Kerala
കൂത്താട്ടുകുളം: മുന്നറിയിപ്പില്ലാതെ തുടര്ച്ചയായി വൈദ്യുതി മുടങ്ങുന്നതില് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില് കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസില് ചൂട്ടുകത്തിച്ച് പ്രതിഷേധം. രാത്രി ഏഴരയോടെയാണ് ഡിവൈഎഫ്ഐ പ്രവര്ത്തകര് കെഎസ്ഇബി ഓഫീസിലേക്ക് എത്തിയത്.
രാപ്പകലില്ലാതെ വൈദ്യുതി തടസപ്പെടുന്നത് ജനജീവിതത്തെയും വ്യാപാര-വ്യവസായ മേഖലകളെയും കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് പ്രവര്ത്തകര് തെരുവിലിറങ്ങിയത്. പ്രകടനമായി എത്തിയ പ്രവര്ത്തകര് ഓഫീസിന് മുന്നില് ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു. തുടര്ന്ന് നടന്ന ധര്ണ്ണ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ.ടി. അഖില്ദാസ് ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരായ ഉപഭോക്താക്കളെ വലയ്ക്കുന്ന കെഎസ്ഇബിയുടെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കണമെന്നും വൈദ്യുതി മുടങ്ങുന്നതിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില് വരും ദിവസങ്ങളില് സമരം കൂടുതല് ശക്തമാക്കുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നല്കി.
Kerala
പാലക്കാട്: പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപെടുത്തി. പാലക്കാട് വടക്കഞ്ചേരിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷ് ആണ് ഒരു മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയത്.
വടക്കഞ്ചേരി ടൗണിലെ ജിമ്മിൽ വ്യായാമം കഴിഞ്ഞ് ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെ പെട്ടെന്ന് കറന്റ് പോയി. ഇതോടെ മഹേഷ് ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഉച്ചത്തിൽ ശബ്ദം വച്ചപ്പോഴാണ് ആളുകൾ വിവരമറിയുന്നത്. കറന്റ് വന്നിട്ടും ലിഫ്റ്റ് തുറക്കാതെ വന്നതോടെയാണ് വടക്കഞ്ചേരി ഫയർഫോഴ്സിനെ വിവരമറിയിച്ചത്.
Kerala
കൊച്ചി: സംസ്ഥാനത്ത് പവര് കട്ട് തുടരും. വൈദ്യുതി ഉപയോഗം കൂടുതല് ആയതിനാല് ഒന്നിലേറെ തവണ മുടങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
കല്ക്കരി ക്ഷാമത്തെ തുടര്ന്ന് ഉല്പാദനം കുറഞ്ഞിരിക്കുകയാണ്. ഈ പ്രതിസന്ധി സ്വിച്ചിട്ട് പരിഹരിക്കാനാവില്ല. ബ്രഹ്മപുരത്ത് 500 മെഗവാട്ട് വൈദ്യുതി സൂക്ഷിച്ചു വയ്ക്കാന് സാധിക്കുന്ന ബസ് പദ്ധതി നടപ്പാക്കുമെന്നും ജില്ലകളില് സോളാര് എനര്ജി സൂക്ഷിച്ചു വയ്ക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉപയോഗം കൂടി, ഉല്പാദനം കുറഞ്ഞു:
ഒന്നിലേറെ സമയങ്ങളില് വൈദ്യുതി മുടങ്ങേണ്ട സാഹചര്യമുണ്ട്. ഒരു സമയത്ത് മാത്രം ക്രമീകരിച്ചാല് പോര, കാരണം കൂടുതല് ഷോർട്ടേജ് ഉണ്ട്. കഴിഞ്ഞ വര്ഷം ഈ കാലത്ത് ഉണ്ടായിരുന്നതിനേക്കാള് ആയിരം മെഗാവാള്ട്ടിന്റെ ആവശ്യം കൂടി വരികയാണ്. രാത്രി വൈകിയും വൈദ്യുതി വാഹനങ്ങള് ചാര്ജ് ചെയ്യുന്നതോടെ വൈദ്യുതി ഉപയോഗം കൂടി. എയര് കണ്ടീഷനും ഫാനും ഉപയോഗിക്കുന്നു. അതുകൊണ്ട് ഒന്നിലേറെ തവണ നിയന്ത്രണം ഏര്പ്പെടുത്താന് നിര്ബന്ധിതരായിരിക്കുകയാണ്.
ഉപയോഗം കൂടി, ഉല്പാദനം കുറഞ്ഞു. കല്ക്കരിയുടെ ക്ഷാമമുണ്ട്. ഇത് സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ കത്ത് എല്ലാ സംസ്ഥാനങ്ങളും കിട്ടിയിരുന്നു. ഇത് പെട്ടെന്ന് ഏതെങ്കിലും ഒരു മാര്ക്കറ്റില് പോയി വാങ്ങാവുന്ന ഒരു കാര്യമല്ല. ഇതിനൊരു കരാറില് ഏര്പ്പെടണമെങ്കില് ടെന്ഡര് ക്ഷണിച്ച്, വിതരണത്തിന് സാധ്യതയുള്ള കമ്പനികള് അതില് പങ്കെടുത്ത്, അത് നിശ്ചയിച്ച്, റെഗുലേറ്ററി കമ്മീഷന്റെ അനുവാദം വാങ്ങി, നിരവധി മാസങ്ങള് എടുക്കണം ഒരു കരാറില് ഏര്പ്പെടാന്.
പെട്ടെന്ന് വാങ്ങുന്ന സംവിധാനമുണ്ട്. ഇന്നത്തേക്ക് വാങ്ങുന്ന സംവിധാനമുണ്ട്, നാളത്തേക്ക് വാങ്ങുന്ന ഡേ എഹെഡ് മാര്ക്കറ്റ് ഉണ്ട്, ഇന്ന് തന്നെ വാങ്ങുന്ന റിയല് ടൈം മാര്ക്കറ്റ് ഉണ്ട്. എന്നാല് അതിലൊന്നും അവൈലബിലിറ്റി ഇല്ല. കാരണം ഇത് അഖിലേന്ത്യ തലത്തില് തന്നെ ഉല്പാദനം കുറയുകയും ഡിമാന്ഡ് കൂടുകയും ചെയ്യുമ്പോള് സപ്ലൈ കുറയും. ഡിമാന്ഡ് സപ്ലൈ തിയറി അനുസരിച്ച് ഡിമാന്ഡ് കൂടുകയും സപ്ലൈ കുറയുകയും ചെയ്യുമ്പോള് അതില് വില കൂടുതല് ഉണ്ടാകും.
സോളാര് എനര്ജി സൂക്ഷിക്കാന് ജില്ലകളില് പുതിയ പദ്ധതി:
നമുക്ക് വിലയക്ക് നിയന്ത്രണമുണ്ട്. ആ നിയന്ത്രണമുള്ള സമയത്ത് രാത്രികാലങ്ങളില് വൈദ്യുതി പത്തു രൂപയ്ക്ക് എടുക്കാന് കഴിയുള്ളൂ, പകല് ചെറിയ വക്ക് കിട്ടും. കാരണം പകല് സോളാര് ഉല്പാദിപ്പിക്കുന്നുണ്ട്. പക്ഷേ സോളാര് രാത്രികാലങ്ങളിലേക്ക് സൂക്ഷിച്ചു വച്ച് ഉപയോഗിക്കാനുള്ള സ്കീം ഇല്ല. ആ സ്കീം ആരംഭിക്കാന് വേണ്ടി പ്ലാന് ഇട്ടിട്ടുണ്ട്.
കാസര്ഗോഡ് മയലാട്ടിയിലും മുള്ളേരിയിലും കണ്ണൂര് ജില്ലയിലെ ശ്രീകണ്ഠപുരത്തും തിരുവനന്തപുരത്തെ പോത്തന്കോടും മലപ്പുറം ജില്ലയിലെ അരീക്കോടും ആ പദ്ധതികള് നടന്നുവരികയാണ്. വേഗത്തില് പൂര്ത്തീകരിക്കാനുള്ള നിര്ദേശങ്ങള് നല്കിയിട്ടുണ്ട്.
ബ്രഹ്മപുരത്ത് ബസ് പദ്ധതി:
എറണാകുളം ജില്ലയിലെ ബ്രഹ്മപുരത്ത് ബൃഹത്തായ ഒരു 500 മെഗവാട്ട് വൈദ്യുതി പകല് സമയത്ത് ഉല്പാദിപ്പിച്ച് രാത്രിയിലേക്ക് സൂക്ഷിച്ചു വയ്ക്കാന് സാധിക്കുന്ന ബസ് പദ്ധതി - ബാറ്ററി എനര്ജി സ്റ്റോറേജ് പ്രൊജക്റ്റ് ബ്രഹ്മപുരത്ത് തുടങ്ങുന്നതിനു വേണ്ടി സ്ഥലം ഒരുങ്ങി, പ്രവര്ത്തി എത്രയും വേഗം ആരംഭിക്കും. കൊച്ചിയിലെ പ്രധാനപ്പെട്ട ഒരു പദ്ധതി ആയതുകൊണ്ട് മുഖ്യമന്ത്രിയോട് അതിനുവേണ്ടി സമയം ചോദിച്ചിട്ടുണ്ട്. അതിന്റെ പ്രവര്ത്തനങ്ങളുമായിട്ട് മുന്നോട്ടു പോകും.
പുതിയ വൈദ്യുതി പദ്ധതി ഇല്ല:
നമ്മുടെ വൈദ്യുതി ആവശ്യത്തിന്റെ 25% മാത്രമേ കേരളം നമ്മള് സ്വന്തമായിട്ട് ഉല്പാദിപ്പിക്കുന്നുള്ളൂ ആന്ധ്രയില് അത് 86% ആണ്. ആന്ധ്രയില് 86% സ്വന്തമായിട്ട് ഉല്പാദിപ്പിക്കുമ്പോള് കേരളം 25% മാത്രമാണ് നമ്മള് സ്വന്തമായിട്ട് ഉല്പാദിപ്പിക്കുന്നത്. ഇന്ന് ഇടുക്കിയിലെ പദ്ധതിക്ക് ശേഷം നമുക്ക് ബൃഹത്തായ ഒരു പദ്ധതി ആരംഭിക്കുന്നതിനു വേണ്ടി സാധിച്ചിട്ടില്ല.
ജലവൈദ്യുതിയാണ് നമ്മള് പ്രധാനമായിട്ടും നമ്മള് ആശ്രയിക്കുന്ന മാര്ഗം. പുതിയ ജലവൈദ്യുതി പദ്ധതികള് തുടങ്ങുന്നതിനു വേണ്ടി സാധിക്കുന്നില്ല. ഞങ്ങള് വൈദ്യുതി ബോര്ഡ് ലിമിറ്റഡിന്റെ ചെയര്മാന് ശ്രീ രാജമാണിക്യം ഐഎഎസും ഞാനും കേന്ദ്രമന്ത്രിമാരെ കണ്ട് ഈ കാര്യങ്ങള് സംസാരിച്ചപ്പോള് അവര് ഇങ്ങോട്ട് ചോദിച്ചു നിങ്ങള്ക്ക് ആണവ വൈദ്യുതി ഉപയോഗിച്ചുകൂടെ എന്ന് ചോദിച്ചു.
മറ്റു സംസ്ഥാനങ്ങള് നമ്മുടെ കൂടംകുളം ഉള്പ്പെടെ ആണവനിലയം പദ്ധതികള് ഉണ്ട്. അവിടെ നിന്ന് നമ്മള് വൈദ്യുതി വാങ്ങുന്നുണ്ട്, പക്ഷേ കേരളം അതിനെ എതിര്ക്കുകയാണ്. പുതിയ ജലവൈദ്യുതി പദ്ധതികള് വരുന്നില്ല ആണവനിലയം നമുക്ക് അനുവദനീയമല്ല. അങ്ങനെയുള്ള പ്രതിസന്ധിയുണ്ട്. അവിടെയാണ് നമുക്ക് ഹ്രസ്വകാല, ദീര്ഘകാല കരാറുകള് ആശ്രയിക്കേണ്ടത്.
465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്ന പദ്ധതിക്കായി നിയമപോരാട്ടം:
ആര്യാടന് മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്, 25 വര്ഷക്കാലത്തേക്ക് 4.29 രൂപ നിരക്കില് 465 മെഗവാട്ട് വൈദ്യുതി കിട്ടുന്നതിനുള്ള ഒരു കരാറില് ഏര്പ്പെട്ടത്. ആ കരാര് അനുസരിച്ച് ഏതാണ്ട് ഏഴെട്ട് വര്ഷക്കാലം വൈദ്യുതി നമുക്ക് ലഭിച്ചു.
ഏറ്റവും കൂടിയ ഉപയോഗം വരുമ്പോള് നമുക്ക് ആവശ്യം വരുന്നത് 700, 800, 900 മെഗവാട്ട് ആണ്. അതിന്റെ പകുതി വൈദ്യുതി 465 മെഗവാട്ട് ലഭിക്കുന്ന ഒരു കരാറില് നമ്മള് ഏര്പ്പെട്ട്, ഉപയോഗം തുടരുന്ന സമയത്താണ് ആ കരാര് കഴിഞ്ഞ സര്ക്കാര് കാലത്ത് അത് റദ്ദാക്കപ്പെട്ടത്.
അത് പുനസ്ഥാപിക്കുന്നതിനു വേണ്ടി കേസ് നടത്തിക്കൊണ്ടിരിക്കുകയാണ് സുപ്രീം കോടതിയില്. കരാറില് നിന്ന് കേരളം ഔദ്യോഗികമായി പിന്വാങ്ങിയപ്പോള് വൈദ്യുതി വിതരണ കമ്പനിക്കാര് 4.29 രൂപയ്ക്ക് നമുക്ക് നല്കുന്നതിനു പകരം കൂടിയ വിലയക്ക് മറ്റു സംസ്ഥാനങ്ങള്ക്കും മറ്റു ഏജന്സികള്ക്കും കൊടുത്തു തുടങ്ങി.
അവര് അതുകൊണ്ട് പിന്നോട്ടു പോകാന് വേണ്ടി നോക്കുകയാണ് അവര്ക്കെതിരെ തന്നെ നമ്മള് സുപ്രീം കോടതിയില് കേസ് ഫൈല് ചെയ്തിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിനെയും അഡീഷണല് അഡ്വക്കേറ്റ് ജനറലിനെയും ഡല്ഹയില് ഈ കേസ് കൈകാര്യം ചെയ്യുന്ന കേരള വൈദ്യുതി ബോര്ഡിന്റെ വക്കീലിനെയും വിളിച്ച് സംസാരിച്ച് വേഗത്തില് ആ കേസ് എടുക്കുന്നതിനു വേണ്ടി കബില് സിബിലിനെ തന്നെയാണ് കേരളത്തിന്റെ കേസ് ഏല്പ്പിച്ചിട്ടുള്ളത് വേഗത്തില് ആക്കുന്നതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതിസന്ധി സ്വിച്ചിട്ട് പരിഹരിക്കാനാവില്ല:
ഈ പ്രതിസന്ധി സ്വിച്ചിട്ട് നിര്ത്താന് കഴിയുന്ന കാര്യമല്ല. അത്ഭുതങ്ങള് പ്രവര്ത്തിച്ചു നിര്ത്താനും കഴിയുന്ന കാര്യമല്ല. ജനങ്ങളുടെ സഹകരണം അഭ്യര്ഥിക്കുകയാണ്. ജനങ്ങളുടെ രാത്രികാലത്തെ പ്രയാസം കുട്ടികള്ക്കും രോഗികള്ക്കും എല്ലാം ഉണ്ടാകുന്ന പ്രയാസം പൂര്ണമായിട്ടും മനസിലാക്കുന്നു. ഞാന് സാധാരണക്കാരനായി ജീവിക്കുന്ന പൊതുപ്രവര്ത്തകന് തന്നെയാണ്. അതിന്റെ പ്രയാസങ്ങള് അറിയാം. നിരവധി ഫോണ് കോളുകള് വരുന്നുണ്ട്. വാട്സാപ്പ് മെസേജുകളും നിര്ദേശങ്ങളും വരുന്നുണ്ട്.
സ്വീകരിക്കാന് പറ്റുന്നതെല്ലാം സ്വീകരിച്ച് ഏറ്റവും അടിയന്തര നടപടികള് ഏറ്റവും വേഗത്തില് നടപ്പിലാക്കുന്നതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത്ഭുതങ്ങള് പ്രവര്ത്തിക്കാന് ഈ മേഖലയില് സാധ്യമല്ല വൈദ്യുതി എവിടെ നിന്ന് കി്ടുെങ്കിലും വാങ്ങാന് നമ്മള് തയാറാണ്. നിശ്ചിത വിലയ്ക്ക് നമുക്ക് അനുവദനീയമായ വിലയ്ക്ക് എവിടെ നിന്ന് വൈദ്യുതി കിട്ടുമെങ്കിലും വാങ്ങാന് വേണ്ടി തയാറാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് സമയം ഏകീകരിക്കാൻ തീരുമാനം. ഒരാഴ്ച ഒരേസമയം പവർകട്ട് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പവർകട്ടിന് ഒന്നരമണിക്കൂർ മുമ്പ് ഉപഭോക്താക്കളെ നേരത്തെ അറിയിക്കുന്ന സംവിധാനം ഇന്നുമുതൽ പ്രാബല്യത്തിൽ ആക്കും.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ഈ സംവിധാനം കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയിരുന്നു. ബുധനാഴ്ച 700 മെഗാ വാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് നേരിട്ടതെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
വൈദ്യുതി നിയന്ത്രണങ്ങൾ ഇനി മുൻകൂട്ടി അറിയാം; എസ്എംഎസ് സന്ദേശം എത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കും. ഇതിനായി കെഎസ്ഇബിയുടെ ഔദ്യോഗിക ആപ്പായ 'വിത് യു'വിലൂടെയും മൊബൈൽ ഫോണിൽ എസ്എംഎസ് ആയും വിവരങ്ങൾ ലഭ്യമാക്കും.
വെള്ളിയാഴ്ച ഉച്ചയോടെ ഈ പുതിയ സംവിധാനം സംസ്ഥാനമാകെ പൂർണമായി നിലവിൽ വരും. തിരുവനന്തപുരം ജില്ലയിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ പൂർണ വിജയം കണ്ട പശ്ചാത്തലത്തിലാണ് ഈ സൗകര്യം കേരളമാകെ വ്യാപിപ്പിക്കുന്നത്.
വൈദ്യുതി മുടങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് വരെ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത. പുതിയ ആപ്പിനെ ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.
ഈ ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റത്തിൽ നിന്നുള്ള സന്ദേശങ്ങളാണ് നേരിട്ട് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് എത്തുക.
Kerala
കൊച്ചി: പവര് കട്ടിനിടെ തൃപ്പൂണിത്തുറ എരൂര് കെഎസ്ഇബി ഓഫീസില് മദ്യപിച്ചെത്തിയ സംഘത്തിന്റെ പരാക്രമം. ഇന്നലെ രാത്രി 11.30 ഓടെ എരൂരിലെ കെഎസ്ഇബി ഓഫീസിലെത്തിയ നാട്ടുകാരുടെ സംഘം, അസഭ്യവര്ഷം നടത്തുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യാന് ശ്രമിക്കുകയുമായിരുന്നു.
എരൂരില് മൂന്നു തവണയാണ് ഇന്നലെ 25 മിനിറ്റ് വീതം പവര്കട്ട് ഉണ്ടായത്. രണ്ടാമത്തെ പവര്കട്ടിനിടെ ആയിരുന്നു ആറോളം പേര് മദ്യപിച്ചെത്തി ബഹളം വച്ചത്. പൊലിസ് എത്തിയതിന് പിന്നാലെയാണ് നാട്ടുകാര് പിരിഞ്ഞു പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് അടക്കം ഉള്പ്പെടുത്തി കെഎസ്ഇബി ജീവനക്കാര് പൊലിസില് പരാതി നല്കി.
Kerala
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ നിരവധി നടപടി സ്വീകരിച്ചുവരികയാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 ജൂലൈയില് 4800-4900 മെഗാവാട്ട് ആയിരുന്ന പ്രതിദിന ഉപഭോഗം 86-88 ദശലക്ഷം യൂണിറ്റായി ഉയര്ന്നിരുന്നു.
ചുരുക്കം ചില ദിവസങ്ങളില് മാത്രമാണ് മഴ പെയ്തത്. ഡാമുകളില് കൃത്യമായ നീരൊഴുക്ക് ഉണ്ടായില്ല. പല ഡാമുകളിലും സംഭരണശേഷിയുടെ പകുതി മാത്രമേ വെളളമുള്ളൂ. ഈ സമീപകാലത്തെ വലിയ പ്രതിസന്ധിയായിരുന്നു മഴയുടെ അഭാവം. ആഭ്യന്തര വൈദ്യുതി ഉത്പാദനം ഗണ്യമായി കുറഞ്ഞു. പിന്നെ പീക്ക് സമയത്തെ വൈദ്യുതിയുടെ ആവശ്യകത കഴിഞ്ഞ സെപ്റ്റംബറിലേക്കാള് അപേക്ഷിച്ച് 800-900 മെഗാവാട്ട് വരെ ഉയര്ന്നു.
ഉമ്മന് ചാണ്ടി സര്ക്കാരിന്റെ കാലത്ത് നാലു രൂപ 29 പൈസയ്ക്ക് 465 മെഗാവാട്ട് ദീര്ഘകാല കരാറുണ്ടായിരുന്നു. എൽഡിഎഫ് സര്ക്കാര് അതു റദ്ദാക്കി. അതിന്റെ കാരണം പോലും വ്യക്തമാക്കിയിട്ടില്ല. എട്ടു രൂപ മുതല് പതിനാലു രൂപ വരെ വൈദ്യുതി വാങ്ങി. ഉമ്മന് ചാണ്ടി സര്ക്കാരിന്റെ കാലത്തെ കരാര് നിലന്നിരുന്നെങ്കില് പ്രതിസന്ധി വരില്ലായിരുന്നു. ഇപ്പോഴത്തെ പ്രശ്നം പത്തു രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. പലയിടത്തും പ്രതിസന്ധിയാണ്, വൈദ്യുതി കിട്ടാനില്ല.
ഉത്തരേന്ത്യയില് കല്ക്കരിയുടെ ലഭ്യതക്കുറവ് മൂലം വൈദ്യുതി ഉത്പാദനം കുറഞ്ഞു. പീക്ക് ടൈമില് വൈദ്യുതി കിട്ടാനില്ലാത്ത സ്ഥിതിയാണ്. സര്ക്കാര് ജനങ്ങളുടെ മേല് അധികനിരക്ക് അടിച്ചേല്പ്പിക്കാതെ വൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ്. ഉപഭോഗം കൂടി. കൂടുതല് വൈദ്യുതി ലഭ്യമാക്കി സെപ്റ്റംബര് പതിനഞ്ചോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാണ്ടാക്കാന് കഴിയുമെന്നാണ് സര്ക്കാര് കരുതുന്നത്. വൈദ്യുതി മുടക്കത്തിന്റെ കൃത്യമായ സമയം അറിയിക്കാൻ കെഎസ്ഇബിക്ക് നിര്ദേശം നല്കും.
Kerala
തിരുവനന്തപുരം: പവര്കട്ടിനെതിരെ എകെജി സെന്ററില് മെഴുകുതിരി കത്തിച്ച് പ്രതിഷേധം. സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈദ്യുതി മന്ത്രി വിഡ്ഢിത്തം പറയുകയാണെന്നും വൈദ്യുതി ചാര്ജ് വര്ധിപ്പിക്കാനാണ് നീക്കമെന്നും ജയരാജന് പറഞ്ഞു.
കഴിഞ്ഞ 10 വര്ഷം എവിടെയെങ്കിലും ആക്ഷേപം ഉണ്ടായിരുന്നോ എന്നും ഇ.പി ചോദിച്ചു. ഭരിക്കാന് അറിയില്ലെങ്കില് പഠിച്ചിട്ട് ഭരിക്കണമെന്നും മുഖ്യമന്ത്രിക്ക് പരിചയക്കുറവ് ഉണ്ടെങ്കില് പരിശീലനം നേടണമെന്നും അദ്ദേഹം പറഞ്ഞു. അരണ്ട സര്ക്കാര് കേരളത്തിന് ബാധ്യതയായിരിക്കുന്നുവെന്നും ജയരാജന് കൂട്ടിച്ചേര്ത്തു.
സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം മുന് എല്ഡിഎഫ് സര്ക്കാരാണെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ദീര്ഘകാലാടിസ്ഥാനത്തില് വൈദ്യുതി കരാറുകള് ഉണ്ടാക്കുന്നതില് മുന് സര്ക്കാര് വീഴ്ച വരുത്തിയതാണ് സ്ഥിതി വഷളാക്കിയതെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: കടുത്ത വേനൽചൂടും അപ്രഖ്യാപിത പവർക്കട്ടുമെല്ലാം ജനങ്ങൾക്ക് രൂക്ഷ പ്രതിസന്ധി സൃഷ്ടിച്ചതിനിടെ അടുത്ത ദിവസങ്ങളിൽ പെയ്തിറങ്ങിയ വേനൽമഴ വൈദ്യുതി ബോർഡിനും പൊതുജനങ്ങൾക്കും ഒരേ പോലെ ആശ്വസമായി.
സംസ്ഥാനത്ത് കൊടുംചൂടിൽ പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിലെത്തിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 18ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 117.15 ലശലക്ഷം യൂണിറ്റായിരുന്നു.
എന്നാൽ, വേനൽമഴ പല മേഖലകളിലും പെയ്തിറങ്ങിയതിനു പിന്നാലെ മേയ് മാസത്തിൽ വൈദ്യുതി ഉപയോഗത്തിൽ വലിയ കുറവുണ്ടായി. അടുത്ത ദിവസങ്ങളിൽ ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിച്ചത് കഴിഞ്ഞ ഞായറാഴ്ച്ചയാണ് 89.94 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഞായറാഴ്ച്ച ഉപയോഗിക്കേണ്ടി വന്നത്.
ഏപ്രിൽ 18 ലെ വൈദ്യുതി ഉപയോഗവുമായി താരതമ്യം ചെയ്യുന്പോൾ 27.21 ദശലക്ഷം വൈദ്യുതിയുടെ കുറവ് ഉപയോഗമാണ് മേയ് 10ന് ഉണ്ടായിരിക്കുന്നത്. മേയ് മൂന്നിന് 98.89 ദശലക്ഷം യൂണിറ്റും ഏഴിന് 99 ദശലക്ഷവും മേയ് എട്ടിന് 97 ദശലക്ഷവുമായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം.
ഏപ്രിലിൽ വൻ തോതിലുള്ള വൈദ്യുതി ഉപയോഗത്തിനു പിന്നാലെ സംസ്ഥാനത്ത് അരമണിക്കൂർ വരെ അപ്രഖ്യാപിത വൈദ്യുതി മുടക്കവും അനുഭവപ്പെട്ടു. എന്നാൽ അപ്രഖ്യാപിത പവർകട്ട് എന്നു സമ്മതിക്കാൻ ആദ്യം വൈദ്യുതി വകുപ്പ് തയാറായില്ല. തുടർച്ചയായുള്ള ദിവസങ്ങളിൽ ഇതേപോലെ തന്നെ വൈദ്യുതി പ്രതിസന്ധി ഉണ്ടായതോടെയാണ് അപ്രഖ്യാപിത പവർക്കട്ട് എന്നു സമ്മതിക്കാൻ വൈദ്യുതി വകുപ്പ് തയാറായത്.
ഏപ്രിൽ മാസം കൂടുതൽ ദിവസവും സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു മുകളിലായിരുന്നു. എന്നാൽ വേനൽ മഴയ്ക്ക് പിന്നാലെ മേയ് മാസത്തോടെ വൈദ്യുതി ഉപയോഗത്തിൽ വലിയ കുറവുണ്ടായി.
കടുത്ത വേനലിനൊപ്പം പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതകത്തിനുണ്ടായ ദൗർലഭ്യവും വൈദ്യുതി ഉപയോഗം വർധിക്കാൻ കാരണമായി. ഇൻഡക്ഷൻ കുക്കർ ഉൾപ്പെടെയുള്ളവയുടെ ഉപയോഗം വലിയ തോതിൽ വർധിച്ചിരുന്നു.