International
ദുബായ്: ഗൾഫ് യുദ്ധത്തിന് അന്ത്യം കാണാനുള്ള ശ്രമങ്ങളിൽ ഇറാനും അമേരിക്കയും വിട്ടുവീഴ്ചയ്ക്കു തയാറാക്കുന്നില്ലെന്ന് മുതിർന്ന ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂണിൽ ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ഇടക്കാലധാരണ പുനരുജ്ജീവിപ്പിക്കുന്നതിൽ പുരോഗതിയില്ല.
പശ്ചിമേഷ്യയിലെ എല്ലാ സംഘർഷങ്ങൾക്കും സ്ഥിരം പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് ജൂണിൽ ഇടക്കാല ധാരണ ഉണ്ടാക്കിയത്. 60 ദിവസത്തേക്കു സമ്മതിച്ച ധാരണ ഇരു കക്ഷികൾക്കും താത്പര്യമുണ്ടെങ്കിൽ നീട്ടാം. ഇക്കാലയളവിൽ ഇറാന്‍റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുന്നതിനും ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതിനും അന്തിമധാരണ ഉണ്ടാക്കാനും തീരുമാനിച്ചു.
എന്നാൽ, ധാരണ അവസാനിച്ചുവെന്ന് ജൂലൈ ഏഴിന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചു. ധാരണ ഉപേക്ഷിക്കുന്നതായി ഇറാനും പിന്നീട് അറിയിച്ചു.
ധാരണപ്രകാരം സുപ്രധാന എണ്ണക്കടത്തുപാതയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയായില്ല എന്നാണ് അമേരിക്ക പറഞ്ഞത്. മരവിപ്പിച്ച ആസ്തികൾ വിട്ടുതരാനും നാവികഉപരോധം പിൻവലിക്കാനും അമേരിക്ക തയാറായില്ലെന്ന് ഇറാനും ആരോപിച്ചു.
ഇടക്കാല ധാരണ പുനരുജ്ജീവിപ്പിക്കാനും അതു നടപ്പാക്കുന്നതിന് സമയക്രമം നിശ്ചയിക്കാനും ചർച്ച നടന്നതായി ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഒരുവിധ പുരോഗതിയും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
International
ദുബായ്: ഇറാൻ യുദ്ധം അവസാനിക്കുന്നതു സംബന്ധിച്ച് അവ്യക്തത തുടരുന്നതിനിടെ സുപ്രധാന എണ്ണക്കടുത്തു പാതകളിൽ കപ്പലാക്രമണം തുടരുന്നു.
ചെങ്കടലിലെ ബാബ് അൽ മൻഡെപ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. മറ്റൊരു സംഭവത്തിൽ ഗൾഫിലെ ഹോർമുസ് കടലിടുക്കിലേക്കു പ്രവേശിക്കാൻ ശ്രമിച്ച കപ്പലിനു നേർക്ക് അമേരിക്കയും മിസൈൽ പ്രയോഗിച്ചു.
ഈജിപ്തിൽ രജിസ്റ്റർ ചെയ്ത ചെറിയ ചരക്കുകപ്പലാണ് ചൊവ്വാഴ്ച ചെങ്കടലിൽ ആക്രമിക്കപ്പെട്ടത്. ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതികളാണ് ആക്രമണം നടത്തിയതെന്നു കരുതുന്നു. കപ്പലിലെ നാലു ജീവനക്കാരും യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്‍റെ ഭാഗമായ കോസ്റ്റ് ഗാർഡിലെ രണ്ട് അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.
ഹൂതികൾ സൗദിക്ക് നാവികഉപരോധം പ്രഖ്യാപിച്ചശേഷം ചെങ്കടലിലെ കപ്പലാക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. സൈനിക ഉപകരണങ്ങള് കയറ്റിയ സൗദി കപ്പലാണ് ആക്രമിച്ചതെന്ന് ഹൂതികൾ പറഞ്ഞു.
പാനമയിൽ രജിസ്റ്റർ ചെയ്ത കപ്പലാണ് ഹോർമുസിനു സമീപം ആക്രമിക്കപ്പെട്ടത്. ഇറാനെതിരായ അമേരിക്കൻ നാവിക ഉപരോധം ലംഘിച്ചതിന്‍റെ പേരിലായിരുന്നു ആക്രമണമെന്ന് അമേരിക്കൻ സേന അറിയിച്ചു. ഉപരോധം ലംഘിക്കരുതെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കപ്പൽ അനുസരിച്ചില്ല.
യുഎസ് സേന ഹെലികോപ്റ്ററിൽനിന്ന് കപ്പലിലേക്കു മിസൈലുകൾ തൊടുക്കുകയായിരുന്നു. കപ്പലിന്‍റെ പ്രവർത്തനം നിലച്ചതായി സൂചനയുണ്ട്. ഒമാൻ ഉൾക്കടലിലേക്കു സഞ്ചരിച്ച കപ്പൽ പാക്കിസ്ഥാൻ തീരത്തുവച്ചാണ് ആക്രമിക്കപ്പെട്ടതെന്നും പറയുന്നു.
ഇതിനിടെ, ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കാര്യമായി വിജയം കാണുന്നില്ല. അമേരിക്ക ഉപാധികൾ പാലിക്കാതെ ഹോർമുസ് തുക്കില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. മരവിപ്പിച്ചിരിക്കുന്ന ആസ്തികൾ വിട്ടു നല്കുക, ഗാസയും ലബനനും അടക്കം പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്‍റെ ഉപാധികൾ.
50 വർഷത്തിനിടെ യുദ്ധത്തിലും പ്രതിഷേധത്തിലും ആളുകൾ കൊല്ലപ്പെട്ടതിന് ഇറാനും നഷ്ടപരിഹാരം നല്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപും ആവശ്യപ്പെട്ടിട്ടുണ്ട്.
International
റിയാദ്: അമേരിക്ക വീണ്ടും ആക്രമണത്തിനു മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിലെ ഊർജ സംവിധാനങ്ങളിൽ തിരിച്ചടി നല്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. നയതന്ത്രമാർഗത്തിലൂടെ ഗൾഫ് പ്രതിനിധികളെ ഇറാൻ ഇക്കാര്യം അറിയിച്ചു. ഇറാന്‍റെ ഭീഷണി വളരെ ഉറച്ചതായിരുന്നുവെന്നാണ് ഇക്കാര്യത്തെക്കുറിച്ച് ധാരണയുള്ള ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാന്‍റെ ഊർജവിതരണ സംവിധാനങ്ങളിൽ വൻ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് ജൂലൈ 28ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍റെ ഭീഷണിയുണ്ടായത്. ആക്രമണം നടത്തുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കമുള്ളവർ ഇടപെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന്‍റെ ഭീഷണിക്കു പിന്നാലെ ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സൗദി, തുർക്കി, ഖത്തർ വിദേശകാര്യമന്ത്രിമാരുമായും പാക്കിസ്ഥാൻ സൈനികമേധാവി ആസിം മുനീറുമായും ബന്ധപ്പെട്ടു. ഇറാനെതിരേ വീണ്ടും ആക്രമണം ആരംഭിക്കുന്നതിൽനിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ സമ്മർദം ചെലുത്തണമെന്ന് അരാഗ്ചി ആവശ്യപ്പെട്ടു. അമേരിക്ക ആക്രമിച്ചാൽ ഇറാന്‍റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിലെ ഊർവിതരണ സംവിധാനങ്ങളെയും അമേരിക്കൻ താവളങ്ങളെയും ലക്ഷ്യമിട്ടായിരിക്കുമെന്നും അരാഗ്ചി മുന്നറിയിപ്പു നല്കി.
“തിരിച്ചടിക്കാൻ ഇറാൻ തയാറായിക്കഴിഞ്ഞു. പക്ഷേ, പശ്ചിമേഷ്യയിലുടനീളം നാശമുണ്ടാകുന്നതൊഴിവാക്കാൻ നയതന്ത്രപരിഹാരം തേടുന്നതാകും നല്ലത്” എന്ന് അരാഗ്ചി പറഞ്ഞതായാണ് റിപ്പോർട്ട്.
ഇതേത്തുടർന്നാണ് സൗദിയിലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ട്രംപുമായി ഫോണിൽ സംസാരിച്ചത്. ഖത്തർ, ഒമാൻ രാജ്യങ്ങളും ആക്രമണം പുനരാരംഭിക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ടു. ഇറാനെ ആക്രമിക്കാനുള്ള നീക്കം റദ്ദാക്കിയതായി ഓഗസ്റ്റ് രണ്ടിനാണ് ട്രംപ് അറിയിച്ചത്. ഇറാനുമായി ഉടൻ കരാറിനു സാധ്യതയുണ്ടെന്നു പറഞ്ഞായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം.
International
റിയാദ്: ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി ഒമാനും ഇറാനും തമ്മിലുണ്ടാക്കുന്ന കരാറിൽ ഇറാനു മേൽക്കൈ ഉണ്ടാകുമെന്ന് സൂചന. ഹോർമുസ് വഴി ഗൾഫിലേക്കു പ്രവേശിക്കുന്ന ചരക്കുകപ്പലുകളുടെ നിയന്ത്രണം ഇറാനു നല്കുന്ന കരാറാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ചില ഉന്നത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനു പുറമേ, ഹോർമുസ് തുറക്കാനുള്ള കരാർ ഉടനുണ്ടാകുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനം നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണെന്നും ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. കരാറിലെ സുപ്രധാന വ്യവസ്ഥകളിൽ ഇപ്പോഴും ഒത്തുതീർപ്പായിട്ടില്ലത്രേ.
ചരക്കുകപ്പലുകളുടെ നിയന്ത്രണം ഏതു രീതിയിൽ വേണം എന്നതടക്കമുള്ള കാര്യങ്ങളിലാണ് തീരുമാനമാകാനുള്ളത്. പ്രാദേശിക രാജ്യങ്ങളുടെ മേൽനോട്ടം വേണമെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
ഹോർമുസ് കടക്കാൻ ഫീസ് ചുമത്തണമോ എന്നുള്ളതാണ് തർക്കത്തിലുള്ള മറ്റൊരു വിഷയം. ഫീസിന് നിർബന്ധിക്കരുതെന്നും സ്വമേധയാ നല്കാൻ കപ്പലുടമകളെ അനുവദിക്കണമെന്നും ഗൾഫ് രാജ്യങ്ങൾ നിർദേശിച്ചിട്ടുണ്ട്.
കപ്പലുകളിലെ ചരക്കു മൂല്യത്തിന്‍റെ അഞ്ചു മുതൽ ഏഴു വരെ ശതമാനം ഫീസായി ഈടാക്കണമെന്നാണ് ഇറാന്‍റെ ആവശ്യം. ഹോർമുസിന്‍റെ മറുകരയിലുള്ള ഒമാൻ മൂന്നു ശതമാനം ഫീസ് മതിയെന്നു പറയുന്നു. അമേരിക്കയാകട്ടെ ഫീസ് പാടില്ലെന്ന വാദത്തിലാണ്.
ഹോർമുസ് കരാറിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നതിൽ പ്രതികരിക്കാൻ അമേരിക്ക തയാറായില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നത്. ഹോർമുസ് വിഷയത്തിൽ ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടു ചർച്ച നടക്കുന്നില്ലെന്നും പറയുന്നു.
അതേസമയം, ഹോർമുസിൽ ഇറാനു മേൽക്കൈ നല്കുന്ന കരാർ അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്‍റെ പരാജയമായി വിലയിരുത്തപ്പെടാം. ട്രംപ് ഇറാനെ ആക്രമിക്കുന്നതിന് മുന്പ് ഹോർമുസിൽ കപ്പലുകൾക്ക് നിയന്ത്രണമോ ഫീസോ ഇല്ലായിരുന്നു.
ചെങ്കടലിൽ ആക്രമണം
ഇതിനിടെ ഇന്നലെ ചെങ്കടലിലൂടെ പോയ സൗദി ടാങ്കർ ആക്രമിച്ചതായി യെമനിലെ ഹൂതികൾ അറിയിച്ചു. ഇതേത്തുടർന്ന് അന്താരാഷ്‌്‌ട്ര വിപണിയിൽ എണ്ണവില ചെറുതായി ഉയർന്നു.
ചൊവ്വാഴ്ച യെമൻ തീരത്തുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ കപ്പൽ മുങ്ങിയിരുന്നു. കപ്പലിലെ 14 ജീവനക്കാരിൽ 13ഉം ഇന്ത്യക്കാരായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി.
International
ന്യൂയോര്‍ക്ക്: ഇറാനെതിരായ അഞ്ചു മാസത്തെ യുദ്ധത്തില്‍ അമേരിക്കന്‍ സേനയുടെ ദീര്‍ഘദൂര മിസൈല്‍ ശേഖരത്തില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്.
അറ്റാകാംസ് (ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റം), പ്രിസം (പ്രിസിഷന്‍ സ്‌ട്രൈക്ക് മിസൈല്‍) എന്നീ ഇനത്തില്‍പ്പെട്ട മിസൈലുകള്‍ ഏതാണ്ട് പൂര്‍ണമായി ഇറാനെതിരേ പ്രയോഗിച്ചു തീര്‍ത്തതായി ഇതുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷിതമായ അകലത്തില്‍നിന്ന് ശത്രുവിനെ ആക്രമിക്കാന്‍ സഹായിക്കുന്ന ഈ ആയുധങ്ങളുടെ അഭാവം അമേരിക്കന്‍ സേനയുടെ ശേഷിയെ ഗുരുതരമായി ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഭൂതലത്തില്‍നിന്ന് ഭൂതലത്തിലേക്കു പ്രയോഗിക്കുന്ന ഇനത്തില്‍പ്പെട്ട ഈ രണ്ടു മിസൈലുകളും കൃത്യതയ്ക്കു പേരുകേട്ടതാണ്. റഷ്യന്‍ അധിനിവേശം നേരിടുന്ന യുക്രെയ്‌ന് അമേരിക്ക അറ്റാകാംസ് നല്കിയിരുന്നു. ഈ മിസൈലുകള്‍ ഉപയോഗിച്ച് യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങള്‍ റഷ്യക്കു കടുത്ത പ്രസന്ധിയായിരുന്നു.
ഭാവിയില്‍ അറ്റാകാംസിനു പകരമുപയോഗിക്കാന്‍ വികസിപ്പിച്ചതാണ് പ്രിസം. ഇരു വിഭാഗം മിസൈലുകള്‍ക്കും ഓരോന്നിന് പത്തു ലക്ഷം ഡോളര്‍ വിലവരും.
പ്രസിഡന്റ് ട്രംപ് ഏപ്രില്‍ 28നാണ് ഇറാനെതിരേ യുദ്ധമാരംഭിച്ചത്. അമേരിക്കയ്‌ക്കൊപ്പം ഇസ്രേലി സേനയുമുണ്ടായിരുന്നു. അഞ്ചു മാസം പിന്നിട്ട യുദ്ധത്തില്‍ ഇറാന്‍ കീഴടങ്ങാന്‍ തയാറാകാത്തത് ട്രംപിനു വലിയ തലവേദനയാണ്.
അമേരിക്കന്‍ ആക്രമണത്തിനു പകരമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക്് മിസൈലുകളും ഡ്രോണുകളും തൊടുക്കുന്നതാണ് ഇറാന്റെ സൈനികതന്ത്രം. അമേരിക്കന്‍ നിര്‍മിത വ്യോമപ്രതിരോധ സംവിധാനങ്ങളാണ് ഇറേനിയന്‍ ആക്രമണത്തെ ചെറുക്കുന്നത്.
അമേരിക്കയുടെ പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകളും കുറഞ്ഞുവരുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുമൂലം ഇറാനെതിരായ ആക്രമണം ചില ഘട്ടങ്ങളില്‍ ട്രംപിന് ഉപേക്ഷിക്കേണ്ടിവന്നത്രേ.