Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ കുറ്റപത്രം ഉടൻ സമർപ്പിക്കും. കേസിൽ ഉൾപ്പെട്ട 28 പ്രതികളിൽ 27 പേർക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
നിയമോപദേശം ലഭിച്ചാലുടൻ ഇത് കോടതിയിൽ സമർപ്പിക്കും. വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും വാഹനങ്ങൾ തടഞ്ഞുനിർത്തി ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
സംഭവത്തിനുശേഷം ഒളിവിൽ കഴിയുന്ന സിപിഎം പ്രവർത്തകൻ പാളയം സന്തോഷിനെ തൽക്കാലം ഒഴിവാക്കിയാണ് കുറ്റപത്രം നൽകുക. ഗൂഢാലോചനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഇയാൾക്കെതിരെ രണ്ടാം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരേ ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണ വിഷയം മന്ത്രിസഭയിലും ചർച്ച ചെയ്തേക്കും.
വരുന്ന തിങ്കളോ ചൊവ്വയോ മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള പ്രധാന യുഡിഎഫ് നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്യും. തുടർന്ന് ആവശ്യമെങ്കിൽ മന്ത്രിസഭയെ കൂടി അന്വേഷണ വിഷയം ബോധ്യപ്പെടുത്തിയ ശേഷമാകും പ്രഖ്യാപനമുണ്ടാകുക.
പിണറായി വിജയനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കൾക്കുണ്ട്.
എന്നാൽ, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറയിൽ ചില മന്ത്രിമാർ അടക്കമുള്ളവരുടെ പേരുകൾ ഉള്ള സാഹചര്യത്തിൽ ഈ വിഷയത്തിൽ പിണറായി വിജയനെതിരേ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് ഭൂരിഭാഗം പേരും സ്വീകരിക്കുക.
Kerala
കൊച്ചി: പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പിഎംഎൽഎ നിയമപ്രകാരം കേസെടുത്തു. ഇതോടെ പൊലിസ് രജിസ്റ്റർ ചെയ്ത കേസിലെ മുഴുവൻ പ്രതികളും ഇഡി കേസിലും പ്രതികളായി.
ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിന് പിന്നിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മാസപ്പടി കേസിൽ അന്വേഷണം നേരിടുന്നവരിൽനിന്ന് ആക്രമണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കും. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷണ പരിധിയിൽ വരും.
ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരിലേക്കും അന്വേഷണം നീളുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ സർക്കാർ നിയമോപദേശം തേടി. വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടാനാണ് സർക്കാർ തീരുമാനം.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ സർക്കാർ നിയമോപദേശം തേടി. വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടാനാണ് സർക്കാർ തീരുമാനം. ഇഡിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണോ, അതോ ആദ്യം പ്രാഥമിക അന്വേഷണം നടത്തണമോ തുടങ്ങിയ കാര്യങ്ങളിലാണ് നിയമപരിശോധന നടക്കുക.
എജിയുടെ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും സർക്കാർ തുടർനടപടികളിലേക്ക് കടക്കുക. ഇതിനിടെ ഇന്നലെ രാത്രി മുഖ്യമന്ത്രി വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ചർച്ച നടത്തി. അതേസമയം വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പിണറായി വിജയനെതിരെ ഉടൻ കേസ് എടുക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
എന്നാൽ നടപടി രാഷ്ട്രീയമായി തിരിച്ചടിയാകുമോയെന്ന് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കാവൂ എന്നാണ് മറുവിഭാഗം പറയുന്നത്. കേസെടുത്താൽ ബിജെപിക്ക് രാഷ്ട്രീയ മേൽക്കൈ ലഭിക്കുന്ന സാഹചര്യമുണ്ടാകുമോയെന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിലെ ചിലർ ഉന്നയിക്കുന്നുണ്ട്. അതിനാൽ നിയമപരമായ വശങ്ങൾക്കൊപ്പം രാഷ്ട്രീയ പ്രത്യാഘാതങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെന്നാണ് സൂചന.
Kerala
കണ്ണൂർ: കോട്ടകളിലെ വമ്പൻ തോൽവികളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി മുന്നോട്ടുപോകുമെന്നും മാറി ചിന്തിച്ചവർ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തളിപ്പറമ്പിലെ രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി. താൽക്കാലികമായി പാർട്ടിയെ ഉപേക്ഷിച്ചവർക്ക് ഇപ്പോൾ കാര്യങ്ങൾ മനസിലായിട്ടുണ്ടാകുമെന്നും അവർ എൽഡിഎഫിനൊപ്പം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ശരിയായ നിലപാട് സ്വീകരിച്ച് എൽഡിഎഫിനെ ശക്തിപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.
തളിപ്പറമ്പിൽ എല്ലാ കാലത്തും പാർട്ടിക്കൊപ്പം നിന്ന ചിലർ ഇത്തവണ മാറി ചിന്തിച്ചു. അവർ സ്വീകരിച്ചത് തെറ്റായ നിലപാടാണ്. ഇത്തരക്കാർ തെറ്റ് തിരുത്തുകയും ആത്മപരിശോധന നടത്തുകയും വേണം. അതേസമയം ടി.കെ. ഗോവിന്ദനെതിരെ രൂക്ഷ വിമർശനമാണ് പിണറായി ഉന്നയിച്ചത്. ഗോവിന്ദൻ അവസരവാദിയാണെന്നും പാർട്ടിയോട് വഞ്ചന കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം വഞ്ചകർക്ക് പാർട്ടിയെ പോറലേൽപ്പിക്കാൻ മാത്രമേ കഴിയൂവെന്നും കാലക്രമത്തിൽ അവർ പിന്നോട്ടുപോകും. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്നും ജനവിധി മാനിക്കുന്നുവെന്നും പിണറായി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി സിപിഐയുമായി ഇനി ചർച്ചയില്ലെന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പരസ്യ നിലപാട് തള്ളി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മുന്നണിക്കുള്ളിലെ തർക്കങ്ങൾ പരസ്പര കൂടിയാലോചനകളിലൂടെയും സംഭാഷണങ്ങളിലൂടെയും പരിഹരിക്കുമെന്നാണ് ടി.പി. രാമകൃഷ്ണന്റെ പ്രതികരണം.
എൽഡിഎഫ് എന്ന രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ എപ്പോഴും കൂടിയാലോചനകൾ ആവശ്യമാണെന്നും സിപിഎം മാത്രം ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ട വിഷയമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണി യോഗം നിശ്ചിത ധാരണകളുടെ അടിസ്ഥാനത്തിൽ ചേർന്ന് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും കൺവീനർ വ്യക്തമാക്കി.
അതേസമയം, പിണറായി വിജയന്റെ ഏകപക്ഷീയമായ നിലപാടിനെതിരെ മുന്നണിയിലെ നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. തർക്കത്തിൽ വിട്ടുവീഴ്ചയ്ക്ക് സിപിഎം തയ്യാറായില്ലെങ്കിൽ കടുത്ത നിലപാടുകളിലേക്ക് കടക്കാനാണ് സിപിഐ തീരുമാനം. പ്രശ്നപരിഹാരത്തിനായി സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ സിപിഎം കേന്ദ്രനേതാവ് എം.എ. ബേബിയുമായി ഉടൻ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. എന്നാൽ, പ്രശ്നം സംസ്ഥാന നേതൃത്വം തന്നെ ചർച്ച ചെയ്ത് പരിഹരിക്കട്ടെ എന്ന മുൻ നിലപാടിലാണ് കേന്ദ്ര നേതൃത്വം നിലവിലുള്ളത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി സിപിഎം-സിപിഐ തർക്കം മുറുകുന്നു. വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിക്കാനും ആവശ്യമെങ്കിൽ എൽഡിഎഫ് പരിപാടികളിൽനിന്ന് വിട്ടുനിൽക്കാനുമാണ് സിപിഐയുടെ തീരുമാനം. പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയുടെ ഭാഗമായി തുടരേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.
പിണറായി വിജയന്റെ രാഷ്ട്രീയ ശൈലിക്കെതിരെയും സിപിഐയിൽ വിമർശനം ശക്തമാണ്. പിണറായി ശൈലിയുടെ പ്രത്യാഘാതം സിപിഎമ്മിന് മാത്രമല്ല സിപിഐക്കും നേരിടേണ്ടിവരുന്നുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. വലിയ പരാജയമുണ്ടായിട്ടും ശൈലിയിൽ മാറ്റമില്ല.
ഇതിന്റെ തെളിവാണ് പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച പിണറായിയുടെ നിലപാടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ പാർട്ടി സ്വീകരിക്കേണ്ട തുടർനിലപാട് സംബന്ധിച്ച് നിർണായക തീരുമാനം നേതൃയോഗം ചേർന്ന് എടുക്കും. നേരത്തെ നിശ്ചയിച്ച പ്രകാരം അടുത്ത മാസം പത്തിനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരേണ്ടത്.
ഓണം, ഡൽഹി സമരം എന്നിവ കണക്കിലെടുത്താണ് തീയതി നിശ്ചയിച്ചത്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് യോഗം പത്തിനുമുമ്പ് തന്നെ ചേരാനുള്ള സാധ്യതയും സിപിഐ നേതൃത്വം പരിശോധിക്കുന്നുണ്ട്. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നൽകുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പദവി സിപിഐഎമ്മിനുള്ളതാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അരി, പഞ്ചസാര, പച്ചക്കറി, വെളിച്ചെണ്ണ തുടങ്ങിയ അവശ്യസാധനങ്ങൾക്ക് ദിനംപ്രതി വില വർധിക്കുകയാണ്.
വില വർധന പിടിച്ചുനിർത്താൻ ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അരിയുടെ വിലയിൽ 15 രൂപയോളം വർധനയുണ്ടായി. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ വിപണി ഇടപെടൽ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിപണി ഇടപെടലിനായി പ്രത്യേക സംവിധാനങ്ങളുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട നടപടികൾ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നും പിണറായി പറഞ്ഞു. 2016 മുതൽ 13 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോ വില വർധിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: രാജ്യത്തിനുതന്നെ വലിയ മുതല്‍ക്കൂട്ടായി മാറിയിരിക്കുന്ന വിഴിഞ്ഞം പോര്‍ട്ട് ഒരു കുത്തകശക്തിയുടെയും വലയത്തില്പെടാതെ നമ്മുടെ നാടിനും ജനങ്ങള്‍ക്കും ഉപകാരപ്രദമായി തുടര്‍ന്നും വളരണം എന്നതാണ് നമ്മള് ഉറപ്പുവരുത്തേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
അതിന് ഭംഗംവരുത്തുന്ന രീതിയിലുള്ള ഏതു ഇടപെടലും, ഏതുവിധ സ്വാധീനവും സംസ്ഥാന താല്പര്യത്തിന്എതിരായതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കണ്‍സഷണയര്‍ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സ്വകാര്യ കമ്പനി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും അവര്‍ക്ക് വഴിവിട്ട സൗജന്യങ്ങള്‍ നല്കി സംസ്ഥാന താത്പര്യം ബലികഴിക്കരുതെന്നുമാണ് ആവര്‍ത്തിച്ച് ആവശ്യപ്പെടാനുള്ളത്.
ഇന്ത്യയില്‍തന്നെ ഇത്രയും ഭീമമായ നിക്ഷേപം ഒരു പോര്‍ട്ടിന്റെ വികസനത്തില്‍ നടത്തിയ ആദ്യ സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയില്‍ കേരളത്തിന്റെ സ്വന്തം ഉടമസ്ഥതയിലുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നും അങ്ങനെ തന്നെ തുടരാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Kerala
ആലപ്പുഴ: പിണറായി വിജയന്റെ ചെറ്റ പരാമർശത്തെ രൂക്ഷമായി വിമർശിച്ചും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പരിഹസിച്ചും ജി.സുധാകരൻ എംഎൽഎ. ചെറ്റക്കുടിലുകളിൽ താമസിച്ചിരുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും അതിനാൽ ചെറ്റ എന്ന പ്രയോഗം കമ്മ്യൂണിസ്റ്റ് ഭാഷയ്ക്ക് ചേർന്നതല്ലെന്നും സുധാകരൻ വ്യക്തമാക്കി.
നിയമസഭയിലെ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖജനാവിൽ ആറായിരം കോടി രൂപയുണ്ടെന്ന് ബാലഗോപാൽ പറയുന്നതിനെയും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രം ഗംഭീരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാറ്റമാണ് മാർക്സിസം അതാണ് ശാസ്ത്രം.
കാളിദാസനെയും ഷേക്സ്പിയറെയും വായിച്ച ഒരാൾക്കേ ഇത്രയും ലളിതവും ഗഹനവുമായ ഒരു ബജറ്റ് തയാറാക്കാൻ സാധിക്കൂവെന്നും സുധാകരൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സുധാകരനെതിരെ പിണറായി വിജയൻ നടത്തിയ ചെറ്റ പരാമർശം വൻവിവാദമായിരുന്നു.