National
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എംഡിഎംകെ ഡിഎംകെ സഖ്യം വിടുന്നു. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ എംഡിഎംകെ ജനറൽ സെക്രട്ടറി വൈക്കോയുടെ അധ്യക്ഷതയിൽ ചെന്നൈയിൽ ഉന്നതതല നേതൃയോഗം ആരംഭിച്ചു. രണ്ട് ദിവസമായി ചോരുന്ന യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തും.
ഡിഎംകെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് യോഗത്തിന്റെ ആദ്യദിനത്തിൽ വൈക്കോ ഉന്നയിച്ചത്. സീറ്റ് വിഭജനത്തിലും പാർട്ടിയുടെ അസ്തിത്വം നിലനിർത്തുന്നതിലും ഡിഎംകെ കാണിച്ച അവഗണനയാണ് വൈക്കോയെ ചൊടിപ്പിച്ചത്. വലിയ രാഷ്ട്രീയ സ്വാധീനമോ അണികളോ ഇല്ലാത്ത ചെറുകക്ഷികൾക്ക് പോലും കൂടുതൽ സീറ്റുകൾ നൽകി.
എന്നാൽ എംഡിഎംകെയെ പൂർണമായി അവഗണിച്ചുവെന്ന് വൈക്കോ കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ എംഡിഎംകെ സ്ഥാനാർഥികൾക്ക് സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ പോലും ഡിഎംകെ അനുവാദം നൽകിയില്ല. പകരം ഡിഎംകെയുടെ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിക്കാൻ നിർബന്ധിതരാക്കിയത് പാർട്ടിയുടെ സ്വതന്ത്ര അസ്തിത്വത്തെ ബാധിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു.
27ന് നടക്കുന്ന ജനറൽ കൗൺസിൽ യോഗത്തിലായിരിക്കും ഡിഎംകെ സഖ്യം വിടുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുക. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഡിഎംകെയെ സഖ്യകക്ഷികൾ ഒന്നൊന്നായി കൈവിടുകയാണ്.
National
ചെന്നൈ: ഇന്ത്യാ സഖ്യ യോഗം ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ച ഡിഎംകെയുടെ അടുത്ത രാഷ്ട്രീയ നീക്കങ്ങളെ ചുറ്റിപ്പറ്റി ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ആകാംക്ഷയേറുന്നു. പ്രതിപക്ഷ സഖ്യത്തിൽ തൃണമൂൽ കോൺഗ്രസ് വീണ്ടും സജീവമാകാൻ ശ്രമിക്കുമ്പോൾ, മറുവശത്ത് ബിജെപി പാളയത്തിലേക്ക് കൂടുമാറണമോ എന്ന കാര്യത്തിൽ ഡിഎംകെ നേതൃത്വത്തിൽ ഭിന്നത രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, എൻഡിഎ സഖ്യത്തിലേക്ക് നീങ്ങാൻ ആലോചിക്കുന്ന ഡിഎംകെയ്ക്കു ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപിയുടെ തകർച്ച ചൂണ്ടിക്കാട്ടി കടുത്ത മുന്നറിയിപ്പ് നൽകുകയാണ് കോൺഗ്രസ്.
പിന്നിൽനിന്നു കുത്തിയ കോൺഗ്രസിനൊപ്പം ഇനി ഒരു യോഗത്തിനുമില്ലെന്ന ഉറച്ച നിലപാടിലാണ് ഡിഎംകെ നേതൃത്വം. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ തമിഴക വെട്രി കഴകവുമായി സഖ്യമുണ്ടാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെയാണ് തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് ബന്ധം ഉലഞ്ഞത്. ഇതോടെ, എൻഡിഎ പാളയത്തിൽ ചേരുകയല്ലാതെ പാർട്ടിക്കു മുന്നിൽ മറ്റു വഴികളില്ലെന്ന ചോദ്യം എം.കെ. സ്റ്റാലിന്റെ പാർട്ടിയിൽ ഇപ്പോൾ ശക്തമായി ഉയരുന്നുണ്ട്.
നിലവിൽ ലോക്സഭയിൽ 22-ഉം രാജ്യസഭയിൽ 8-ഉം എംപിമാരുള്ള സുപ്രധാന ശക്തിയാണ് ഡിഎംകെ. അതുകൊണ്ടുതന്നെ ഭരണഘടനാ ഭേദഗതികൾ ഉൾപ്പെടെയുള്ള നിർണായക ഘട്ടങ്ങളിൽ ഡിഎംകെയുടെ പിന്തുണ ലഭിക്കുന്നതു ബിജെപിക്കു വലിയ നേട്ടമാകും. എന്നാൽ, തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി ബന്ധം വലിയ ബാധ്യതയാകുമെന്ന് ഉറപ്പുള്ളതിനാൽ, പെട്ടെന്നൊരു തീരുമാനമെടുക്കാതെ പ്രാദേശിക പാർട്ടികളുടെ ഒരു മൂന്നാം മുന്നണി സാധ്യത പരിശോധിക്കാനും ഡിഎംകെ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സമാജ്വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ എന്നീ പാർട്ടികളിലാണ് സ്റ്റാലിന്റെ പ്രതീക്ഷ.
National
ചെന്നൈ: ഡിഎംകെയുമായുള്ള സഖ്യത്തിൽ ഉറച്ചുനിന്നത് കോൺഗ്രസിനു തിരിച്ചടിയായെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗിരീഷ് ചോദാൻകർ. തമിഴ്നാട്ടിൽ ഏറെ സ്വീകാര്യതയുള്ള രാഹുൽഗാന്ധിയും വിജയും ഒരുമിച്ച് പ്രചാരണം നടത്തിയിരുന്നെങ്കിൽ 180-190 സീറ്റ് ലഭിക്കുമായിരുന്നുവെന്നു പ്രാദേശിക നേതാക്കൾ പറഞ്ഞിരുന്നുവെന്ന് ചോദാൻകർ പറഞ്ഞു.
സംസ്ഥാനത്തെ യുവാക്കളും വനിതകളും ടിവികെയ്ക്ക് അനുകൂലമായിരുന്നുവെന്ന് ചോദാൻകർ പറഞ്ഞു. ഡിഎംകെയുള്ള സഖ്യത്തിൽ കോൺഗ്രസ് നേതാക്കൾക്കു രോഷമുണ്ടായിരുന്നു. ഞങ്ങളുടെ വോട്ടർമാരും അതേ അഭിപ്രായക്കാരായിരുന്നു. അവർ ടിവികെയ്ക്ക് വോട്ട് ചെയ്തു- ചോദാൻകർ പറഞ്ഞു. ഡിഎംകെ സഖ്യത്തിൽ മത്സരിച്ച കോൺഗ്രസിന് വെറും അഞ്ചു സീറ്റാണു കിട്ടിയത്. 28 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്.
Movies
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ദുൽഖർ സൽമാൻ. വർഷങ്ങളായി ചെന്നൈയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ദുൽഖറിന് അവിടെയാണ് വോട്ട്. രാവിലെ തന്നെ താരം വോട്ട് ചെയ്തു. ഇതിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.
നടൻ അജിത് കുമാർ ആദ്യം തന്നെ ബൂത്തിൽ എത്തി വോട്ട് ചെയ്തു. നടിയും ബിജെപി നേതാവുമായ ഖുശ്ബു കുടുംബത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി. ടിവികെ അധ്യക്ഷൻ വിജയ്, കമൽ ഹാസൻ, രജനികാന്ത് എന്നിവരും വോട്ട് രേഖപ്പെടുത്തി.ചെന്നൈ സ്റ്റെല മേരീസ് കോളജിലെത്തിയാണ് നടൻ രജനികാന്ത് വോട്ട് ചെയ്തത്. കമൽഹാസനൊപ്പം മകൾ ശ്രുതിയും രജനികാന്തിനൊപ്പം സൗന്ദര്യയും ഉണ്ടായിരുന്നു.
തമിഴ്നാട്ടില് വൈകിട്ട് ആറ് മണിവരെയാണ് പോളിംഗ്. 234 മണ്ഡലങ്ങളിലായി 4,834 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ചു കോടി 73 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 75,032 പോളിംഗ് ബൂത്തുകൾ സജീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തേനാംപേട്ടിലും പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസാമി എടപ്പാടിയിലും വോട്ട് ചെയ്യും. പോളിംഗ് ദിനത്തിലെ സുരക്ഷയ്ക്കായി 300 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. 83,875 പോലീസുകാരും സുരക്ഷയ്ക്കായി അണിനിരക്കും.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമത്തിനു പകരം വന്ന വിബി-ജി റാം ജി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഏഴ് രാഷ്ട്രീയ കക്ഷികളിലെ എംപിമാർ.
കാർഷിക, ഗ്രാമീണ തൊഴിലാളികളുടെ സംയുക്ത പ്ലാറ്റ്ഫോമും എൻആർഇജിഎ സംഘർഷ് മോർച്ചയും നടത്തിയ നയസംവാദ പരിപാടിയിലാണ് കോണ്ഗ്രസ്, സിപിഎം, സിപിഐ, സിപിഐ (എംഎൽ), ആർജെഡി, ഡിഎംകെ, ഭാരത് ആദിവാസി പാർട്ടി എന്നീ പാർട്ടികളിലെ എംപിമാർ നിലപാടറിയിച്ചത്.
തൊഴിലുറപ്പ് നിയമം തങ്ങൾക്ക് വേതനം നൽകിയിരുന്നുവെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മരുന്നിനും ആഹാരത്തിനുമായി ആ വേതനമാണ് ഉപയോഗിച്ചിരുന്നതെന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നു വന്ന വനിതാ തൊഴിലാളികൾ പറഞ്ഞു.
സംസ്ഥാനങ്ങളുടെയും പഞ്ചായത്തുകളുടെയും ഗ്രാമസഭകളുടെയും പങ്കിനെ പുതിയ നിയമം ഗണ്യമായി ദുർബലപ്പെടുത്തുകയാണെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
ഗ്രാമീണ കുടുംബത്തിന് 200 തൊഴിൽ ദിനങ്ങളെങ്കിലും ഉറപ്പുനൽകുക, പണപ്പെരുപ്പത്തിന് അനുസൃതമായി പ്രതിവർഷം 700 രൂപയുടെ കുറഞ്ഞ വേതനം ഉറപ്പാക്കുക, ഹാജർ, വേതന പേയ്മെന്റുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനങ്ങൾക്ക് തൊഴിലാളികളെ ഒഴിവാക്കുന്ന സ്വഭാവമുള്ളതിനാൽ ഇവ പിൻവലിക്കുക ഗ്രാമീണ തൊഴിൽ പദ്ധതികളുടെ ആസൂത്രണം, നിർവഹണം, നിരീക്ഷണം എന്നിവയിൽ കേന്ദ്രപങ്കാളികളായി ഗ്രാമസഭകളുടെ പങ്ക് പുനഃസ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് സംയുക്ത പ്ലാറ്റ്ഫോമിന്റെ ആവശ്യങ്ങൾ.
ഡി. രാജ, ശിവദാസൻ, ജ്യോതിമണി, ശശികാന്ത് സെന്തിൽ, മനോജ് ഝാ, അമ്ര റാം, രാജ്കുമാർ റൗട്ട്, അരുണ് നെഹ്റു, സഞ്ജയ് യാദവ്, രാജാ റാം സിംഗ് എന്നിവർ പ്രസംഗിച്ചു.
National
പെരിയകുളം: അണ്ണാ ഡിഎംകെയിലേക്കു മടങ്ങാൻ തയാറാണെന്ന് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം.
അതേസമയം, പനീർശെൽവത്തിന്റെ തിരിച്ചുവരവിനെ താൻ സ്വാഗതം ചെയ്യില്ലെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു.
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ അനുയായി ആയിരുന്ന പനീർശെൽവത്തെ എടപ്പാടിയാണ് പാർട്ടിയിൽനിന്നു പുറത്താക്കിയത്.
National
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള സഖ്യത്തിൽ അടിയുറച്ചു നിൽക്കുമെന്ന് ടിഎൻസിസി അധ്യക്ഷൻ കെ. സെൽവപെരുതഗൈ.
കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന് യാതൊരു ഭീഷണിയുമില്ലെന്നും അന്തസുറ്റ രീതിയിൽ സീറ്റ് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടൻ വിജയിന്റെ പാർട്ടിയായ ടിവികെയുമായി സഖ്യമുണ്ടാക്കണമെന്നു ചില കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ, അത്തരം ചർച്ചകളൊന്നും ഉണ്ടായില്ലെന്നായിരുന്നു സെൽവപെരുതഗൈയുടെ മറുപടി.
ടിവികെയുമായി സഖ്യമുണ്ടാക്കില്ലെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള ഗിരീഷ് ചോദാൻകർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അധികാരം പങ്കിടണമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ആവശ്യപ്പെട്ടിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയെ പ്രതിരോധത്തിലാക്കി വീണ്ടും ‘ജോലിക്ക് കോഴ’ ആരോപണം. തമിഴ്നാട് മുനിസിപ്പൽ ഭരണവകുപ്പിൽ 25 ലക്ഷം മുതൽ 35 ലക്ഷം രൂപവരെ കൈക്കൂലി വാങ്ങി നിയമനം നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തൽ.
അസിസ്റ്റന്റ് എൻജിനിയർ, ടൗൺ പ്ലാനിംഗ് ഓഫീസർ, ജൂനിയർ എൻജിനിയർ, ശുചീകരണ വിഭാഗം ഇൻസ്പെക്ടർ തുടങ്ങി 2,538 തസ്തികകളിലാണ് ക്രമക്കേട് നടന്നത്. നിയമന ഉത്തരവുകൾ ഓഗസ്റ്റ് ആറിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് കൈമാറിയത്.
പ്രവേശന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ കേസെടുക്കാൻ ഡിജിപിക്ക് ഇഡി കത്ത് നൽകിയിരിക്കുകയാണ്. പരീക്ഷ നടത്തിയ അണ്ണാ സർവകലാശാലയിലെ ഉദ്യോഗസ്ഥർക്കെതിരെയും ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
മുനിസിപ്പൽ ഭരണമന്ത്രി കെ.എൻ. നെഹ്റുവിന്റെ സഹോദരൻ എൻ. രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നടത്തിയ റെയ്ഡിലാണ് ഈ നിയമന ക്രമക്കേടുകൾക്ക് തെളിവുകൾ ലഭിച്ചതെന്ന് ഇഡി വ്യക്തമാക്കുന്നു.