പ്രതീകാത്മക ചിത്രം
തവനൂര്: സെന്ട്രല് പ്രിസണ് ആന്ഡ് കറക്ഷണല് ഹോമിന് സമീപത്തെ തവനൂര് റോഡ് ജംഗ്ഷനില് കെഎസ്ആര്ടിസി ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം. ജയിലിന് സമീപത്തായി സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലുള്ള സര്ക്കാര് വൃദ്ധ മന്ദിരം, മഹിളാ മന്ദിരം, ചില്ഡ്രന്സ് ഹോം, പ്രതീക്ഷാ ഭവന്, എന്ട്രി ഹോം ഫോര് ഗേള്സ് തുടങ്ങിയ സ്ഥാപനങ്ങളുമുണ്ട്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരും ജയില് അന്തേവാസികളുടെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര് ദിവസേന തവനൂര് റോഡ് ജംഗ്ഷനിലൂടെയാണ് യാത്ര ചെയ്യുന്നത്.
തൃശൂര്-കുന്നംകുളം സ്റ്റേറ്റ് ഹൈവേ 69ല് കുറ്റിപ്പുറം ബസ് സ്റ്റാന്ഡിനും കുറ്റിപ്പുറം എംഇഎസ് കോളജ് സ്റ്റോപ്പായ നടക്കാവിനും ഇടയിലുള്ള തവനൂര് റോഡ് ജംഗ്ഷനില് നിലവില് കെഎസ്ആര്ടിസി ബസുകള്ക്ക് സ്റ്റോപ്പില്ലാത്തത് ജീവനക്കാര്ക്കും പൊതുജനങ്ങള്ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ജയില് അഡൈ്വസറി സമിതി അംഗം പി. രാജീവ് ചൂണ്ടിക്കാട്ടി.
തവനൂര് ജയിലില്നിന്ന് വിവിധ കോടതികളിലേക്കും കോഴിക്കോട്, തൃശൂര് മെഡിക്കല് കോളജുകള് ഉള്പ്പെടെയുള്ള ആശുപത്രികളിലേക്കും തടവുകാരെ പോലീസ് എസ്കോര്ട്ടില് കൊണ്ടുപോകേണ്ട സാഹചര്യവുമുണ്ട്. അതിനാല് തവനൂര് റോഡ് ജംഗ്ഷനില് ബസ് സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.