മണിയാർ സംഭരണി.
പത്തനംതിട്ട: മണിയാർ ജലവൈദ്യുത പദ്ധതി കെഎസ്ഇബി താമസിയാതെ ഏറ്റെടുക്കും. പന്പ ജലസേചന പദ്ധതിയുടെ മണിയാർ സംഭരണിയിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം നടത്തുന്ന പദ്ധതി കെഎസ്ഇബിയുടെ നിയന്ത്രണത്തിലേക്ക് വരുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ സർക്കാർ നൽകിയത്.
കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുത പദ്ധതിയെന്ന നിലയിൽ 1995ൽ സ്ഥാപിതമായ മണിയാറിലെ കാർബോറാണ്ടം പദ്ധതി കരാർ കാലാവധി പൂർത്തീകരിച്ചതിനാൽ കെഎസ്ഇബി ഏറ്റെടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇതു പരിഗണിക്കാതെ കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്വകാര്യ കന്പനിക്കു തന്നെ പദ്ധതി നൽകാനുള്ള തീരുമാനമാണ് തത്വത്തിൽ സ്വീകരിച്ചത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് യുഡിഎഫ് സർക്കാർ പുനരാലോചനയ്ക്കു തയാറായത്.
12 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള മണിയാർ ജലവൈദ്യുത പദ്ധതി സംസ്ഥാനത്തെ പ്രഥമ സ്വകാര്യ പദ്ധതിയാണ്. നിശ്ചിത കാലയളവിൽ പദ്ധതിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചശേഷം തിരികെ സർക്കാരിലേക്ക് നൽകണമെന്നതായിരുന്നു കരാർ.
ഇതനുസരിച്ച് 30 വർഷ കാലാവധി കാർബോറാണ്ടം ലിമിറ്റഡ് പൂർത്തീകരിച്ചു. കാലാവധി കഴിഞ്ഞതോടെ അഞ്ചു വർഷം കൂടി ഇതു നീട്ടിക്കിട്ടുന്നതിലേക്ക് സർക്കാരിലേക്ക് കന്പനി അപേക്ഷ നൽകി. എന്നാൽ ഇതിനെതിരേ കെഎസ്ഇബിയിലടക്കം എതിർപ്പുണ്ടായി. എതിർപ് വകവയ്ക്കാതെ കാലാവധി നീട്ടി നൽകാൻ എൽഡിഎഫ് സർക്കാർ തീരുമാനിക്കുകയും ചെയ്തു. അന്ന് പ്രതിപക്ഷനിരയിലായിരുന്ന നിലവിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് തീരുമാനത്തോട് കടുത്ത എതിർപ്പുമായി രംഗത്തെത്തിയവരിൽ പ്രമുഖൻ. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ കരാർ കാലാവധി നീട്ടി നൽകാനുള്ള തീരുമാനത്തിൽ പുനരാലോചന വേണ്ടിവന്നു.
മണിയാറിൽ നിന്നു പ്രതിവർഷം 300 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. കാർബോറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡ് മണിയാറിൽ ഉത്പാദിപ്പിച്ചിരുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്കാണ് നല്കിയിരുന്നത്. ഇതിനു പകരമായി എറണാകുളത്ത് കാർബോറാണ്ടം ലിമിറ്റഡിന് സമാനമായ അളവിൽ കെഎസ്ഇബി വൈദ്യുതി ഉറപ്പാക്കിയിരുന്നു.
വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിൽ
കരാർ കാലാവധി നീട്ടി നൽകാൻ സർക്കാർ തീരുമാനമുണ്ടായെങ്കിലും പുതിയ കരാറനുസരിച്ച് ഒരു യൂണിറ്റ് വൈദ്യുതി പോലും മണിയാറിൽ ഉത്പാദിപ്പിച്ചിട്ടില്ല. പദ്ധതിയുടെ കാലാവധി നീട്ടിനൽകിയപ്പോൾ തന്നെ മണിയാർ സംഭരണിയിൽ വെള്ളം ഉണ്ടായിരുന്നില്ല. ഡാമിലെ ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിലേക്ക്കഴിഞ്ഞ ജനുവരി മുതൽ അടച്ചിട്ടിരിക്കുകയാണ്.
ഒരുതുള്ളി വെള്ളം പോലും സംഭരിക്കുന്നില്ല. ഇക്കാരണത്താൽ വൈദ്യുതി ഉത്പാദന സാധ്യതയും അടഞ്ഞു.
സാധാരണനിലയിൽ വർഷത്തിൽ ഒന്പതുമാസമാണ് കാർബോറാണ്ടം ലിമറ്റഡിന് മണിയാറിലെ വെള്ളം ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്.
സംസ്ഥാനത്തു തന്നെ ഏറ്റവും കുറഞ്ഞ ചെലവിൽ ഇക്കാലയളവിൽ മണിയാറിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുമായി. മണിയാറിൽ 40 പൈസയിൽ താഴെയാണ് ഒരു യൂണിറ്റ് വൈദ്യുതിയുടെ ഉത്പാദനച്ചെലവ്. സംഭരണിയിൽ വർഷം മുഴുവൻ വെള്ളം ഉണ്ടെങ്കിലും സാധാരണനിലയിൽ വരൾച്ച മുൻനിർത്തി ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ കനാലിലൂടെ ജലസേചനത്തിനു വെള്ളം നൽകുകയാണ് രീതി.
Tags : NattuVishesham.DistricteNews