കൊച്ചി: ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന് ഉത്തരവ് ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ (പിഎസ്സി) ഹര്‍ജി.
ആസൂത്രണബോര്‍ഡിലെ ചീഫ് (ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷന്) തസ്തികയിലേക്കുള്ള നിയമനത്തിനുള്ള പട്ടികയിലെ ഒന്നും രണ്ടും റാങ്കുകാരുടെ വിവരങ്ങള്‍ തേടി ഉദ്യോഗാര്‍ഥിയായ ശ്യാം കൃഷ്ണന് നല്കിയ അപേക്ഷയിലെ ഉത്തരവിനെതിരേയാണു ഹര്‍ജി.
മൂന്നാം കക്ഷികളുടെ വ്യക്തിപരമായ വിവരങ്ങള്‍ അവര്‍ക്കു നോട്ടീസ് നല്‍കാതെയും അവരുടെ ഭാഗം കേള്‍ക്കാതെയും കൈമാറുന്നത് നിയമവിരുദ്ധമാണെന്നാണു വാദം. ഉദ്യോഗാര്‍ഥികളുടെ മാര്‍ക്ക് വിവരങ്ങളും അവര്‍ സമര്‍പ്പിച്ച പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും നല്‍കണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഹര്‍ജി ചൊവ്വാഴ്ച കോടതിയുടെ പരിഗണനയ്ക്കെത്തും.