ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ന്യൂറി (ബെൽഫാസ്റ്റ്): മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ ന്യൂറി ഇന്ത്യൻ ആർട്സ് ക്ലബ് സംഘടിപ്പിച്ച "ന്യൂറി മേള 2026' നോർത്തേൺ അയർലൻഡിലെ ന്യൂറി നഗരത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലായി മാറി.
സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതിയ ഈ ബൃഹത്തായ മഹോത്സവം ആയിരക്കണക്കിന് ആളുകളുടെ സജീവ പങ്കാളിത്തത്തോടെ സെപ്റ്റംബർ അഞ്ചിന് വൻ വിജയമായി സമാപിച്ചു.
കൗൺസിലർ കിലിയൻ ഫീഹാൻ സദസിന് സ്വാഗതം ആശംസിച്ചതോടെയാണ് മേളയുടെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് നോർത്തേൺ അയർലൻഡ് അടിസ്ഥാനസൗകര്യ വികസന വകുപ്പ് മന്ത്രി (ഇൻഫ്രാസ്ട്രക്ചർ മിനിസ്റ്റർ) ലിസ് കിമ്മിൻസ് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
മേള ഉയർത്തിപ്പിടിക്കുന്ന സാമൂഹിക-സാംസ്കാരിക പ്രാധാന്യത്തെയും കൂട്ടായ്മയുടെ കരുത്തിനെയും മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രശംസിച്ചു.
ബെൽഫാസ്റ്റിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ പ്രഥമ ഇന്ത്യൻ കോൺസൽ കിരൺ ഖത്രി (ഐഎഫ്എസ്) ആദ്യമായി ന്യൂറിയിലെത്തി മുഖ്യാതിഥിയായി പങ്കെടുത്തത് മേളയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രൗഢി പകർന്നു.
സംസ്കാരങ്ങളുടെ വർണാഭമായ സംഗമം
ഇന്ത്യൻ, ഐറീഷ്, സ്കോട്ടിഷ്, ചൈനീസ്, ആഫ്രിക്കൻ പാരമ്പര്യ കലാരൂപങ്ങളും സംഗീതവും നൃത്തവും കോർത്തിണക്കിയ വിപുലമായ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറിയത്.
നാനാദേശങ്ങളുടെ തനത് സംസ്കാരങ്ങൾ ഒന്നിച്ചുചേർന്നപ്പോൾ ന്യൂറി നഗരം ഒരു പകൽ മുഴുവൻ സംഗീത-താള ലയങ്ങളുടെയും വർണങ്ങളുടെയും ഉത്സവപ്പറമ്പായി മാറി. വിവിധ രാജ്യക്കാരായ കാണികൾ ഒത്തുചേർന്നത് നഗരത്തിന് യഥാർഥ ആഗോള മുഖം നൽകി.
ന്യൂറി മേള വെറുമൊരു ആഘോഷം മാത്രമല്ല സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ദൃഢമായ ഒരു പാലമാണിത്. ഓരോ ജനവിഭാഗത്തിനും തങ്ങളുടെ സാംസ്കാരിക പൈതൃകത്തെ അഭിമാനത്തോടെ അവതരിപ്പിക്കാനും ഒപ്പം മറ്റുള്ളവരുടെ സംസ്കാരത്തെ ബഹുമാനത്തോടെ ഉൾക്കൊള്ളാനും അവസരം നൽകുന്ന തുറന്ന വേദിയാണ് ഇതെന്നും സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന സാംസ്കാരിക പാലം ആണെന്നും മേളയുടെ ചീഫ് കോഓർഡിനേറ്റർ സിജു ജോർജ് പറഞ്ഞു.
മുതിർന്നവരും കുട്ടികളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെ സജീവ പങ്കാളിത്തവും വിവിധ കലാരൂപങ്ങളുടെ വൈവിധ്യവുമാണ് ഈ മേളയെ ജനങ്ങൾ നയിച്ച ഒരു ജനകീയ സാംസ്കാരിക ഉത്സവമാക്കി മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്തുണ നൽകിയവർക്ക് കൃതജ്ഞത
മേളയുടെ വൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സംഘാടകർക്കും, സഹകരിച്ച പൊതുജനങ്ങൾക്കും, മുഖ്യ പിന്തുണ നൽകിയ സ്ഥാപനങ്ങൾക്കും സിജു ജോർജ്ജ് പ്രത്യേക നന്ദി രേഖപ്പെടുത്തി.
നോർത്തേൺ അയർലൻഡ് ഹൗസിംഗ് എക്സിക്യൂട്ടീവ്, നാഷണൽ ലോട്ടറി കമ്മ്യൂണിറ്റി ഫണ്ട്, റേഡിയസ് ഹൗസിംഗ്, ആർബർ ഹൗസിംഗ്, ഹൗസിംഗ് ഫോർ ഓൾ, കമ്മ്യൂണിറ്റി റിലേഷൻസ് കൗൺസിൽ, സതേൺ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ട്രസ്റ്റ് (പ്രൊമോട്ടിംഗ് വെൽബീയിംഗ് വിഭാഗം) എന്നീ സ്ഥാപനങ്ങളുടെ ഉദാരമായ സഹകരണമാണ് പരിപാടിയെ ഈ നിലയിൽ വൻ വിജയമാക്കാൻ സഹായിച്ചത്.
പ്രാദേശിക പിന്തുണയും വിവിധ സമൂഹങ്ങളുടെ ഒത്തൊരുമയും ഒത്തുചേർന്നപ്പോൾ "ന്യൂറി മേള 2026' സാംസ്കാരിക ഐക്യത്തിന്റെയും മാനവികതയുടെയും വിളംബരമായി മാറി.
പ്രവാസി മലയാളികളുടെ നേതൃപാടവവും സംഘാടനമികവും ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ട്, ന്യൂറി ഇന്ത്യൻ ആർട്സ് ക്ലബ് ന്യൂറി നഗരത്തെ ഒരു അന്താരാഷ്ട്ര സാംസ്കാരിക കേന്ദ്രമാക്കി ഉയർത്തിയിരിക്കുകയാണ്.