കൊട്ടാരക്കര കെഎസ്ആര്ടിസി ബസ് ഗാരേജ്.
കൊട്ടാരക്കര: നവീകരണ പദ്ധതികള് നടപ്പായില്ല; കൊട്ടാരക്കര കെഎസ്ആര്ടിസി ഡിപ്പോയുടെ ഭാഗമായ ഗാരേജിന്റെ അവസ്ഥ ദയനീയം. എംസി റോഡും കൊല്ലം തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന പ്രധാന പട്ടണമെന്ന നിലയില് എപ്പോഴും ബസുകള് വന്നുപോകുന്ന ഡിപ്പോയും ഗാരേജുമാണ് കൊട്ടാരക്കരയിലേത്.
ഇവിടെ അടിസ്ഥാന സൗകര്യങ്ങള് പോലും ഒരുക്കിയിട്ടില്ല. ബസുകള് കടന്നുവരുന്ന വഴിയും പാര്ക്ക് ചെയ്യേണ്ട സ്ഥലവുമൊക്കെ കുഴികള് നിറഞ്ഞിരിക്കുകയാണ്. ഇവിടെ ടാറിംഗ് നടത്താനോ, കോണ്ക്രീറ്റ് നടത്താനോ പോലും സംവിധാനമുണ്ടായിട്ടില്ല.
കാലപ്പഴക്കത്താല് ജീര്ണാവസ്ഥയിലുള്ള കെട്ടിടത്തിലാണ് വര്ക്ക് ഷോപ്പുകള് പ്രവര്ത്തിക്കുന്നത്. മഴക്കാലമായാല് ഇവിടെ ചെളിക്കുളമാകും. ഒരു കെട്ടിടത്തിന്റെ മുകളിലും വശങ്ങളിലും കാട് മൂടിയ നിലയിലാണ്. തകര്ന്ന് വീഴാവുന്ന വിധത്തിലാണ് ആസ്ബസ്റ്റാസ് ഷീറ്റുകള്. ബസുകള് കയറ്റിയിട്ട് അറ്റകുറ്റപ്പണികള് നടത്തുവാന് മതിയായ ഷെഡുകളില്ല. സംസ്ഥാനത്തെ പ്രധാന ഡിപ്പോയും അതിന്റെ ഭാഗമായ ഗാരേജുമായിട്ടും അധികൃതര് വേണ്ടത്ര പരിഗണന നല്കുന്നില്ല.
ഡിപ്പോയുടെ നവീകരണത്തിന് നിര്മ്മാണ ഉദ്ഘാടനം നടത്തിയ 18 കോടി രൂപയുടെ പദ്ധതിയും ഫയലില് ഉറങ്ങുകയാണ്. അത്യാധുനിക സംവിധാനങ്ങളോടെ ഗാരേജ് നവീകരിക്കാനാണ് കഴിഞ്ഞ സര്ക്കാര് പദ്ധതി തയാറാക്കിയത്.
മന്ത്രിയായിരുന്ന കെ.എന്. ബാലഗോപാല് മുന്കൈയെടുത്ത് സംസ്ഥാന ബജറ്റില് ഉള്പ്പെടുത്തി രണ്ട് കോടി രൂപ അനുവദിച്ചതുമാണ്. എന്നാല് നാളിതുവരെ യാതൊരുവിധ നിര്മാണ പ്രവര്ത്തനങ്ങളും തുടങ്ങാന് കഴിഞ്ഞിട്ടില്ല. ഗാരേജിന്റെ പ്രവര്ത്തനത്തിന് ആവശ്യമായ പുതിയ കെട്ടിടം, തറയില് ഇന്റര്ലോക്ക് പാകല്, വിശ്രമ മുറി നിര്മാണം തുടങ്ങിയവയാണ് നവീകരണ പദ്ധതിയില് ഉള്പ്പെടുത്തിയിരുന്നത്.
കൊട്ടാരക്കര കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡിന്റെ നേരെ എതിര്വശത്തായാണ് ഗാരേജ് പ്രവര്ത്തിക്കുന്നത്. തകരാറുള്ള വാഹനങ്ങള് സ്റ്റാന്ഡില്നിന്നു റോഡിലിറങ്ങി, ദേശീയപാത മുറിച്ചുവേണം ഗാരേജിലേക്ക് കടക്കാന്. ബസ് സ്റ്റാന്ഡിനോട് ചേര്ന്ന് കൂടുതല് സ്ഥലം ഏറ്റെടുത്ത് ഗാരേജ് നിര്മിക്കണമെന്ന ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല.