വടക്കഞ്ചേരി: ദേശീയപാത പന്നിയങ്കര ടോൾ പ്ലാസക്കു സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. നെന്മാറ തേവർമണി അയ്യപ്പൻപാറ മണിയുടെ മകൻ ദേവനാണ് (38) മരിച്ചത്. അപകടത്തിൽ ലോറിയുടെ ക്ലീനർ കൊല്ലങ്കോട് സ്വദേശി അജയ്ക്ക് (26) പരിക്കേറ്റു. ഇന്നലെ പുലർച്ചെ മൂന്നോടുകൂടിയായിരുന്നു അപകടം.
പാലക്കാട് ലൈനിലൂടെ വന്നിരുന്ന ലോറി ടോൾ പ്ലാസ എത്തുന്നതിന് മുമ്പ് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഉടൻ ടോൾ പ്ലാസയിലെ ആംബുലൻസിൽ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേവൻ മരിച്ചു. ഫുഡ് പ്രൊഡക്ഷൻ കമ്പനിയുടെ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വടക്കഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അമ്മ: സുലോമണി. ഭാര്യ: ശ്രീജ. മക്കൾ: ദിയ, ദയ.