Kerala
കൊച്ചി: കണ്ണൂര്‍ ജില്ലയിലെ ആറളം ഫാമിൽ ആനയുടെ ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം.
ആറളം ഫാമില്‍ ആവര്‍ത്തിച്ചുള്ള കാട്ടാന ആക്രമണങ്ങള്‍ ചെറുക്കുന്നതിന് എന്തെങ്കിലും കര്‍മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്നു സംസ്ഥാനസർക്കാരിനോട് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ചോദിച്ചു.
ആറളം ഫാമിലും പരിസരത്തും സ്ഥിതിഗതികള്‍ പരിതാപകരമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം ആക്രമണം നടത്തിയെന്ന് കരുതുന്ന ആനയെ കണ്ടെത്താന്‍ റാപ്പിഡ് റസ്പോണ്‍സ് ടീമിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ആറളം വന്യജീവി ഡിവിഷനിലെ നൈറ്റ് പട്രോളിംഗ് സംഘത്തിന് പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞ് കാരണം ആനയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആറളം ഫാമിലെ ടിആര്‍ഡിഎം പ്രദേശത്തു താമസിക്കുന്ന ആദിവാസികളുടെ ദുര്‍ബലതയെയും മേഖലയിലെ ആവർത്തിച്ചുള്ള വന്യമൃഗ ആക്രമണത്തെയും കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ഹര്‍ജി വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് രണ്ടിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചീഫ് സെക്രട്ടറി, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് എന്നിവര്‍ നിര്‍ബന്ധമായും ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
Kerala
തിരുവനന്തപുരം: ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് ജീവനക്കാരുടെ വാട്സ്ആപ്പ് നമ്പരുകളില്‍ നേരിട്ടു ലഭിച്ചു.
കഴിഞ്ഞ ബജറ്റില്‍ നല്കിയ പ്രധാന വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രഖ്യാപിച്ച ഡിഎ, ഡിആര്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായി അനുവദിച്ചെന്നും കത്തിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നു. 13 ശതമാനം ഡിഎ, ഡിആര്‍ ഉത്തരവിറക്കിയതിനു പിന്നാലെയാണ് ജീവനക്കാരുടെ അസംതൃപ്തി മറികടക്കാന്‍ വ്യക്തിപരമായി എല്ലാവര്ക്കും മുഖ്യമന്ത്രി കത്തെഴുതിയത്.
ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും വരും നാളുകളും കരുതല്‍ തുടരുമെന്നും ഉറപ്പാണ് വാക്കെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു.
Kerala
തിരുവനന്തപുരം:ശബരിമല യുവതീപ്രവേശനവിഷയം പാര്‍ട്ടിയും സര്‍ക്കാരും ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട കാര്യമെന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
സുപ്രീം കോടതിയുടെ ബെഞ്ച് പോലും രൂപവത്കരിച്ചിട്ടില്ല. അതു രൂപവത്കരിക്കട്ടെ. ആ വിഷയം അപ്പോള്‍ കൈകാര്യംചെയ്യാമെന്നും ഗോവിന്ദന് പറഞ്ഞു.
ഈ വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് പറയേണ്ട സമയത്തു പറയും. അതില്‍ ധൃതിപിടിക്കേണ്ട കാര്യമില്ല. ഇപ്പോള്‍ കോടതിയുടെ മുന്നിലാണ് കേസുള്ളത്. കോടതിനിലപാടിനനുസരിച്ച് ആ സമയത്ത് ആവശ്യമായ നിലപാട് സിപിഎം സ്വീകരിക്കുമെന്നും ഗോവിന്ദന് വ്യക്തമാക്കി.
District News
കല്ലടിക്കോട്: ദേശീയപാതയുടെ നിലവാരങ്ങളോ സൗകര്യങ്ങളോ ഇല്ലാത്ത റോഡിൽ മൈലംപുള്ളിയിൽ ടോൾ പിരിക്കാനുള്ള അവസരമൊരുക്കിയത് സംസ്ഥാന സർക്കാർ ദേശീയ പാത അഥോറിറ്റിയുമായുണ്ടാക്കിയ കരാർപ്രകാരമാണെന്ന് വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. 2020 ലാണ് ദേശീയപാത അഥോറിറ്റിയും സംസ്ഥാനസർക്കാരും ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
കരിങ്കല്ലത്താണി മുതൽ താണാവ് വരെയുള്ള റോഡ് നവീകരിച്ച് പുനർനിർമിക്കാനായിരുന്നു കരാർ. ഇതിന് ചെലവാകുന്ന തുക ടോളിലൂടെ പിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ അനുവാദം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു കേരള സർക്കാർ പറഞ്ഞ മുണ്ടൂർ പൊരിയാനിയിൽ ടോൾ ബൂത്ത് സ്ഥാപിക്കാനായി റോഡ് കോൺക്രീറ്റ് ചെയ്തതും നിർമാണ പ്രവർത്തനങ്ങളുമായി ദേശീയപാത അഥോറിറ്റി മുന്നോട്ടുപോയതും.
എന്നാൽ തൂതമുതൽ മുണ്ടൂർ വരെയുള്ള സംസ്ഥാനപാതയിലൂടെ പോകുന്ന യാത്രക്കാർ നാലു കിലോമീറ്റർ ദൂരം പോകുന്നതിന് ടോൾ കൊടുക്കണമെന്നതിനാൽ ചെർപ്പുളശേരി മുതലുള്ള പഞ്ചായത്തുകളും സാമൂഹിക സാംസ്കാരിക സംഘടനകളും വി.കെ. ശ്രീകണ്ഠൻ എംപി, എ. പ്രഭാകരൻ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും ശക്തമായ പ്രതിഷേധങ്ങളുയർത്തിയതിന്റെ ഫലമായി ടോൾ ബൂത്ത് നിർമാണം നിർത്തിവയ്ക്കുകയായിരുന്നു.
മുണ്ടൂരിനും കല്ലടിക്കോടിനുമിടയിൽ മറ്റൊരു സ്ഥലം അനുവദിക്കാമെന്ന് സംസ്ഥാനസർക്കാർ ഉറപ്പും നൽകിയിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോൾ മൈലംപുള്ളിയിൽ ടോൾ നിർമിക്കാൻ ഒരുങ്ങുന്നത്. വീതികുറഞ്ഞ ഭാഗത്ത് ടോൾ നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ജനങ്ങളുടെ കഷ്ടപ്പാടുകൾ കണ്ടില്ലെന്നു നടിക്കരുതെന്നും ടോൾ നിർമാണം നിർത്തിവെയ്ക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് എംപി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും കത്തയയ്ക്കുകയും നേരിൽ ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകുകയും ഉണ്ടായി. ടോളിന്റെ നിർമാണം നടക്കുന്ന ഭാഗത്ത് വീതിയില്ലാത്തതിനാൽ കാൽനടയാത്ര പോലും സാധ്യമല്ല.നാട്ടുകാരും വിവിധ സംഘടനാനേതാക്കളും നിയമനടപടികളും സമരമാർഗങ്ങളും സ്വീകരിക്കാനൊരുങ്ങുകയാണ്.
International
ഒട്ടാവ: ലോറൻസ് ബിഷ്ണോയ് സംഘം ഇന്ത്യൻ സർക്കാരിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ റിപ്പോർട്ട്. മൂന്നുപേജുള്ള റിപ്പോർട്ടിൽ ബിഷ്ണോയ് സംഘത്തിന് ഇന്ത്യൻ സർക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് ആറു തവണയാണ് പരാമർശിക്കുന്നത്.
ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ കാനഡയിലെ സ്വാധീനം വർധിക്കുന്നതിനെക്കുറിച്ചുള്ള രഹസ്യ നിരീക്ഷണ റിപ്പോർട്ടാണ് പുറത്തായത്. ഇന്ത്യയിലെ ജയിലിലിരുന്ന് ക്രിമിനൽ പ്രവർത്തനങ്ങൾ ലോറൻസ് ബിഷ്ണോയ് നിയന്ത്രിക്കുന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ സർക്കാരിനു വേണ്ടി പ്രവർത്തിക്കുന്ന ബിഷ്ണോയ് ഗ്രൂപ്പ് തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ആക്രമണം നടത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ലോറൻസ് ബിഷ്ണോയ് സംഘം കാനഡയിൽ അക്രമ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും ഇവരുടെ പ്രവർത്തനങ്ങൾ വ്യാപിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.
Movies
സിനിമാമേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ അതിനു തയാറാകാത്ത സാഹചര്യത്തിൽ സിനിമാ പണിമുടക്ക് പ്രഖ്യാപിച്ച് സിനിമാ സംഘടനകള്‍.
പണിമുടക്ക് ദിവസം മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സൂചന പണിമുടക്കിന് ശേഷവും സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയാറായില്ലെങ്കില്‍ ശക്തമായ തുടര്‍ച്ചയായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് സിനിമ സംഘടനകളുടെ തീരുമാനം.
താരസംഘടനയായ അമ്മയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 21ന് സിനിമ പ്രദര്‍ശനവും നിര്‍മാണവും അടക്കം എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിക്കുമെന്നാണ് സംഘടനകള്‍ അറിയിച്ചിട്ടുള്ളത്.
നിലവില്‍ രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ സേവന നികുതിയും വിനോദ നികുതിയും ഉള്‍പ്പെടെയുള്ള മറ്റ് നികുതികള്‍ അതില്‍ ലയിപ്പിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ കേരളത്തില്‍ വിനോദ നികുതി പിരിക്കാനുള്ള അവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.
18 ശതമാനം അല്ലെങ്കില്‍ 12 ശതമാനം ജിഎസ്ടി നല്‍കുന്നതിന് പുറമെയാണ് കോര്പറേഷന്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളില്‍ എട്ടര ശതമാനം മുതല്‍ പത്ത് ശതമാനം വരെ വിനോദ നികുതി അധികമായി നല്‍കേണ്ടി വരുന്നത്.
21ന് നടക്കുന്ന പണിമുടക്ക് സിനിമ മേഖലയെ ആകമാനം നിശ്ചലമാക്കും. അന്നേദിവസം തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശനം ഉണ്ടാകില്ല. ഷൂട്ടിംഗ്, ഡബ്ബിംഗ്, എഡിറ്റിംഗ് തുടങ്ങിയ നിര്‍മാണ അനുബന്ധ ജോലികളും പൂര്‍ണമായി നിര്‍ത്തിവയ്ക്കും.
ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, ഫിയോക് തുടങ്ങിയ സംഘടനകള്‍ ഒറ്റക്കെട്ടായാണ് സമരരംഗത്തുള്ളത്.
സിനിമ നയരൂപീകരണത്തിനും സ്ത്രീസുരക്ഷയ്ക്കുമായി സര്‍ക്കാര്‍ നടത്തിയ കോണ്‍ക്ലേവുകളില്‍ വ്യവസായം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ ചര്‍ച്ചയായില്ലെന്നും കോടികള്‍ മുടക്കുന്ന നിര്‍മാതാക്കളുടെയും തിയറ്റര്‍ ഉടമകളുടെയും അതിജീവനം സര്‍ക്കാരിന്റെ പരിഗണനാ വിഷയമല്ലെന്നും സംഘടനകള്‍ക്ക് ആക്ഷേപമുണ്ട്.
21ലെ സൂചന സമരത്തിന് ശേഷവും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് തിയറ്ററുകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കുന്നു.
District News
കോഴിക്കോട്: ഭരണകൂട ഫാസിസത്തിനെതിരേ അണിനിരക്കണമെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടസം നില്‍ക്കുന്നവര്‍ക്കെതിരേ പ്രതിരോധം തീര്‍ക്കണമെന്നും ജനശ്രീ സംസ്ഥാന ചെയര്മാന് എം.എം. ഹസന് പറഞ്ഞു.
ജനശ്രീ കോഴിക്കോട് ജില്ലാ ചെയര്‍മാനും കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവുമായ എന്‍. സുബ്രഹ്മണ്യനെ പോലീസ് അറസ്റ്റ് ചെയ്ത നടപടിക്കെതിരേ ജനശ്രീ കോഴിക്കോട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനശ്രീ സംസ്ഥാന സമിതി അംഗം സുനില്‍ കൊളക്കാട് അധ്യക്ഷത വഹിച്ചു. കെ.സി.അബു, കെ. നീലകണ്ഠന്, ബിജു കാവില്‍, യു.വി. ദിനേശ് മണി, മേരി കുര്യന്, ഇ.എം. ഗിരീഷ് കുമാര്‍, കെ.പി. ജീവാനന്ദ്, സെയ്ദ് കുറുന്തോടി എന്നിവര്‍ സംസാരിച്ച
National
ന്യൂഡൽഹി: കേരളത്തിലെ തീവ്രവോട്ടർപട്ടിക പരിഷ്ക്കരണം (എസ്ഐആർ) ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളും നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ബിഹാർ എസ്ഐആറും ഇതേ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ എസ്ഐആർ തന്നെ ഭരണഘടന വിരുദ്ധം എന്ന വാദമാണ് മുസ്ലിം ലീഗ്, കോൺഗ്രസ്, സിപിഎം, സിപിഐ ഉൾപ്പെടെയുള്ള പാർട്ടികൾ ഉന്നയിക്കുന്നത്.
സ്റ്റേ ആവശ്യം പ്രധാനമായി ഉന്നയിക്കാനാണ് സിപിഎം അടക്കം രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. നേരത്തെ ബിഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളിൽ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
Kerala
ന്യൂഡൽഹി: പിഎം ശ്രീ സംബന്ധിച്ച് കേരള സർക്കാർ സ്വീകരിച്ച നിലപാട് കേന്ദ്രവിദ്യാഭ്യാസമന്ത്രിയെ അറിയിച്ചതായി മന്ത്രി വി. ശിവൻകുട്ടി. രേഖാ മൂലമല്ല അറിയിച്ചത്. പിഎം ശ്രീ മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാൽ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ശിവൻകുട്ടി ഇക്കാര്യം അറിയിച്ചത്. പിഎം ശ്രീയിലെ സർക്കാർ നിലപാട് അറിയിച്ചശേഷം അനുകൂലമായോ പ്രതികൂലമായോ കേന്ദ്രമന്ത്രി മറുപടി നൽകിയിട്ടില്ല. സബ് കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷമേ കത്ത് നൽകൂ എന്നും ശിവൻകുട്ടി പറഞ്ഞു.
അതേസമയം ആർഎസ്എസ് ഗണഗീത വിവാദത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകിയതായും ശിവൻകുട്ടി പറഞ്ഞു. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാർത്ഥികൾ ട്രെയിനിനുള്ളിൽ ഗണഗീതം പാടിയതും അതിന്റെ വീഡിയോ ദക്ഷിണ മേഖല റെയിൽവേയുടെ ഔദ്യോഗിക പേജിൽ പങ്കുച്ചതും അത്യന്തം ഗൗരവമേറിയ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായ മതേതരത്വങ്ങളുടെ ലംഘനമാണിത്. സംഭവത്തിൽ അന്വേഷണം നടത്തി അച്ചടക്ക നടപടിയെടുക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷമായിരിക്കും ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതോടെ മുഖ്യമന്ത്രി മന്ത്രിസഭയെ കബളിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കരാർ ഒപ്പുവച്ചിരിക്കുന്നത് ഒക്ടോബർ 16നാണ്. പത്താം തീയതി മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും അമിത്ഷായെയും കണ്ടിരുന്നു.
കരാർ ഒപ്പിടാൻ എന്ത് സമ്മർദ്ദമാണ് മുഖ്യമന്ത്രിയുടെ മേൽ ഉണ്ടായത്? ഏത് തരം ബ്ലാക്ക്മെയിലിംഗാണ് നടന്നിരിക്കുന്നത്? എന്ത് ഗൂഢാലോചനയാണ് നടന്നതെന്ന് പുറത്ത് വരണം. മന്ത്രിസഭയിലോ എൽഡിഎഫിലോ ചർച്ച ചെയ്തില്ല.
സിപിഎം ദേശീയ സെക്രട്ടറി എം.എ.ബേബി പോലും ഇതറിഞ്ഞിട്ടില്ല. ആരും അറിയാതെ ഇത്ര രഹസ്യ സ്വഭാവത്തിൽ പിഎം ശ്രീയിൽ ഒപ്പുവയ്ക്കാനുള്ള ദുരൂഹത മറനീക്കി പുറത്ത് വരണമെന്നും വി.ഡി.സതീശൻ പറഞ്ഞു.
മന്ത്രിസഭാ യോഗത്തിൽ മന്ത്രി കെ.രാജൻ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടു. അപ്പോഴും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മിണ്ടാതിരുന്നു. എത്ര വലിയ കബളിപ്പിക്കലാണ് ഇവർ നടത്തിയത്. എന്തിനാണ് മന്ത്രിസഭ? മന്ത്രിമാർ രാജിവയ്ക്കുന്നതാണ് നല്ലതെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ദൈവത്തിന്റെ സ്വര്‍ണം മോഷ്ടിച്ച ലോകത്തിലെ ആദ്യ സര്‍ക്കാരാണ് പിണറായി വിജയന് സര്‍ക്കാരെന്ന് പി.കെ. കൃഷ്ണദാസ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കെതിരെ രാത്രി ഏഴോടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരഗേറ്റിലേക്ക് പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകരും നേതാക്കളും ഉപരോധ സമരം ആരംഭിച്ചു. സംസ്ഥാന നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു.
വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ രാത്രി വൈകിയും സമരഗേറ്റിന് മുന്നില്‍ തുടരുകയാണ്. ഉപരോധ സമരം ശനിയാഴ്ച രാവിലെ 11ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.
സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിന്റെ മുന്നില്‍ വരണമെന്നും രാജിവച്ച് പുറത്തുവന്ന് സര്‍ക്കാര്‍ ഉത്തരം പറയണമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. രാപ്പകല്‍ സമരത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, അനൂപ് ആന്റണി, എസ്. സുരേഷ് എന്നിവര്‍ പങ്കെടുത്തു. കനത്ത മഴ നനഞ്ഞ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും രാപകല്‍ സമരത്തിന്റെ ഭാഗമായി.
National
ചെന്നൈ: കരൂർ ദുരന്തത്തെ സംബന്ധിച്ച് വിശദീകരണവുമായി തമിഴ്നാട് സർക്കാർ. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് സർക്കാർ രംഗത്തെത്തിയത്.
റാലി നടത്താൻ നേതാക്കൾ ആദ്യം ആവശ്യപ്പെട്ട സ്ഥലത്ത് കുറച്ച് ആളുകൾക്ക് മാത്രമെ ഒത്തുകൂടാൻ കഴിയുകയുള്ളൂ. ഇവിടെ അനുമതി നിഷേധിച്ചതോടെ വേലുച്ചാമിപുരം നൽകുകയായിരുന്നു. ഇത് ടിവികെ നേതാക്കൾ സ്വീകരിച്ചെന്നും സർക്കാരിന്റെ മീഡിയാ സെക്രട്ടറി അമുത പറഞ്ഞു.
ദുരന്തത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. റാലിയിൽ പങ്കെടുക്കാൻ പതിനായിരം പേർ വരുമെന്നാണ് ടിവികെ അറിയിച്ചത്. മുൻ റാലികളുടെ അടിസ്ഥാനത്തിൽ ഇരുപതിനായിരം പേർ വരുമെന്ന് കണക്കാക്കി. അതനുസരിച്ച് പോലീസ് സുരക്ഷയും ഏർപ്പെടുത്തി.
സാധാരണയായി ഓരോ 50 പേർക്കും ഒരു പോലീസുകാരൻ എന്നതാണ് രീതി. എന്നാൽ കരൂരിൽ ഓരോ 20 പേർക്കും ഒരു പോലീസുകാരനെയാണ് വിന്യസിച്ചതെന്നും സർക്കാർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കും. സർക്കാർ ക്ഷണം സ്വീകരിച്ചെത്തുന്ന ഗവർണർ ഓണം വാരാഘോഷങ്ങൾക്ക് സമാപനംകുറിച്ച് നടത്തുന്ന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
തുടർന്ന് പ്രധാനവേദിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഒപ്പമിരുന്ന് ഗവർണറും കുടുംബവും ഘോഷയാത്ര കാണും. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ 2022 ലാണ് ഈ പതിവ് തെറ്റിയിരുന്നു. സർവകലാശാലാ വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറുമായി തുറന്ന ഏറ്റുമുട്ടൽ നടക്കുന്ന സമയമായിരുന്നു അത്.
അതേസമയം കഴിഞ്ഞ ഓഗസ്റ്റ് 15ന് ഗവർണർ വിശിഷ്ടാതിഥികൾക്കായി രാജ്ഭവനിൽ ഒരുക്കിയ അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല.