International
മോസ്കോ: ലോകരാജ്യങ്ങളെ ഞെട്ടിച്ച് റഷ്യയുടെ പുതിയ നയതന്ത്ര നീക്കം. അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ തുടരുന്ന താലിബാനുമായി ഔദ്യോഗിക സൈനിക സഹകരണ കരാറിൽ റഷ്യ ഒപ്പുവച്ചു. മോസ്കോയിൽ നടന്ന അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിലാണ് ഇരുവിഭാഗവും കരാർ ഒപ്പിട്ടത്.
ഇതോടെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ലോകത്തിലെ ഏക രാജ്യമായി റഷ്യ. താലിബാൻ സ്ഥാപകൻ മുല്ല മുഹമ്മദ് ഒമറിന്റെ മകനും നിലവിലെ പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് യാക്കൂബ് അടക്കമുള്ള ഉന്നത താലിബാൻ നേതാക്കളുടെ സാന്നിധ്യത്തിലാണ് കരാറിൽ ഏർപ്പെട്ടത്.
റഷ്യ പുതിയ കരാറിലൂടെ അഫ്ഗാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. കരാറിന്റെ വിശദാംശങ്ങൾ ഇരുപക്ഷവും പുറത്തുവിട്ടിട്ടില്ല. അതേസമയം യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ താലിബാൻ സൈന്യത്തെ അയയ്ക്കുമോ എന്നതാണ് നിലവിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
റഷ്യ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തിയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാകുകയാണെന്നും താലിബാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് വ്യക്തമാക്കി.
International
കാബൂൾ: യുഗങ്ങളായി പോരാളികളും കവികളും വ്യാപാരികളും ഒരുപോലെ സഞ്ചരിച്ച സിൽക്ക് റൂട്ടിന്റെ ഹൃദയഭൂമിയാണ് അഫ്ഗാനിസ്ഥാൻ. പേർഷ്യൻ കവിതയുടെ സൗരഭ്യവും ഗ്രീക്ക് സംസ്കൃതിയുടെ പ്രതാപവും മുഗൾ വാസ്തുവിദ്യയുടെ കൗതുകവും ഒന്നിച്ചുറങ്ങുന്ന മണ്ണ്. കാബൂളിന്റെ തെരുവുകളിൽ ഒരുകാലത്തു കവിതകൾ മുഴങ്ങിയിരുന്നു. സർവകലാശാലകളിൽ സ്ത്രീകൾ പുസ്തകങ്ങളുമായി നടന്നിരുന്നു. ബസാറുകളിൽ ജീവിതം തിളച്ചുമറിഞ്ഞിരുന്നു. ചരിത്രം എത്രമേൽ ക്രൂരമായി തിരിയുമെന്ന് ആരും അന്നു കരുതിയിരുന്നില്ല.
2021ൽ താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്തതോടെ ആ നാടിന്റെ ചരിത്രം രണ്ടായി പിളർന്നു.
അവകാശമില്ലാത്തവർ
സ്കൂളുകൾ അടച്ചു, സർക്കാർ സംവിധാനങ്ങൾ തകർന്നു, അന്താരാഷ്ട്ര സഹായങ്ങൾ നിലച്ചു, ഒരു രാജ്യം മുഴുവൻ ഭയത്തിന്റെ നിഴലിലേക്കു വലിഞ്ഞുചുരുങ്ങി. ആ അരക്ഷിതാവസ്ഥയിൽ ഏറ്റവും കൂടുതൽ ഞെരിഞ്ഞമർന്നത് അഫ്ഗാൻ സ്ത്രീകളാണ്. പഠിക്കാനും പ്രവർത്തിക്കാനും പുറത്തിറങ്ങാനും ശബ്ദിക്കാനും അവകാശമില്ലാത്തവരായി അവർ മാറി. നൂറ്റാണ്ടുകളുടെ സംസ്കാരം പേറുന്ന ആ മണ്ണിൽ, ഇന്ന് സ്ത്രീകൾ നിയമങ്ങളുടെ കൂട്ടിലടക്കപ്പെട്ട തടവുകാരാണ്. അവരുടെ ജീവിതം എന്തായി മാറിക്കൊണ്ടിരിക്കുന്നു എന്നത് ലോകം ഇനിയും പൂർണമായി തിരിച്ചറിഞ്ഞിട്ടില്ല.
താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം കർശന നിയന്ത്രണങ്ങളുടെയും അവകാശനിഷേധങ്ങളുടെയും ചുരുളിൽ പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖല. ആറാം ക്ലാസിനു മുകളിലേക്ക് പെൺകുട്ടികൾക്കു പഠിക്കാൻ വിലക്കേർപ്പെടുത്തിയതോടെ, ആയിരക്കണക്കിനു വിദ്യാർഥിനികളുടെ പഠനയാത്ര അപ്രതീക്ഷിതമായി അവസാനിച്ചു, അതോടൊപ്പം സർവകലാശാലകളുടെ വാതിലുകളും അവരുടെ മുന്നിൽ അടഞ്ഞു, ഉയർന്ന വിദ്യാഭ്യാസം എന്ന സ്വപ്നം അനിശ്ചിതത്വത്തിലേക്കു തള്ളപ്പെട്ടു. ഒരു കാലത്തു പുസ്തകങ്ങളുമായി വിദ്യാലയങ്ങളിലേക്കു പോയിരുന്ന പെൺകുട്ടികൾ ഇന്നു വീടുകളുടെ ചുറ്റളവിൽ ഒതുങ്ങുകയാണ്.
തൊഴിലിനും വിലക്ക്
വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ മേഖലയും സ്ത്രീകൾക്ക് നിയന്ത്രണം ഏർപെടുത്തിയിരിക്കുക യാണ്. ഡോക്ടർമാരും അധ്യാപകരും പൊതുഉദ്യോഗസ്ഥരുമായിരുന്ന നിരവധി സ്ത്രീകൾ ഒരൊറ്റ ഉത്തരവിലൂടെ ജോലിയിൽനിന്നു നീക്കം ചെയ്യപ്പെട്ടു. വർഷങ്ങളായുള്ള പരിശ്രമത്തിലൂടെ നേടിയ സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം ഒരു നിമിഷം കൊണ്ടവർക്കു നഷ്ടമായി.
പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യത്തിനും കർശന നിയന്ത്രണങ്ങളുണ്ട്. വീട്ടിൽനിന്നു പുറത്തേക്കു പോകാൻ ഒരു പുരുഷ രക്ഷകർത്താവിന്റെ സാന്നിധ്യം നിർബന്ധമാണ്. ഈ “മഹ്റം” വ്യവസ്ഥ സ്ത്രീയുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെ പൂർണമായും നിയന്ത്രിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. അച്ഛനോ ഭർത്താവോ സഹോദരനോ ഇല്ലാത്ത സ്ത്രീകൾക്കു സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണിപ്പോൾ നിലനിൽക്കുന്നത്.
ചിരിക്കുന്നതു ശ്രദ്ധിച്ചുവേണം
അതോടൊപ്പം, വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ മുഖംമൂടൽ നിർബന്ധമാക്കുകയും ശബ്ദം ഉയർത്തുന്നത് മുതൽ തുറന്നു ചിരിക്കുന്നതു വരെ നിയന്ത്രിക്കുകയും ചെയ്യുന്നു. ടെലിവിഷൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ സ്ത്രീകളുടെ മുഖം പ്രദർശിപ്പിക്കുന്നതും പാർക്കുകളിൽ നടക്കുന്നതും ജിംനേഷ്യങ്ങൾ ഉപയോഗിക്കുന്നതും സ്ത്രീകൾക്കു വിലക്കപ്പെട്ടിരിക്കുകയാണ്.
നീതിനിഷേധം
നീതിന്യായ സംവിധാനത്തിലും സ്ത്രീകൾക്കു ഗൗരവമായ പരിമിതികളാണ് നേരിടേണ്ടിവരുന്നത്. കോടതിയിൽ സ്ത്രീകളുടെ സാക്ഷ്യത്തിന് വിശ്വാസ്യത നിഷേധിക്കപ്പെട്ടിരിക്കിക്കുകയാണ്. കുടുംബഹിംസയോ പീഡനങ്ങളോ നേരിട്ടാലും, നിയമപരമായ സംരക്ഷണം ലഭ്യമാകുന്നത് വളരെ അപൂർവമാണെന്നു മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. വിവാഹബന്ധം അവസാനിപ്പിക്കുന്നതിൽ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അവകാശവും സ്ത്രീകൾക്ക് ഇല്ലാതായി.
അതേസമയം, അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചിരുന്ന സ്ത്രീകൾക്കും നിയന്ത്രണങ്ങൾ ബാധകമായി. ഐക്യരാഷ്ട്ര സഭയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന നിരവധി സ്ത്രീകൾ സേവനത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇതോടെ, രാജ്യത്തിനകത്തെ മനുഷ്യാവകാശ പ്രതിസന്ധിയെ നേരിടാനുള്ള അന്താരാഷ്ട്ര ഇടപെടലുകൾക്കും തിരിച്ചടി നേരിടുന്ന സാഹചര്യമാണ്.
ഒളിച്ചു പഠിക്കുന്നവർ
നിയന്ത്രണങ്ങൾ കടുത്തതോടെ അഫ്ഗാനിസ്ഥാനിലെ ചില സ്ത്രീകൾ വീടുകളിൽ രഹസ്യമായി പഠനം തുടരുന്നുണ്ട്. കണ്ടെത്തപ്പെട്ടാൽ ശിക്ഷ ഉറപ്പാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, അവർ ചെറിയ കൂട്ടങ്ങളായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. എന്നാൽ, ഭൂരിഭാഗം പേർക്കും അതു സാധ്യമായിരുന്നില്ല. 2021 മുതൽ ലക്ഷക്കണക്കിന് അഫ്ഗാൻ സ്ത്രീകൾ അയൽരാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും പലായനം ചെയ്തു.
തൊഴിലും വിദ്യാഭ്യാസവും നഷ്ടപ്പെട്ട്, ഭാവിയില്ലാത്ത ജീവിതത്തിൽ കുടുങ്ങിപ്പോയ നിരവധി സ്ത്രീകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായതായി ആരോഗ്യ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. UN ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം, താലിബാൻ ഭരണം തുടങ്ങിയതിനുശേഷം അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് ഗണ്യമായി വർധിച്ചു.
സ്ത്രീകളെ തൊഴിലിടങ്ങളിൽ നിന്ന് പുറത്താക്കിയതിന്റെ ആഘാതം വ്യക്തിജീവിതത്തിൽ മാത്രം ഒതുങ്ങിനിന്നില്ല, അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ മൊത്തത്തിൽ തകർത്തു. വർഷങ്ങളായി കുടുംബം പോറ്റിയിരുന്ന സ്ത്രീകൾ പെട്ടെന്നു വരുമാനം നഷ്ടപ്പെട്ടതോടെ നിരവധി കുടുംബങ്ങൾ പട്ടിണിയിലേക്കു നീങ്ങി. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം നഷ്ടപ്പെട്ടതുമൂലം അഫ്ഗാനിസ്ഥാന്റെ GDP യിൽ അഞ്ച് ശതമാനത്തോളം ഇടിവ് സംഭവിച്ചതായി വിലയിരുത്തപ്പെടുന്നു.
ആശുപത്രികളിൽനിന്നു വനിതാ ഡോക്ടർമാർ പോയതോടെ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. സ്കൂളുകളിൽനിന്ന് അധ്യാപകർ പോയതോടെ അടുത്ത തലമുറ അക്ഷരമറിയാത്തവരായി വളരുന്നു. വഴിയോരങ്ങളിൽ ഭിക്ഷ യാചിക്കുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി കൂടുന്നതായി കാബൂളിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബാലവിവാഹം പെരുകി
സാമ്പത്തിക തകർച്ച മറ്റൊരു പ്രതിസന്ധി കൂടി വഴിയൊരുക്കി ബാലവിവാഹം. വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾ അതിജീവനത്തിനായി പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്ന സാഹചര്യം വ്യാപകമായി. പതിമൂന്നും പതിനാലും വയസുള്ള പെൺകുട്ടികൾ പ്രായമേറിയ പുരുഷന്മാർക്ക് വിവാഹം ചെയ്തു കൊടുക്കപ്പെടുന്നു, ചിലപ്പോൾ വധുവിനു നൽകുന്ന വില കുടുംബത്തിന്റെ ഏക വരുമാനമാകുന്നു. യുനിസെഫിന്റെ കണക്കുകൾ പ്രകാരം, താലിബാൻ ഭരണം തുടങ്ങിയതിനുശേഷം അഫ്ഗാനിസ്ഥാനിൽ ബാലവിവാഹ നിരക്ക് ഗണ്യമായി ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടിക്കു വീട്ടിലിരിക്കുന്നതിനേക്കാൾ നല്ലത് വിവാഹമാണ് എന്ന ചിന്ത രക്ഷിതാക്കൾക്കിടയിൽ വേരോടുന്നു.
ഒന്നിനും മാറ്റമില്ല
അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥ കണ്ടു നടുങ്ങി നിൽക്കുകയാണ് ലോകം. പലേടത്തും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. യുഎൻ പ്രമേയങ്ങൾ പാസായി. മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. രാഷ്ട്രനേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. എന്നിരുന്നാലും കാബൂളിലെ തെരുവുകളിൽ ഒന്നും മാറിയില്ല. 2022ൽ അഫ്ഗാൻ സ്ത്രീകൾതന്നെ തെരുവിലിറങ്ങി പ്രതിഷേധിച്ചു, അവരെ താലിബാൻ തടവിലാക്കി, മർദിച്ചു, നിശബ്ദമാക്കി. നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായി ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ ശക്തമായ പ്രതികരണങ്ങൾ നടത്തി. എന്നിട്ടും താലിബാൻ ഭരണകൂടം ഒരു നിയമം പോലും പിൻവലിക്കാൻ തയാറായിട്ടില്ല.
1996 മുതൽ 2001 വരെ അഫ്ഗാനിസ്ഥാൻ ഒരിക്കൽ താലിബാൻ ഭരണം അനുഭവിച്ചിട്ടുണ്ട്. അന്നും സ്ത്രീകൾ സമാന നിയന്ത്രണങ്ങൾക്കു വിധേയരായിരുന്നു. എന്നാൽ, 2001ൽ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ ഇടപെട്ടതോടെ ആ ഭരണം അവസാനിച്ചു, പതുക്കെ സ്ത്രീകൾ വീണ്ടും സ്കൂളുകളിലേക്കും തൊഴിലിടങ്ങളിലേക്കും മടങ്ങി. ഇരുപതു വർഷംകൊണ്ട് അഫ്ഗാൻ സ്ത്രീകൾ ഏറെ മുന്നോട്ടു പോയി.
പാർലമെന്റിൽ വനിതാ പ്രതിനിധികളുണ്ടായി, സർവകലാശാലകളിൽ പെൺകുട്ടികൾ നിറഞ്ഞു, മാധ്യമരംഗത്തും നിയമമേഖലയിലും വൈദ്യശാസ്ത്രരംഗത്തും സ്ത്രീകൾ സജീവമായി. ആ ഇരുപതു വർഷത്തെ പുരോഗതി 2021ൽ സ്വിച്ച് ഇട്ടതുപോലെ നിന്നു എന്നതാണ് ചരിത്രം. താലിബാനെതിരായ പോരാട്ടം അവസാനിപ്പിച്ച് യുഎസ് സേന പിൻമാറിയതോടെ സ്ത്രീകളുടെ ജീവിതം വീണ്ടും നരകത്തിലേക്കു നടന്നു. അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചതിനെ വിസ്മയം എന്നു വിശേഷിപ്പിച്ചവർ ഈ സ്ത്രീകളുടെ നരകയാതനകൾ കണ്ടില്ലെന്നു നടിക്കുന്നു.
International
ഇസ്ലാമാബാദ്: രണ്ടാഴ്ച മുന്പ് ആരംഭിച്ച സൈനികനടപടിയിലൂടെ 641 അഫ്ഗാൻ താലിബാൻകാരെ വധിച്ചെന്ന് പാക്കിസ്ഥാൻ. 855 പേർക്കു പരിക്കേറ്റു. ഓപ്പറേഷൻ ഘസബ് ലിൽ-ഹഖ് എന്നാണ് സൈനികനടപടിയുടെ പേര്.
അഫ്ഗാന്റെ 53 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് പാക്കിസ്ഥാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അത്താവുള്ള തരാർ പറഞ്ഞു. 243 അഫ്ഗാൻ ചെക് പോസ്റ്റുകൾ തകർത്തു.
42 എണ്ണം പിടിച്ചെടുത്തു. 219 ടാങ്കുകളും കവചിത വാഹനങ്ങളും പീരങ്കികളും നശിപ്പിച്ചു-തരാർ കൂട്ടിച്ചേർത്തു. 2025 ഒക്ടോബർ മുതൽ പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ബന്ധം വഷളായിരിക്കുകയാണ്.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം അയവില്ലാതെ തുടരുന്നു. തിങ്കളാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി 67 താലിബാൻകാരെ പാക് സേന വധിച്ചു. തെക്കുപടിഞ്ഞാറൻ അതിർത്തിയിലെ 16 പ്രദേശങ്ങളിൽ താലിബാൻ ആക്രമണത്തെ പാക്കിസ്ഥാൻ പ്രതിരോധിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാക്-അഫ്ഗാൻ സംഘർഷം ആരംഭിച്ചത്.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം തുറന്ന യുദ്ധമായി മാറി. കാബൂൾ, കാണ്ഡഹാർ, പക്തിയ, ഖോസ്ത്, ലാഘ്മൻ എന്നിവിടങ്ങളിലെ സുപ്രധാന സൈനിക താവളങ്ങളിൽ പാക് സേന നടത്തിയ വ്യോമാക്രമണത്തിൽ 274 താലിബാൻ പോരാളികൾ കൊല്ലപ്പെട്ടു.
നാനൂറിലേറെ പേർക്കു പരിക്കേറ്റു അഫ്ഗാൻ താലിബാന്റെ 73 പോസ്റ്റുകൾ തകർത്തുവെന്നും 18 പോസ്റ്റുകൾ പിടിച്ചെടുത്തുവെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടു. തങ്ങളുടെ 12 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ സ്ഥിരീകരിച്ചു. താലിബാനെതിരേ പാക് സൈന്യം കരയാക്രമണവും നടത്തിയതായി റിപ്പോർട്ടുണ്ട്.
തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അഫ്ഗാനുമായി തുറന്ന യുദ്ധത്തിലാണെന്നും പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ അസിഫ് പറഞ്ഞു. ""അഫ്ഗാനിസ്ഥാനെ ഇന്ത്യയുടെ കോളനിയാക്കി താലിബാൻ മാറ്റി. ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നും ഭീകരരെ അഫ്ഗാനിസ്ഥാനിലെത്തിച്ച് ഭീകരത കയറ്റുമതി ചെയ്യുകയാണ്''- ഖവാജ അസിഫ് കൂട്ടിച്ചേർത്തു. ഏത് ആക്രമണവും നേരിടാൻ പാക്കിസ്ഥാൻ പൂർണ സജ്ജമാണെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പറഞ്ഞു. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനം ഷരീഫ് സന്ദർശിച്ചു.
അഫ്ഗാനിസ്ഥാനാണ് ആദ്യം ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. വ്യാഴാഴ്ച അർധരാത്രിക്കുശേഷമാണ് പാക്കിസ്ഥാൻ പ്രത്യാക്രമണം ആരംഭിച്ചത്. അഫ്ഗാനിലെ 22 കേന്ദ്രങ്ങളിലായിരുന്നു പാക് വ്യോമാക്രമണം. താലിബാൻ കോർ ആസ്ഥാനം, ബ്രിഗേഡ് ആസ്ഥാനം, ബറ്റാലിയൻ ആസ്ഥാനം, ആയുധ ഡിപ്പോ എന്നിവ ആക്രമണത്തിൽ തകർന്നു.
തിരിച്ചടിയിൽ പാക്കിസ്ഥാന്റെ 55 സൈനികർ കൊല്ലപ്പെട്ടുവെന്നും പാക്കിസ്ഥാനിലെ സുപ്ര ധാന സൈനിക താവളങ്ങൾ ആക്രമിച്ചെന്നും അഫ്ഗാൻ വക്താവ് സബിഹുള്ള മുജാഹിജ് അറിയിച്ചു. പാക് സൈന്യത്തിന്റെ 19 ചെക് പോസ്റ്റുകളും രണ്ട് ആസ്ഥാനങ്ങളും പിടിച്ചെടുത്തെന്ന് അഫ്ഗാൻ അവകാശപ്പെട്ടു.
International
കാബൂൾ: തീവ്രവാദത്തെ വളർത്തി വലുതാക്കി അവശ്യകാര്യങ്ങൾക്കുപയോഗിക്കുന്ന രണ്ടു രാജ്യങ്ങൾ തീവ്രവാദത്തിന്റെ പേരിൽ സംഘർഷത്തിലേർപ്പെടുന്നുവെന്ന കൗതുകമാണ് അഫ്ഗാൻ-പാക്കിസ്ഥാൻ യുദ്ധത്തിനുള്ളത്. തൊണ്ണൂറുകളിൽ താലിബാൻ പ്രസ്ഥാനം പിറവികൊണ്ടതുതന്നെ പാക്കിസ്ഥാനിലെ മദ്രസകളിലാണ്. പാക്കിസ്ഥാനിലെ സൈന്യവും ഇന്റലിജൻസ് ഏജൻസികളും ദീർഘകാലം താലിബാനിൽ വലിയതോതിൽ സ്വാധീനം ചെലുത്തിയിരുന്നു.
2021ൽ അമേരിക്കൻ സേനയുടെ പിന്മാറ്റത്തോടെ താലിബാൻ വീണ്ടും അഫ്ഗാൻ ഭരണം പിടിച്ചപ്പോൾ ആദ്യം സ്വാഗതം ചെയ്തവരിലും പാക്കിസ്ഥാനുണ്ടായിരുന്നു. “അടിമത്തത്തിന്റെ ചങ്ങല അഫ്ഗാനിസ്ഥാൻ പൊട്ടിച്ചെറിഞ്ഞു” എന്നാണ് അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്. എന്നാൽ, പഴയതുപോലെ വരുതിയിൽ നിർത്താൻ കഴിയുന്ന പ്രസ്ഥാനമല്ല താലിബാനെന്ന് പാക്കിസ്ഥാനു വൈകാതെ മനസിലായി.
ടിടിപിയും ബലൂച് വിഘടനവാദികളും
പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ഗോത്രമേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തെഹ്രിക് ഇ താലിബാൻ എന്ന ഭീകരപ്രസ്ഥാനവും (ടിടിപി- പാക് താലിബാനെന്നും അറിയപ്പെടുന്നു) ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിഘടനവാദികളും അടുത്തകാലത്ത് ആക്രമണം വർധിപ്പിച്ചതാണ് ഇപ്പോഴത്തെ സംഘർഷത്തിനു കാരണം. ടിടിപിയുടെ പല നേതാക്കളും ബലൂച് വിഘടനവാദികളും അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പാക്കിസ്ഥാൻ ആരോപിക്കുന്നു. അഫ്ഗാൻ താലിബാൻ ഇവർക്ക് സംരക്ഷണം നല്കുന്നതായും പറയുന്നു.
ആരോപണങ്ങൾ താലിബാൻ നിഷേധിക്കുകയാണ്. തങ്ങളുടെ ശത്രുക്കളായ ഇസ്ലാമിക് സ്റ്റേറ്റിന് പാക്കിസ്ഥാൻ പിന്തുണ നല്കുന്നുവെന്ന ആരോപണവും താലിബാൻ ഉന്നയിക്കുന്നുണ്ട്.
യുദ്ധം തുടങ്ങിയത് ഒക്ടോബറിൽ
പാക്-അഫ്ഗാൻ യുദ്ധം കഴിഞ്ഞ വർഷം ഒക്ടോബറിലേ തുടങ്ങിയതാണ്. ഇരുവിഭാഗവും അതിർത്തിപ്രദേശങ്ങളിൽ വലിയ ആക്രമണങ്ങൾ നടത്തി. ഡസൻകണക്കിനു പട്ടാളക്കാരും സിവിലിയന്മാരും കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ വലിയ തോതിൽ നാശനഷ്ടങ്ങളുണ്ടായി. തുർക്കി, ഖത്തർ, സൗദി രാജ്യങ്ങളുടെ മധ്യസ്ഥതയിൽ അന്നുണ്ടാക്കിയ ദുർബല വെടിനിർത്തലാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.
കഴിഞ്ഞയാഴ്ച പാക് വ്യോമസേന അഫ്ഗാനിസ്ഥാനിലെ രണ്ട് അതിർത്തി പ്രവിശ്യകളിൽ വ്യോമാക്രമണം നടത്തി. തുടർന്ന് താലിബാന്റെ പ്രത്യാക്രമണമുണ്ടായി.ഇതാണ് കാബൂളിലടക്കം ബോംബിടാൻ പാക് സേനയെ പ്രേരിപ്പിച്ചത്.
അടുത്തിടെ പാക്കിസ്ഥാനിലുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ അഫ്ഗാൻ ഭീകരരാണെന്നതിനു നിഷേധിക്കാൻ പറ്റാത്ത തെളിവുണ്ടെന്നാണ് പാക് വൃത്തങ്ങൾ പറയുന്നത്.
മേൽക്കൈ പാക്കിസ്ഥാന്
അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ തിരിച്ചടി തുടരുമെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെട്ടത്. ശക്തമായ വ്യോമസേനയുള്ള അണ്വായുധശക്തിയായ പാക്കിസ്ഥാനെ നേരിടാനുള്ള ശേഷി താലിബാനില്ല. സാന്പത്തിക പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങൾക്കു നടുവിലാണു താലിബാൻ.
സൈനികരുടെ എണ്ണംകൊണ്ടും ആയുധശേഷികൊണ്ടും താലിബാൻ പാക്കിസ്ഥാനോടു കിടനിൽക്കുന്ന എതിരാളിയല്ല. സോവ്യറ്റ് സേനയും അമേരിക്കൻ സേനയും ഉപേക്ഷിച്ചു പോയതും കരിഞ്ചന്തയിൽനിന്നു വാങ്ങിയതുമായ ആയുധങ്ങളാണ് അവർക്കുള്ളത്.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലെ നിയമവ്യവസ്ഥയെ അടിമുടിമാറ്റി താലിബാൻ ഭരണകൂടം പുതിയ ക്രിമിനൽ നടപടിക്രമം പുറത്തിറക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സദ ഒപ്പിട്ട പുതിയ നിയമം, ജനങ്ങളെ നാലു വിഭാഗങ്ങളായി തിരിക്കുകയും ഓരോ വിഭാഗത്തിനും വ്യത്യസ്ത ശിക്ഷകൾ നിശ്ചയിക്കുകയും ചെയ്യുന്നു. ഇതോടെ അഫ്ഗാനിൽ പൗരവകാശവും സമത്വവും ഇല്ലാതാകുകയാണ്.
സാമൂഹിക വിഭജനം
പുതിയ നിയമപ്രകാരം അഫ്ഗാൻ സമൂഹത്തെ നാലായി തരംതിരിച്ചിരിക്കുന്നു:
മതപണ്ഡിതർ (ഉലമ/മുല്ലമാർ)- ഇവർ കുറ്റം ചെയ്താൽ "ഉപദേശം' നൽകി വിട്ടയക്കും. ഇവർക്കു നിയമത്തിനു മുന്നിൽ പൂർണ പരിരക്ഷ. എത്ര വലിയ കുറ്റമാണെങ്കിലും ഇവർ ശിക്ഷാ നടപടികൾക്ക് അതീതരാണ്.
ഉന്നത കുലജാതർ (അഷ്റഫ്)- ഇവർക്കു കോടതിയിൽ ഹാജരാകാൻ സമ്മൻസ് നൽകുകയും തുടർന്ന് ഉപദേശിക്കുകയും ചെയ്യും.
മധ്യവർഗം- ഇവർ ചെയ്യുന്ന കുറ്റങ്ങൾക്കു തടവുശിക്ഷ ലഭിക്കും.
താഴ്ന്ന വിഭാഗം- പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ഈ വിഭാഗത്തിനു തടവുശിക്ഷയ്ക്കു പുറമെ അതിക്രൂരമായ ശാരീരിക ശിക്ഷകളും (ചാട്ടവാറടി ഉൾപ്പെടെ) ലഭിക്കും.
തിരിച്ചുവരുന്നു അടിമത്തം
അന്താരാഷ്ട്ര തലത്തിൽ കർശനമായി നിരോധിച്ചിട്ടുള്ള "അടിമത്തം' പുതിയ നിയമസംഹിതയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. നിയമത്തിലെ വിവിധ വകുപ്പുകളിൽ "സ്വതന്ത്ര മനുഷ്യർ' എന്നും "അടിമകൾ' എന്നും വേർതിരിച്ചു കാണിച്ചിട്ടുണ്ട്. ഇത് ആധുനിക ലോകത്ത് അടിമത്തത്തെ നിയമവിധേയമാക്കുന്നതിനു തുല്യമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
കോടതി പേരിനു മാത്രം
പുതിയ നിയമപ്രകാരം പ്രതികൾക്ക് അഭിഭാഷകനെ വയ്ക്കാൻ അവകാശമില്ല. കുറ്റസമ്മതമൊഴികളും സാക്ഷിമൊഴികളും മാത്രമാണു ശിക്ഷാവിധിക്ക് ആധാരം. സ്വതന്ത്രമായ അന്വേഷണമോ തെളിവെടുപ്പോ പുതിയ നിയമത്തിൽ നിർബന്ധമല്ല. ഡാൻസ് ചെയ്യുന്നതും സംഗീതം കേൾക്കുന്നതുമെല്ലാം കൊടിയ കുറ്റമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതൊരു നീതിന്യായ വ്യവസ്ഥയല്ല, മറിച്ച് അധികാരത്തിലുള്ളവർക്ക് ആനുകൂല്യങ്ങൾ നൽകുന്ന വിവേചനപരമായ നിയമമാണ്. മതനേതാക്കൾ നിയമത്തിനു മുകളിലാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ സാധാരണക്കാരുടെ ജീവിതം താലിബാൻ അപകടത്തിലാക്കിയിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
നിയമം ഉടൻ പിൻവലിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം. നീതി എന്നത് എല്ലാവർക്കും തുല്യമായി ലഭിക്കേണ്ട ഒന്നാണെന്ന ആഗോള തത്വം അഫ്ഗാനിസ്ഥാനിൽ ഇതോടെ പൂർണമായും ഇല്ലാതായിരിക്കുകയാണ്.
International
യുഎൻ: അഫ്ഗാനിസ്ഥാനിലെ താലിബാനുമായി പ്രായോഗികമായി ഇടപെടുകയാണ് വേണ്ടതെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ പറഞ്ഞു.
ശിക്ഷണ മാർഗങ്ങൾ ഉപയോഗിച്ചാൽ എക്കാലത്തെയുംപോലെ സ്ഥിതിഗതികൾ തുടരും. കഴിഞ്ഞ നാലര വർഷങ്ങളായി ഇത് നാം കണ്ടുകൊണ്ടിരിക്കുന്നു.
ഐക്യരാഷ്്ട്രസഭയും അന്താരാഷ്്ട്ര സമൂഹവും അഫ്ഗാൻ ജനതയ്ക്ക് ഗുണകരമാകുന്ന തരത്തിലുള്ള നയങ്ങൾ സ്വീകരിക്കണം.
അഫ്ഗാൻ ജനതയുടെ വികസനം ഉറപ്പുവരുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് പറഞ്ഞു. അതോടൊപ്പം, ഭീകരസംഘടനകൾ അതിർത്തി കടന്നുള്ള തീവ്രവാദപ്രവർത്തനത്തിൽ ഏർപ്പെടുന്നത് തടയണമെന്നും ഹരീഷ് ആഹ്വാനം ചെയ്തു.
വ്യാപാരപാതകൾ ഉപയോഗിച്ചും അതിർത്തികൾ അടച്ചിട്ടും അഫ്ഗാനു മേൽ പാക്കിസ്ഥാൻ സമ്മർദം ചെലുത്തുന്നതിനെയും ഹരീഷ് വിമർശിച്ചു. അഫ്ഗാനിസ്ഥാനിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി വർഷങ്ങളായി ഇന്ത്യ നിലകൊള്ളുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
International
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒൻപത് കുട്ടികളടക്കം 14 പേർ മരിച്ചു. താലിബാൻ സർക്കാർ വക്താവാണ് ഇക്കാര്യം അറിയിച്ചത്.
ഗുർബസ് ജില്ലയിലെ മുഗൾഗൈയിൽ വീടിന് മുകളിലാണ് ബോംബ് പതിച്ചത്. ഒൻപത് കുട്ടികളും ഒരു സ്ത്രീയുമാണ് ഇവിടെ മരിച്ചത്. കുനാർ, പക്തിക പ്രവിശ്യകളിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്നും താലിബാൻ വക്താവ് സബിനുള്ള മുജാഹിദ് അറിയിച്ചു.
സംഭവത്തിൽ പാക്കിസ്ഥാൻ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല. അഫ്ഗാൻ-പാക് അതിർത്തിയിൽ പാക് സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ചാവേർ ആക്രമണത്തിന് പിന്നാലെയാണ് ഈ സംഭവം നടന്നത്.
ഈ മാസം പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന മറ്റൊരു സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാൻ താലിബാൻ ഏറ്റെടുത്തു.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ കോടതിക്കു വെളിയിൽ സ്ഫോടനം നടത്തിയ ചാവേർ അഫ്ഗാനിസ്ഥാൻ പൗരനെന്ന് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി. ചൊവ്വാഴ്ച നടന്ന ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.
ഈയാഴ്ച സൗത്ത് വസീറിസ്ഥാനിലെ വാന കേഡറ്റ് കോളജിൽ ആക്രമണം നടത്തിയ ചാവേറുകളും അഫ്ഗാനിസ്ഥാനിൽനിന്നുള്ളവരാണെന്ന് മൊഹ്സിൻ നഖ്വി പറഞ്ഞു. ആക്രമണത്തിൽ ആറു പേർക്കു പരിക്കേറ്റു.
International
ഇസ്ലാമബാദ്: പാക്കിസ്ഥാനെ ഇനിയും ആക്രമിച്ചാൽ അഫ്ഗാൻ താലിബാനെ നാമാവശേഷമാക്കാൻ മടിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ മുന്നറിയിപ്പ്.
നാലു ദിവസത്തോളം ഇസ്താംബൂളിൽ നടന്ന സമാധനചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഫ്ഗാൻ മണ്ണ് ഭീകരവാദത്തിന് ഉപയോഗിക്കുന്ന താലിബാനെതിരേ നടപടിയെടുക്കണമെന്നതായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. സഹോദര രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് സമാധാനത്തിനുള്ള അവസരമുണ്ടോയെന്നു പരിശോധിച്ചത്. പക്ഷേ, അഫ്ഗാൻ ഉദ്യോഗസ്ഥരുടെ വിഷലിപ്തമായ പ്രസ്താവനകൾ അവരുടെ മനസിലിരുപ്പ് വെളിവാക്കി-ആസിഫ് പറഞ്ഞു.
International
കാബൂൾ: കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടയാനൊരുങ്ങി അഫ്ഗാനിസ്ഥാൻ. ഇതുസംബന്ധിച്ച് താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ എക്സ് പോസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഡാം നിര്മാണത്തിനായി വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കമ്പനികളുമായി ചര്ച്ച നടത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാനുമായി അതിര്ത്തി പങ്കിടുന്ന ബ്രോഗില്ചുരത്തോട് ചേര്ന്നുള്ള ഹിന്ദുകുഷ് പര്വതനിരകളില് നിന്നാണ് കുനാര് നദി ഉദ്ഭവിക്കുന്നത്.
പാക്കിസ്ഥാനിലെ കാബൂൾ നദിയിൽ ചേരുന്ന പ്രധാന നദിയാണ് ഇത്. കുനാറിൽ നിന്നുള്ള ജലം കുറയുന്നത് പാക് മേഖലകളെ സാരമായി ബാധിക്കും.
International
ഇസ്ലാമാബാദ്: അഫ്ഗാന് അതിര്ത്തിയിലുണ്ടായ ഏറ്റുമുട്ടലില് 200ലധികം താലിബാന് സേനാംഗങ്ങളും ഭീകരരും കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ.
ഏറ്റുമുട്ടലില് 23 പാക് സൈനികര് കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്ഥാന് പറഞ്ഞു. നേരത്തേ 58 പാക് സൈനികര് ഏറ്റുമുട്ടലില് കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാക് സൈന്യം കണക്കുകളുമായി രംഗത്തെത്തിയത്.
അഫ്ഗാനിസ്ഥാന്റെ 19 സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായാണ് പാക് സൈന്യം അവകാശപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാനും തെഹ്രീകെ താലിബാന് പാക്കിസ്ഥാൻ(ടിടിപി) എന്ന പാക്കിസ്ഥാനി താലിബാനും യാതൊരു പ്രകോപനവുമില്ലാതെയാണ് അതിര്ത്തിയില് ആക്രമണം നടത്തിയതെന്നും പാക് സൈന്യം അറിയിച്ചു.
താലിബാന് ആക്രമണത്തെ ശക്തമായി ചെറുത്തെന്നും താലിബാന്റെ വിവിധയിടങ്ങളിലെ കേന്ദ്രങ്ങള് തകര്ത്തതായും പാക് സൈന്യം അവകാശപ്പെട്ടു.
'സ്വന്തം മണ്ണിലെ ഐഎസ് സാന്നിധ്യത്തിന് നേരേ പാക്കിസ്ഥാൻ കണ്ണടച്ചു. അഫ്ഗാനിസ്ഥാന് ഞങ്ങളുടെ കര, വ്യോമ അതിര്ത്തികള് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാല് ഒരു ആക്രമണത്തിനും മറുപടി നല്കാതിരിക്കില്ല. പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ലാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉള്പ്പെടെ ലോകത്തെ പലരാജ്യങ്ങള്ക്കും ഐഎസ് ഒരു ഭീഷണിയാണ്'.-താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് നേരത്തേ പറഞ്ഞിരുന്നു.
International
ന്യൂഡൽഹി: ബാഗ്രാം എയർബേസ് തിരികെ വേണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യത്തോട് പ്രതികരിച്ച് താലിബാൻ.
ചിലർ രാഷ്ട്രീയകരാറിലൂടെ സൈനികതാവളം തിരികെ നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതിനായി അഫ്ഗാനിസ്ഥാനുമായി ചർച്ചകൾ തുടങ്ങിയെന്നും ചിലർ പറയുന്നു. എന്നാൽ, അഫ്ഗാനിലെ ഒരിഞ്ച് മണ്ണിന് വേണ്ടിയും കരാറുണ്ടാക്കാൻ തങ്ങൾ തയാറല്ലെന്ന് അഫ്ഗാൻ പ്രതിരോധമന്ത്രാലയത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഫസിഹുദ്ദീൻ ഫിത്രത്ത് പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രദേശിക സമഗ്രതക്കുമാണ് വലിയ പ്രാധാന്യം നൽകുന്നതെന്നും അവർ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വിമാനത്താവളം അമേരിക്കൻ സേനയ്ക്കു തിരിച്ചു തന്നില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. രണ്ടു പതിറ്റാണ്ട് നീണ്ട അഫ്ഗാൻ അധിനിവേശത്തിൽ അമേരിക്കൻ സേനയുടെ മുഖ്യതാവളമായിരുന്ന ബാഗ്രാം തിരിച്ചുകിട്ടാൻ ശ്രമിക്കുന്നതായി ട്രംപ് വ്യാഴാഴ്ചയാണു വെളിപ്പെടുത്തിയത്.