National
ഡൽഹി:പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും വകുപ്പുകളുടെയും ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിംഗിന്റെ മറുപടിപ്രസംഗത്തിനു പിന്നാലെ ശബ്ദവോട്ടോടെയാണു കേന്ദ്രസർക്കാർ പൊതുപരീക്ഷാ ഭേദഗതി ബിൽ പാസാക്കിയത്.
ബില്ലിനു പ്രതിപക്ഷം തത്വത്തിൽ പിന്തുണ നൽകിയെങ്കിലും പരീക്ഷാ ക്രമക്കേടിനെതിരേ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി ശിക്ഷകൾ കൂടുതൽ കർശനമാക്കുന്ന ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും പോലീസ് അതിക്രമത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് അന്നു ചർച്ച നടന്നിരുന്നില്ല. പിന്നീട് സ്പീക്കർ നടത്തിയ സമവായ നീക്കത്തെത്തുടർന്നാണ് ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷം സമ്മതിച്ചത്.
International
പാരീസ്: 15നു താഴെ പ്രായമുള്ളവർക്കു സോഷ്യൽ മീഡിയ പ്രവേശനം നിരോധിക്കുന്ന നിയമം ഫ്രഞ്ച് പാർലമെന്റ് അംഗീകരിച്ചു.
15നു താഴെ പ്രായമുള്ളവർക്കു സെപ്റ്റംബർ മുതൽ പുതിയ അക്കൗണ്ട് തുറക്കാനാവില്ല. നിലവിൽ 15നു താഴെ പ്രായമുള്ളവരുടെ അക്കൗണ്ടുകൾ അടുത്ത വർഷം ജനുവരിയിൽ പ്രവർത്തനരഹിതമാകുന്നതോടെ നിരോധനം പൂർണമാകും.
പ്രായം പരിശോധിക്കാനായി ഫ്രഞ്ച് സർക്കാർ നല്കുന്ന നിർദേശങ്ങൾ സോഷ്യൽ മീഡിയ കന്പനികൾ പാലിക്കേണ്ടിവരും.
ഇത്തരം നടപടി സ്വീകരിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഫ്രാൻസ്.
Kerala
കോട്ടയം: കേരള രാഷ്ട്രീയത്തിൽ എക്കാലത്തെയും ആകാംഷാകേന്ദ്രമായ പാലാ നഗരസഭയിൽ വൻ രാഷ്ട്രീയ അട്ടിമറി. മാണി സി. കാപ്പന്റെയും യുഡിഎഫിന്റെയും കൈകളിൽ ഭദ്രമെന്ന് കരുതിയ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യുഡിഎഫ് ഭരണം നിലംപൊത്തി. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയെന്ന സവിശേഷതയോടെ അമരത്തിരുന്ന ദിയ പുളിക്കകണ്ടത്തിന് കേവലം ഏഴുമാസത്തെ ഭരണത്തിന് ശേഷം കസേര നഷ്ടമായി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് പാലായിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിയത്. സ്വതന്ത്രരായി വിജയിച്ച പുളിക്കകണ്ടം കുടുംബാംഗങ്ങളായ ബിനു, ബിജു, ദിയ എന്നിവരെയും കോൺഗ്രസ് വിമത മായാ രാഹുലിനെയും ഒപ്പം കൂട്ടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി 22-ാം വയസിലാണ് ദിയ പുളിക്കകണ്ടം പാലായുടെ നഗരസഭാധ്യക്ഷയാകുന്നത്.
എന്നാൽ ചെറുപ്പത്തിന്റെ ആവേശവും പുതുരക്തത്തിന്റെ ഊർജവുമായി അമരത്തെത്തിയ ദിയയ്ക്ക് മുന്നണിയിലെയും നഗരസഭയിലെയും പ്രാദേശിക രാഷ്ട്രീയ പോരുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കസേര ഉറപ്പിച്ചു നിർത്താൻ അവസാന നിമിഷം വരെ യുഡിഎഫ് കേന്ദ്രങ്ങൾ ശ്രമിച്ചെങ്കിലും അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാൻ മുന്നണിക്കായില്ല.
ആകെ 26 അംഗങ്ങളുള്ള കൗൺസിലിൽ 17 പേരാണ് അവിശ്വാസ പ്രമേയ ചർച്ചയ്ക്കെത്തിയത്. എത്തിയ എല്ലാവരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. 12 പ്രതിപക്ഷ അംഗങ്ങൾക്ക് പുറമെ പാർട്ടി വിപ്പ് ലംഘിച്ചെത്തിയ നാല് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്ര കൗൺസിലറും അവിശ്വാസത്തെ പിന്തുണച്ചു. ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നീ കോൺഗ്രസ് പ്രതിനിധികളാണ് വിപ്പ് മറികടന്ന് വോട്ട് ചെയ്തത്.
കോൺഗ്രസ് വിമതയായി ജയിച്ച് വൈസ് ചെയർപേഴ്സൺ പദവിയിലെത്തിയ മായാ രാഹുലും അവിശ്വാസത്തിനൊപ്പം നിലയുറപ്പിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പുളിക്കകണ്ടം കുടുംബത്തിന് സ്വാധീനമുള്ള മേഖലയിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് മുതൽ കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നുണ്ടായിരുന്നു.
കൂടെ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനായി കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകിയ നടപടിയെ കോൺഗ്രസ് ശക്തമായി എതിർത്തതും മുന്നണിക്കുള്ളിൽ വൻ ഭിന്നതയ്ക്ക് വഴിവെച്ചു. ഡിസിസി നേതൃത്വം വരെ നേരിട്ടിടപെട്ടിട്ടും സ്വന്തം പാളയത്തിലെ അസംതൃപ്തി പരിഹരിക്കാൻ കഴിയാതെ പോയത് യുഡിഎഫിന് വലിയ തിരിച്ചടിയായി.
കോൺഗ്രസിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ ബിനു പുളിക്കകണ്ടം ഇടതുപക്ഷത്തോടൊപ്പവും ബിജെപിക്ക് വേണ്ടിയും മത്സരിച്ച ശേഷമാണ് സ്വതന്ത്രനായി രംഗത്തെത്തിയത്. മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കിയശേഷം എംബിഎ പഠനത്തിന് ഒരുങ്ങുന്നതിനിടയിലാണ് ദിയ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ആദ്യ മത്സരത്തിൽ തന്നെ മിന്നും വിജയം സ്വന്തമാക്കി.
ഭരണം നഷ്ടമായതോടെ പാലായിൽ പുതിയ ഭരണസമിതി രൂപീകരണത്തിനുള്ള ചരടുവലികൾ സജീവമായിട്ടുണ്ട്. എൽഡിഎഫും വിമതരും ചേരുന്ന പുതിയ കൂട്ടുകെട്ട് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കി. തൽക്കാലം കസേര നഷ്ടമായെങ്കിലും പാലായിലെ രാഷ്ട്രീയ പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന സൂചനയാണ് 'പുളിക്കകണ്ടം ബ്രദേഴ്സ്' നൽകുന്നത്.
International
ദുബായ്: യുഎസ് -ഇറാന് സമാധാന കരാര് ഒപ്പുവച്ചതിനു പിന്നാലെ ഹോര്മുസ് കടലിടുക്കിലൂടെ കടന്നുപോയത് 172 കപ്പലുകള്. ശനിയാഴ്ച മാത്രം 42 കപ്പലുകള് ഹോര്മുസ് കടന്നു.
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഹോര്മുസിലൂടെ കപ്പല് ഗതാഗതം ആരംഭിച്ചത്. പശ്ചിമേഷ്യന് യുദ്ധത്തിനു മുമ്പ് ഹോര്മുസിലൂടെ ദിവസവും ശരാശരി 138 കപ്പലുകള് സഞ്ചരിച്ചിരുന്നു.
സമാധാന കരാർ ഒപ്പിട്ടതിനു പിന്നാലെ ഇന്ത്യയിലേക്കുള്ള 11 കപ്പലുകൾ ഹോർമുസിലൂടെ കടന്നുപോയി.
ഇതിൽ ഇന്ത്യൻ പതാകയേന്തിയ മൂന്ന് എണ്ണ ടാങ്കറുകളും ഒരു വിദേശ പതാകയേന്തിയ ഒരു എൽപിജി കാരിയറും വളം കയറ്റിയ കപ്പലുകളും ഉൾപ്പെടുന്നു.
International
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ ട്രംപ് ഇറാൻ യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധിസഭയിൽ പാസായി. പ്രതിപക്ഷ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയത്തെ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് അംഗങ്ങളും പിന്തുണച്ചു.
ഇറേനിയൻ യുദ്ധത്തിൽ ജനപ്രീതി ഇടിഞ്ഞ ട്രംപ് നേരിടുന്ന വെല്ലുവിളിയാണ് ന്യൂനപക്ഷ ഡെമോക്രാറ്റുകൾ അവതരിപ്പിച്ച പ്രമേയത്തിനു ലഭിച്ച സ്വീകാര്യത. സമാന പ്രമേയം സെനറ്റും പരിഗണിക്കുന്നുണ്ട്. ഇവിടെയും പാസായെങ്കിൽ മാത്രമേ നിയമസാധുതയുള്ളൂ.
യുദ്ധം പ്രഖ്യപിക്കാനുള്ള അവകാശം യുഎസ് കോൺഗ്രസിനാണെന്നു വ്യക്തമാക്കുന്ന ‘വാർ പവേഴ്സ് നിയമം’ അനുസരിക്കാൻ ട്രംപ് തയാറാകണം എന്നാണ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.
പ്രസിഡന്റ് ട്രംപിന്റെ അധികാരം പരിമിതപ്പെടുത്താനുള്ള ഭരണഘടനാവിരുദ്ധ നടപടി മാത്രമാണ് പ്രമേയമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
National
ന്യൂഡൽഹി: ഗുജറാത്തിനും ഉത്തരാഖണ്ഡിനും പിന്നാലെ ആസാം നിയമസഭയും ഏകീകൃത സിവിൽ കോഡ് പാസാക്കി. മൂന്നാമതു ബിജെപി ഭരണ സംസ്ഥാനത്തു കൂടി വിവാദ യൂണിഫോം സിവിൽ കോഡ് (യുസിസി) ബിൽ പാസാക്കിയതോടെ, കൂടുതൽ സംസ്ഥാനങ്ങൾ ഇതേ മാതൃക പിന്തുടരുമെന്നു വ്യക്തമായി.
കോണ്ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ ബഹളത്തിനിടെയാണു 126 അംഗ ആസാം നിയമസഭ ബിൽ ഇന്നലെ പാസാക്കിയത്. ആസാമിലെ എല്ലാ പട്ടികവർഗക്കാരെയും ബില്ലിലെ വ്യവസ്ഥകളിൽനിന്നൊഴിവാക്കിയിട്ടുണ്ട്. ആദിവാസി സമൂഹങ്ങളുടെ പരന്പരാഗത നിയമങ്ങൾ തുടരാം. ഗവർണറുടെ അനുമതിക്കുശേഷം വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ബിൽ നിയമമാകും.
ബഹുഭാര്യത്വം നിരോധിക്കാനും വിവാഹങ്ങളുടെയും ലിവ് ഇൻ ബന്ധങ്ങളുടെയും രജിസ്ട്രേഷൻ നിർബന്ധമാക്കാനും ബിൽ നിർദേശിക്കുന്നു. കരടു നിയമപ്രകാരം, വിവാഹ ചടങ്ങു കഴിഞ്ഞ് 60 ദിവസത്തിനുള്ളിലും ഒരുമിച്ചു താമസിക്കുന്ന (ലിവ് ഇൻ ബന്ധം) കമിതാക്കൾ 30 ദിവസത്തിനുള്ളിലും രജിസ്റ്റർ ചെയ്യണമെന്നു കരടു നിയമത്തിലുണ്ട്. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ 10,000 രൂപ പിഴ ഈടാക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മുസ്ലിം സ്ത്രീകൾക്കു സുരക്ഷ ഉറപ്പാക്കാനാണ് ഏകീകൃത സിവിൽ കോഡ് പാസാക്കിയതെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾക്കും സമത്വത്തിനും വേണ്ടിയുള്ള ചരിത്രപരമായ ചുവടുവയ്പാണിത്.
പതിറ്റാണ്ടുകളായി അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകൾക്കു പുതിയ സ്വാതന്ത്ര്യവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുമെന്നും ഹിമന്ത പറഞ്ഞു. ബിൽ പാസാക്കിയതിലൂടെ ബിജെപി സർക്കാർ മറ്റൊരു തെരഞ്ഞെടുപ്പു വാഗ്ദാനംകൂടി നിറവേറ്റിയതായും അദ്ദേഹം പറഞ്ഞു.
എല്ലാ പട്ടികവർഗ, ആദിവാസി സമൂഹങ്ങളെയും ഏകീകൃത സിവിൽ കോഡിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്ന ബില്ലിനെ ഏകീകൃതം എന്നു വിളിക്കാനാകില്ലെന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. ആദിവാസി, ചില ആദിവാസി ഇതര സമൂഹങ്ങൾക്കു ബില്ലിൽ പ്രത്യേക വ്യവസ്ഥകളുണ്ട്. ആദിവാസിയല്ലാത്ത ആരെങ്കിലും ലിവ് ഇൻ ബന്ധത്തിലുണ്ടെങ്കിൽ രജിസ്റ്റർ ചെയ്യണമെന്നു ബിൽ പറയുന്നു.
ആദിവാസിയല്ലാത്ത ഒരാൾ ആദിവാസിയോടൊപ്പം ഒരുമിച്ചു താമസിച്ചാൽ എന്തു സംഭവിക്കും? ജനങ്ങളുടെ ക്ഷേമത്തിനാണെങ്കിൽ ഒരു സമുദായത്തെ ഒഴിവാക്കുന്നതെന്തിനാണെന്ന് കോണ്ഗ്രസ് എംഎൽഎ സുബൈർ അനം ചോദിച്ചു.
Kerala
കോട്ടയം: സംസ്ഥാന രാഷ്ട്രീയത്തിലെ ഇതിഹാസ നായകനും കേരള കോണ്ഗ്രസ് എം ചെയര്മാനും മുന് മന്ത്രിയുമായിരുന്ന കെ.എം. മാണി വിടപറഞ്ഞിട്ട് ഇന്ന് ഏഴുവര്ഷം. പാലായുടെ മനസ് മാണിസാറിന്റെ ഓര്മകളില് നിറയുന്ന ദിനത്തില് തന്നെ മകന് ജോസ് കെ. മാണി മത്സരിക്കുന്ന നിയമസഭാ തെഞ്ഞടുപ്പ് തീയതി വന്നുചേര്ന്നതു യാദൃച്ഛികം.
പാലാ മണ്ഡലവും കെ.എം. മാണിയും ഒരുമിച്ച് പിറന്നവരാണ്. 1965ലായിരുന്നു ഇത്. പാലാ മണ്ഡലമുണ്ടായപ്പോള് കോണ്ഗ്രസില്നിന്നും ഇറങ്ങിപ്പോന്ന കെ.എം. മാണി ആദ്യമായി അവിടെ കേരള കോണ്ഗ്രസ് സ്ഥാനാര്ഥിയായി. പിന്നെ 2019 ഏപ്രില് ഒമ്പതിനു മരിക്കുന്നത് വരെയും കെ.എം. മാണി പാലായുടെ ജനപ്രതിനിധിയായി. തുടര്ച്ചയായി 12 തവണ. 54 കൊല്ലം. ഇന്ത്യയില് ഇന്നും ഈ റിക്കാര്ഡ് കെ.എം. മാണിക്ക് മാത്രം സ്വന്തം.
മീനച്ചിലാറിന് കുറുകെ 17 പാലങ്ങള് പണിത മന്ത്രിയായിരുന്നു കെ.എം. മാണി. സംസ്ഥാനത്തിന് എന്തു കിട്ടിയാലും ഒരെണ്ണം പാലായ്ക്ക് വേണമെന്ന് അദ്ദേഹത്തിനു നിര്ബന്ധമായിരുന്നു. തന്റെ പരിലാളനയില് തലയുയര്ത്തി നില്ക്കുന്ന പാലായെ കാണാനായിരുന്നു കെ.എം. മാണിക്ക് എന്നുമിഷ്ടം.
ധനം, ആഭ്യന്തരം, നിയമം, ജലസേചനം, റവന്യു, ഭവനനിര്മാണം, വൈദ്യുതി, ഇന്ഫര്മേഷന് തുടങ്ങിയ വകുപ്പുകളില് 24 വര്ഷം മന്ത്രിയായിരുന്ന കെ.എം. മാണിയാണ് എല്ലാവര്ക്കും കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കിയ സാമൂഹിക ജലസേചന പദ്ധതിയും വെളിച്ച വിപ്ലവവും നടപ്പാക്കിയത്. പാലാ ജനറല് ആശുപത്രി, ഏറ്റുമാനൂര് - പുഞ്ഞാര് ഹൈവേ, പാലങ്ങള്, ആധുനിക മികവുള്ള റോഡുകള്, റവന്യു ടവര്, ട്രഷറി, കോടതി സമുച്ചയം തുടങ്ങി എല്ലാം കൊണ്ടുവന്നത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു.
കാരുണ്യ ബനവലന്റ് ഫണ്ടില്നിന്നും 1.42 ലക്ഷം പേര്ക്ക് 1200 കോടിയുടെ ചികിത്സാ സഹായം നല്കിയ ശേഷമാണു മാണിസാര് നിത്യതയില് ലയിച്ചത്. റബറിന് 150 രൂപ താങ്ങുവിലയായി വിലസ്ഥിരതാ ഫണ്ട് രൂപീകരിച്ചതും അദ്ദേഹത്തിന്റെ അവസാന നാളിലാണ്.
National
ന്യൂഡൽഹി: സിആർപിഎഫ്, ബിഎസ്എഫ്, ഇന്തോ - ടിബറ്റൻ ബോർഡർ പോലീസ്, സശസ്ത്ര സീമബൽ എന്നീ കേന്ദ്ര സായുധസേനകളിലേക്കുള്ള നിയമനങ്ങളും ഡെപ്യൂട്ടേഷനും സ്ഥാനക്കയറ്റവും ക്രമീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (ജനറൽ അഡ്മിനിസ്ട്രേഷൻ) ബിൽ ലോക്സഭ പാസാക്കി.
സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ഇരുസഭകളും ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്.
കേന്ദ്രസേനകളിലെ ഐജിയോ അതിനുമുകളിലോ ഉള്ള തസ്തികകളിലേക്ക് ഇന്ത്യൻ പോലീസ് സേനയിൽനിന്ന് 50 ശതമാനം പേരെയും അഡീഷണൽ ഡയറക്ടർ ജനറൽ തസ്തികകളിലേക്ക് കുറഞ്ഞത് 67 ശതമാനം പേരെയും സ്പെഷൽ ഡയറക്ടർ ജനറൽ, ഡയറക്ടർ ജനറൽ തസ്തികകളിലേക്കുള്ള നിയമനം പൂർണമായും ഡെപ്യൂട്ടേഷൻ വഴിയായിരിക്കണമെന്നുമാണ് ബില്ലിലെ വ്യവസ്ഥ.
ഐപിഎസ് ഉദ്യോഗസ്ഥർക്കു മേധാവിത്വമുള്ള ഈ സംവിധാനം സേനയ്ക്കുള്ളിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ സാധ്യതകളെ ഇല്ലാതാക്കുമെന്ന് ലോക്സഭയിൽ പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ വഴങ്ങിയില്ല.