ഇടുക്കി: ശബരിമല തീര്ഥാടനത്തിനു മുന്നോടിയായി ദേശീയപാത അഥോറിറ്റിയുടെ കീഴിലുള്ള റോഡുകളില് അറ്റകുറ്റപ്പണികള് തുടങ്ങി. ശബരിമല തീര്ഥാടന മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്ന്ന യോഗത്തില് മുന്നറിയിപ്പ് ബോര്ഡുകള് സ്ഥാപിക്കുന്നതടക്കമുള്ള ജോലികള് മണ്ഡലകാലാരംഭത്തിനു മുമ്പേ പൂര്ത്തിയാക്കണമെന്ന് ജില്ലാ കളക്ടര് ഡോ. ദിനേശന് ചെറുവാട്ട് നിര്ദേശം നല്കി. വാളാടി,സത്രം,പുല്ലുമേട്, മുക്കുഴി,ബോയ്സ് ഗ്രൗണ്ട് എന്നിവിടങ്ങളില് ആവശ്യത്തിന് ശൗചാലയസൗകര്യങ്ങളുണ്ടെന്ന് വനംവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പാക്കും.
ആരോഗ്യപ്രശ്നങ്ങളുള്ളവരെ പരിശോധിച്ച് കടത്തിവിടാനുള്ള സംവിധാനം വാളാടിയില് ഉണ്ടാകും. ഹൃദ്രോഗമടക്കമുളളവരോട് സത്രം വഴിയുള്ള യാത്ര ഒഴിവാക്കുന്നതിന് നിര്ദേശം നല്കും. സത്രത്തിനും പുല്ലുമേടിനുമിടയില് സീറോ പോയിന്റ്, പുല്ലുമേട്, കഴുതക്കുഴി എന്നിടങ്ങളില് ഇത്തവണ ഇക്കോ ഷോപ്പ് തുറക്കും. കുടിവെള്ളം, കഞ്ഞി, ലഘുഭക്ഷണങ്ങള് എന്നിവ ഇവിടെ ലഭ്യമാക്കും.
പുല്ലുമേടിനും സന്നിധാനത്തിനുമിടയില് ഒരു വാച്ച് ടവര് കൂടി നിര്മിക്കും. ആറു പേരടങ്ങുന്ന റാപ്പിഡ് റെസ്പോണ്സ് ടീമിനു പുറമേ പുല്ലുമേടിനും സന്നിധാനത്തിനുമിടയില് ഓരോ 500 മീറ്ററിലും രണ്ട് ഇക്കോ ഗാര്ഡുമാരും ഉണ്ടാവും. പകല് സമയങ്ങളില് ഡ്രോണ് നിരീക്ഷണവും ഏര്പ്പെടുത്തും.
മോട്ടോര് വാഹന വകുപ്പിന്റെ നേതൃത്വത്തില് ആറ് ടീം 24 മണിക്കൂറും പട്രോളിംഗ് നടത്തും. ജീപ്പ് സര്വീസ് നടത്തുന്നവരുമായി ചര്ച്ച നടത്തി നിരക്ക് നിശ്ചയിക്കാനും അത് വിവിധ ഭാഷകളില് പ്രദര്ശിപ്പിക്കാനും മോട്ടോര് വാഹന വകുപ്പ് അധികൃതര്ക്ക് കളക്ടര് നിര്ദേശം നല്കി. വാട്ടര് അഥോറിറ്റി ഉപ്പുപാറ മുതല് കോഴിക്കാനംവരെ 15 കേന്ദ്രങ്ങളില് കുടിവെള്ളം വിതരണം ചെയ്യും. ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി കുമളിയില് എക്സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കും. മഞ്ചുമല, കുമളി, പെരിയാര്, പീരുമേട് താലൂക്ക് ഓഫിസ് എന്നിവിടങ്ങളില് തഹസില്ദാരുടെ നേതൃത്വത്തില് കണ്ട്രോള് റൂമുകള് തുറക്കും. ഭക്ഷണവില്പ്പനശാലകളിലെ വില നിശ്ചയിക്കാന് സിവില് സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില് വ്യാപാരികളുടെ യോഗം വിളിക്കും. ഉപ്പുപാറയില് അധികമായി ഫയര്ഫോഴ്സിന്റെ ഒരു യൂണിറ്റുകൂടി സജ്ജമാക്കാന് യോഗം നിര്ദേശം നല്കി. എഡിഎം മിനി കെ. ജോണ്, ആര്ഡിഒ എസ്. ശ്രീജിത്ത് എന്നിവര് പങ്കെുത്തു.
Tags : NattuVishesham.DistricteNews