെത്താനായിട്ടില്ലെങ്കിലും ഇവ കാടുകയറിയതായാണ് തെരച്ചലിൽനിന്ന് മനസിലായതെന്നു പാലക്കയം ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പറഞ്ഞു. ആർആർടി ഉൾപ്പെടെയുള്ള വനംവകുപ്പ് ജീവനക്കാരുടെ നിരീക്ഷണം പ്രദേശത്ത് ഉറപ്പാക്കി. കാട്ടാന, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ വിവിധമേഖലകളിൽ റിപ്പോർട്ടുചെയ്തിരുന്നു.
സമീപപ്രദേശമായ വാക്കോടനിൽനിന്ന് രണ്ടുപുലികളെ അടുത്തിടെ കെണിവച്ച് പിടികൂടുകയും ചെയ്തിരുന്നു.