ഹര്ത്താല് ദിനത്തില് തൊടുപുഴ സ്വകാര്യ ബസ്സ്റ്റാന്ഡില്നിന്നു യാത്രക്കാരുമായി സര്വീസ് നടത്തുന്ന കെഎസ്ആര്ടിസി ബസുകള്.
തൊടുപുഴ: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും കെഡസ്ട്രല് മാപ്പിലുള്ള ആശയക്കുഴപ്പവും പൂര്ണമായും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയില് സിപിഎം ആഹ്വാനം ചെയ്ത ഹര്ത്താല് ജനജീവിതത്തെ ബാധിച്ചു. പ്രധാന ടൗണുകളില് വ്യാപാരസ്ഥാപനങ്ങള് പൂര്ണമായും അടഞ്ഞു കിടന്നു. സ്വകാര്യ ബസുകള് സര്വീസ് നടത്തിയില്ല. എന്നാല് കെഎസ്ആര്ടിസി ബസുകള് സര്വീസ് നടത്തിയതു യാത്രക്കാര്ക്ക് ആശ്വാസമായി.
വിവിധയിടങ്ങളില് സ്വകാര്യ വാഹനങ്ങളും കെഎസ്ആര്ടിസി ബസുകളും ഏതാനും നേരം തടഞ്ഞിട്ട ശേഷമാണ് പ്രവര്ത്തകര് കടത്തിവിട്ടത്. കാര്യമായ അക്രമസംഭവങ്ങള് റിപ്പോര്ട്ട് ചെയ്തില്ല. ടൗണുകളിലെല്ലാം പൊലിസ് സുരക്ഷയൊരുക്കിയിരുന്നു. വിവിധ ടൗണുകളില് രാവിലെ സിപിഎം പ്രവര്ത്തകര് പ്രകടനം നടത്തി. സര്ക്കാര് ഓഫിസുകള് മിക്കതും തുറന്നു പ്രവര്ത്തിച്ചെങ്കിലും ഹാജര്നില തീരെ കുറവായിരുന്നു. കട്ടപ്പനയില് തുറന്നു പ്രവര്ത്തിച്ച മുനിസിപ്പല് ഓഫിസ് ഹര്ത്താലനുകൂലികള് അടപ്പിച്ചു.
വിനോദസഞ്ചാരികളുടെ വാഹനങ്ങള് തടയില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചിരുന്നെങ്കിലും കുമളിയില് ഇവരുടെ വാഹനം തടഞ്ഞത് തര്ക്കത്തിനിടയാക്കി. തൊടുപുഴ നഗരത്തില് ചുരുക്കം ചില കടകളും മെഡിക്കല് സ്റ്റോറുകളും മാത്രമാണ് തുറന്നു പ്രവര്ത്തിച്ചത്. മിനി സിവില്സ്റ്റേഷനില് പ്രവര്ത്തിക്കുന്ന സര്ക്കാര് ഓഫിസുകളില് ഹാജര്നില കുറവായിരുന്നു. ബാങ്കുകളും ഭാഗികമായാണ് പ്രവര്ത്തിച്ചത്. ഹോട്ടലുകള് അടഞ്ഞുകിടന്നതു യാത്രക്കാരെയും വിനോദസഞ്ചാരികളെയും വലച്ചു. സ്വകാര്യ വാഹനങ്ങള് തടസം കൂടാതെ ഓടി. അവശ്യസര്വീസുകളെ ഹര്ത്താലില്നിന്ന് ഒഴിവാക്കിയിരുന്നു.
കുമളിയിൽ സംഘർഷത്തിൽ ഒരാൾക്കു പരിക്ക്
കുമളി: സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ കുമളി, ചക്കുപള്ളം, വണ്ടിപ്പെരിയാർ മേഖലകളിൽ പൂർണമായിരുന്നു. കുമളി ടൗണിൽ സമരാനുകൂലികൾ കാർ തടഞ്ഞതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾക്കു പരിക്കേറ്റു. വർക്കല സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞതാണ് സംഘർഷത്തിനു കാരണമായത്.
ഹർത്താൽ അനുകൂലികളും കാർഡ്രൈവറും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ചിലർ ഡ്രൈവറെ തല്ലിയെന്നാണ് ആരോപണം. സംഘർഷത്തിനിടെ കാർ നിയന്ത്രണംവിട്ട് സിപിഎം പ്രവർത്തകനായ ഒട്ടകത്തലമേട് സ്വദേശി രാജീവിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതേത്തുടർന്ന് സമരക്കാർ കാറിന്റെ ചില്ല് അടിച്ചുതകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കുമെതിരേ പൊലിസ് കേസെടുത്തു.
ഇതിനിടെ പൊലിസും ഹർത്താൽ അനുകൂലികളുമായി ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. ഹർത്താലിനെത്തുടർന്ന് കടകമ്പോളങ്ങൾ അടഞ്ഞുകിടന്നത് വ്യാപാരമേഖലയെയും ടൂറിസം മേഖലയെയും സാരമായി ബാധിച്ചു. അപൂർവം സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. തേക്കടിയിൽ വിനോദസഞ്ചാരികൾക്കായുള്ള ബോട്ട്സർവീസുകൾ മുടക്കമില്ലാതെ നടന്നു.
Tags : NattuVishesham.DistricteNews