District News
എരുമേലി: കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തിക്കുന്ന 60 സെന്റ് സ്ഥലം ദേവസ്വം ബോർഡിന്റേതല്ലെന്നും സ്വകാര്യ വ്യക്തിയുടേതാണെന്നും ഒഴിഞ്ഞു കൊടുക്കണമെന്നുമുള്ള കോടതി വിധിക്കെതിരേ കെഎസ്ആർടിസി നൽകിയ അപ്പീലിൽ കക്ഷി ചേരാൻ എരുമേലി പഞ്ചായത്ത് തീരുമാനിച്ചു. ഇന്നലെ അടിയന്തരമായി വിളിച്ചു ചേർത്ത സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് പഞ്ചായത്ത് ഇക്കാര്യം തീരുമാനിച്ചത്.
നിലവിലെ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റശേഷം നടന്ന ആദ്യ യോഗത്തിൽ കേസിൽ കക്ഷി ചേരണമെന്ന് ആവശ്യമുയർന്നിരുന്നു. ഇക്കാര്യത്തിൽ നിയമോപദേശം തേടാനും പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇന്നലെ സ്റ്റിയറിംഗ് കമ്മിറ്റിയിൽ ആവശ്യം വീണ്ടും ഉയർന്നതോടെയാണ് പഞ്ചായത്ത് കക്ഷി ചേരാൻ തീരുമാനിച്ചത്. പാലാ കോടതിയിൽ കെഎസ്ആർടിസി നൽകിയ അപ്പീലിൽ വാദം ആരംഭിച്ചിട്ടില്ല.
District News
കാലടി: അങ്കമാലിയിലെ യുഡിഎഫ് സ്ഥാനാർഥി റോജി എം. ജോണിന്റെ ഇലക്ഷൻ ചുവരെഴുത്ത് ഏറ്റെടുത്ത് കാലടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകൾ അനാമിക ബേബി.
സ്ഥാനാർഥി പ്രഖ്യാപനം അന്തിമമായി വന്നിട്ടില്ലെങ്കിലും അങ്കമാലിയിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞ റോജി എം. ജോണിനു വേണ്ടി കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബിയുടെ മകളും വിദ്യാർഥിനിയുമായ അനാമിക ബേബി ചുവരെഴുത്തുമായി രംഗത്തെത്തി.
റോജി എം. ജോണിന്റെ തെരഞ്ഞെടുപ്പ് വിജയം കാത്തിരിക്കുന്ന കാലടിയിലെ യുഡിഎഫ് പ്രവർത്തകർക്ക് ആവേശമായി മാറിയിരിക്കുകയാണ് അനാമികയുടെ ചുവരെഴുത്ത്. മറ്റൂർ - എയർപോർട്ട് റോഡിൽ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് അനാമിക ചുമരെഴുത്ത് ആരംഭിച്ചിരിക്കുന്നത്. റോജി എം. ജോണിന്റെ ആരാധികയും സ്നേഹിതയുമാണ് അനാമിക.
Kerala
തിരുവനന്തപുരം: ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തു സെക്രട്ടറിയെ സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശി വഴിയിൽ തടഞ്ഞു. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്തിലെ സെക്രട്ടറിയെയാണ് വെള്ളനാട് ശശി തടഞ്ഞത്.
പഞ്ചായത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ റിപ്പോർട്ടുകൾ കളക്ടറേറ്റിൽ സമർപ്പിച്ചു മടങ്ങിവരുന്നതിനിടെയാണ് സംഭവം. വെള്ളനാട് കുളക്കോട് ഭാഗത്ത് വെച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ കാർ ഇയാൾ തടയുകയായിരുന്നു.
വിവിധ ഇടങ്ങളിൽ പോകാനായി വാഹനം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ വൈകുന്നേരം അഞ്ചിനു ശേഷം ഔദ്യോഗിക വാഹനം വിട്ടുകൊടുക്കാനാകില്ലെന്ന് സെക്രട്ടറി പറഞ്ഞു. തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്.
Kerala
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണ് സ്ഥാനം രാജിവച്ചത്.
പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും കോട്ടാങ്ങൽ പഞ്ചായത്തിൽ യുഡിഎഫ് അംഗമായ കെ.വി. ശ്രീദേവിയുമാണു രാജിവച്ചത്. എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കേണ്ടെന്നും പാർട്ടി നേതൃത്വം തീരുമാനിച്ചിരുന്നു.
യുഡിഎഫിനും ബിജെപിക്കും അഞ്ചുവീതം അംഗങ്ങളാണ് കോട്ടാങ്ങൽ പഞ്ചായത്തിലുള്ളത്. എസ്ഡിപിഐക്ക് മൂന്നും എല്‍ഡിഎഫിന് ഒരു പ്രതിനിധിയുമാണുള്ളത്. കഴിഞ്ഞതവണ എസ്ഡിപിഐ പിന്തുണയില്‍ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്താണ് കോട്ടാങ്ങല്‍.
എൽഡിഎഫ് ഏഴ്, യുഡിഎഫ് ആറ്, എസ്ഡിപിഐ മൂന്ന്, ബി ജെപി രണ്ട്, വെൽഫെയർ പാർട്ടി ഒന്ന് എന്നിങ്ങനെയാണ് പാങ്ങോട് പഞ്ചായത്തിലെ കക്ഷിനില. വെൽഫെയർ പാർട്ടി അംഗം നേരത്തെ തന്നെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എസ്ഡിപിഐ അംഗങ്ങളുടെ വോട്ടും കിട്ടിയതോടെ പത്തു വോട്ട് എസ്. ഗീതയ്ക്ക് ലഭിച്ചു. എന്നാൽ കെപിസിസി നേതൃത്വം ഇടപെട്ട് എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഗീത രാജിവയ്ക്കുകയായിരുന്നു.
അതേസമയം തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയിലാണു കോൺഗ്രസ് അംഗമായ എം.എ. നിധീഷ് പ്രസിഡന്റായത്. ഇയാളോടും രാജിവയ്ക്കാൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.