Kerala
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ സമരം കനഗോലുവിന്റെ നിർദേശപ്രകാരമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ചൊവ്വാഴ്ചത്തെ സമരം സ്പീക്കറെ ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് അഞ്ച് മിനിറ്റ് ഇടവിട്ട് നിർദേശം നൽകുകയായിരുന്നു. കനഗോലുവിന്റെ നിർദേശപ്രകാരമായിരുന്നു ഇതെല്ലാമെന്നും മന്ത്രി ആരോപിച്ചു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് സുനിൽ കനഗോലു.
പ്രതിപക്ഷനേതാവിന് എന്ത് സംഭവിച്ചുവെന്നറിയില്ല. കഴിഞ്ഞദിവസം തനിക്കെതിരെ തരംതാഴ്ന്ന വാക്കുകൾ ഉപയോഗിച്ചുവെന്നും പിറ്റേന്ന് സഭയിൽ വന്ന് അദ്ദേഹം കള്ളം പറഞ്ഞുവെന്നും ശിവൻകുട്ടി പറഞ്ഞു.
എല്ലാവരോടും പുച്ഛം മാത്രമാണ് പ്രതിപക്ഷനേതാവിന്. തോന്നിവാസങ്ങളെ ന്യായീകരിക്കുന്ന വ്യക്തിത്വത്തിന് ഉടമയായി അദ്ദേഹം മാറി. സതീശൻ മുഖ്യമന്ത്രിയാകാൻ പഠിക്കുകയാണ്. എന്നാൽ മൂന്നാമതും ഇടതുസർക്കാർ അധികാരത്തിൽ വരും. വിരട്ടൽ വേണ്ടെന്നും തങ്ങൾ കാര്യങ്ങൾ പറഞ്ഞുതുടങ്ങിയാൽ പലർക്കും മുണ്ട് തലയിലിട്ട് പോകേണ്ടിവരുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിച്ചു കൊണ്ടിരിക്കുന്പോൾ ഭരണപക്ഷത്തെ നിരവധി അംഗങ്ങൾ വലിപ്പത്തിൽ പ്രിന്റ് ചെയ്ത ഫോട്ടോ ഉയർത്തിക്കാട്ടിക്കൊണ്ടിരുന്നു. ചിത്രം കണ്ടെങ്കിലും സതീശൻ അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. സാധാരണ പ്രതിഷേധത്തിന്റെ ഭാഗമായി പ്ലക്കാർഡുകളും ചിത്രങ്ങളുമൊക്കെ നിയമസഭയിൽ ഉയർത്തിക്കാണിക്കുന്നത് പ്രതിപക്ഷമാണ്. ഇന്നലെ ആ പണി ഭരണപക്ഷം ഏറ്റെടുത്തു.
സോണിയാഗാന്ധിക്കൊപ്പം ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർ നിൽക്കുന്ന ഫോട്ടോ ആയിരുന്നു ഭരണപക്ഷാംഗങ്ങൾ ഉയർത്തിക്കാട്ടിയത്. പോറ്റിയേ കേറ്റിയേ... എന്നു തുടങ്ങുന്ന പാരഡി പാട്ടുകൾ കേട്ട് ഒരുപാടു വിഷമിച്ച ഭരണപക്ഷം ഈ ചിത്രം ഉയർത്തിക്കാട്ടിയത് ഒരു മധുരപ്രതികാരം പോലെ ആയിരുന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള പ്രമുഖർ അണിനിരക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയുടെ കൊട്ടിക്കലാശദിനം സഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കടന്നാക്രമിക്കാനായിരുന്നു ഭരണപക്ഷം ശ്രമിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരേ സതീശൻ മോശപ്പെട്ട ഭാഷയിൽ വിമർശനം ഉന്നയിച്ചെന്നു പറഞ്ഞായിരുന്നു തുടക്കം. സതീശനെ വെള്ള ഡ്രസിട്ട സംഘി എന്നു വരെ കെ.ഡി. പ്രസേനൻ വിശേഷിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം കൂടി കേട്ടതോടെ ഭരണപക്ഷത്തിന്റെ തന്ത്രം വ്യക്തമായി. സതീശനുള്ള മറുപടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഏറെയും.
ശബരിമല പ്രതിഷേധത്തിൽ പ്രതിപക്ഷത്തിനു പഴയ വീര്യമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതിൽ അവർക്കു നേരെയുള്ള ഒരു കുത്തു കൂടി ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനു പതിവു വീര്യമില്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനു നേരെയും എന്തോ ഒരുങ്ങി വരുന്നു എന്ന സൂചനയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ ഉണ്ടായിരുന്നത്.
ഭരണമാറ്റം എന്നതു ജനങ്ങൾ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞ കാര്യമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിനു നൂറു സീറ്റ് കിട്ടുമെന്ന കാര്യത്തിൽ രമേശിനു സംശയമൊന്നുമില്ല. എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തു വർഷം കൊണ്ടു പലതും ചെയ്തു എന്നു പറയുന്നുണ്ടെങ്കിലും ജനത്തിനു ബോധ്യമാകുന്നില്ലെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആകെ പറഞ്ഞു കൊണ്ടിരുന്നത് ദേശീയപാത വികസനമാണ്. പൊളിഞ്ഞു വീണതോടെ അതു ’ഞങ്ങളുടേ’തല്ലാതായി. വന്യജീവി ആക്രമണത്തേക്കുറിച്ചായിരുന്നു സെബാസ്റ്റ്യൻ കുളത്തിങ്കലും അനൂപ് ജേക്കബുമൊക്കെ പറഞ്ഞത്.
കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് ഒരു വർഗീയ കലാപം പോലുമില്ല എന്നത് ഇടതുപക്ഷം ഭരണനേട്ടങ്ങളുടെ പട്ടികയിൽ പെടുത്തിയത് ഈയടുത്താണ്. തോട്ടത്തിൽ രവീന്ദ്രൻ ഇക്കാര്യം ചർച്ചയ്ക്കിടയിൽ പറഞ്ഞെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിൽ ഇക്കാര്യ വിസ്തരിച്ചു പറഞ്ഞു. അതിനു പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം നന്നായി അറിയാവുന്നതിനാലാകാം പ്രതിപക്ഷം അതേക്കുറിച്ചൊന്നും പറഞ്ഞില്ല.
മന്ത്രി സജി ചെറിയാന്റെയും എ.കെ. ബാലന്റെയും പ്രസ്താവനകൾ ചൂണ്ടിക്കാട്ടി അതു വർഗീയമായ പ്രസ്താവനകളായിരുന്നു എന്നു സതീശൻ ചൂണ്ടിക്കാട്ടി. നിങ്ങൾ ആ വഴി പോകരുതെന്നും സതീശൻ അഭ്യർഥിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ സർക്കാരിനെതിരേ സതീശൻ ഉൾപ്പെടെ വിമർശനം ഉന്നയിച്ചതിനേക്കുറിച്ചു ഭരണപക്ഷത്തു നിന്നുണ്ടായ പരാമർശങ്ങൾക്കും സതീശൻ മറുപടി നൽകി. " ഞങ്ങളുടെ സർക്കാരിനെ ഞാൻ വിമർശിച്ചിട്ടുണ്ട്. തെറ്റുകൾ തിരുത്താൻ സർക്കാർ തയാറായിട്ടുമുണ്ട്. നിങ്ങളുടെ സർക്കാരിനെ വിമർശിക്കാൻ നിങ്ങൾക്കു മുട്ടിടിക്കും'- ഭരണപക്ഷത്തെ നോക്കി സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്കു മുഖ്യമന്ത്രിയുടെ മറുചോദ്യം ഇങ്ങനെയായിരുന്നു- നാടിനെ ഇകഴ്ത്തി കാണിക്കാൻ പാടുണ്ടോ? ചെറുപ്പക്കാർ പഠനാവശ്യത്തിനുൾപ്പെടെ നാടുവിടുന്ന വിഷയങ്ങൾ സതീശൻ ചൂണ്ടിക്കാട്ടിയെങ്കിലും അന്യനാട്ടുകാർ കേരളത്തിലേക്കു പഠിക്കാൻ വരാൻ താത്പര്യം കാട്ടുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വിളപ്പിൽശാലയിൽ ബിസ്മിർ എന്നയാൾ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അടിയന്തപ്രമേയത്തിന് അനുമതി നൽകി. രണ്ടു മണിക്കൂർ ചർച്ചയ്ക്കൊടുവിൽ മറുപടി പറഞ്ഞ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചില പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. പിന്നാലെ നന്ദി പ്രമേയ ചർച്ചയിൽ അവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: നിയമസഭയില്‍ വാച്ച് ആൻഡ് വാര്‍ഡ് ചീഫ് മാർഷലിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം. ജോൺ, എം. വിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പാർലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ എ.എൻ. ഷംസീർ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നു, സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനെ ആക്രമിച്ചു, അദ്ദേഹത്തിന് ശസ്ത്രക്രിയ വേണമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനിടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചീഫ് മാർഷൽ ഷിബു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ബോഡി ഷെയ്മിംഗിനെ ന്യായീകരിച്ച് മന്ത്രി എം.ബി. രാജേഷ്. മുഖ്യമന്ത്രി ഒരു അംഗത്തിന്റെയും പേരു പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെപ്പറ്റി പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്നും രാജേഷ് സഭയിൽ പറഞ്ഞു.
നിയമസഭയിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെയും അദ്ദേഹം വിമർശിച്ചു. എന്തു തോന്നിവാസമാണ് പ്രതിപക്ഷം കാണിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ച് പറയാൻ ലജ്ജ തോന്നുന്നില്ലേ ഇവർക്ക്. എന്ത് അക്രമമാണ് കാണിക്കുന്നത്. ഗുണ്ടായിസത്തിന് പ്രതിപക്ഷ നേതാവ് നേതൃത്വം നൽകുകയാണെന്നും മന്ത്രി രാജേഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സ്വർണപ്പാളി വിഷയത്തിൽ തുടർച്ചയായി നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധം തുടരുന്ന നിയമസഭയിൽ നാടകീയ രംഗങ്ങൾ. ബുധനാഴ്ച മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയ്മിംഗ് പരാമർശത്തിലാണ് ഇന്ന് പ്രതിഷേധം അരങ്ങേറിയത്.
പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ബോഡി ഷെയ്മിംഗ് പരാമർശം ഉയർത്തിയ വി.ഡി. സതീശൻ വാച്ച് ആൻഡ് വാർഡർമാരെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും ആരോപിച്ചു. ഇതിനു പിന്നാലെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കുതർക്കമുണ്ടായി.
ഇതോടെ, ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. ചെയറിനു മുന്നിൽ നിന്ന് ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ച് ആൻഡ് വാർഡർമാരോട് പറഞ്ഞതോടെ സഭയിൽ വീണ്ടും പ്രതിഷേധം ശക്തമായി. ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ഡയസിനു മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിച്ചു.
National
ന്യൂഡല്‍ഹി: വോട്ട് കൊള്ള വിവാദത്തിൽ പോരിനുറച്ച് പ്രതിപക്ഷം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. ഇന്നു രാവിലെ ചേര്‍ന്ന ഇന്ത്യാ സഖ്യ യോഗത്തിലാണ് തീരുമാനമെടുത്തത്.
വോട്ടുകൊള്ള സംബന്ധിച്ച ആരോപണത്തിൽ സത്യവാംഗ്മൂലം നൽകണമെന്നും അല്ലെങ്കിൽ മാപ്പുപറയണമെന്നും രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇംപീച്ച്മെന്റ് കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം നീക്കം ആരംഭിച്ചത്.
നോട്ടീസ് നൽകുന്നതിനായി ഒപ്പുശേഖരണം നടത്തുകയാണ് ആദ്യ നടപടി. പാർലമെന്റിലെ ഇരുസഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചാൽ മാത്രമെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാൻ സാധിക്കൂ. എന്നാൽ, നിലവിൽ പ്രമേയം പാസാക്കാൻ മാത്രമുള്ള അംഗങ്ങള്‍ ഇന്ത്യാ സഖ്യത്തിനില്ല.
അതേസമയം, വോട്ട് കൊള്ള വിഷയത്തിൽ ഇന്ന് പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായി. ലോക്സഭയിൽ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിനടുത്തേക്ക് വരെയെത്തിയാണ് പ്രതിഷേധിച്ചത്. പിന്നാലെ 12 മണിവരെ ലോക്സഭാ നടപടികൾ നിർത്തിവച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടു മണിവരെ നിര്‍ത്തിവച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധി നയിക്കുന്ന മാർച്ച് ട്രാൻസ്പോർട്ട് ഭവനുമുന്നിൽവച്ച് ഡൽഹി പോലീസ് തടഞ്ഞു.
ബാരിക്കേഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചതോടെ സംഘർഷത്തിൽ കലാശിച്ചു. പിരിഞ്ഞുപോകണമെന്ന് പോലീസ് എംപിമാരോട് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ തയാറായില്ല. പിന്നാലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയാണ്. രാഷ്ട്രീയ പോരാട്ടമല്ലെന്നും ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തേണ്ടെന്ന് പ്രതിപക്ഷം തീരുമാനിച്ചതായാണ് റിപ്പോർട്ട്. 30 പേരുമായി കൂടിക്കാഴ്ച നടത്താമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു.