പാലക്കാട്: തിരുവിഴാംകുന്ന് കരടിയോട് പകൽസമയത്ത് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ വനപാലകനായ ഷൈജു കൊല്ലപ്പെട്ടതിന്റെ ഉത്തരവാദികൾ വനംവകുപ്പാണെന്ന് കിഫ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
തിരുവിഴാംകുന്ന്, അന്പലപ്പാറ, കരടിയോട് മേഖലകളിൽ നിരന്തരമായി സൈലന്റ് വാലി കാടുകളിൽനിന്ന് ആനകൾ ജനവാസമേഖലകളിൽ ഇറങ്ങുന്നതു പതിവാണ്. ജനങ്ങൾ നിരന്തരമായി ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നതാണ്. പകൽസമയത്തു ജനവാസമേഖലയിൽ ഇറങ്ങിയ ആനകളെ തുരത്താൻ നിരായുധരായ നാമമാത്രജീവനക്കാരെ നിയോഗിക്കുകയാണ് വനംവകുപ്പ് അധികാരികൾ ചെയ്തത്.
ജനവാസമേഖലകളിൽ നിരന്തരമായി ഇറങ്ങുന്ന ആനകളെ തുരത്തുവാൻ നിയോഗിക്കുന്ന വനപാലകർക്ക് സ്വരക്ഷയ്ക്ക് ആവശ്യമായ ആയുധങ്ങൾ നൽകണമെന്നും ആവശ്യമായ സന്ദർഭങ്ങളിൽ ആയുധങ്ങൾ ഉപയോഗിക്കുന്പോൾ വന്യജീവികൾ കൊല്ലപ്പെട്ടാൽ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 112 അനുസരിച്ച് കേസ് എടുക്കരുതെന്നും ഉൾക്കാട്ടിലേക്ക് തുരത്തുവാൻ ആവശ്യമായ നടപടി സ്വീകരിക്കുകയും കുടുംബത്തിന്റെ അത്താണിയായ ഷിജുവിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുകയും ആശ്രിതർക്കു വനംവകുപ്പിൽ ജോലി നൽകുകയും ചെയ്യണമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര, വൈസ് പ്രസിഡന്റ് സോണി മേക്കളപ്പാറ, ജോമി മാളിയേക്കൽ എന്നിവർ ആവശ്യപ്പെട്ടു.