ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമത്തിനു പകരം വന്ന വിബി-ജി റാം ജി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഏഴ് രാഷ്ട്രീയ കക്ഷികളിലെ എംപിമാർ.
കാർഷിക, ഗ്രാമീണ തൊഴിലാളികളുടെ സംയുക്ത പ്ലാറ്റ്ഫോമും എൻആർഇജിഎ സംഘർഷ് മോർച്ചയും നടത്തിയ നയസംവാദ പരിപാടിയിലാണ് കോണ്‍ഗ്രസ്, സിപിഎം, സിപിഐ, സിപിഐ (എംഎൽ), ആർജെഡി, ഡിഎംകെ, ഭാരത് ആദിവാസി പാർട്ടി എന്നീ പാർട്ടികളിലെ എംപിമാർ നിലപാടറിയിച്ചത്.
തൊഴിലുറപ്പ് നിയമം തങ്ങൾക്ക് വേതനം നൽകിയിരുന്നുവെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മരുന്നിനും ആഹാരത്തിനുമായി ആ വേതനമാണ് ഉപയോഗിച്ചിരുന്നതെന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നു വന്ന വനിതാ തൊഴിലാളികൾ പറഞ്ഞു.
സംസ്ഥാനങ്ങളുടെയും പഞ്ചായത്തുകളുടെയും ഗ്രാമസഭകളുടെയും പങ്കിനെ പുതിയ നിയമം ഗണ്യമായി ദുർബലപ്പെടുത്തുകയാണെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
ഗ്രാമീണ കുടുംബത്തിന് 200 തൊഴിൽ ദിനങ്ങളെങ്കിലും ഉറപ്പുനൽകുക, പണപ്പെരുപ്പത്തിന് അനുസൃതമായി പ്രതിവർഷം 700 രൂപയുടെ കുറഞ്ഞ വേതനം ഉറപ്പാക്കുക, ഹാജർ, വേതന പേയ്മെന്റുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനങ്ങൾക്ക് തൊഴിലാളികളെ ഒഴിവാക്കുന്ന സ്വഭാവമുള്ളതിനാൽ ഇവ പിൻവലിക്കുക ഗ്രാമീണ തൊഴിൽ പദ്ധതികളുടെ ആസൂത്രണം, നിർവഹണം, നിരീക്ഷണം എന്നിവയിൽ കേന്ദ്രപങ്കാളികളായി ഗ്രാമസഭകളുടെ പങ്ക് പുനഃസ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് സംയുക്ത പ്ലാറ്റ്ഫോമിന്റെ ആവശ്യങ്ങൾ.
ഡി. രാജ, ശിവദാസൻ, ജ്യോതിമണി, ശശികാന്ത് സെന്തിൽ, മനോജ് ഝാ, അമ്ര റാം, രാജ്കുമാർ റൗട്ട്, അരുണ്‍ നെഹ്റു, സഞ്ജയ് യാദവ്, രാജാ റാം സിംഗ് എന്നിവർ പ്രസംഗിച്ചു.
Tags : VB G Ram Ji Act debate policy Congress CPM CPI CPI (ML) RJD DMK Bharat Adivasi Party