District News
ചാത്തന്നൂര്‍: കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി കെഎസ്ആര്‍ടിസി 12ന് പുലര്‍ച്ചെ രണ്ട് മുതല്‍ സംസ്ഥാനത്തെ 13 പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കും. ഇതിന് പുറമെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് വിവിധ യൂണിറ്റുകളില്‍ നിന്ന് കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗതാഗത മന്ത്രിയുടെയും ദേവസ്വം മന്ത്രി കെ. മുരളീധരന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗങ്ങളിലെ തീരുമാനപ്രകാരമാണ് കെഎസ്ആര്‍ടിസി മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ ഇത്തവണ സര്‍വീസിനായി സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അധിക സര്‍വീസുകള്‍ക്കായി 62 ബസുകളാണ് ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍, ഇത്തവണ ഏകദേശം 100 ബസുകള്‍ അധികമായി ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി.
ബലിതര്‍പ്പണ കേന്ദ്രങ്ങളിലെ യാത്രാത്തിരക്ക് കൃത്യമായി നിരീക്ഷിച്ച് യഥാസമയം വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഓരോ കേന്ദ്രത്തിലും പ്രത്യേക സംഘത്തെയും ഓഫിസര്‍മാരെയും കെഎസ്ആര്‍ടിസി മുന്‍കൂട്ടി നിയോഗിച്ചിട്ടുണ്ട്.
തിരുവല്ലം, വര്‍ക്കല, ശംഖുമുഖം, വേളി, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം, ചേറ്റമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൊല്ലത്തെ തിരുമുല്ലവാരം, ആലുവ, തിരുനാവായ, തിരുനെല്ലി ക്ഷേത്രം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കാണ് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുക.
തിരക്ക് വര്‍ധിക്കുന്നതനുസരിച്ച് സര്‍വീസുകളുടെ എണ്ണം കൂട്ടാനും ആവശ്യമായ സ്ഥലങ്ങളിലേക്ക് ബസുകള്‍ പുനഃക്രമീകരിച്ച് അയക്കാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
District News
എട്ടു കണ്ടക്ടര്‍മാരുടെ കുറവ് നികത്തിയില്ല, പ്രിയദര്‍ശിനി സര്‍വീസുകള്‍ മുടങ്ങുന്നു, ഓഫീസ് പ്രവര്‍ത്തനങ്ങളും അവതാളത്തില്‍
ഇരിങ്ങാലക്കുട: ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു. എട്ടു കണ്ടക്ടര്‍മാരുടെ കുറവ് നികത്താന്‍ കഴിയാത്തതും ഓഫീസ് ജീവനക്കാരുടെ അഭാവവും മൂലം സര്‍വീസുകളെയും ദൈനംദിന ഭരണപ്രവര്ത്തനങ്ങളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. നേ രത്തെയുണ്ടായിരുന്ന രണ്ട് സ്റ്റേ ഷന് മാസ്റ്റര്‍മാരില്‍ ഒരാളെയും രണ്ടു താത്കാലിക ക്ലാര്‍ക്കുമാരെയും ഒഴിവാക്കിയിട്ട് ഒരു വര്‍ഷത്തിലേറെയായി.
എംപ്ലോയ്മെന്റ്് എക്സ്ചേഞ്ച് വഴി നിയമിച്ച താത്കാലിക ഡ്രൈവര്‍മാരെ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയിരുന്നെങ്കിലും പിന്നീട് ഇവരെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ എട്ടു കണ്ടക്ടര്‍മാരുടെ കുറവ് ഇതുവരെ പരിഹരിച്ചിട്ടില്ല. പകല്‍ സമയത്ത് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കുപോലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയാണ്.
നിലവിലുള്ള കണ്ടക്ടര്‍മാരില്‍ മൂന്നുപേരെ ഓഫീസ് ഡ്യൂട്ടിക്കായി നിയോഗിക്കേണ്ടിവരുന്നതിനാല് കണ്ണിക്കര വഴി ആലുവ, എറണാകുളം ജെട്ടി എന്നിവിടങ്ങളിലേക്കുള്ള പ്രിയദര്‍ശിനി സര്‍വീസുകള്‍ സ്ഥിരമായി ഒഴിവാക്കേണ്ട അവസ്ഥയാണെന്ന് ജീവനക്കാര്‍ പറയുന്നു. നൈറ്റ് ടിക്കറ്റ് ആന്‍ഡ് കാഷ് വിഭാഗത്തില്‍ നിലവില്‍ ഒരാളും ഒരു അസിസ്റ്റന്റും മാത്രമാണുള്ളത്. ഇവര്‍ മാറിമാറി തുടര്‍ച്ചയായി ഏഴു ദിവസവും ഡ്യൂട്ടിക്ക് ഹാജരാകേണ്ട സ്ഥിതിയിലാണ്.
ഓപ്പറേറ്റിംഗ്, ഓഫീസ്, ടിക്കറ്റ് കാഷ് വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ജീവനക്കാര്‍ വീതം ആവശ്യമായിരിക്കെ, പരിമിതമായ ജീവനക്കാരെ ഉപയോഗിച്ചാണു പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ജീവനക്കാരുമായി ബന്ധപ്പെട്ട മറ്റ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കും മാസങ്ങളായി ആളില്ല.
ഇതോടെ ജീവനക്കാരുടെ അറ്റന്‍ഡന്‍സ്, അക്കൗണ്ട്സ്, മറ്റ് ഓഫീസ് ജോലികള്‍ എന്നിവയ്ക്കൊപ്പം വര്‍ക്ക്ഷോപ്പുമായി ബന്ധപ്പെട്ട ഓഫീസ് പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
കെ സിഫ്റ്റ് ഡ്രൈവര്‍, കണ്ടക്ടര്‍ ജീവനക്കാരുടെയും ബദല്‍ കണ്ടക്ടര്‍, ഡ്രൈവര്‍ ജീവനക്കാരുടെയും സ്ഥിരം ജീവനക്കാരുടെയും ഹാജര്‍ കൃത്യമായി രേഖപ്പെടുത്തി നല്‍കേണ്ടത് ശമ്പളം യഥാസമയം ലഭിക്കുന്നതിന് അനിവാര്യമാണ്. എന്നാല്‍ ഇതിന്വശ്യമായ അഡ്മിനിസ്ട്രേഷന് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിലവില്‍ നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരന് 24 മണിക്കൂര്‍വരെ തുടര്‍ച്ചയായി ജോലിചെയ്യേണ്ട സാഹചര്യമാണുള്ളത്.
ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓഫീസുതലത്തില്‍ നിരന്തരം അറിയിച്ചിട്ടും ഇതുവരെ കാര്യമായ നടപടിയുണ്ടായിട്ടില്ലെന്നാണു ജീവനക്കാരുടെ പരാതി. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് സര്‍വീസുകള്‍ മുടങ്ങാതെയും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും നടത്താനുള്ള സാഹചര്യം അടിയന്തിരമായി ഒരുക്കണമെന്നാണ് ആവശ്യം.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മന്ത്രിസഭായോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയദർശിനി എന്ന പേരിലാകും സൗജന്യ യാത്ര നടപ്പിലാക്കുക. ആദ്യഘട്ടം എന്ന നിലയിലാണ് ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കുക. ഇതുവഴി കെഎസ്ആർടിസിക്കുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാസം 125 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസിക്ക് പ്രതിമാസം സർക്കാർ നൽകുന്നത്. ഇനി 25 കോടി രൂപ കൂടി അധികമായി നൽകും. സാന്പത്തികനില മെച്ചപ്പെട്ട ശേഷം രണ്ടാം ഘട്ടം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാലുണ്ടാകുന്ന വരുമാന നഷ്ടം സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോർട്ട് കൈമാറി. ഗതാഗത സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്.
ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടി നഷ്ടം ഉണ്ടാകും. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയും ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടിയും നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടി രൂപ നഷ്ടം വരും.
District News
ആലപ്പുഴ: രാത്രി ഏഴു കഴിഞ്ഞാല്‍ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ കട്ടപ്പുറത്ത്. ജില്ലയിലെ ഒട്ടുമിക്ക കെഎസ്ആര്‍ടിസി ഡിപ്പോകളിലെയും അവസ്ഥയാണിത്. രാത്രി ഏഴുകഴിഞ്ഞാൽ ആലപ്പുഴയില്‍നിന്നു തുടങ്ങുന്ന ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ വിരലിലെണ്ണാവുന്നവ. പിന്നെ ആശ്രയം വല്ലപ്പോഴുമെത്തുന്ന ദീര്‍ഘദൂര സര്‍വീസുകളായ സൂപ്പര്‍ഫാസ്റ്റുകളാണ്.
ധാരാളം ബസുകള്‍ സ്റ്റാന്‍ഡില്‍ കിടക്കുമ്പോഴും ബസിനായി കാത്തുനിന്ന് ഒടുവില്‍ യാത്രക്കാരും അധികൃതരുമായി സംഘര്‍ഷമുണ്ടാകുന്ന കാഴ്ചയും പതിവാകുകയാണ്. ദീര്‍ഘദൂര ബസുകൾ കുറവുള്ള ഞായറാഴ്ചകളില്‍ മിക്കവാറും ഇത്തരം സംഘര്‍ഷങ്ങള്‍ പതിവാണ്.
ഇതിനിടയില്‍ ഭക്ഷണം കഴിക്കാനെന്നപേരില് വഴിയില്‍ കിടക്കേണ്ടിവരുന്ന അവസ്ഥയും സ്ഥിരം കാഴ്ചയാണ്.
സാധാരണ സ്റ്റോപ്പുകളിലിറങ്ങേണ്ട യാത്രക്കാര്‍ക്ക് ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. രാത്രി ഏഴു കഴിഞ്ഞാല്‍ മണിക്കുറുകള്‍ കാത്തുനിന്നാലാണ് പലപ്പോഴും ഒരു സൂപ്പര്ഫാസ്റ്റെത്തുന്നത്. ഇത് രാത്രി 10നുശേഷമേ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ നിര്‍ത്തൂ എന്ന് കണ്ടക്ടര്‍മാര്‍ വാശിപിടിക്കും. ലോക്കല്‍ സ്റ്റോപ്പുകളിലിറങ്ങേണ്ടവര് സൂപ്പര്‍ഫാസ്റ്റ് നിര്‍ത്തുന്ന സ്റ്റോപ്പുകളിലിറങ്ങി, കാല്‍നടയായോ ഓട്ടോറിക്ഷ വിളിച്ചോ വീടുകളിലെത്തേണ്ട അവസ്ഥ.
രാത്രി എട്ടിനുശേഷം സര്‍വീസുകള്‍ പിന്നെയും കുറയും. ആലപ്പുഴയില്നിന്നാണെങ്കില് 9.10ന് ചങ്ങനാശേരിയിലേക്കുള്ള ലാസ്റ്റ് ബസ് പോയിക്കഴിഞ്ഞാല്‍ കുട്ടനാട്ടിലേക്കു പോകുന്നവര്‍ക്ക് പെരുവഴി തന്നെ ശരണം. ഒമ്പതിനു ചേര്‍ത്തലയിലേക്കുള്ള ഓര്‍ഡിനറി ബസും 9.45ന് മൂന്നാറിലേക്കുള്ള ഫാസ്റ്റ് പാസഞ്ചറുമാണ് ദേശീയപാതയില്‍ ആലപ്പുഴ- ചേര്‍ത്തല റൂട്ടിലുള്ളവര്ക്കുള്ള ഏക ആശ്രയം. പിന്നീടെത്തുന്നത് സൂപ്പര്‍ഫാസ്റ്റുകളാണ്. അതും ഞായറായഴ്ചയും അവധി ദിവസങ്ങളിലും തീരെക്കുറവും. അതിനാല്‍ മണിക്കൂറുകള്‍ കാത്തുനിന്നാലാണ് ഒരു സൂപ്പര്ഫാസ്റ്റെത്തുന്നത്.
ആലപ്പുഴയില്‍നിന്ന് ചേര്ത്തലയിലെത്തേണ്ട യാത്രക്കാരുടെ ദുരിതമാണ് വലുത്. ആലപ്പുഴയിലും ചേര്‍ത്തലയിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്ത് നല്ല ഹോട്ടലുകളുണ്ടെങ്കിലും ചേര്‍ത്തലയില്‍നിന്ന് കിലോമീറ്ററുകള്‍ മാറിയുള്ള 11-ാം മൈലിലെ ഹോട്ടലിലാണ് ഭക്ഷണം കഴിക്കാനായി സൂപ്പര്‍ഫാസ്റ്റുകള്‍ നിര്‍ത്തുന്നത്. ഇതിനാല്‍ ആലപ്പുഴയില്‍നിന്ന് ചേര്ത്തയിലേക്കുള്ള യാത്രക്കാരും ചേര്‍ത്തലയില്‍നിന്ന് ആലപ്പുഴയ്ക്കു പോകേണ്ടവരും അനുഭവിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാനാവാത്തതാണ്.
ബസ് രണ്ടു ബസ്റ്റാന്ഡുകള്ക്കിടയിലെ ഈ ഹോട്ടലില്‍ കയറ്റി ഡ്രൈവറും കണ്ടക്ടറും ഭക്ഷണം കഴിച്ചിറങ്ങാന്‍ അരമണിക്കൂറിലധികമാണെടുക്കുന്നത്. കേവലം അരമണിക്കൂറുകൊണ്ടെത്തേണ്ട സ്ഥാനത്ത് ഇരട്ടിയിലധികം സമയമെടുത്താണ് ഇരു ബസ് സ്റ്റാന്‍ഡുകളിലേക്കും ഇതുമൂലം യാത്രക്കാര്ക്കെത്താനാവുന്നത്.
ഭക്ഷണം കഴിക്കാന്‍ ചില മാനദണ്ഡങ്ങള്‍ നോക്കി കെഎസ്ആര്‍ടിസി അനുമതി കൊടുത്തിരിക്കുന്നത് ഈ ഹോട്ടലിനാണെന്നാണ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പറയുന്നത്. ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി കാന്റീനുണ്ടെങ്കിലും അവിടെനിന്നു ഭക്ഷണം കഴിക്കാതെ യാത്രയ്ക്കിടെ ഭക്ഷണത്തിനായി നിര്‍ത്തുന്നതിനാല്‍ പെട്ടുപോകുന്ന അവസ്ഥയിലാണ് യാത്രക്കാര്‍.
ചേര്‍ത്തലവഴി പോകുന്ന പല സൂപ്പര്‍ഫാസ്റ്റുകളും സ്റ്റാന്‍ഡില്‍ കയറാതെ ബൈപ്പാസ് വഴി തിരിഞ്ഞുപോകുകയാണ്. ഇതുമൂലം വഴിയില്‍ ഭക്ഷണം കഴിക്കാനായി അരമണിക്കൂറിലധികം കളഞ്ഞ യാത്രക്കാര്‍ എക്സ് റേ ജംഗ്ഷനിലിറങ്ങി ഓട്ടോ വിളിച്ച് സ്റ്റാന്‍ഡിലെത്തേണ്ട സ്ഥിതിയാണ്. സമയം വൈകിയാല്‍ ഓട്ടോ പോലും കിട്ടില്ല. പിന്നെ കാൽനട തന്നെ ശരണം.
കൊറോണയ്ക്കു മുമ്പ് രാത്രി 10 വരെ ഓര്‍ഡിനി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളുണ്ടായിരുന്നു. കൊറോണയോടെ നിര്‍ത്തിയ ഈ സര്‍വീസുകള്‍ പിന്നീട് പുനരാരംഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്കുന്ന മറുപടി. കൊറോണക്കാലം കഴിഞ്ഞിട്ട് കാലം കുറെയായെങ്കിലും കെഎസ്ആര്‍ടിസിയെ ഇപ്പോഴും കൊറോണ വിട്ടൊഴിഞ്ഞിട്ടില്ല.
Kerala
മാവേലിക്കര: കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. ബസ് കടകളിലേക്ക് ഇടിച്ചു കയറി. ചെന്നിത്തല മുപ്പത്തഞ്ചില് സി. പ്രദീപ്(49) ആണ് മരിച്ചത്.
ഹരിപ്പാട് - പത്തനംതിട്ട സംസ്ഥാന പാതയില്‍ മാവേലിക്കര നടയ്ക്കാവില്‍ ഇന്ന് രാവിലെ 8.22 നായിരുന്നു സംഭവം. ബസ് ഓടിച്ചുകൊണ്ടിരിക്കെ പ്രദീപ് ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ബസ് നിയന്ത്രം വിട്ടു പോകുന്നത് ശ്രദ്ധയില്‍പെട്ട യാത്രികരില്‍ ഒരാളാണ് സ്റ്റിയറിംഗ് തിരിച്ച് കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചുകയറ്റി നിര്‍ത്തിയത്.
പ്രദീപിനെ ഉടന്‍ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബസില്‍ 20 ഓളം യാത്രികര്‍ ഉണ്ടായിരുന്നു.
പത്തനംതിട്ട-ഹരിപ്പാട് ചെയിന്‍ സര്‍വീസ് നടത്തുന്ന മാവേലിക്കര ഡിപ്പോയുടെ ആര്‍ഇഎ 885 വാഹനമാണ് അപകത്തില്‍പെട്ടത്. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു. യാത്രികരിലാര്‍ക്കും തന്നെ സാരമായ പരിക്കുകളില്ലെന്നാണ് പ്രഥമിക വിവരം.
പ്രദീപിന് മുന്‍പ് ഹൃദയാഘാതം ഉണ്ടായിട്ടുള്ളതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. മാവേലിക്കര നടയ്ക്കാവ് തോപ്പില്‍ ഒപ്റ്റിക്കല്‍സ്, ഫോര്‍ ഐസ്, കാനറാ ബാങ്ക് എന്നിവ പ്രവര്‍ത്തിക്കുന്ന കടകളുടെ മുന്നിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥാപനങ്ങളുടെ ബോര്‍ഡുകളും മതിലും തകര്‍ന്നിട്ടുണ്ട്.
Kerala
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകളെയോ സർവീസിനിടയിൽ തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിക്കുകയോ ചെയ്താൽ ഇനി യാതൊരു കാരണവശാലും ഒത്തുതീർപ്പില്ല.
ഇത് അഞ്ചുവർഷം വരെ തടവും പിഴയും കിട്ടാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പെടുന്നതാണെന്ന് കെഎസ്ആർടിസി. അക്രമികൾക്കെതിരേ പിഡിപിപി ആക്ട് ചുമത്തി പോലീസിനക്കൊണ്ട് കേസെടുപ്പിക്കണമെന്ന് സിഎംഡി യൂണിറ്റുകളിലേക്ക് അയച്ച പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ബസിനു കല്ലെറിയുക, ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിക്കുക, സർവീസ് റദ്ദാക്കേണ്ടിവരുന്ന സാഹചര്യമുണ്ടാക്കുക തുടങ്ങിയ സംഭവങ്ങൾ വർധിച്ചുവരികയാണ്. പൊതുജീവനക്കാരന്റെ ജോലിക്ക് തടസം സൃഷ്ടിക്കുക ഗൗരവമായ കുറ്റകൃത്യമാണ്. ഐപിസി 332, 353, 392, 294 (b) തുടങ്ങിയ വകുപ്പുകൾ പ്രകാരം ചുമത്തുന്ന നോൺ കോമ്പൗണ്ടബിൾ ഒഫൻസ് ഗണത്തിൽപ്പെടുന്ന കുറ്റങ്ങൾ അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതും ഒത്തുതീർപ്പാക്കാൻ കഴിയാത്തതുമാണെന്ന് മാനേജ്മെന്റ് യൂണിറ്റ് ഓഫീസർമാർക്കു മുന്നറിയിപ്പ് നല്കി.
ഇത്തരം സംഭവങ്ങളിൽ കേസിനെ നിസാരവത്കരിച്ചുകൊണ്ട് ബസിനുണ്ടാകുന്ന കേടുപാടുകളുടെ നഷ്ടം മാത്രം നൽകി ഒത്തുതീർപ്പിനു ശ്രമിക്കുകയും കേസ് അവസാനിപ്പിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നതു പതിവാണ്. ഇത് പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നല്‍കുന്നതും നിയമവ്യവസ്ഥയെ ചോദ്യംചെയ്യുന്നതുമാണെന്നും സിഎംഡി പ്രമോജ് ശങ്കർ യൂണിറ്റ് ഓഫീസർമാർക്കയച്ച സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
ഇനി ഇത്തരം സംഭവങ്ങളുണ്ടായാൽ ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്ത് കേസ് ചാർജ് ചെയ്യിപ്പിക്കണമെന്ന നിർദേശമാണ് യൂണിറ്റ് ഓഫീസർമാർക്ക് നല്‍കിയിരിക്കുന്നത്.
Kerala
എടത്വ: കെഎസ്ആർടിസി ഡിപ്പോയിൽ തെരുവുനായയുടെ ആക്രമണത്തിൽ യാത്രക്കാരനു പരിക്ക്. എടത്വാ സ്വദേശിയായ തോട്ടുമാലിച്ചിറ വീട്ടിൽ ടി.കെ. നടരാജനാണ് കാലിൽ കടിയേറ്റത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിലേക്കു പോകാൻ ബസിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ നടരാജനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു ചികിത്സനൽകി.
അതേസമയം, ബസ് ഡിപ്പോ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമായത് യാത്രക്കാരെ വലയ്ക്കുന്നതായാണ് പരാതി. ഇതു നിയന്ത്രിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Kerala
ചാത്തന്നൂർ: സർക്കാർ ഉടമസ്ഥതയിലുള്ള കെ-സ്വിഫ്റ്റ് വനിത ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിക്കുന്നു. തിരുവനന്തപുരം ജില്ലാ പരിധിയിൽ സർവീസ് നടത്തുന്ന ബസുകളിലേക്കാണ് നിയമനം. കരാറടിസ്ഥാനത്തിൽ ദിവസ വേതനമാണ്.
രാവിലെ അഞ്ചു മുതൽ രാത്രി പത്തു വരെ ബസ് ഓടിക്കേണ്ടിവരും. അടിസ്ഥാന യോഗ്യത പത്താം ക്ലാസ് വിദ്യാഭ്യാസവും 20 വയസുമാണ്. ജോലി ചെയ്യാൻ പറ്റിയ ആരോഗ്യ ശേഷി ഉണ്ടായിരിക്കണം. ലൈറ്റ് വെഹിക്കൽ ലൈസൻസുള്ളവരെ 30 വയസു വരെ പരിഗണിക്കും.
ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസുണ്ടെങ്കിൽ 45 വയസുകാർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും കണ്ടക്ടർ ലൈസൻസ് വൈകാതെ നേടിയിരിക്കണം. അപേക്ഷ 21 വരെ ഓൺലൈനായി നൽകാം.
Kerala
തിരുവനന്തപുരം: മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്വിൽ അംബാസിഡറാകും. ഇതിന് പ്രതിഫലമുണ്ടാകില്ലെന്നും താരം സമ്മതം അറിയിച്ചതായും മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.
ഗുഡ്വിൽ അംബാസിഡർ സ്ഥാനത്ത് മോഹൻലാൽ എത്തുന്നതോടെ അദ്ദേഹത്തെ വെച്ച് കെഎസ്ആർടിസിയുടെ പരസ്യം എടുക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസി റീബ്രാൻഡിംഗിന്റെ ഭാഗമായി 2025 ൽ സംഘടിപ്പിച്ച പരിപാടിയിൽ മോഹൻലാൽ പങ്കെടുത്തിരുന്നു.
ഓർമ എക്സ്പ്രസ് എന്ന പേരിൽ ഒരുക്കിയ ബസിൽ അദ്ദേഹം യാത്ര ചെയ്യുകയും ചെയ്തിരുന്നു. പുതിയ ബസുകൾ എത്തിയതിന് പിന്നാലെ കെഎസ്ആർടിസി സംഘടിപ്പിച്ച ട്രാൻസ്പോ 2025 ലും നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.
കെഎസ്ആർടിസിയുടെ ചരിത്ര വരുമാന നേട്ടം കൂട്ടായ സഹകരണ പ്രവർത്തനത്തിന്റെ വിജയമാണ്. എന്നന്നേക്കുമായി അടച്ചുപൂട്ടലിലേക്ക് പോയ കെഎസ്ആർടിസിയെ ഇടതു മുന്നണി സർക്കാർ തിരിച്ചു കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: ചേർത്തല കെഎസ് ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ബേക്കറിയിൽ പാചകവാതക സിലണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം.
ഇന്ന് രാവിലെ 10.30ഓടെ ഫൈവ്സ്റ്റാർ ബേക്കറിയിലാണ് സംഭവം. അപകടത്തിൽ ബേക്കറിയിലെ സാധനങ്ങൾ കത്തി നശിച്ചു. ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്.
Kerala
തിരുവനന്തപുരം: രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ലെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് പുറത്താക്കി. വെള്ളിയാഴ്ച രാത്രിയിൽ തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിലെ കണ്ടക്ടർക്കെതിരെ പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികളാണ് പരാതി നൽകിയത്.
അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള പൊങ്ങം എന്ന സ്ഥലത്താണ് വിദ്യാർഥിനികൾ ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഇവരെ ഈ സ്റ്റോപ്പിൽ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു. മാനുഷിക പരിഗണന കണക്കിലെടുത്ത് പൊങ്ങത്തു ബസ് നിർത്തി നൽകണമെന്ന് മറ്റ് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ സമ്മതിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് യാത്രക്കാർ കൊരട്ടി പോലീസിൽ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂരിൽ എത്തിയപ്പോൾ ബസ് നിർത്താമെന്ന് കണ്ടക്ടർ അറിയിച്ചു. എന്നാൽ ഇവിടെ ഇറങ്ങിയാൽ തിരികെ പോകാൻ വഴി പരിചയമില്ലെന്ന് ഇവർ അറിയിച്ചു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു.
സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചത്.
Kerala
ഇരിട്ടി: കെഎസ്ആർടിസി ബസ് വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു കാറിൽ സഞ്ചരിച്ച യാത്രക്കാർ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി ആശുപത്രിയിൽ ചികിത്സ തേടിയതോടെ യാത്രക്കാർ പെരുവഴിയിൽ. ഇരിട്ടിയിലാണ് സംഭവം. ഇന്നലെ രാത്രി ഏഴോടെ കാസർഗോഡുനിന്നു കണ്ണൂർ-ഇരിട്ടി വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ മാനന്തവാടി സ്വദേശി പി.ജെ. ബാബുവിനെയാണ് കാറിൽ പിന്തുടർന്നെത്തിയവർ ഇരിട്ടി ടൗണിൽ മർദിച്ചത്.
പയഞ്ചേരി മുക്കിനു സമീപത്തു വച്ച് ബസ് കാറിൽ ഇടിക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ചായിരുന്നു മർദനം. ഡ്രൈവറെ മർദിച്ചതോടെ ബസ് ഇരിട്ടിയിൽ യാത്ര അവസാനിപ്പിച്ചു. തുടർന്ന് ഡ്രൈവർ ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ഇരിട്ടി ബസ് സ്റ്റാൻഡിനു സമീപം കാർ മുന്നിലിട്ട് തടയാൻ ശ്രമിച്ചെന്നും മാറ്റാൻ പറഞ്ഞപ്പോൾ കാറിലുണ്ടായിരുന്നവർ ചീത്ത വിളിച്ചെത്തും ബസ് സ്റ്റാൻഡിലെത്തിയപ്പോൾ പിന്നാലെയെത്തി ചീത്തവിളിച്ചു മർദിച്ചെന്നുമാണ് ഡ്രൈവർ ബാബു പറയുന്നത്. ഡ്രൈവർ കൈയേറ്റം ചെയ്തെന്നു കാണിച്ചു കാറിൽ ഉണ്ടായിരുന്നവരും പോലീസിൽ പരാതി നൽകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. രണ്ടു കൂട്ടരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി കണ്ടക്ടറും ഡ്രൈവറും. കുളത്തൂപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ബസിൽ കയറിയ പിരപ്പൻകോട് സ്വദേശിനി അനന്തലക്ഷ്മിയാണ് (23) കുഴഞ്ഞുവീണത്.
യുവതിയും അമ്മയും തുടർചികിത്സയ്ക്കായി ആയുർവേദ കോളജിലേക്ക് പോകുകയായിരുന്നു. മണ്ണന്തല ഭാഗത്തുവച്ച് കുഴഞ്ഞുവീണ യുവതിയെ കണ്ടക്ടർ ഫൈസലും ഡ്രൈവർ മുകുന്ദനുണ്ണിയും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
മറ്റു വാഹനങ്ങളോ ആംബുലൻസ് സൗകര്യമോ ലഭ്യമല്ലാത്തതിനാൽ യാത്രക്കാരെ സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടശേഷം യുവതിയെ ബസിൽത്തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം യുവതി ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു.
Kerala
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകളിൽ ഭിന്ന ശേഷിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഉറപ്പാക്കണം. ഉത്തരവാദിത്വം കണ്ടക്ടർമാർക്കാണ്. അത് കർശനമായി പാലിക്കണമെന്ന് ഉത്തരവിറങ്ങി.
കെഎസ്ആർടിസിയുടെ ഓർഡിനറി, സിറ്റി സർവീസ്, ഫാസ്റ്റ് പാസഞ്ചറുകൾ എന്നീ ബസുകളിൽ ഭിന്നശേഷിക്കാർക്കുള്ള സീറ്റുകൾ എഴുതിവയ്ക്കണം. ഭിന്നശേഷിക്കാർ കയറിയാൽ അവർക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റ് ഉറപ്പാക്കണം.
ലോ ഫ്ലോർ ബസുകളിൽ ഇതുവരെ സംവരണ സീറ്റുകൾ എഴുതിവയ്ക്കുകയോ സീറ്റുകൾ സംവരണം ചെയ്യുകയോ ഉണ്ടായിട്ടില്ല. ഇനി ലോ ഫ്ലോർ ബസുകളിലും ഭിന്നശേഷിക്കാർക്കുള്ള സീറ്റുകൾ സംവരണം ചെയ്യുകയും അത് എഴുതിവയ്ക്കുകയും വേണം.
District News
മലപ്പുറം : മലപ്പുറം കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾക്ക് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. ഉബൈദുള്ള എംഎൽഎ അറിയിച്ചു. നാലു നിലകളിലെയും സിവിൽ ആൻഡ് ഇലക്ട്രിക്കൽ പ്രവൃത്തികൾ, ഫയർ ആൻഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ, സ്വീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ്,
ചുറ്റുമതിൽ എന്നിവയാണ് രണ്ടാംഘട്ടത്തിൽ പൂർത്തീകരിക്കുന്നത്. നിയമസഭയിൽ എംഎൽഎയുടെ ഇടപെടലുകളുടെ ഫലമായി 2024-25 വർഷത്തെ ബജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. സാങ്കേതിക അനുമതി ലഭ്യമാക്കി രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
District News
ഫോർട്ടുകൊച്ചി: ഏതാനും വര്‍ഷം മുമ്പ് ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആർടിസിയുടെ ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. കെഎസ്ആർടിസിയുടെ എസി ലോഫ്ളോര്‍ ബസാണ് സര്‍വീസ് നടത്തിയിരുന്നത്.
ഇത് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും ആലുവ ഉള്‍പെടെ നഗരത്തില്‍ പോകുന്നവര്‍ക്കും ഏറെ പ്രയോജന പ്രദമായിരുന്നു. എന്നാല്‍ ഈ സര്‍വീസ് മുന്നറിയിപ്പില്ലാതെ അധികൃതര്‍ നിര്‍ത്തലാക്കുകയായിരുന്നു. ഈ ബസുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റിയതായാണ് വിവരം.
ഈ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൊച്ചി സൗത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഹൈബി ഈഡന് എംപി മുഖേന ഡിവിഷണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്കി.
Kerala
അതിരപ്പള്ളി: കെഎസ്ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം. ഇന്നലെ രാത്രി മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസി ബസിന് നേരെയാണ് കബാലി പരാക്രമം കാണിച്ചത്. അതിരപ്പള്ളി: കെഎസ്ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം. ഇന്നലെ രാത്രി മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസി ബസിന് നേരെയാണ് കബാലി പരാക്രമം കാണിച്ചത്.
ആനയുടെ ആക്രമണത്തിൽ ബസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ യാത്രക്കാർക്ക് പരിക്കില്ല. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ആനയെ റോഡിൽനിന്ന് നീക്കി.
തുടർച്ചയായ മൂന്നാം ദിവസമാണ് അതിരപ്പള്ളിയിൽ കബാലിയുടെ പരാക്രമം ഉണ്ടാവുന്നത്. ആനയുടെ ആക്രമണം രൂക്ഷമായതോടെ വനംവകുപ്പ് ഇടപെടൽ കർശനമാക്കണമെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
Kerala
കൊല്ലം: കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ ഗതാഗത വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ.
നടപടി നേരിട്ട ഡ്രൈവർക്കു പിന്നിൽ യുഡിഎഫ് ആണെന്നും ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ പണം നൽകിയത് യുഡിഎഫ് യൂണിയനാണെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്ആർടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം. കെഎസ്ആര്‍ടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പരിഹസിച്ചു.
ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു. എന്നാൽ, വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും ഗണേഷ്കുമാര് പറഞ്ഞു.
സ്ഥലംമാറ്റം ചോദ്യം ചെയ്തു കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയ്മോന് ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. വെള്ളക്കുപ്പി ബസില്‍ സൂക്ഷിച്ചതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് ഉചിതമാണോയെന്നും ജീവനക്കാരുടെ തൊഴില്‍ സംസ്കാരമാണു മാറേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സ്ഥലം മാറ്റുന്നതില്‍ തെറ്റില്ല. എന്നാല്‍, മതിയായ കാരണം വേണം. ഹര്ജിക്കാരന് ബസില്‍ സൂക്ഷിച്ചതു മദ്യക്കുപ്പിയല്ലല്ലോ. ഇത്തരം കാര്യങ്ങളല്ല, ജീവനക്കാരുടെ തൊഴില്‍സംസ്കാരം മാറ്റുന്നതിനുള്ള നടപടികളാണു സ്വീകരിക്കേണ്ടതെന്നും ജസ്റ്റീസ് എന്‍. നഗരേഷ് പറഞ്ഞു.
ബസിന്റെ മുന്‍വശത്തെ ചില്ലിനോടു ചേര്‍ന്ന് രണ്ട് കുടിവെള്ളക്കുപ്പികള്‍ വച്ചിരിക്കുന്നതു യാത്രയ്ക്കിടെ നേരിട്ടു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഗതാഗത മന്ത്രി ഇടപെട്ട് നടപടിയെടുത്തത്.
Kerala
കോട്ടയം: കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ ജോസ് (68) ആണ് മരിച്ചത്.
കാസർഗോഡ് സുള്ള്യയിൽ നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോവുകയായിരുന്ന ബസിലാണ് യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ബസ് കോട്ടയം സ്റ്റാന്‍ഡിൽ എത്തിയപ്പോഴാണ് ജോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകും. പോസ്റ്റ്മോര്ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.