സുൽത്താൻ ബത്തേരി: കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുന്നോടിയായി വൈദ്യുതി തടസങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ നടപടികൾ ഊർജിതമാക്കി കെഎസ്ഇബി.
പാതയോരങ്ങളിലെ വൈദ്യുതി ലൈനുകൾക്ക് ഭീഷണിയാകുന്ന മരച്ചില്ലകളും ഉണങ്ങിയ കൊന്പുകളും പ്രത്യേക വാഹനങ്ങളുടെ സഹായത്തോടെ മുറിച്ചുമാറ്റുന്ന പ്രവൃത്തികളാണ് വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നത്.
മഴക്കാലത്ത് ശക്തമായ കാറ്റിലും ഇടിമിന്നലോടുകൂടിയ മഴയിലും മരങ്ങളും വലിയ കൊന്പുകളും വൈദ്യുതി ലൈനുകളിലേക്ക് പതിക്കുന്നത് പതിവാണ്. ഇതുമൂലം മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെടുകയും അപകടസാധ്യത ഉയരുകയും ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായാണ് കെഎസ്ഇബി മുൻകൂട്ടി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
ബത്തേരി മേഖലയിലെ പ്രധാന റോഡുകളോടു ചേർന്നുള്ള മരങ്ങളുടെ ശാഖകൾ പ്രത്യേക ക്രെയിൻ വാഹനങ്ങൾ ഉപയോഗിച്ചാണ് വെട്ടിമാറ്റുന്നത്. പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണവും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.കാലവർഷകാലത്ത് വൈദ്യുതി മുടക്കങ്ങളുടെ എണ്ണം കുറയ്ക്കുകയും അടിയന്തര അറ്റകുറ്റപ്പണികളുടെ ആവശ്യം പരമാവധി ഒഴിവാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടികളെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. പ്രവർത്തനങ്ങൾ അടുത്ത ദിവസങ്ങളിലും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Tags : nattu vishesham Electricity Department frontline to reduce