പ്രിയ സുന്ദരേശൻ
അരിസോണ: സംസ്ഥാന സെനറ്റിന്റെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജയായ ഡെമോക്രാറ്റിക് നേതാവ് പ്രിയ സുന്ദരേശൻ ചരിത്രം കുറിച്ചു. 42 വയസുകാരിയായ പ്രിയ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ്.
നവംബറിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ അരിസോണയിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ നിർണായക വിജയമാണ് പ്രിയയ്ക്ക് പുതിയ ചുമതലയിലേക്കുള്ള വഴിതുറന്നത്. 1992നുശേഷം ആദ്യമായാണ് സംസ്ഥാന സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.
ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ഗവർണർ പദവിയിലും സംസ്ഥാന സെനറ്റിലും പാർട്ടിക്ക് മേൽക്കൈ ലഭിച്ച സാഹചര്യത്തിലാണ് പ്രിയയുടെ തിരഞ്ഞെടുപ്പ്. നിലവിൽ സെനറ്റിലെ പ്രതിപക്ഷ നേതാവായ പ്രിയ സുന്ദരേശൻ ജനുവരിയിൽ പുതിയ ചുമതലയേൽക്കും.
തെരഞ്ഞെടുപ്പ് വിജയത്തെ ജനങ്ങൾ തീവ്ര രാഷ്ട്രീയ നിലപാടുകൾക്കെതിരേ നൽകിയ വിധിയെഴുത്തായാണ് അവർ വിശേഷിപ്പിച്ചത്. സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ നേതൃത്വം മുൻഗണന നൽകുമെന്നും പ്രിയ വ്യക്തമാക്കി.
അരിസോണയിലെ ടക്സണിൽ ജനിച്ച പ്രിയ സുന്ദരേശൻ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) നിന്ന് കെമിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി. അരിസോണ സർവകലാശാലയിൽ നിന്ന് നിയമത്തിലും നാച്ചുറൽ റിസോഴ്സ് ഇക്കണോമിക്സിലും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്.
Tags : PriyaSundaresan ArizonaSenate IndianAmerican HistoricAchievement USPolitics