National
ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമായ കൂടംകുളം നിലയത്തിനു നേരേ ഗുരുതരമായ റാൻസംവെയർ സൈബർ ആക്രമണം. ആണവനിലയത്തിന്റെ ബ്ലൂ പ്രിന്റ്, വിതരണക്കാരുടെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ ഡാർക് വെബിൽ പ്രത്യക്ഷപ്പെട്ടു.
ആയിരക്കണക്കിനു ഫയലുകളാണ് വേൾഡ് ലീക്സ് എന്ന റാൻസംവെയർ സംഘം ഡാർക് വെബിൽ അവരുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആണവനിലയത്തിലെ കരാർ കമ്പനിയായ റിലയൻസ് ഗ്രൂപ്പിന്റെ സെർവറിൽനിന്നാണു വിവരങ്ങൾ ചോർന്നിരിക്കുന്നത്. ഭാഗികമായ വിവരചോർച്ചയുണ്ടായതായി റിലയൻസ് മേധാവി അനിൽ അംബാനി സ്ഥിരീകരിച്ചു.
ക്ലൗഡ് ദാതാക്കളായ യോട്ട ഡേറ്റ സർവീസസ് കമ്പനിയുടെ സെർവറിൽനിന്നാണു വിവരചോർച്ചയുണ്ടായതെന്നും സംഭവത്തെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അനിൽ അംബാനി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഏതൊക്കെ ഡാറ്റയാണു ചോർന്നതെന്നു റിലയൻസ് വെളിപ്പെടുത്തിയിട്ടില്ല. വിവരചോർച്ച ആണവനിലയത്തിന്റെ സുരക്ഷയെ ഗുരുതരമായി ബാധിച്ചേക്കാമെന്നു ന്യൂക്ലിയർ ത്രെട്ട് ഇനിഷ്യേറ്റീവ് സീനിയർ ഡയറക്ടർ നിക്കോളാസ് റോത്ത് പറഞ്ഞു. ഇന്ത്യയിൽ ഹാക്കിംഗ് സാധാരണമായെന്നതിന്റെ തെളിവാണിത്.
പല കമ്പനികളും ഇത്തരം ഭീഷണികളെ നേരിടാൻ വേണ്ടത്ര സജ്ജമല്ല. നിർമാണത്തിലിരിക്കുന്ന മൂന്ന്, നാല് യൂണിറ്റുകളിലെ വെന്റിലേഷൻ, കൂളിംഗ് സിസ്റ്റങ്ങളുടെ രൂപരേഖകൾ, കൺട്രോൾ റൂമിന്റെ ലേഔട്ട്, വിതരണക്കാരുടെ വിവരങ്ങൾ, ഇൻഷ്വറൻസ് പോളിസികൾ എന്നിവയുൾപ്പെടെയുള്ള 19,000ത്തോളം ഫയലുകളാണു ചോർന്നത്.
എന്നാൽ, റിയാക്ടറുകളുടെ പ്രധാന സുരക്ഷാസംവിധാനങ്ങളെ ബാധിക്കുന്ന വിവരങ്ങൾ ഇതിലില്ലെന്നാണു പ്രാഥമിക നിഗമനം. വേൾഡ് ലീക്സ് വെബ്സൈറ്റിൽ റിലയൻസുമായി ബന്ധപ്പെട്ട 8,58,000 ഫയലുകളാണു വന്നത്. ഇതിൽ ആണവനിലയവുമായി ബന്ധപ്പെട്ട 19,000 ഫയലുകളാണുള്ളത്.
2016 മുതൽ 2025 വരെയുള്ള കാലയളവിലെ രേഖകളാണു ഹാക്കർമാർ പുറത്തുവിട്ടത്. നിലയത്തിന്റെ മൂന്ന്, നാല് യൂണിറ്റുകളുടെ രൂപരേഖ, നിർമാണം എന്നിവയുടെ കരാർ 2018ൽ റിലയൻസ് നേടിയിരുന്നു. ഈ രണ്ടു യൂണിറ്റുകളുടെയും നിർമാണപ്രവൃത്തികൾ നടന്നുവരികയാണ്. ഇവ അടുത്ത വർഷം പ്രവർത്തനക്ഷമമാകുമെന്നാണു കരുതുന്നത്.
റിലയൻസിൽനിന്നു ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ, ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങൾ തേടി. സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി-ഇൻ) സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
International
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ അതീവരഹസ്യമായി പദ്ധതി തയാറാക്കിയതായി ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ടുള്ള നിർണായക രഹസ്യാന്വേഷണ വിവരങ്ങൾ ഇസ്രയേൽ അമേരിക്കയ്ക്കു കൈമാറിയതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും വ്യോമാക്രമണങ്ങൾ ശക്തമാകുകയും മേഖലയിൽ സമ്പൂർണ യുദ്ധഭീതി നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണു പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
നാറ്റോ ഉച്ചകോടിക്കുശേഷം തുർക്കിയിൽനിന്നു മടങ്ങാൻ ട്രംപ് സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി പഴയ വിമാനം ഉപയോഗിച്ചതു നേരത്തേ വലിയ ചർച്ചയായിരുന്നു.
ട്രംപിനെ വധിക്കാനുള്ള ഇറാന്റെ നീക്കങ്ങളെക്കുറിച്ച് അമേരിക്ക നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നെന്നും എന്നാൽ ഇസ്രയേൽ ഇപ്പോൾ നൽകിയ മുന്നറിയിപ്പ് തികച്ചും പുതിയതും ഒരു പ്രത്യേക പദ്ധതിയെക്കുറിച്ചുള്ളതുമാണെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കങ്ങളെക്കുറിച്ചാണ് വിവരങ്ങൾ ലഭിച്ചതെന്ന് വാൾസ്ട്രീറ്റ് ജേർണലും സ്ഥിരീകരിച്ചു.
Kerala
തിരുവനന്തപുരം: മയക്കുമരുന്നു സംഘങ്ങളെ കുറിച്ച് അജ്ഞാതനായിരുന്നുകൊണ്ട് വിവരം നൽകാൻ കഴിയുന്ന എക്സൈസിന്റെ വെബ് പോർട്ടൽ ബുധനാഴ്ച മുതൽ പ്രവർത്തിച്ചുതുടങ്ങുമെന്ന് എക്സൈസ് മന്ത്രി എം. ലിജു.
നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലഹരി മോചനം ആഗ്രഹിക്കുന്നവർക്കായി കൗണ്സലിംഗ് നൽകും.
ഈ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം 14,722 കേസുകൾ ഒരു മാസം കൊണ്ട് രജിസ്റ്റർ ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
വടകര: കാഫിര് സ്ക്രീന്ഷോട്ട് കേസില് പ്രത്യേക അന്വേഷണ സംഘത്തിന് നിര്ണായക വിവരം ലഭിച്ചു. കടത്തനാട് സഖാക്കള്, ബാവുപ്പാറ സഖാക്കള് എന്നീ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണു പുതിയ അന്വേഷണം.
വടകര സ്ക്വാഡ് അഡ്മിൻമാരെ ചോദ്യം ചെയ്തതോടെയാണ് എസ്ഐടിക്ക് ഈ വിവരം ലഭിച്ചത്. ഈ സാഹചര്യത്തില് കൂടുതല് പേരെ ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ തീരുമാനം. കടത്തനാട് സഖാക്കള്, ബാവുപ്പാറ സഖാക്കള് ഗ്രൂപ്പ് അഡ്മിൻമാരെയും ചോദ്യം ചെയ്യും.
വിവാദ സ്ക്രീന്ഷോട്ട് ലഭിച്ചത് വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്നിന്നാണെന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് നേരത്തേ അന്വേഷണ സംഘത്തിനു മുന്പാകെ മൊഴി നല്കിയിരുന്നു.
കേസിലെ മറ്റ് സാക്ഷികളായ മനീഷും അമലും സമാന മൊഴികളാണ് നല്കിയിരുന്നത്.
Kerala
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചതായി സൂചന. വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം സംബന്ധിച്ച സൂചനകളാണ് ഇപ്പോൾ പോലീസിന് ലഭിച്ചിരിക്കുന്നത്. കടത്തനാട് സഖാക്കൾ, ബാവുപ്പാറ സഖാക്കൾ എന്നീ ഗ്രൂപ്പുകളിൽ നിന്നാണ് ഈ വ്യാജ സ്ക്രീൻഷോട്ട് നിർമ്മിക്കപ്പെട്ടതും ലഭിച്ചതുമെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്.
കൂടാതെ ബാവുപ്പാറ സഖാക്കൾ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയും ഈ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. കേസിലെ നിർണായക ഗ്രൂപ്പായ വടകര സ്ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണസംഘത്തിന് ഈ പുതിയ വിവരങ്ങൾ ലഭിച്ചത്.
വിവാദ സ്ക്രീൻഷോട്ട് തനിക്ക് ലഭിച്ചത് വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കേസിലെ മറ്റ് സാക്ഷികളായ മനീഷും അമലും സമാനമായ മൊഴികളാണ് പോലീസിന് കൈമാറിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഗ്രൂപ്പിന്റെ അഡ്മിനും ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണ സംഘം നേരത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലുകളിൽ നിന്നാണ് സ്ക്രീൻഷോട്ട് വടകര സ്ക്വാഡിലേക്ക് എത്തിയത്.
സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ തീരുമാനം. വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം വ്യക്തമായ സാഹചര്യത്തിൽ കടത്തനാട് സഖാക്കൾ,ബാവുപ്പാറ സഖാക്കൾ എന്നീ ഗ്രൂപ്പുകളുടെ അഡ്മിന്മാരെ ഉടൻ തന്നെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും.
National
ഡെറാഡൂൺ: പാക് ഭീകരർക്ക് സർക്കാർ വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഡെറാഡൂണിലെ സർക്കാർ, പ്രതിരോധ സ്ഥാപനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ചോർത്തി നൽകിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് വിക്രാന്ത് കശ്യപ് (29)നെയാണ് അറസ്റ്റ്ചെയ്തത്.
ഉത്തരാഖണ്ഡ് പോലീസിന്റെ പ്രത്യേകദൗത്യസംഘമാണ് വെള്ളിയാഴ്ച ഇയാളെ പിടികൂടിയത്. പാക് രഹസ്യാന്വേഷണവിഭാഗവുമായി സഹകരിച്ചുപ്രവർത്തിക്കുന്ന ഷെഹ്സാദ് ഭട്ടി എന്ന ഭീകരന്റെ നിർദേശപ്രകാരമാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നു ദൗത്യസംഘം തലവൻ എസ്എസ്പി അജയ് സിംഗ് പറഞ്ഞു.
പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റുചില ഭീകരരുമായും ഇയാൾ ബന്ധം പുലർത്തുന്നുണ്ട്. വാട്സാപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങി സാമൂഹിക മാധ്യമങ്ങൾ വഴിയായിരുന്നു ആശയവിനിമയമെന്നും എസ്എസ്പി പറഞ്ഞു.
Kerala
ചെങ്ങന്നൂർ: കമ്യൂണിസ്റ്റ് പാർട്ടിയെ കടന്നാക്രമിക്കുന്നത് തുടർന്നാൽ മുൻ മന്ത്രി ജി. സുധാകരന്റെ വിവരങ്ങൾ ഓരോന്നായി വെളിപ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ. ഇനി തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും സുധാകരൻ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്നും അദ്ദേഹം ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
പി. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ സുധാകരൻ ഉന്നയിച്ച ആരോപണങ്ങളെ സജി ചെറിയാൻ ശക്തമായി പ്രതിരോധിച്ചു. സ്മാരകം തകർക്കാൻ പോയിട്ടുണ്ടെങ്കിൽ തങ്ങൾ രണ്ടുപേരും ഒരുമിച്ചേ പോകൂ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
താൻ സുധാകരന്റെയും സുധാകരൻ തന്റെയും നിഴലായി നിന്ന കാലമാണത്. താൻ പോയിട്ടുണ്ടെങ്കിൽ സുധാകരനും അതിലുണ്ടാകും. മര്യാദകെട്ട വർത്തമാനമാണ് അദ്ദേഹം പറയുന്നത്. തിരിച്ച് താനും ആരോപണം ഉന്നയിച്ചാലോ? ജി. സുധാകരനാണ് സ്മാരകം കത്തിക്കാൻ പോയതെന്ന് താൻ പറഞ്ഞാൽ എന്താകും സ്ഥിതി?- സജി ചെറിയാൻ ചോദിച്ചു.
കെ.സി. വേണുഗോപാലിനോ ചെന്നിത്തലയ്ക്കോ സതീശനോ ഇല്ലാത്ത ആവേശമാണ് പാർട്ടിയെ ആക്ഷേപിക്കാൻ സുധാകരൻ കാണിക്കുന്നത്. സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാൽ ഒടുവിൽ ആലപ്പുഴ കടലിൽ ചാടി ചാകേണ്ടിവരുമെന്നും സജി ചെറിയാൻ പറഞ്ഞു.
Kerala
കൊച്ചി: പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐക്കു വിവരം ചോര്ത്തി നല്കിയ കേസില് പിടിയിലായ നേവി ഉദ്യോഗസ്ഥനെ റിമാന്ഡ് ചെയ്തു.
യുപി ആഗ്ര ചിറ്റ്പുര് സ്വദേശിയും കൊച്ചി നാവികത്താവളത്തിലെ ലീഡ് മെക്കാനിക്കുമായ ആദര്ശ് കുമാറിനെ (ലക്കി- 24)യാണു കഴിഞ്ഞദിവസം യുപി ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാള് ഒരു വര്ഷമായി കൊച്ചിയിലാണു ജോലി ചെയ്യുന്നത്.
ഇന്ത്യയുടെ വിമാനവാഹിനികളുടെയും യുദ്ധക്കപ്പലുകളുടെയും അന്തര്വാഹിനികളുടെയും പരിപാലനം, അറ്റകുറ്റപ്പണി, റീ ഫിറ്റ് എന്നിവയുടെ സൂപ്പര് വിഷന് ചുമതലയുള്ള തസ്തികയിലായിരുന്നു ഇയാള്.
നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും രേഖകളും ഉള്പ്പെടെയുള്ള നിര്ണായക വിവരങ്ങള് ഐഎസ്ഐക്കു ചോര്ത്തിയതായി എടിഎസ് കണ്ടെത്തിയിരുന്നു. മൂന്നു വര്ഷം മുമ്പ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്ക് ഇയാള് വിവരങ്ങള് ചോര്ത്തി നല്കി പ്രതിഫലം കൈപ്പറ്റിയിരുന്നു.
സംഭവത്തില് എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഭീകരവിരുദ്ധ സ്ക്വാഡ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും എടിഎസിനു ലഭിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്സികളും സംഭവത്തില് അന്വേഷണം നടത്തുന്നുണ്ട്.
International
ന്യൂയോർക്ക്: ഭാര്യയെ കൊലപ്പെടുത്തിയ കേസില് ഇന്ത്യക്കാരനായ ഭദ്രേഷ്കുമാര് ചേതന്ഭായ് പട്ടേലിനെക്കുറിച്ചുള്ള വിവരങ്ങള് നല്കുന്നവര്ക്കുള്ള പ്രതിഫലം പത്തു ലക്ഷം ഡോളറായി ഉയര്ത്തി എഫ്ബിഐ.
രണ്ടരലക്ഷം ഡോളറിൽനിന്നാണ് പ്രതിഫലം ഉയർത്തിയത്. എഫ്ബിഐയുടെ ഏറ്റവും അപകടകാരികളായ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില് ഇടം പിടിച്ചിട്ടുള്ള ചേതന്ഭായ് 11 വര്ഷമായി ഒളിവിലാണ്.
2015 ഏപ്രിലില് 12നു മേരിലാന്ഡില് വച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് പട്ടേലിനെ എഫ്ബിഐ അന്വേഷിക്കുന്നത്. ബന്ധുവിന്റെ ഡോണട്ട് ഷോപ്പിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഇവിടെവച്ച് പാലക്കി (21)നെ ഒരു വസ്തു ഉപയോഗിച്ച് പലതവണ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരുടെയും വീസ തീർന്നതിനാൽ ഇന്ത്യയിലേക്ക് മടങ്ങാന് ആഗ്രഹം പ്രകടിപ്പിച്ച പാലക്കിനെ ഭര്ത്താവ് എതിര്ത്തിരുന്നതായി അന്വേഷണത്തില് വ്യക്തമായി.
കൊലപാതകത്തിനുശേഷം ന്യുജഴ്സിയിലെ ഹോട്ടലിൽ മുറിയെടുത്ത പട്ടേലിനെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. പട്ടേല് യുഎസില് ബന്ധുക്കളോടൊപ്പം ഒളിച്ചിരിക്കുകയോ കാനഡയിലേക്കോ ഇന്ത്യയിലേക്കോ രക്ഷപ്പെട്ടിരിക്കുകയോ ആകാമെന്നാണ് എഫ്ബിഐ സംശയിക്കുന്നത്.
Kerala
കൊച്ചി: പാലക്കാട് ശ്രീനിവാസന് വധക്കേസില് പിടികിട്ടാപ്പുള്ളികളായ പിഎഫ്ഐ പ്രവര്ത്തകരെക്കുറിച്ചുള്ള വിവരങ്ങള് നല്കുന്നവര്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ).
പറവൂര് മുപ്പത്തടം വടക്കേയില് വീട്ടില് അബ്ദുൾ വഹാബ് (38), പാലക്കാട് പട്ടാമ്പി ശങ്കരമംഗലം ഇട്ടിലത്തൊടിയില് വീട്ടില് മുഹമ്മദ് മന്സൂര് (43), പാലക്കാട് പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കര വീട്ടില് കെ. അബ്ദുൾ റഷീദ് (35), എറണാകുളം അലങ്ങാട് പുളിക്കപറമ്പില് വീട്ടില് മുഹമ്മദ് യാസര് അറാഫത്ത് (34), എറണാകുളം എടവനക്കാട് എഎഎസ്എം റോഡ് തൈപ്പറമ്പില് വീട്ടില് ടി.എ. അയൂബ് (52), മലപ്പുറം വളാഞ്ചേരി കാട്ടിപ്പരുത്തി പുല്ലാനിക്കാട്ടില് വീട്ടില് പി. മൊയ്ദീന്കുട്ടി (52) എന്നിവര്ക്കായാണു തെരച്ചില് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതില് അബ്ദുൾ വഹാബ്, അബ്ദുൾ റഷീദ്, ടി.എ. അയൂബ് എന്നിവരെക്കുറിച്ച് വിവരം കൈമാറുന്നവര്ക്ക് ഏഴു ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. മുഹമ്മദ് മന്സൂറിന്റെ ഇനാം മൂന്നു ലക്ഷം രൂപയാണ്. മറ്റു രണ്ടുപേര്ക്ക് ഇനാം പ്രഖ്യാപിച്ചിട്ടില്ല. എന്ഐഎയുടെ കളമശേരി ഓഫീസിലെ 0484 2349344, 9497715294 എന്ന നമ്പറില് വിവരം അറിയക്കണമെന്നാണു നിര്ദേശം.
National
ന്യൂഡൽഹി: മലയാളിയായ പി.ആർ. രമേശ് കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ ആയി നിയമിതനായി. ഓപ്പൺ മാഗസിൻ മാനേജിംഗ് അദ്ദേഹം,
ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ നിയമിതനാകുന്നത്. തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമാണ് രമേശ്.
പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ.