കൊച്ചി: ദേശീയ സെന്‍സസ് 2027മായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് വീടുകളുടെ കണക്കെടുപ്പ് ആരംഭിക്കുമ്പോള്‍ ജില്ലയിലാകെ വിവരശേഖരണത്തിന് എത്തുന്നത് 6,538 എന്യുമറേറ്റര്മാര്. 1,117 സൂപ്പര്‍വൈസര്‍മാര്‍ ഈ എന്യുമറേറ്റര്മാരുടെ ഏകോപനച്ചുമതലയും നിര്‍വഹിക്കും. ആകെയുള്ള 6,538 എന്യുമറേറ്റര്‍മാരില്‍ പത്ത് ശതമാനം പേര് റിസര്‍വ് ജീവനക്കാരാണ്. സൂപ്പര്‍വൈസര്‍മാരിലും 10 ശതമാനം റിസര്‍വ് ഉദ്യോഗസ്ഥരാണ്. എന്യുമറേറ്റര്‍മാർക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള പരിശീലനം ജില്ലയില്‍ പുരോഗമിക്കുകയാണ്.
23 മേഖലകളായി തിരിക്കും
ഗ്രാമീണ മേഖലകളില്‍ ഏഴും, കൊച്ചിന് കോര്പറേഷന് പരിധിയില്‍ മൂന്നും ഉള്‍പ്പെടെ 23 മേഖലകളായി തിരിച്ചാണ് ജില്ലയില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക പറഞ്ഞു. താലൂക്കുകളില്‍ തഹസില്‍ദാര്‍മാരും നഗരസഭകളില്‍ മുനിസിപ്പല്‍ സെക്രട്ടറിമാരും നയിക്കുന്പോൾ കോര്‍പറേഷനില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ സെക്രട്ടറിക്കു കീഴില്‍ നിയോഗിച്ച ചാര്‍ജ് ഓഫീസര്‍മാർ നേതൃത്വം നല്‍കും.
ഓരോ സൂപ്പര്‍വൈസര്‍ക്ക് കീഴിലും കുറഞ്ഞത് ആറ് എന്യുമറേറ്റര്മാര് ഉണ്ടാകും. എന്യുമറേറ്റര്മാര് ശേഖരിക്കുന്ന വിവരങ്ങള്‍ സൂപ്പര്‍വൈസറും അതിനുശേഷം മേഖലകളുടെ ചാര്‍ജുള്ള തഹസില്‍ദാര്‍മാരും മുന്‍സിപ്പില്‍ സെക്രട്ടറിമാരും ചാര്‍ജ് ഓഫീസര്‍മാരും പരിശോധിച്ച് ഉറപ്പുവരുത്തി അംഗീകാരം നല്കിയ ശേഷം മാത്രമേ സെന്‍സസ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുകയുള്ളൂ.രാജ്യത്തെ വികസന, ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് അടിസ്ഥാന രേഖയായി മാറുന്ന സെന്‍സസിലേക്ക് കൃത്യമായ വിവരങ്ങളാണ് എല്ലാവരും നല്‍കേണ്ടതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ഉത്തരം നല്‍കേണ്ടത് 34 ചോദ്യങ്ങള്‍ക്ക്
ജില്ലയിലെ അധ്യാപകരെയും മറ്റ് സര്‍ക്കാര്‍ ഉദ്യോാഗസ്ഥരെയുമാണ് എന്യുമറേഷന് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഒരു എന്യുമറേറ്റര്‍ക്ക് 150 മുതൽ 200 വരെ വീടുകളുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടി വരുക. ഇത്തരത്തിലുള്ള 6,322 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളാണ് ജില്ലയിലുള്ളത്.
ജൂലൈ ഒന്നിന് വീടുകളുടെ കണക്കെടുപ്പ് ആരംഭിക്കും. വീടുകളിലെത്തുന്ന എന്യുമറേറ്റര്മാര് ഭവനഘടന, സൗകര്യങ്ങള്‍, ആസ്തി എന്നിവ ഉള്‍കൊള്ളുന്ന 34 ചോദ്യങ്ങള്‍ക്കാണ് ഉത്തരം തേടുക. വീട്ടുനമ്പര്‍, വീടിന്റെ തറ, ഭിത്തി, മേല്‍ക്കൂര എന്നിവ നിര്‍മിക്കാന്‍ ഉപയോഗിച്ച സാമഗ്രികള്‍, മുറികളുടെ എണ്ണം, കുടിവെള്ള സ്രോതസ്, എല്‍പിജി കണക്ഷന്, ടിവി, ഇന്റര്‍നെറ്റ്, സ്കൂട്ടര്‍, കാര്‍ എന്നിവയൊക്കെ സംബന്ധിച്ച ചോദ്യങ്ങള്‍ ഈ ചോദ്യാവലിയിലുണ്ട്.
തുടര്‍ന്ന് 2027 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന രണ്ടാംഘട്ടമായ ജനസംഖ്യ കണക്കെടുപ്പില്‍ ഓരോ വ്യക്തിയുടെയും വ്യക്തിഗതവിവരങ്ങളാണ് ശേഖരിക്കുക. വയസ്, ലിംഗം, വിദ്യാഭ്യാസം, തൊഴില്‍, മതം, ഭാഷ, വിവാഹസ്ഥിതി, കുടിയേറ്റം തുടങ്ങിയ വിവരങ്ങളൊക്കെ ഇതിന്റെ ഭാഗമായി അന്വേഷിക്കും.
ആദ്യമായി പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ നടത്തുന്ന സെന്‍സസിന് മൊബൈല്‍ ആപ്പുകളും പോര്‍ട്ടലുകളുമാണ് ഉപയോഗിക്കുന്നത്. ശേഖരിച്ച എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. വ്യക്തികള്‍ക്ക് സ്വയം വിവരങ്ങള്‍ ഓണ്‍ലൈനായി നല്കാന് സൗകര്യമൊരുക്കുന്ന സെല്‍ഫ് എന്യുമേറേഷന്‍ 16ന് ആരംഭിക്കും.
Tags : nattu vishesham Census