മുക്കം: മാവൂർ കണ്ണി പറമ്പിന് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് പിന്നിലേക്ക് നിരങ്ങി നീങ്ങി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വളയന്നൂർ വടക്കേടത്ത് പരേതനായ ചെറിയോൻ ഹാജിയുടെ മകനും മുസ്ലിം യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷൗക്കത്തലി (വിച്ചാപ്പു -38) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം.
അരയങ്കോട് കൈത്തൂട്ടിമുക്ക് ക്രഷറിൽ നിന്ന് എം സാൻഡ് കയറ്റിയ നിസാൻ ടിപ്പർ ലോറി റോഡിലെ കയറ്റത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് അതിവേഗത്തിൽ പിറകോട്ട് നീങ്ങിയ ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. ഉടൻ തന്നെ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാരുടെ നേതൃത്വത്തിൽ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്നാണ് ലോറി ഉയർത്തി ഡ്രൈവറെ പുറത്തെത്തിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജംഷീറ മുണ്ടുമുഴി. മക്കൾ: ഹാദി റഹ്മാൻ, അഫി റഹ്മാൻ (ഇരുവരും വിരിപ്പാടം എഎംയുപി സ്കൂൾ വിദ്യാർഥികൾ), ഹെൻസ ഫാത്തിമ (കുറ്റിക്കടവ് ഇഖ് റഹ് ഇസ്ലാമിക് നഴ്സറി സ്കൂൾ വിദ്യാർഥിനി). മാതാവ്: പരേതയായ ഖദീജ വടക്കേടത്ത്. സഹോദരങ്ങൾ: അബ്ദുൽലത്തീഫ്, പരേതനായ ഉമ്മർ, ബഷീർ, സൈതു മുഹമ്മദ്, അബ്ദുൽ അസീസ് (ഇന്ത്യൻആർമി ഉത്തർപ്രദേശ്), ഹാരിസ് (ഒമാൻ), റംല വിരിപ്പാടം, സുഹറ ആലിൻതറ.
Tags : Tipper lorry driver dies