എൻആർസിറ്റി സ്കൂൾ ഓവറോൾ ട്രോഫിയുമായി.
നെടുങ്കണ്ടം: അവസാന മത്സരങ്ങൾവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ഇടുക്കി റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ അടിമാലി സബ് ജില്ല മുന്നിൽ. മൂന്ന് പോയിന്റിന്റെ മുൻതൂക്കത്തിൽ അടിമാലി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ സ്വർണനേട്ടത്തിൽ കട്ടപ്പനയാണ് മുന്നിൽ.
സ്കൂൾ വിഭാഗത്തിൽ വ്യക്തമായ ആധിപത്യത്തോടെയാണ് എൻആർസിറ്റി കുതിക്കുന്നത്. 30 സ്വർണവും 26 വെള്ളിയും 20 വെങ്കലവും ഉൾപ്പടെ 279 പോയിന്റാണ് അടിമാലിയുടെ സമ്പാദ്യം.
32 സ്വർണവും 22 വെള്ളിയും 19 വെങ്കലവും ഉൾപ്പടെ 276 പോയിന്റുമായി കട്ടപ്പന സബ് ജില്ല തൊട്ടുപിന്നിലുണ്ട്.
എട്ട് സ്വർണവും 17 വെള്ളിയും 14 വെങ്കലവും ഉൾപ്പടെ 110 പോയിന്റുമായി തൊടുപുഴ മൂന്നാം സ്ഥാനത്താണ്.
ഒൻപത് സ്വർണവും എട്ട് വെള്ളിയും ഒൻപത് വെങ്കലവും ഉൾപ്പടെ 84 പോയിന്റുമായി പീരുമേട് നാലാമതെത്തി. നാല് സ്വർണവും ആറ് വെള്ളിയും 18 വെങ്കലവും ഉൾപ്പടെ 66 പോയിന്റാണ് നെടുങ്കണ്ടത്തിന്റെ സമ്പാദ്യം. രണ്ട് സ്വർണവും ഏഴ് വെള്ളിയും നാല് വെങ്കലവും ഉൾപ്പടെ 41 പോയിന്റുമായി അറക്കുളം ആറാം സ്ഥാനത്താണ്. ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പടെ ഒൻപത് പോയിന്റുമായി മൂന്നാർ ഏഴാം സ്ഥാനത്തുണ്ട്.
സ്കൂൾ വിഭാഗത്തിൽ 19 സ്വർണവും 13 വെള്ളിയും എട്ട് വെങ്കലവും ഉൾപ്പടെ 141 പോയിന്റുമായി എൻ ആർസിറ്റി എസ്എൻവിഎച്ച്എസ്എസ് ചാമ്പ്യന്മാരായി. 10 സ്വർണവും ആറ് വീതം വെള്ളിയും വെങ്കലവും ഉൾപ്പടെ 74 പോയിന്റുമായി ഇരട്ടയാർ സെന്റ് തോമസ് സ്കൂൾ രണ്ടാമതെത്തി. മൂന്ന് സ്വർണവും ഒൻപത് വെള്ളിയും ആറ് വെങ്കലവും ഉൾപ്പടെ 48 പോയിന്റുമായി കരിമണ്ണൂർ സെന്റ് ജോസഫ് സ്കൂൾ മൂന്നാം സ്ഥാനത്തുണ്ട്.
ആറ് സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പടെ 44 പോയിന്റുമായി പീരുമേട് സെന്റ് ജോസഫ് സ്കൂളും ആറ് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും ഉൾപ്പടെ 40 പോയിന്റുമായി കാൽവരി മൗണ്ട് സിഎച്ച്എസ് സ്കൂളും തുടർന്നുള്ള സ്ഥാനങ്ങളിലുണ്ട്.
വിജയികൾക്ക് നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ ട്രോഫികൾ സമ്മാനിച്ചു.
ഉപജില്ലാ ചാമ്പ്യന്മാരെ ഇന്നറിയാം
നെടുങ്കണ്ടം: റവന്യു ജില്ലാ സ്കൂൾ കായികമേളയിലെ ഉപജില്ലാ ചാമ്പ്യന്മാരെ ഇന്നറിയാം. മത്സരങ്ങൾ പൂർത്തിയായെങ്കിലും ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതേണ്ടിയിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന കായികതാരങ്ങൾക്കായുള്ള ട്രയൽ മത്സരങ്ങൾ ഇന്നു രാവിലെ സ്റ്റേഡിയത്തിൽ നടക്കും. സീനിയർ ആൺകുട്ടികളുടെ 1500, 800, 100 മീറ്റർ ഓട്ടം, ട്രിപ്പിൾ ജംപ്, സീനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടം, ട്രിപ്പിൾ ജംപ് എന്നീ ഇനങ്ങളിലാണ് ട്രയൽ നടക്കുന്നത്.
ഉപജില്ലകൾ തമ്മിലുള്ള പോയിന്റ് നിലയിൽ ആദ്യരണ്ടു സ്ഥാനക്കാർ തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. അതിനാൽ ഇന്നത്തെ മത്സരങ്ങൾ പൂർത്തിയായശേഷമേ ചാമ്പ്യന്മാരെ പ്രഖ്യാപിക്കാനാകൂ.
Tags : NattuVishesham.DistricteNews