International
വാഴ്സോ: പോളണ്ടിലെ സാനോക് നഗരത്തിലുള്ള ചരിത്രപ്രസിദ്ധമായ ഓപ്പൺ എയർ മ്യൂസിയത്തിൽ സ്ഥിതിചെയ്തിരുന്ന പുരാതന പള്ളി കത്തിനശിച്ചു.
പതിനേഴാം നൂറ്റാണ്ടിൽ തടികൊണ്ടു നിർമിച്ച പള്ളിയാണു കത്തിനശിച്ചത്. കഴിഞ്ഞ 16ന് പുലർച്ചെയായിരുന്നു സംഭവം.
പോളണ്ടിലെ ഏറ്റവും പഴക്കം ചെന്ന ഈ പള്ളിയിൽ അടുത്തിടെയാണ് വൻതോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
120 ഓളം അഗ്നിരക്ഷ സേനാംഗങ്ങൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തെ മറ്റു ചരിത്രസ്മാരകങ്ങളിലേക്ക് തീ പടരുന്നത് തടയാനായെങ്കിലും പള്ളി പൂർണമായി കത്തിയമർന്നു.
പള്ളിക്കുള്ളിൽ സൂക്ഷിച്ചിരുന്ന അപൂർവമായ ചരിത്ര-കലാ ശേഖരങ്ങളും തിരുശേഷിപ്പുകളും തീയെടുത്തു.
Business
പോ ളണ്ട് ലോകത്തിലെ ഏറ്റവും വലിയ 20 സന്പദ്വ്യവസ്ഥകളുടെ പട്ടികയിൽ ഇപ്പോൾ ഇടംപിടിച്ചിരിക്കുകയാണ്. ഒരു കാലത്ത് ഭക്ഷണത്തിന് ക്ഷാമം നേരിട്ടിരുന്ന അവസ്ഥയിൽനിന്നുമാണ് ഈ വളർച്ച. ഒരു തലമുറ മുന്പ് നിത്യോപയോഗ സാധനങ്ങൾക്കുപോലും റേഷൻ ഏർപ്പെടുത്തേണ്ടി വന്ന രാജ്യമായിരുന്നു പോളണ്ട്. അന്നത്തെ പോളിഷ് പൗരന്മാരുടെ വരുമാനം പടിഞ്ഞാറൻ ജർമൻകാർ സന്പാദിക്കുന്നതിന്റെ പത്തിലൊന്ന് മാത്രമായിരുന്നു. എന്നാൽ, ഇന്നു വാർഷിക ഉത്പാദനത്തിൽ ഒരു ട്രില്യണ് ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ട് സ്വിറ്റ്സർലൻഡിനെപ്പോലും മറികടന്ന് പോളണ്ട് ലോകത്തിലെ ഏറ്റവും വലിയ ഇരുപതാമത്തെ സന്പദ്വ്യവസ്ഥയായി മാറിയിരിക്കുന്നു.
കഴിഞ്ഞ 35 വർഷത്തിനിടയിൽ യൂറോപ്പിലെ ഏറ്റവും വലിയ സാന്പത്തികവളർച്ച നേടിയ രാജ്യങ്ങളിലൊന്നാണ് പോളണ്ട്. ഈ വളർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് രാജ്യത്ത് നടപ്പിലാക്കിയ ശക്തമായ ഭരണഘടനാപരമായ മാറ്റങ്ങളാണ്. 1989-1990കളിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ തകർച്ചയിൽനിന്ന് ഒരു ലക്ഷം കോടി ഡോളർ വാർഷിക ഉത്പാദനം എന്ന ലക്ഷ്യത്തിലേക്ക് പോളണ്ട് എത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണ്. ഈ വർഷം അവസാനത്തോടെ നടക്കുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പോളണ്ടിന്റെ സാന്നിധ്യം അംഗീകരിക്കപ്പെടണമെന്ന് ട്രംപ് ഭരണകൂടം വാദിക്കുന്നു. ജി20 ഉച്ചകോടിലേക്ക് ഒരു രാജ്യത്തെ അതിഥിയായി ക്ഷണിക്കുന്നത് പ്രതീകാത്മമായ നീക്കംമാത്രമാണ്.1999ൽ ധനമന്ത്രിമാരുടെ തലത്തിൽ ജി 20 രൂപീകൃതമായശേഷം ഒരു അതിഥി രാജ്യത്തെയും പൂർണ അംഗമായി ഉയർത്തിയിട്ടില്ല.
►കുത്തകകളില്ല
അഴിമതിയില്ലാത്ത ഭരണസംവിധാനം, സ്വതന്ത്രമായ കോടതികൾ, ശക്തമായ ബാങ്കിംഗ് നിയന്ത്രണങ്ങൾ, ആരോഗ്യകരമായ മത്സരം ഉറപ്പാക്കാൻ കുത്തക വിരുദ്ധ ഏജൻസി എന്നിവ നടപ്പിലാക്കിയതിലൂടെ സാന്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിച്ചു. ഇതിന്റെ ഫലമായി മറ്റ് പല മുൻ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും സംഭവിച്ചതുപോലെ അഴിമതി നിറഞ്ഞ പ്രവർത്തനങ്ങളോ കുത്തകമുതലാളിമാരോ ഇല്ലാതായി.
2004ൽ യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനു മുന്പും ശേഷവും ലഭിച്ച ശതകോടിക്കണക്കിന് യൂറോയുടെ സഹായവും യൂറോപ്പിലെ ബൃഹത്തായ ഏകീകൃത വിപണയിലേക്കുള്ള പ്രവേശനവും പോളണ്ടിന് ഗുണമായി.
►വിദ്യാഭ്യാസ മേഖലയിലെ വളർച്ച
വിദ്യാഭ്യാസ മേഖലയിലെ വലിയ മുന്നേറ്റമാണ് പോളണ്ടിന്റെ മറ്റൊരു കരുത്ത്. ഇന്നത്തെ യുവാക്കളിൽ പകുതിയോളം പേരും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. ജർമനിയിലെ യുവാക്കളേക്കാൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് പോളണ്ടിലെ യുവാക്കളെന്ന് സാന്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
കുറഞ്ഞ ചെലവിൽ മികച്ച വൈദഗ്ധ്യമുള്ള തൊഴിലാളികളെ ലഭിക്കുന്നത് അന്താരാഷ്ട്ര നിക്ഷേപകരെ പോളണ്ടിലേക്ക് ആകർഷിച്ചു.
►ഇലക്ട്രിക് ബസിലൂടെ മുന്നോട്ട്
1996ൽ ക്രിസ്റ്റോഫ് ഓൾഷെവ്സ്കി പോസ്നാനിൽ സ്ഥാപിച്ച സോളാരിസ് എന്ന ഇലക്ട്രിക് ബസ് നിർമാണ കന്പനി പോളണ്ടിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ പ്രതീകമാണ്. ഇന്ന് യൂറോപ്പിലെ ഇലക്ട്രിക് ബസ് വിപണിയുടെ 15 ശതമാനത്തോളം ഈ കന്പനിയുടെ കൈവശമാണ്. സോളാരിസ് പോലുള്ള കന്പനികൾ ഇലക്ട്രിക് ബസ് നിർമാണത്തിൽ ആഗോളതലത്തിൽ മുൻപന്തിയിലെത്തിയത് രാജ്യത്തിന്റെ സംരംഭകത്വ മികവിന് ഉദാഹരണമാണ്.
വിദേശ കന്പനികളുടെ നിർമാണ കേന്ദ്രം എന്ന നിലയിൽ നിന്ന് അത്യാധുനിക സാങ്കേതികവിദ്യയുടെ കേന്ദ്രമായി പോളണ്ട് മാറിക്കൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കംപ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ രാജ്യം വൻ നിക്ഷേപം നടത്തുന്നു. മൈക്രോസോഫ്റ്റ് പോലുള്ള വലിയ കന്പനികളിൽ ജോലി ചെയ്തിരുന്ന പല പ്രഫഷണലുകളും ഇന്ന് പോളണ്ടിലേക്ക് തിരിച്ചുവരുന്നതിന്റെ കാരണം അവിടെയുള്ള തൊഴിൽസാധ്യതകളും സാങ്കേതിക മുന്നേറ്റവുമാണ്.
►വെല്ലുവിളികൾ
ഇത്രയേറെ വളർച്ചയുണ്ടെങ്കിലും ചില പ്രധാന വെല്ലുവിളികൾ രാജ്യം ഇന്നും നേരിടുന്നുണ്ട്. ജനനനിരക്ക് കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതും ഭാവിയിൽ തൊഴിലാളികളുടെ ക്ഷാമത്തിന് കാരണമായേക്കാം. ശരാശരി വേതനം ഇപ്പോഴും യൂറോപ്യൻ യൂണിയന്റെ ശരാശരിയേക്കാൾ താഴെയാണ്. ചെറുകിട-ഇടത്തരം സംരംഭങ്ങൾ വളരുന്നുണ്ടെങ്കിലും ഇതിൽ കുറച്ചെണ്ണം മാത്രമാണ് ആഗോള ബ്രാൻഡുകളായത്. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള സാന്പത്തിക അന്തരം ഇന്നും നിലനിൽക്കുന്നു. കൂടാതെ പടിഞ്ഞാറൻ യൂറോപ്പിലെ വേതന നിലവാരത്തിലേക്ക് എത്താൻ പോളണ്ടിന് ഇനിയും ഏറെ സമയമെടുക്കും.
2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് പോളണ്ടിലെത്തിയ യുക്രെയ്ൻ അഭയാർഥികൾ രാജ്യത്തിന്റെ സാന്പത്തിക വളർച്ച നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ആഗോള സാന്പത്തിക രംഗത്ത് പോളണ്ട് ഇന്ന് ഒരു മാതൃകയാണ്.
Sports
വാഷിംഗ്ടണ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനുള്ള 48 ടീമുകളുടെയും ചിത്രം പൂര്ണം. ഇന്നലെ അവസാനിച്ച പ്ലേ ഓഫ് ഘട്ടത്തിലൂടെ ആറ് ടീമുകള്കൂടി ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കി.
യൂറോപ്യന് പ്ലേ ഓഫിലൂടെ ബോസ്നിയ ആന്ഡ് ഹെര്സെഗോവിന, സ്വീഡന്, തുര്ക്കി, ചെക് റിപ്പബ്ലിക് ടീമുകളും ഇന്റര് കോണ്ഫെഡറേഷന് പ്ലേ ഓഫിലൂടെ ആഫ്രിക്കയില്നിന്നുള്ള ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും ഏഷ്യയില്നിന്ന് ഇറാക്കും 2026 ലോകകപ്പ് യോഗ്യത സ്വന്തമാക്കി.
ലാറ്റിനമേരിക്കന് ടീമായ ബൊളീവിയയെ 1-2നു കീഴടക്കിയായിരുന്നു ഇറാക്കിന്റെ രണ്ടാമത് ലോകകപ്പ് പ്രവേശം. നീണ്ട 40 വര്ഷത്തിനുശേഷമാണ് ഇറാക്ക് ലോകകപ്പ് വേദിയിലെത്തുന്നത്. ഇറാക്ക് ആദ്യമായി ലോകകപ്പ് കളിച്ചത് 1986ല് ആയിരുന്നു.
കോണ്കാകാഫ് ടീമായ ജമൈക്കയെ അധിക സമയത്തേക്കു നീണ്ട പോരാട്ടത്തില് 1-0നു കീഴടക്കിയായിരുന്നു കോംഗോ ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. അതാകട്ടെ നീണ്ട 52 വര്ഷത്തിനുശേഷം 1974ല് ആയിരുന്നു ആദ്യമായും അവസാനമായും കോംഗോ ലോകകപ്പ് കളിച്ചത്.
യൂറോപ്യന് പാത്ത് ബി ഫൈനലില് റോബര്ട്ട് ലെവന്ഡോവ്സ്കിയുടെ പോളണ്ടിനെ 2-3നു കീഴടക്കി സ്വീഡന് ലോകകപ്പ് യോഗ്യത സ്വന്തമാക്കി.
പാത്ത് സി ഫൈനലില് തുര്ക്കി 1-0നു കൊസോവൊയെ തോല്പ്പിച്ചും പാത്ത് ഡി ഫൈനലില് ചെക് റിപ്പബ്ലിക് ഷൂട്ടൗട്ടിലൂടെ 3-1ന് ഡെന്മാര്ക്കിനെ തോല്പ്പിച്ചും ലോകകപ്പ് ടിക്കറ്റ് നേടി.
International
യുദ്ധത്തിന്റെ കെടുതികൾ, ഏറ്റവും തീവ്രമായി അനുഭവിക്കുന്നതു കുട്ടികളും സ്ത്രീകളുമാണ്. അനാഥത്വത്തിന്റെ മഹായാനങ്ങളിൽ എരിഞ്ഞുനീറിയത് എത്രയോ നരജന്മങ്ങൾ. തങ്ങൾ ചെയ്ത കുറ്റം എന്തെന്നു പോലും അറിയാത്ത ജീവിതങ്ങൾ. ചരിത്രം ജയിച്ച രാജാവിന്റെ മാത്രമല്ല, തോറ്റ പ്രജകളുടെയും കൂടിയാണെന്ന് കാലം ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ആ കൊച്ചു നാട്ടുരാജ്യം
രണ്ടാം ലോകമഹായുദ്ധത്തിന്റെ കൊടുംഭീകരതയിൽ ലോകം വിറങ്ങലിച്ചുനിൽക്കുന്ന കാലം. നാസിപ്പടയുടെ അധിനിവേശവും സോവിയറ്റ് യൂണിയനിലെ ഗുലാഗ് എന്ന കൊടിയ പീഡനങ്ങൾ അരങ്ങേറിയ തടങ്കൽ പാളയങ്ങളും തകർത്തുകളഞ്ഞ ആയിരക്കണക്കിന് പോളിഷ് ജീവിതങ്ങൾ.
അവരിൽ ചിലർ ഇന്ത്യയുടെ മക്കളായി, ഇന്ത്യയിലെ കൊച്ചു നാട്ടുരാജ്യമായിരുന്നു. നവാനഗറിലെ (ഇപ്പോൾ ജാംനഗർ) മഹാരാജാവ് ജാം സാഹിബ് ദിഗ്വിജയ്സിംഗ്ജി അവരെ ഏറ്റെടുത്തു. അവരെ സ്വന്തം മക്കളെപ്പോലെ സംരക്ഷിച്ചു. ചരിത്രം, അദ്ദേഹത്തെ നന്മയുടെ മഹാരാജാവ്- എന്നു രേഖപ്പെടുത്തി. മാനവികതയുടെ സമാനതകളില്ലാത്ത ചരിത്രമാണ് നവാനഗറിന്റെ സ്വന്തം മഹാരാജാവിന്റേത്.
1941ലെ സിക്കോർസ്കി-മെയ്സ്കി കരാറിനെത്തുടർന്ന് സോവിയറ്റ് യൂണിയനിലെ ഗുലാഗുകളിൽനിന്നും മറ്റു തടങ്കൽപ്പാളയങ്ങളിൽനിന്നും പതിനായിരക്കണക്കിനു പോളിഷ് യുദ്ധത്തടവുകാർ മോചിതരായി. അക്കൂട്ടത്തിൽ ഉറ്റവരും ഉടയവരുമില്ലാത്ത, യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിനു കുട്ടികളുമുണ്ടായിരുന്നു.
അവർക്കു പോകാൻ മണ്ണിലൊരിടം പോലുമില്ലായിരുന്നു. സ്വന്തം നാട് നാസികളുടെ കൈയിലും. കാരാഗൃഗങ്ങളിൽനിന്നു മോചിപ്പിച്ചെങ്കിലും സോവിയറ്റ് യൂണിയൻ അവരെ ഏറ്റെടുക്കാൻ തയാറല്ലായിരുന്നു. പട്ടിണിയും രോഗങ്ങളും വേട്ടയാടിയ ആ കുരുന്നുകൾക്കു മുന്നിൽ ലോകരാജ്യങ്ങൾ പലതും വാതിലുകൾ കൊട്ടിയടച്ചു. ഈ പ്രതിസന്ധിഘട്ടത്തിലാണ് ബ്രിട്ടീഷ് വാർ ക്യാബിനറ്റിൽ അംഗമായിരുന്ന ദിഗ്വിജയ്സിംഗ്ജി രക്ഷകനായി അവതരിക്കുന്നത്.
ഗുലാഗിലെ സ്റ്റാലിൻ ക്രൂരത
ലോകത്തിലെ നരകം ആയിരുന്നു ഗുലാഗ് എന്ന് ഒറ്റവാക്കിൽ പറയാം. സോവിയറ്റ് റഷ്യയിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൻ തന്റെ എതിരാളികളെ കൊടിയ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്ന തടങ്കൽപ്പാളയങ്ങൾ. സ്റ്റാലിന്റെയും കൂട്ടാളികളുടെയും കൊടിയ പീഡനത്തിനിരയായി ഏകദേശം 1.5 ദശലക്ഷത്തിനും 1.7 ദശലക്ഷത്തിനും ഇടയിൽ ആളുകൾ ഗുലാഗുകളിൽ കൊല്ലപ്പെട്ടന്നാണ് ഔദ്യോഗിക കണക്ക്.
എന്നാൽ, കമ്യൂണിസ്റ്റ് ചക്രവർത്തി നടത്തിയ നരവേട്ടയിൽ കൊല്ലപ്പെട്ടവരുടെ യഥാർഥ സംഖ്യ ഇതിലും എത്രയോ മടങ്ങ് കൂടുതലാണെന്നു ചരിത്രകാരന്മാർ പറയുന്നു. പീഡനം, പട്ടിണി, കഠിനമായ തണുപ്പ്, അമിതമായ ജോലിഭാരം, രോഗങ്ങൾ എന്നിവയായിരുന്നു ഗുലാഗിലെ മരണകാരണങ്ങൾ. രാഷ്ട്രീയ എതിരാളികൾ, കർഷകർ, ബുദ്ധിജീവികൾ എന്നിവർക്കു പുറമെ, നിസാരകുറ്റങ്ങൾ ചെയ്ത സാധാരണക്കാരെയും സംശയത്തിന്റെ പേരിൽ മാത്രം പിടികൂടിയവരെയും ഇവിടെ പാർപ്പിച്ചു.
District News
കൊച്ചി: പോളണ്ടിലേക്ക് വീസ വാഗ്ദാനം ചെയ്ത് 3,48,900 രൂപ തട്ടിയെടുത്തതായി പരാതി. കലൂര് ആസാദ് റോഡില് പ്രവര്ത്തിക്കുന്ന സാഗിറ്റിസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ കാസര്ഗോഡ് സ്വദേശി ലിനു ചാക്കോ, എറണാകുളം സ്വദേശി കെ.ടി. വിനീത് എന്നിവര്ക്കെതിരെ കൊടുങ്ങല്ലൂര് സ്വദേശിയാണ് പരാതി നല്കിയത്.
2023 ജനുവരി 16 മുതല് 2025 ജനുവരി 30 വരെയുള്ള കാലയളവിലാണ് പ്രതികള് ഈ തുക തട്ടിയെടുത്തത്. പണം കൈപ്പറ്റിയെങ്കിലും വിസ നല്കാതെ വന്നതോടെ കൊടുങ്ങല്ലൂര് സ്വദേശി പോലീസില് പരാതി നല്കുകയായിരുന്നു. എസ്ഐ ആര്. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 3,48,900 രൂപ തട്ടിയെടുത്തതായി പരാതി. കലൂര് ആസാദ് റോഡില് പ്രവര്ത്തിക്കുന്ന സാഗിറ്റിസ് എന്ന സ്ഥാപനത്തിന്റെ നടത്തുകാരായ കാസര്ഗോഡ് സ്വദേശി ലിനു ചാക്കോ, എറണാകുളം സ്വദേശി കെ.ടി. വിനീത് എന്നിവര്ക്കെതിരെ കൊടുങ്ങല്ലൂര് സ്വദേശിയാണ് പരാതി നല്കിയത്.
2023 ജനുവരി 16 മുതല് 2025 ജനുവരി 30 വരെയുള്ള കാലയളവിലാണ് പ്രതികള് ഈ തുക തട്ടിയെടുത്തത്. പണം കൈപ്പറ്റിയെങ്കിലും വിസ നല്കാതെ വന്നതോടെ കൊടുങ്ങല്ലൂര് സ്വദേശി പോലീസില് പരാതി നല്കുകയായിരുന്നു. എസ്ഐ ആര്. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
International
വാർസോ: പോളണ്ടിൽ മഞ്ഞുവീഴ്ച കനത്തതിനെത്തുടർന്ന് 20 കിലോമീറ്റർ നീളത്തിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
തലസ്ഥാനമായ വാർസോയെയും ബാൾട്ടിക് തുറമുഖ നഗരമായ ഗഡാൻസ്കിനെയും ബന്ധിപ്പിക്കുന്ന റോഡിൽ ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്.
മഞ്ഞുവീഴ്ച കനത്തപ്പോൾ വന്പൻ ട്രക്കുകൾക്ക് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണു കാരണമെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച പുലർച്ചയോടെയാണ് കുരുക്ക് നീക്കാനായത്. കൊടുംതണുപ്പിൽ നൂറുകണക്കിനു പേർക്കാണ് വാഹനങ്ങൾക്കുള്ളിൽ കഴിയേണ്ടിവന്നത്. പോലീസും സന്നദ്ധ പ്രവർത്തകരും യാത്രക്കാർക്ക് ചൂടുപാനീയങ്ങൾ വിതരണം ചെയ്തു.
NRI
കൊച്ചി: പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ ചേർന്ന് പോളണ്ടിൽ ആരംഭിച്ച പോളീഷ് - ഇന്ത്യൻ സ്റ്റാർട്ടപ്പിലെ പാനീയ ബ്രാൻഡായ "മലയാളി' ആഗോള അംഗീകാരങ്ങൾ നേടി. ലാഗര് വിഭാഗത്തിൽ സ്വർണവും നോൺ ആൽക്കഹോളിക് ചെക്ക് സ്റ്റൈൽ ഇനത്തിൽ വെങ്കല മെഡലുമാണ് ബ്രാൻഡ് സ്വന്തമാക്കിയത്.
യുകെയിലെ നോർവിച്ചിൽ നടന്ന ചടങ്ങിൽ കമ്പനി പ്രമോട്ടർമാരായ ചന്ദ്രമോഹൻ നല്ലൂരും സർഗേവ് സുകുമാരനും അവാർഡുകൾ സ്വീകരിച്ചു. ഈ മേഖലയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ലോകപ്രശസ്ത ബ്രാൻഡുകളെ പിന്തള്ളിയാണ് മൂന്നു വർഷം മാത്രം പ്രായമുള്ള മലയാളി കമ്പനി ഈ നേട്ടം കൈവരിച്ചത്.
പോളണ്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇന്ത്യൻ ബ്രാൻഡുകളിലൊന്നായി മാറിയ "മലയാളി' ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലാഗറുകളിൽ ഒന്നായിക്കൂടി വളർന്നു കഴിഞ്ഞു. ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങളിലെ വിപണികളിൽ ഈ മലയാളി പാനീയം ലഭ്യമാണ്.
International
വാഴ്സാ: അതിര്ത്തി കടന്നെത്തിയ റഷ്യന് ഡ്രോണുകള് വെടിവെച്ചിട്ട് പോളണ്ട്. റഷ്യന് ഡ്രോണുകള് തങ്ങളുടെ വ്യോമാതിര്ത്തി ലംഘിച്ചതായും ഇവയെല്ലാം വെടിവെച്ചിട്ടതായും പോളണ്ട് അറിയിച്ചു.
റഷ്യന് ഡ്രോണ് ആക്രമണത്തെ തുടര്ന്ന് പോളണ്ട് അതീവജാഗ്രതയിലാണ്. തലസ്ഥാനമായ വാഴ്സയിലെ രണ്ട് വിമാനത്താവളങ്ങള് ഉള്പ്പെടെ നാല് വിമാനത്താവളങ്ങള് അടച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
റഷ്യന് ഡ്രോണുകള് അതിര്ത്തി കടന്നെത്തിയതിന് പിന്നാലെ പോളണ്ട് സൈനികവിമാനങ്ങള് സജ്ജമാക്കിയതായി പോളിഷ് സായുധസേന അറിയിച്ചു. കരയിലും ആകാശത്തും ഒരുപോലെ സൈനിക മുന്നൊരുക്കം ശക്തമാക്കി. റഡാര് സംവിധാനങ്ങളും സജ്ജമാണ്.
സൈനിക നടപടി തുടരുകയാണെന്നാണ് പോളിഷ് സേന പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നത്. എല്ലാവരും വീടുകളില് തുടരണമെന്നും സൈന്യം അഭ്യര്ഥിച്ചു. അതിര്ത്തി കടന്നെത്തിയ ഡ്രോണുകള് വെടിവെച്ചിട്ടതായും ഇതിന്റെ അവശിഷ്ടങ്ങള് കണ്ടെത്താനായി തിരച്ചില് തുടരുകയാണെന്നും പോളിഷ് സായുധസേന അറിയിച്ചു. യുക്രൈനുമായി അതിര്ത്തി പങ്കിടുന്ന മേഖലകളില് പോളണ്ട് ശക്തമായ നിരീക്ഷണം തുടരുകയാണ്.
ഡ്രോണ് ആക്രമണം നടന്നതായി പോളണ്ട് പ്രധാനമന്ത്രി ഡൊണാള്ഡ് ടസ്കും സ്ഥിരീകരിച്ചു. പോളണ്ടിന്റെ വ്യോമാതിര്ത്തി ലംഘിച്ചെത്തിയ ഡ്രോണുകള് തകര്ത്തതായും ഓപ്പറേഷന് തുടരുകയാണെന്നും പോളണ്ട് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി സെസാറി ടോംസികും മാധ്യമങ്ങളോട് പറഞ്ഞു. പോലീസിന്റെയും സൈന്യത്തിന്റെയും അറിയിപ്പുകള് പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്ഥിച്ചു.