പാലോട്: ബ്രൈമൂറിൽ നിന്ന് വീണ്ടും കടത്താൻ ശ്രമിച്ച മരങ്ങൾ വനം വകുപ്പ് പിടികൂടി. വട്ടമരത്തിന്റെ തടിയാണ് ഇന്നലെ പിടികൂടിയത്. എന്നാൽ ആഞ്ഞിലി മരവും മുറിച്ചു കടത്തിയതായും പറയുന്നു.
തടി ലോറിയിൽ കയറ്റുന്നതായി വിവരം ലഭിച്ച വനം വകുപ്പ് മങ്കയത്തെ ചെക്ക് പോസ്റ്റ് അടയ്ക്കാൻ നിർദേശം നൽകിയെങ്കിലും സമീപത്ത് ലോറി ഒതുക്കിയ ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി ഫോറസ്റ്റ് റേഞ്ച് ഓഫിസർ പറഞ്ഞു. വാഹനവും തടിയും കസ്റ്റഡിയിലെടുത്തു.
അതേ സമയം ബ്രൈമൂറിൽ ആഞ്ഞിലി മരങ്ങൾ വ്യാപകമായി പിഴുതിട്ടതായി പറയുന്നു. റവന്യു വകുപ്പ് ഉദ്യോഗസ്ഥരിൽ ചിലർ മരം മുറിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതായും നേരത്തെ പിടികൂടിയ തടി കോടതിയിൽ ഇറക്കി കൊണ്ട് പോകാനും ഈ ഉദ്യോഗസ്ഥരാണ് ചരടു വലിച്ചതെന്നും ആക്ഷേപമുണ്ട്.
കളക്ടർ അടിയന്തരമായി സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം മലയോര മേഖലയിലെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം ആരംഭിക്കുമെന്നും പരിസ്ഥിതി സംരക്ഷണ സംഘടനകൾ അറിയിച്ചു.
Tags : nattu vishesham forest department