മുഖ്യമന്ത്രി വി.ഡി സതീശന് നാളെ ഉദ്ഘാടനം ചെയ്യുന്ന വൈക്കം നേരേകടവ്-മാക്കേകടവ് പാലത്തിന്റെ ആകാശ ദൃശ്യം.
വൈക്കം: കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട്ടു കായലിന് കുറുകെ നിർമിച്ച നേരേകടവ് -മാക്കേക്കടവ് പാലം നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നതോടെ രണ്ട് ജില്ലകളിലെ ജനങ്ങളുടെ മൂന്നു പതിറ്റാണ്ടുകാലത്തെ സ്വപ്നം യാഥാർഥ്യമാകും. ഇരു കരകളിലെയും ജനങ്ങൾ ചിരകാലാഭിലാഷം സാർഥകമാകുന്നതിന്റെ സന്തോഷത്തിൽ ഉത്സവഭരിതമായ ആഘോഷം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പാലം വൈദ്യുത ദീപാലംകൃതമായതോടെ രാത്രിയിലെ ദൃശ്യം പകർത്താൻ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ആളുകളെത്തുന്നത്. വിനോദ സഞ്ചാര വികസനത്തിനും പാലം ആക്കം കൂട്ടുമെന്ന പ്രതീക്ഷയും വർധിക്കുകയാണ്.
ആലപ്പുഴ ജില്ലയിലെ അരൂർ നിയോജകമണ്ഡലത്തിലെ തൈക്കാട്ടുശേരി പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ വൈക്കം നിയോജകമണ്ഡലത്തിലെ ഉദയനാപുരം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഇരുപ്രദേശങ്ങളുടെയും വികസനചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ്. പതിറ്റാണ്ടുകളായി വേമ്പനാട്ടു കായലിന്റെ ഇരുകരകളിലും കഴിയുന്ന ജനങ്ങൾ അനുഭവിച്ചുവന്ന യാത്രാ ദുരിതങ്ങൾക്ക് അറുതി വരുത്തുന്നതിനൊപ്പം ഈ പ്രദേശങ്ങളുടെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്കും പാലം വഴി തുറക്കും. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക് കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ചിരുന്നതിന്റെ സമയനഷ്ടവും അധികച്ചെലവും പാലം തുറക്കുന്നതോടെ ഒഴിവാകും.
2011-2012 വർഷത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതിക്ക് 2017 ജനുവരിയിലാണ് തറക്കല്ലിട്ടത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് പാലത്തിന്റെ നിർമാണം നടത്തിയത്.
നാളെ രാവിലെ ഒൻപതിന് മാക്കേക്കടവിൽ നടക്കുന്ന യോഗത്തിൽ പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് പാലം ചീഫ് എൻജിനിയർ എം. അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, എം. ലിജു, എംപിമാരായ കെ.സി. വേണുഗോപാൽ, ഫ്രാൻസിസ് ജോർജ്, ഡെപ്യൂട്ടി സ്പീക്കറും അരൂർ എംഎൽഎയുമായ ഷാനിമോൻ ഉസ്മാൻ, എംഎൽഎമാരായ കെ. ബിനിമോൻ , നാട്ടകം സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ എ. മഹീന്ദ്രൻ, ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർമാരായ ഷാജി വി. നായർ, ചേതൻകുമാർ മീണ, എ.എം. ആരിഫ്, ദലീമ ജോജോ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.
Tags : NattuVishesham.DistricteNews