NRI
ലണ്ടൻ: കലാ സ്നേഹികൾക്ക് മറക്കാനാകാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ച് കലാ വിസ്മയങ്ങളുടെ അപൂർവ സംഗമമായി മാറിയ ബേസിംഗ്സ്റ്റോക്ക് വെളിച്ചം തിയറ്റേഴ്സിന്റെ കൾച്ചറൽ ഫെസ്റ്റ് ഗംഭീരമായി.
ഞായറാഴ്ച ബേസിംഗ്സ്റ്റോക്ക് ക്യൂഎംസി ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒമ്പത് വരെ സംഘടിപ്പിച്ച ബേസിംഗ്സ്റ്റോക്ക് കൾച്ചറൽ ഫെസ്റ്റ്, ബേസിംഗ്സ്റ്റോക്കിലും സമീപപ്രദേശങ്ങളിൽ നിന്നും എത്തിയ നൂറുകണക്കിന് കലാസ്നേഹികൾക്ക് ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളുടെ അപൂർവ അനുഭവമാണൊരുക്കിയത് .
കേരളീയ കലാരൂപമായ ചെണ്ടമേളം, വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങൾ, മനുഷ്യ മനസ്സിനെ വിസ്മയലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ മാജിക്കൽ മെന്റലിസം ഷോ, പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ കലാപ്രകടനങ്ങൾ, ബേസിംഗ്സ്റ്റോക്കിൽ ഇതുവരെ അരങ്ങേറാത്ത ഇതിഹാസ സാമൂഹ്യ-സംഗീത ചരിത്രനാടകം എന്നിവ ഒരേ വേദിയിൽ സമന്വയിച്ചപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ആവേശഭരിതരായി.
കലാപരിപാടികൾക്ക് മുന്നോടിയായി നടന്ന ഔപചാരിക സമ്മേളനത്തിൽ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയര് കൗണ്സിലര് സജീഷ് ടോം കൾച്ചറൽ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്വഹിച്ചു.
വെളിച്ചം തിയറ്റേഴ്സ് പ്രസിഡന്റ് ഡോ. അജി പീറ്റർ അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്, മാധ്യമപ്രവർത്തകർ എസ്. ശ്രീകുമാർ എന്നിവർ ആശംസകള് അര്പ്പിച്ചു.
വെളിച്ചം തിയറ്റേഴ്സിന്റെ ക്രിയേറ്റീവ് കോഓര്ഡിനേറ്ററും ലോക കേരളസഭാംഗവുമായ സി.എ. ജോസഫ് സ്വാഗതവും ട്രഷറർ വിൻസെന്റ് പോൾ നന്ദിയും രേഖപ്പെടുത്തി.
വെളിച്ചം തിയറ്റേഴ്സിന്റെ മാർഗദർശിയായിരുന്ന അന്തരിച്ച ഫിലിപ്പ്കുട്ടിക്ക് ആദരാഞ്ജലിയർപ്പിച്ച് ബിനോ ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തി.
ഫിലിപ്പ്കുട്ടിയുടെ സ്മരണയ്ക്കായി വെളിച്ചം തിയറ്റേഴ്സ് സമർപ്പിച്ച മെമന്റോ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനിൽ നിന്ന് ഫിലിപ്പ്കുട്ടിയുടെ ഭാര്യ സജിനി ഫിലിപ്പ്കുട്ടി ഏറ്റുവാങ്ങി.
തുടർന്ന് ശ്രീമതി സജിനി ഫിലിപ്പ്കുട്ടി അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു. ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവഹിച്ച് പ്രശസ്ത ഗായകൻ കെസ്റ്റർ ആലപിച്ച "സൈന്യാധിപൻ' എന്ന സംഗീത ആൽബത്തിന്റെ ഔപചാരികമായ പ്രകാശനവും വേദിയിൽ എസ്. ശ്രീകുമാർ നിവ്വഹിച്ചു.
ചടങ്ങിൽ വിശിഷ്ട അതിഥികളായി എത്തിയ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയർ കൗൺസിലർ സജീഷ് ടോം, യുക്മ ദേശീയ പ്രസിഡണ്ട് അഡ്വ എബി സെബാസ്റ്റ്യൻ, ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാനും ലോക കേരള സഭാംഗവുമായ ശ്രി എസ് ശ്രീകുമാർ എന്നിവരെ യഥാക്രമം ഡോ അജി പീറ്റർ, ശ്രി സി എ ജോസഫ് , ശ്രി വിൻസന്റ് പോൾ എന്നിവർ പൊന്നാട അണിയിച്ച് വെളിച്ചം തിയറ്റേഴ്സിന്റെ ആദരവ് നൽകി.
കേരള നഴ്സസ് യുകെ സംഘടിപ്പിച്ച മൂന്നാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ റീൽസിന്റെ സംവിധായകൻ ശ്രി ജോജി തോട്ടത്തിൽ ശ്രി എസ്. ശ്രീകുമാറിൽ നിന്ന് മെമന്റോ ഏറ്റുവാങ്ങി.
പരിപാടിയുടെ പ്രൈം സ്പോൺസർമാരായ ഇൻഫിനിറ്റി മോർട്ട്ഗേജ്, അക്വാ ഡിജിറ്റൽ സർവീസസ് എന്നിവരെയും മറ്റ് സ്പോൺസർമാരായ ഐഡിയൽ സോളിസിറ്റേഴ്സ്, ബിൽഡ് ബെറ്റർ, സീക്കോ അക്കൗണ്ടൻസി, റിവാ ട്രാവൽസ്, പാൻ ഏഷ്യൻ ഫുഡ്, ജെഎൻജെ. കാർസ് എന്നിവർക്ക് മെമന്റോകൾ നൽകി ആദരിച്ചു.
കൂടാതെ പരിപാടികളിൽ പങ്കെടുത്ത കലാപ്രതിഭകൾ, നാടകത്തിലെ അഭിനേതാക്കൾ, കൾച്ചറൽ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ച കോർഡിനേറ്റേഴ്സ് എന്നിവർക്കും വെളിച്ചം തിയറ്റേഴ്സിന്റെ സ്നേഹോപഹാരമായ മെമന്റോകൾ നൽകി.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാഫിൾ ടിക്കറ്റിന്റെ ഉദ്ഘാടനം സെബിൻ കല്ലറക്കലിൽ നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് പൗലോസ് പാലാട്ടി നിർവഹിച്ചു.
തുടർന്ന് വേദിയെ കീഴടക്കുന്ന നിരവധി കലാ പരിപാടികളാണ് അരങ്ങേറിയത്. ഫിലിപ്പ്കുട്ടി അച്ചായന്റെ പരിശീലനത്തില് രൂപംകൊണ്ട ബേസിംഗ്സ്റ്റോക്ക്, പോര്ട്സ്മൗത്ത്, സ്വിണ്ടന് എന്നിവിടങ്ങളിലെ ശിഷ്യര് അവതരിപ്പിച്ച മെഗാ ചെണ്ടമേളം, ഡി3, ഡി4 ഉള്പ്പെടെ നിരവധി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ യദു കൃഷയുടെ നേതൃത്വത്തിലുള്ള ഗോഡ്സ് ഓണ് ഡാന്സേഴ്സ് ട്രൂപ്പിന്റെ മനോഹരമായ നൃത്താവിഷ്കാരങ്ങള്, മെന്റലിസ്റ്റ് ജോയലിന്റെ വിസ്മയകരമായ മാജിക്കല് മെന്റലിസം ഷോ, കൊച്ചിന് കലാഭവനിലൂടെ ശ്രദ്ധേയനായ മലയാളികളുടെ സ്വന്തം കലാഭവന് ദിലീപിന്റെ മിമിക്സ് പരേഡ്, എന്നിവ വേദിയില് ആവേശം നിറച്ചു.
NRI
ഫിലഡൽഫിയ: അമേരിക്കയുടെ 250 -ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പെരിറ്റി ആൻഡ് അഡ്വാൻസ്മെന്റ് (പമ്പ) ഫിലഡൽഫിയയിലെ ഗാലേറിയ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടി വിപുലമായ ജനപങ്കാളിത്തത്തോടെയും ഗംഭീരമായ ചടങ്ങുകളോടെയും നടന്നു.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250 വർഷത്തെ മഹത്തായ പൈതൃകത്തെയും ഇന്ത്യൻഅമേരിക്കൻ സമൂഹത്തിന്റെ സംഭാവനകളെയും ഒരുപോലെ ആദരിച്ച ഈ ആഘോഷത്തിൽ നഗര, സംസ്ഥാന തലങ്ങളിലെ ജനപ്രതിനിധികളും പൊതുസുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ ദേശീയപ്രാദേശിക സംഘടനകളുടെ നേതാക്കളും സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു പമ്പയുടെ ഈ ആഘോഷം. സാമൂഹിക സൗഹൃദ സമ്മേളനത്തോടെയും സംഗീതവിരുന്നോടെയും ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സുമോദ് നേതൃത്വം നൽകി.
ജോയിന്റ് സെക്രട്ടറി അഭിലാഷ് ജോൺ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു. പമ്പ പ്രസിഡന്റ് അലക്സ് തോമസ്, പെൻസിൽവാനിയ സ്റ്റേറ്റ് സെനറ്റർ ഷരീഫ് സ്ട്രീറ്റ്, ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗങ്ങളായ ഡോ. നീന അഹമ്മദ്, മൈക്കൽ ഡ്രിസ്കോൾ, ഫിലഡൽഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മൈക്ക് ക്രാം, ആഘോഷ കമ്മിറ്റി ചെയർമാൻ ജോർജ് ഓലിക്കൽ, ട്രഷറർ ജോയ് തട്ടാരുകുന്നേൽ, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ സുധ കർത്ത, ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ലെനോ സ്കറിയ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
റവ. എം. കെ. കുര്യാക്കോസ് അമേരിക്കയുടെ 250 വർഷത്തെ യാത്രയ്ക്ക് നന്ദി അർപ്പിച്ച പ്രാർഥനയ്ക്ക് നേതൃത്വം നൽകി. അമേരിക്കൻ ദേശീയഗാനം ഏയ്ഞ്ചൽ മേരി റേച്ചൽ തോമസും ഇന്ത്യൻ ദേശീയഗാനം സൗമ്യ തോമസും ആലപിച്ചു.
ആഘോഷ കമ്മിറ്റി ചെയർമാൻ ജോർജ് ഓലിക്കൽ സ്വാഗതപ്രസംഗത്തിൽ അമേരിക്കൻ ജനാധിപത്യത്തിന്റെ മൂല്യങ്ങളെയും മലയാളി സമൂഹത്തിന്റെ സാമൂഹിക ഉത്തരവാദിത്വത്തെയും എടുത്തുപറഞ്ഞു.
പമ്പ പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷ പ്രസംഗത്തിൽ അമേരിക്ക നൽകിയ അവസരങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും സമൂഹ ഐക്യവും പൊതുസേവനവും ശക്തിപ്പെടുത്താൻ എല്ലാവരും കൈകോർക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഡോ. ഈപ്പൻ ഡാനിയേൽ അവതരിപ്പിച്ച "അമേരിക്കയുടെ 250 വർഷങ്ങൾ' ഡോക്യുമെന്ററി അമേരിക്കയുടെ സ്വാതന്ത്ര്യ സമരചരിത്രവും ഭരണഘടനാപരമായ വളർച്ചയും ജനാധിപത്യ പാരമ്പര്യവും സവിശേഷമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടി.
തുടർന്ന് പൊതുസുരക്ഷാ വിഭാഗത്തിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മൈക്ക് ക്രാം, ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗം ഡോ. നീന അഹമ്മദ് എന്നിവരെ ആദരിച്ചു.
ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവന നൽകിയ പയനിയർ സമൂഹനേതാവ് പി. ടി. മാത്യുവിനെ പ്രത്യേക ആദരവോടെ അനുമോദിച്ചു. ഈ ആദരിക്കൽ ചടങ്ങിന്റെ ഏകോപനം ജോർജ് ഓലിക്കൽ നിർവഹിച്ചു.
പരിപാടിയുടെ ഏറ്റവും ശ്രദ്ധേയമായ ഭാഗമായിരുന്നു 1998 മുതൽ 2026 വരെ പമ്പയെ നയിച്ച മുൻ പ്രസിഡന്റുമാരെ ആദരിച്ച ചടങ്ങ്. സംഘടനയുടെ വളർച്ചയ്ക്കും ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും നൽകിയ വിലമതിക്കാനാവാത്ത നേതൃത്വത്തിനുള്ള അംഗീകാരമായി മുൻ പ്രസിഡന്റുമാർക്ക് പ്രത്യേക സ്മാരക ഫലകങ്ങൾ സമ്മാനിച്ചു.
ഈ പ്രത്യേക ആദരിക്കൽ ചടങ്ങിന്റെ ഏകോപന ചുമതല തോമസ് പോളും സെലിൻ ഓലിക്കലും നിർവഹിച്ചു. ഫിലഡൽഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മൈക്ക് ക്രാംയും ഫിലഡൽഫിയ സിറ്റി കൗൺസിൽ അംഗം ഡോ. നീന അഹമ്മദും ചേർന്നാണ് മുൻ പ്രസിഡന്റുമാർക്ക് ആദരസൂചക ഫലകങ്ങൾ വിതരണം ചെയ്തത്.
പൊതുസുരക്ഷാ വിഭാഗത്തിൽ സേവനം അനുഷ്ടിക്കുന്നവരെ ആദരിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി കമ്മീഷണർ മൈക്ക് ക്രാം, ക്യാപ്റ്റൻ ടി. ജെ. തോമസൺ, സർജന്റ് ബ്ലെസൺ മാത്യു എന്നിവർക്ക് പൊതുസുരക്ഷാ രംഗത്തെ മാതൃകാപരമായ സേവനത്തിന് പ്രത്യേക അംഗീകാര ഫലകങ്ങൾ സമ്മാനിച്ചു.
ഈ ആദരിക്കൽ ചടങ്ങിന്റെ ഏകോപന ചുമതല ഡോ. ഈപ്പൻ ഡാനിയേൽ, ജോയ് തട്ടാരുകുന്നേൽ എന്നിവർ നിർവഹിച്ചു.