കൊച്ചി: കൊച്ചിയിൽ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിന് തീപിടിച്ചു. വൈപ്പിനിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കപ്പല്‍ യാര്‍ഡിലാണ് തീപിടിത്തമുണ്ടായത്.
തീ പിടിക്കുന്ന സമയത്ത് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ജീവനക്കാർ ചാടി രക്ഷപ്പെട്ടു. സംഭവത്തിൽ ആർക്കും പരിക്കില്ല.
ഇന്ന് പുലര്‍ച്ചെയാണ് കപ്പലിന്റെ മുകള്‍ഭാഗത്തു നിന്നും തീ ഉയർന്നത്. ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
വിവിധ യൂണിറ്റുകളിൽ നിന്നും ഫയർ യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
യാർഡിന്റെ മറുഭാഗത്തേക്ക് കടക്കാനാകാത്തതിനാൽ ഒരു ഭാഗത്ത് നിന്ന് മാത്രമാണ് രക്ഷാപ്രവർത്തനം. സമീപത്ത് അറ്റകുറ്റപ്പണിക്കെത്തിച്ച നിരവധി ബോട്ടുകളും കപ്പലുകളും ഉള്ളതിനാല്‍ തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ഫയര്‍ ഫോഴ്സ്.