വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് രാമപുരം ഫൊറോനപള്ളിയില് നടന്ന പ്രദക്ഷിണം.
രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില് അനുഗ്രഹം തേടി എത്തിയത് ആയിരക്കണക്കിന് വിശ്വാസികള്. ഇന്നലെ രാവിലെ മുതല് രാത്രി വരെ രാമപുരം സെന്റ് അഗസ്റ്റിന് പള്ളിയിലെ കബറിടത്തിങ്കലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു
വികാരി ഫാ. ബര്ക്കുമാന്സ് കുന്നുംപുറം നേര്ച്ചഭക്ഷണം വെഞ്ചരിച്ചു. ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് എമിരറ്റസ് മാര് ജോസഫ് പള്ളിക്കാപറമ്പില് എന്നിവര് സന്ദേശം നല്കി. ഉച്ചയ്ക്ക് 12 ന് നടന്ന തിരുനാള് പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പാലാ രൂപത ഡിസിഎംഎസ് സംഘടനയുടെ തീര്ഥാടന പദയാത്രയും കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്കു നടത്തിയിരുന്നു. തിരുനാള് ചടങ്ങുകള്ക്ക് വികാരി ഫാ. ബാര്ക്കുമാന്സ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റര് ഫാ.ഡോ. ജയിംസ് പുലിയുറുമ്പില്, ഫാ. ഏബ്രഹാം കുഴിമുള്ളില്, ഫാ. മാത്യു പനങ്ങാട്ട്, കൈക്കാരന്മാര് എന്നിവര് നേതൃത്വം നല്കി.
കുഞ്ഞച്ചന് ഈശോയുടെ സ്നേഹത്തിന്റെ ജീവിത സാക്ഷ്യം:
മാര് കല്ലറങ്ങാട്ട്
രാമപുരം: സാധാരണക്കാരുടെ ഉന്നമനത്തിനായി ജീവിതം പൂര്ണമായും സമര്പ്പിച്ച കുഞ്ഞച്ചന് ഈശോയുടെ സ്നേഹത്തിന്റെ ജീവിത സാക്ഷ്യമാണെന്ന് ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില് വിശുദ്ധ കുര്ബാന അര്പ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്.
സാമൂഹിക വിവേചനങ്ങളും അടിമത്ത മനോഭാവവും നിലനിന്നിരുന്ന കാലഘട്ടത്തില് പാര്ശ്വവത്കരിക്കപ്പെട്ട സാധാരണക്കാരുടെ ആത്മീയവും സാമൂഹികവുമായ പുരോഗതിക്കായി കുഞ്ഞച്ചന് നിസ്വാര്ഥമായി പരിശ്രമിച്ചു.
കുഞ്ഞച്ചന് താരമൂല്യക്കാരനായിരുന്നില്ല. മറിച്ച് വചന മൂല്യക്കാരനായിരുന്നു. സാന്ത്വനമേകുന്ന സാന്നിധ്യമാണ് കുഞ്ഞച്ചനെന്നും ബിഷപ് പറഞ്ഞു.
Tags : NattuVishesham.DistricteNews