ചങ്ങനാശേരി: കെഎസ്ആര്ടിസി ഡിപ്പോയില്നിന്ന് വാഴപ്പള്ളി കുറ്റിശേരിക്കടവിലേക്ക് നടത്തിയിരുന്ന ബസ് നിര്ത്തലാക്കിയിട്ട് മാസങ്ങള് പിന്നിടുന്നു. ഒരു കാലത്ത് ഈ റൂട്ടില് നിരവധി സര്വീസുകളുണ്ടായിരുന്നു. രാവിലെ 6.15, 7.00, 8.00, 8.45, 9.45, ഉച്ചയ്ക്ക് 1.00, വൈകിട്ട് 4.30, 5.30, 6.15 എന്നിങ്ങനെ വിവിധ സമയങ്ങളില് സര്വീസുകള് ലഭ്യമായിരുന്നത് ഈ പ്രദേശത്തെ സാധാരണക്കാരുടെ യാത്രയ്ക്ക് വലിയ ആശ്വാസമായിരുന്നു.
വാഴപ്പള്ളി കുറ്റിശേരിക്കടവ് ഭാഗത്തുനിന്ന് പെരുന്ന പൂവംപള്ളി മേഖലയിലേക്കും സര്വീസുകള് ഉണ്ടായിരുന്നെങ്കിലും അവയും ക്രമേണ ഇല്ലാതായതോടെ ജനങ്ങള് വലിയ യാത്രാദുരിതമാണ് അനുഭവിക്കുന്നത്. വിദ്യാര്ഥികള്, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്, സ്ത്രീകള്, വയോജനങ്ങള് തുടങ്ങി പൊതുഗതാഗതത്തെ ആശ്രയിക്കുന്ന നിരവധിപ്പേര് ദുരിതം നേരിടുന്നു.
ഈ റൂട്ടിലുള്ള ഇടുങ്ങിയ റോഡുകളിലൂടെ വലിയ ബസുകള് ഓടിക്കുന്നത് പ്രായോഗികമായും സുരക്ഷാപരമായും ബുദ്ധിമുട്ടുണ്ടാക്കും. അതിനാല് വലിയ ബസുകള്ക്ക് പകരം 26 സീറ്റുള്ള മിനിബസ് ഈ റൂട്ടില് സര്വീസ് നടത്തുന്നത് കൂടുതല് അനുയോജ്യമായിരിക്കും. ഇതുസംബന്ധിച്ച് നാട്ടുകാര് വിനു ജോബ് എംഎല്എക്കു പരാതി നല്കി.