കാണ്ഡഹാറിലെ തെരുവിലൂടെ ബുർക്ക ധരിച്ചു നടന്നുപോകുന്ന അഫ്ഗാൻ വനിത.
കാബൂൾ: വനിതകളിൽ പാതിയും വീടിനു പുറത്തിറങ്ങാത്ത രാജ്യം. താലിബാൻ ഭീകരർ ഭരിക്കുന്ന അഫ്ഗാനിസ്ഥാന് ഐക്യരാഷ്‌ട്രസഭയുടെ വനിതാ ശാക്തീകരണ, ലിംഗസമത്വ ഏജൻസിയായ യുഎൻ വുമൺ നല്കുന്ന വിശേഷണമാണിത്.
അഞ്ചു വർഷം മുന്പ് വീണ്ടും ഭരണം പിടിച്ചെടുത്ത താലിബാൻ നടപ്പാക്കിയ നിയമങ്ങൾ സ്ത്രീവിരുദ്ധതയിൽ സമാനതകളില്ലാത്ത രാജ്യമാക്കി അഫ്ഗാനിസ്ഥാനെ മാറ്റിയിെന്ന് ഏജൻസി ചൂണ്ടിക്കാട്ടി.
സ്ത്രീ ജനസംഖ്യയിൽ പാതിയും മാസത്തിൽ രണ്ടോ അതിൽത്താഴയോ തവണ മാത്രമാണ് വീടിനു പുറത്തിറങ്ങുന്നത്. പുരുഷന്മാരോടൊപ്പമല്ലാതെ വീടിനു പുറത്തിറങ്ങാൻ ഭയമാണെന്ന് യുഎൻ വുമൺ നടത്തിയ സർവേയിൽ പങ്കെടുത്ത നാലിൽമൂന്നു പേരും പറഞ്ഞു.
2021 ഓഗസ്റ്റിൽ അധികാരത്തിലേറിയ താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാനിലെ സ്ത്രീസ്വാതന്ത്ര്യം ഘട്ടംഘട്ടമായി എടുത്തുകളഞ്ഞുവെന്ന് യുഎൻ വുമൺ ചൂണ്ടിക്കാട്ടി. അഞ്ചു വർഷത്തെ ഭരണത്തിനിടെ സ്ത്രീകളുടെ അവകാശങ്ങൾ ഘനിക്കുന്ന നൂറിലധികം ഉത്തരവുകളാണ് താലിബാൻ പുറപ്പെടുവിച്ചത്. നിയമത്തിനു മുന്നിൽ സ്ത്രീക്കും പുരുഷനും തുല്യ പദവി ലഭിച്ചിരുന്നത് ഈ വർഷം റദ്ദാക്കപ്പെട്ടു.
പെൺകുട്ടികൾ സെക്കൻഡറി വിദ്യാഭ്യാസത്തിനും കോളജ് വിദ്യാഭ്യാസത്തിനും വിലക്കു നേരിടുന്ന ലോകത്തിലെ ഏകരാജ്യമാണ് അഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണം തുടങ്ങിയശേഷം ഏകദേശം 24 ലക്ഷം പെൺകുട്ടികൾക്കാണ് സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്.
അതേസമയം അഫ്ഗാൻ സംസ്കാരം അനുസരിച്ചും ശരിയത്ത് പ്രകാരവും വനിതാ അവകാശങ്ങളെ മാനിക്കുന്നുണ്ടെന്നാണ് താലിബാൻ അവകാശപ്പെടുന്നത്.
2025 ഫെബ്രുവരി-മാർച്ചിൽ 2,190 പേരെ വീടുവീടാന്തരം സന്ദർശിച്ചും 2026 ഏപ്രിൽ-മേയിൽ 2,811 പേരെ ഫോണിൽ ബന്ധപ്പെട്ടുമാണ് യുഎൻ വുമൺ റിപ്പോർട്ട് തയാറാക്കിയത്. ഒറ്റപ്പെടൽ അടക്കമുള്ള പ്രശ്നങ്ങളാൽ തങ്ങളുടെ മാനസിക നില മോശമാണെന്ന് പത്തിൽ ഏഴു വനിതകളും അറിയിച്ചു.
Tags : Afghan Taliban U.N. Women