Kerala
കൊച്ചി: വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഭൗതികമായ തടസങ്ങള്‍ ഒരുക്കുക, ജനങ്ങളുടെ പെരുമാറ്റരീതികളില്‍ മാറ്റം വരുത്തുക, വനമേഖലയിലെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുക എന്നിങ്ങനെ മൂന്നു പ്രധാന കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇതിനൊപ്പം ആദിവാസി ക്ഷേമത്തിനും ഉപജീവനത്തിനും മുന്‍ഗണന നല്‍കുന്നുണ്ട്. ആറളത്തെയും വയനാട്ടിലെയും വന്യജീവി ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന് നേരത്തേ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വന്യജീവി ആക്രമണങ്ങളെ 2024 മാര്‍ച്ചില്‍ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചതോടെ ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സാധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാനം, ജില്ല, പ്രാദേശികതലങ്ങളില്‍ ഏകോപന സമിതികള്‍ രൂപീകരിക്കുകയും ദുരന്തനിവാരണ നിധിയില്‍നിന്നുള്ള സഹായം പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. റാപ്പിഡ് റസ്പോണ്‍സ് ടീമുകള്‍ക്ക് പ്രത്യേക കണ്ട്രോള് റൂമുകളും ടൂള്‍ റൂമുകളും സജ്ജമാക്കി.
സൗരോര്‍ജ വേലികള്‍ ഉള്‍പ്പെടെയുള്ളവയുടെ സംരക്ഷണത്തിന് നൂതന സാങ്കേതികവിദ്യയും റിമോട്ട് മോണിറ്ററിംഗ് സംവിധാനവും ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.
ആറളത്തെ പുനരധിവാസ മേഖലയില്‍ കുടിവെള്ള വിതരണത്തിനായി 45 ലക്ഷം രൂപ അനുവദിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: യുഡിഎഫ് ഹെൽത്ത് കമ്മീഷൻ റിപ്പോർട്ടിനെ സംബന്ധിച്ച് ആരോഗ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ കമ്മീഷൻ ചെയർമാൻ ഡോ. എസ്.എസ്. ലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
റിപ്പോർട്ട് സമഗ്രമായി പഠിക്കാതെയും അതിന്റെ ഉള്ളടക്കം വ്യക്തമായി മനസിലാക്കാതെയും നടത്തിയ പരാമർശങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യമന്ത്രിയുമായി ഒരു പരസ്യ സംവാദത്തിന് തയാറാണെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.
Kerala
കൊച്ചി: വ്യാജവാർത്ത നൽകിയെന്ന് ആരോപിച്ച് റിപ്പോർട്ടർ ടിവിക്കെതിരെ കിറ്റെക്സ് എംഡി സാബു എം. ജേക്കബ് നോട്ടീസ് അയച്ചു. 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തന്നെ മനപൂർവം ഉപദ്രവിക്കാൻ ശ്രമിക്കുകയാണ്.
ന്യൂസ് ചാനൽ കൈയിലുണ്ടെന്ന് കരുതി ആരെയും കരി വാരിത്തേക്കാമെന്ന് കരുതരുതെന്നും സാബു എം. ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓർഗാനിക് അല്ലാത്ത ഉത്പന്നങ്ങൾ അമേരിക്കയിലേയ്ക്ക് കിറ്റക്സ് കയറ്റി അയച്ചു എന്നാണ് റിപ്പോർട്ടർ ടിവി പറയുന്നത്.
ശുദ്ധകളവ് എങ്ങനെ പറയാൻ സാധിക്കുന്നു. ഒരു വസ്തുതകളും പഠിക്കാതെ ചാനലിൽ ഇരുന്ന് എന്തോവിളിച്ചു പറയുകയാണ്. റിപ്പോർട്ടർ ടിവി വ്യാജ വാർത്ത സൃഷ്ടിക്കുകയാണ്. ഉടമയായ ആന്റോ അഗസ്റ്റിനെ അറിയുന്നത് തന്നെ മാംഗോ ഫോൺ തട്ടിപ്പിലൂടെയാണ്.
പിന്നീട് പേര് കേട്ടത് മരം മുറിക്കേസിലൂടെയാണ്. മാസങ്ങളോളം ജയിലിൽക്കിടന്ന് പുറത്തിറങ്ങി ഒരു ന്യൂസ് ചാനൽ ഏറ്റെടുക്കുകയായിരുന്നു. ലൈസൻസ് ഇല്ലാതെയാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നത്. ബ്രോഡ്കാസ്റ്റിംഗ് സർട്ടിഫിക്കറ്റ് റിപ്പോർട്ടർ പുറത്ത് വിടണം. ആന്റോ എങ്ങനെ എംഡിയായെന്നും സാബു എം. ജേക്കബ് ചോദിച്ചു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ ഇടക്കാല അന്വേഷണ റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് കൈമാറിയത്. വിഎസ്എസ്സിയിൽ നിന്നുമുള്ള ശാസ്ത്രീയ പരിശോധനാ ഫലം ഉൾപ്പെടുന്നതാണ് റിപ്പോർട്ട്.
കൂടാതെ തന്ത്രി കണ്ഠര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടർ നടപടികളും എസ്ഐടി ഹൈക്കോടതിയെ അറിയിക്കും. പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാർത്ഥ പാളികളാണോയെന്ന ചോദ്യത്തിനുള്ള ഉത്തരവും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പങ്ങളിലെയും സ്വർണത്തിന്റെ അളവിൽ കുറവുണ്ടായെന്നാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തൽ. അതേസമയം സ്വര്‍ണക്കൊള്ള കേസിലെ എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അഖില കേരള തന്ത്രി പ്രചാരക് സഭ ഹൈക്കോടതിയിൽ ഹര്‍ജി നൽകി.
തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയും കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. തന്ത്രിക്ക് സ്വർണ കവർച്ചയിൽ പങ്കില്ലെന്നും റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങൾ വിചിത്രമാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
Kerala
ചങ്ങനാശേരി: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും ബന്ധപ്പെട്ട ക്രൈസ്തവസഭാ വിഭാഗങ്ങളുമായി കൂടിയാലോചന നടത്തിയശേഷമേ അതിലെ ശിപാര്‍ശകള്‍ നടപ്പിലാക്കാവൂ എന്നും ചങ്ങനാശേരി അതിരൂപത സമുദായശക്തീകരണ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കുറുമ്പനാടം ഫൊറോന പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചങ്ങനാശേരി അതിരൂപതാ സമുദായ ശക്തീകരണവര്ഷ ഉദ്ഘാടന സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പിനും സുസ്ഥിതിക്കും വളര്‍ച്ചയ്ക്കുംവേണ്ടി സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുസമൂഹത്തിന്റെയും സത്വരശ്രദ്ധയിലേക്ക് എന്ന മുഖവുരയിലുള്ള പ്രമേയം അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയിലാണ് അവതരിപ്പിച്ചത്. ഈ വിഷയങ്ങളില്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ക്കനുസരിച്ച് സമുദായം ഉചിതമായ സമയത്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും അറിയിച്ചു.
പ്രമേയത്തിലെ മറ്റു പ്രധാന ആവശ്യങ്ങൾ
അടുത്ത നിയമസഭാ ഇലക്ഷന് വിജ്ഞാപനത്തിനു മുമ്പ് നിലവിലുള്ള ജെ.ബി. കോശി കമ്മീഷൻ റിപ്പോര്‍ട്ട് പൂര്‍ണമായും പ്രസിദ്ധീകരിക്കണം. നിലവിലുള്ള സര്‍ക്കാര്‍ ഇപ്രകാരം ചെയ്യാത്തപക്ഷം തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഈ വിഷയത്തിലെ നിലപാട് എന്തായിരിക്കുമെന്ന് മറ്റ് മുന്നണികള്‍ പരസ്യപ്രസ്താവന നടത്തണം.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിലുള്ള കുട്ടനാടിനെ സംബന്ധിച്ച ശിപാര്‍ശകള്‍ പരിഗണിച്ച് അടുത്ത സംസ്ഥാന ബജറ്റില്‍ കുട്ടനാടിനുവേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കണം.
കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ എണ്ണത്തില്‍ കുറവുള്ള ക്രൈസ്തവ വിഭാഗത്തെ മൈക്രോ മൈനോറിറ്റിയായി പരിഗണിച്ച് ഈ വിഭാഗത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കണം.
അടുത്ത സംസ്ഥാന മന്ത്രിസഭയില്‍ മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുക്കണം.
ന്യൂനപക്ഷ കമ്മീഷന് അധ്യക്ഷസ്ഥാനം എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നല്‍കണം.
ന്യൂനപക്ഷ ക്ഷേവകുപ്പില്നിന്നുള്ള ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി ക്രൈസ്തവര്‍ക്ക് ലഭ്യമാക്കണം. 80:20 വിഷയത്തിലെ കേരളാ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരിക്കുന്ന അപ്പീല്‍ പിന്‍വലിക്കണം. ഇക്കാര്യത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് അവരുടെ നിലപാട് വ്യക്തമാക്കണം.
ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങള്‍ അഭംഗുരം സംരക്ഷിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ഉറപ്പാക്കണം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലും അധ്യാപക നിയമനത്തിലും അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതും ന്യൂനപക്ഷാവകാശ സംരക്ഷണത്തിന് മാനേജ്മെന്റുകള്‍ നിരന്തരം കോടതികള്‍ കയറേണ്ട സാഹചര്യം ഉണ്ടാകുന്നതും നിര്‍ഭാഗ്യകരമാണെന്ന് യോഗം വിലയിരുത്തി
ഇഡബ്ല്യുഎസ് മാനദണ്ഡങ്ങള്‍ കേരളസര്‍ക്കാര്‍ ഉടന്‍തന്നെ കാലോചിതമായി പുനര്‍നിശ്ചയിക്കണം. ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അനാവശ്യകാലതാമസവും തടസവും ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം.
മതസ്വാതന്ത്ര്യത്തിനു നേരേയുള്ള അക്രമങ്ങളും കടന്നുകയറ്റങ്ങളും യോഗം ഗൗരവ മായി കാണുകയും അപലപിക്കുകയുംചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും ഭയം കൂടാതെ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്നതിനും അതിൽ ജീവിക്കുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ക്രൈസ്തവസമൂഹത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന എല്ലാത്തരം ഭീകരവാദങ്ങളെയും വര്‍ഗീയതയെയും യോഗം ശക്തിമായി അപലപിച്ചു. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ- ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം.
Kerala
കൊച്ചി: പെറ്റ് ഷോയ്ക്ക് സ്കൂളിൽ ആനയെ കൊണ്ടുവന്ന സംഭവത്തിൽ റിപ്പോർട്ട് തേടി വനംവകുപ്പ്. സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് സ്കൂളിൽ നിന്നും റിപ്പോർട്ട് തേടിയത്.
ബുധനാഴ്ച കലൂർ ഗ്രീറ്റസ് പബ്ലിക് സ്കൂളിലാണ് സംഭവം. പെറ്റ് ഷോയുടെ ഭാഗമായാണ് കുട്ടികൾ വീട്ടിലെ വളർത്തുമൃഗങ്ങളെ സ്കൂളിലെത്തിച്ചത്. പൂച്ചയേയും നായയേയും കുതിരയേയുമൊക്കെ കുട്ടികൾ കൊണ്ടുവന്നിരുന്നു.
അതിനിടെയാണ് ഒരു കുട്ടി ആനയുമായി സ്കൂളിലെത്തിയത്. ആനപ്പുറത്ത് ഇരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ ഫോറസ്ട്രി വിഭാഗം ഇടപെടുകയായിരുന്നു. ഇടപ്പള്ളി റേഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സ്കൂൾ അധികൃതരോട് വിശദീകരണം ചോദിച്ചത്.
അനുമതി വാങ്ങിയാണോ ആനയെ സ്കൂളിലെത്തിച്ചതെന്നും കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിന് അനുമതി വാങ്ങിയിരുന്നോ എന്നും ഉദ്യോഗസ്ഥർ ചോദിച്ചിട്ടുണ്ട്.
എന്നാൽ അനുമതി വാങ്ങിയാണ് ആനയെ സ്കൂളിലെത്തിച്ചതെന്നായിരുന്നു അധികൃതരുടെ മറുപടി. ആനപ്പുറത്ത് കയറിയത് ആനയുടെ ഉടമകളാണെന്നും അധികൃതർ മറുപടി നൽകി. സംഭവത്തിൽ സ്കൂളിനോട് വിശദീകരണം ആവശ്യപ്പെട്ടു.
Kerala
കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്പി എ.ഉമേഷിനെതിരെ നടപടിവരുന്നു. ഉമേഷിനെതിരായ റിപ്പോര്‍ട്ട് ഡിജിപി തിങ്കളാഴ്ച സര്‍ക്കാരിന് നൽകും. ഇതിനുശേഷമായിരിക്കും നടപടിയുണ്ടാവുക.
അതേസമയം ആരോപണ വിധേയനായ ഡിവൈഎസ്പി ഉമേഷ് ശനിയാഴ്ച മുതൽ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇസിജിയിൽ വ്യതിയാനം വന്നതിനെതുടര്‍ന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പോലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
Kerala
തിരുവനന്തപുരം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. കരിക്കകം സ്വദേശിനി ശിവപ്രിയ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശം നൽകി.
തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ശിവപ്രിയയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നൽകിയതായി വീണാ ജോര്‍ജ് അറിയിച്ചു.
അതേസമയം എസ്എടി ആശുപത്രി സൂപ്രണ്ടുമായുള്ള ചര്‍ച്ചയ്ക്കുശേഷവും പ്രതിഷേധം തുടരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബിജെപി നേതാവ് വി.മുരളീധരനൊപ്പമാണ് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തിയത്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരമായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാമെന്ന് സൂപ്രണ്ട് ചര്‍ച്ചയിൽ അറിയിച്ചു. അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ 22ന് എസ്എടി ആശുപത്രിയിലായിരുന്നു ശിവപ്രിയയുടെ പ്രസവം.
പിന്നീട് പനി ബാധിച്ച ശിവപ്രിയയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച രാവിലെ മരണം സംഭവിച്ചത്. ശിവപ്രിയയ്ക്ക് എല്ലാ ചികിത്സയും നല്‍കിയെന്നാണ് എസ്എടി ആശുപത്രിയുടെ വിശദീകരണം.