പുൽപ്പള്ളി: അരനൂറ്റാണ്ട് പഴക്കമുള്ള പഞ്ഞിമുക്ക് പാലം അപകടാവസ്ഥയിൽ.പെരിക്കല്ലൂർ-മരക്കടവ് തീരദേശപാതയിലെ പഞ്ഞിമുക്കിൽ കടമാൻതോടിന് കുറുകെ നിർമിച്ചിട്ടുള്ള പാലമാണ് കാലപ്പഴക്കത്താൽ അപകടത്തിലായിരിക്കുന്നത്. പാലത്തിന്റെ കോണ്ക്രീറ്റ് പലയിടത്തും അടർന്നുവീണുതുടങ്ങിയതിനൊപ്പം തുരുന്പെടുത്തു തുടങ്ങിയ കന്പികൾ കോണ്ക്രീറ്റിനുപുറത്ത് കണ്ടുതുടങ്ങി.
പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തിയും തകർന്ന നിലയിലാണ്. ഭാരമേറിയ വാഹനങ്ങൾ കടുന്നുപോകുന്പോൾ പാലം കുലുങ്ങുന്നുണ്ടെന്നാണ് നാട്ടുകാർ പറഞ്ഞു. പാലത്തിന്റെ അടിഭാഗത്തെ കരിങ്കൽ ഭിത്തി പൊളിഞ്ഞു കല്ലുകൾ തോട്ടിലേക്ക് ഇളകിവീണു തുടങ്ങിയിട്ടുമുണ്ട്.
തൂണുകളില്ലാത്ത പാലം ഇരുവശത്തും കരയോടു ചേർന്നുള്ള കരിങ്കൽക്കെട്ടിലാണ് ഉറപ്പിച്ചിട്ടുള്ളത്. ഇതിനോടു ചേർന്നുള്ള സംരക്ഷണ ഭിത്തിയാണ് തകർന്നുതുടങ്ങിയിരിക്കുന്നത്. ക്വാറിയിൽ നിന്നും അമിതഭാരംകയറ്റിവരുന്ന കൂറ്റൻ ലോറികൾ ഓടിത്തുടങ്ങിയതോടെയാണ് പാലത്തിന്റെ അവസ്ഥ കൂടുതൽ മോശമായി തുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.
പാലത്തിന് വീതി കുറവായതിനാൽ വലിയ വാഹനം വന്നാൽ എതിർദിശയിൽ വരുന്ന വാഹനത്തിന് കടന്നുപോകാൻ സാധിക്കില്ല. പാലത്തിന്റെ കൈവരിയും തകർന്ന നിലയിലാണ്.
മുള്ളൻകൊല്ലി-മരക്കടവ്-പെരിക്കല്ലൂർ റോഡ് നവീകരിക്കാൻ പദ്ധതി തയാറാക്കിയപ്പോഴും പാലം പുനർനിർമിക്കാൻ നടപടിയുണ്ടായില്ല. അപകടാവസ്ഥയിലായ പാലം പൊളിച്ചുമാറ്റി പുതിയത് പണിയണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.
Tags : nattu vishesham Panjimukku Bridge